ആര്‍.എസ്.എസിന് പാദപൂജ ചെയ്യുന്ന മലയാള മാധ്യമങ്ങള്‍

മക്കളെ ശാഖക്ക് കൊണ്ട് പോയത് എതിർത്തതിന്റെ പേരിൽ 1993 സെപ്‌തംബർ 21ന്‌, പെരിഞ്ചേരിയിലെ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയായ പി എം ജനാർദനൻ എന്ന കല്ലുകൊത്ത്‌ തൊഴിലാളിയുടെ കാല് കൊത്തിയെടുത്ത കേസിലെ മുഖ്യപ്രതികൂടിയാണ് ഈ സ്വയം സേവകനെന്ന് എവിടെയും വരാതിരിക്കാനും അക്രമരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ആവർത്തിച്ച് പറയാനും അതീവ ജാ​ഗ്രത കാണിച്ചു മാധ്യമങ്ങൾ. അതായത് യഥാർത്ഥ സദാനന്ദനെ മാധ്യമങ്ങൾ സൗകര്യപൂർവം മറച്ചു പിടിച്ചു. സദാനന്ദന്റെ രാജ്യസാഭാംഗത്വം മാധ്യമങ്ങളുടെ പാദപൂജയായി മാറിയതെങ്ങനെ എന്ന് വിശകലനം ചെയ്യുന്ന ലേഖനം.

2025 ജൂലൈ 12-ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത നാല് വ്യക്തികളിൽ ഒരാൾ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ഉപാദ്യക്ഷനും കണ്ണൂർ സ്വദേശിയുമായ സി. സദാനന്ദൻ എന്ന ആർ.എസ്.എസുകരനാണ്. 26/11 മുംബൈ ഭീകരാക്രമണ കേസിന്റെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന പ്രശസ്ത വക്കീൽ ഉജ്ജ്വൽ ദേവ്റാവോ നിക്കം, മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ച പ്രശസ്ത നയതന്ത്രജ്ഞൻ ഹർഷ് വർധൻ ശ്രിംഗ്ല, പ്രശസ്ത ചരിത്രകാരിയും അക്കാദമിക് വിദഗ്ധയും പദ്മശ്രീ ജേതാവുമായ മീനാക്ഷി ജെയിൻ എന്നിവരാണ് മറ്റ് മൂന്ന് പേർ. ഭരണഘടനയുടെ ആർട്ടിക്കിൾ 80 പ്രകാരം, രാഷ്ട്രപതിക്ക് 12 പേരെ രാജ്യസഭാഗംമായി നാമനിർദ്ദേശം ചെയ്യാൻ കഴിയും. ശാസ്ത്രം, സാഹിത്യം കല, സാമൂഹിക സേവനം എന്നിങ്ങനെ ഏതെങ്കിലും മേഖലകളിൽ പ്രത്യേകജ്ഞാനമോ അനുഭവജ്ഞാനമോ ഉള്ളവരെയാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്യാറുള്ളത്. സാമൂഹ്യ സേവനത്തിനും വിദ്യാഭ്യാസ രം​ഗത്തെ മികവിനുമാണ് സദാനന്ദനെ നാമനിർദേശം ചെയ്തത് എന്നാണ് ഔദ്യോഗികമായ അറിയിപ്പ്.

ഉജ്ജ്വൽ ദേവ്റാവോ നിക്കം, ഹർഷ് വർധൻ ശ്രിംഗ്ല, മീനാക്ഷി ജെയിൻ

എന്നാൽ ഏതാണ് ആ സേവനമെന്നോ വിദ്യാഭ്യാസ രംഗത്തെ മികവ് എന്താണെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മലയാളത്തിലെ ചില പത്രങ്ങളും ചില ചാനലുകളും ഒരേ സ്വരത്തിൽ പറയുന്നത് സി.പി.എമ്മിന്റെ ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായിട്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറാത്ത മനോവീര്യം കൊണ്ടാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്തത് എന്നാണ്. ഇത് മലയാളികള്‍ക്ക് ഏറെ അഭിമാനമുള്ള നിമിഷമാണെന്നാണ്. സി സദാനന്ദൻ മാഷിന്റെ കാല് നിരന്നു നിന്ന് കഴുകുന്ന മാധ്യമങ്ങളുടെ കാഴ്ച കാട്ടിതന്നു എന്നതാണ് സദാനന്ദന്റെ രാജ്യസഭാംഗത്വം മലയാളികള്‍ക്ക് പ്രധാന്യമുള്ളതാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ‘മാസ്റ്റർ’ എന്ന് സ്നേഹത്തോടെ ചേർത്തു വിളിച്ചുകൊണ്ട് ചാനലിലും വെബിലും പലവിധത്തിലുളള സ്റ്റോറികളാണ് നൽകിയത്. അക്രമ രാഷ്ട്രീയത്തിന്റെ ഇരയായി ഇരു കാലുകളും നഷ്ടപ്പെട്ട ബിജെപി നേതാവ് സി. സദാനന്ദൻ കൃത്രിമ കാലുകളിൽ ഇനി രാജ്യസഭയുടെ പടി കയറുമെന്ന് മനോരമയും ആർ.എസ്.എസിന്റെ ആഘോഷത്തിലും സന്തോഷത്തിലും പങ്കെടുത്തു.

പക്ഷെ മക്കളെ ശാഖക്ക് കൊണ്ട് പോയത് എതിർത്തതിന്റെ പേരിൽ 1993 സെപ്‌തംബർ 21ന്‌, പെരിഞ്ചേരിയിലെ സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയായ പി എം ജനാർദനൻ എന്ന കല്ലുകൊത്ത്‌ തൊഴിലാളിയുടെ കാല് കൊത്തിയെടുത്ത കേസിലെ മുഖ്യപ്രതികൂടിയാണ് ഈ സ്വയം സേവകനെന്ന് എവിടെയും വരാതിരിക്കാനും അക്രമരാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ആവർത്തിച്ച് പറയാനും അതീവ ജാ​ഗ്രത കാണിച്ചു മാധ്യമങ്ങൾ. അതായത് യഥാർത്ഥ സദാനന്ദനെ മാധ്യമങ്ങൾ സൗകര്യപൂർവം മറച്ചു പിടിച്ചു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ സദാനന്ദൻ ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹ് ആയിരുന്നു. ആർ.എസ്.എസ് – സി.പി.എം സംഘര്‍ഷത്തിലാണ് അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായത്. പേരാമംഗലത്തെ ശ്രീ ദുർഗ്ഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികശാസ്ത്ര അധ്യാപകനായി ജോലി ചെയ്ത സദാനന്ദൻ ജന്മഭൂമി പത്രാധിപ സമിതി അംഗം, ആർ.എസ്.എസ് എറണാകുളം വിഭാഗ് ബൗദ്ധിക പ്രമുഖ്, രാഷ്ട്രസേവാസമിതി സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം തൃശൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകളിലും പ്രവർത്തിച്ചിരുന്നു.
തുടങ്ങി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിലെ മത്സരങ്ങളും, രാഷ്ട്രീയ നേട്ടങ്ങളും, സി.പി.എമ്മിന്റെ വെട്ടേറ്റ് മുട്ടിന് താഴെ ഇരുകാലുകളും നഷ്ടപ്പെട്ടതും കൃത്രിമക്കാലുകളിൽ അദ്ദേഹം നടത്തിയ രാഷ്ട്രീയ പ്രവർത്തനവുമെല്ലാം അതീവ സൂക്ഷ്മതയോടെ വിശദമായി തന്നെ മാധ്യമങ്ങൾ പറഞ്ഞു വെച്ചു.

1993 സെപ്‌തംബർ 21ന്‌ നടന്ന ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റ പി എം ജനാർദനൻ

എന്നാൽ 1993 ൽ ആർ.എസ്.എസ് സംഘം സി.പി.ഐ.എം പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സഖാവ് ജനാർദ്ദനനെ മട്ടന്നൂരിൽ വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം എവിടെയും പരാമർശിച്ചതേയില്ല. സദാനന്ദന്റെ രാജ്യസഭാംഗത്വത്തിൽ പി എം ജനാർദനൻ ദേശാഭിമാനിയോട് പറഞ്ഞത് “ഇപ്പോൾ രാഷ്‌ട്രപതി രാജ്യസഭാ അംഗമായി നമ്മനിർദേശം ചെയ്ത സദാനന്ദനാണ് എന്റെ ജീവിതം തകർത്തത്. ജോലി ചെയ്തു കുടുംബം പൊറ്റാനാകാത്ത വിധം ശരീരം വെട്ടി നുറുക്കി. മാസങ്ങൾ ഊന്നുവടിയിലായിരുന്നു ജീവിതം. ശരീരമാസകലം, അസഹ്യവേദനയാണ്, ഇപ്പോഴും.” എന്നാണ്.

മെയി‌ൻ‌ കാംഫ്

ഇക്കഴിഞ്ഞ ജൂലെെ അഞ്ചിന് ബിജെപി കോൺഗ്രസ് സംഘർഷത്തിന്റെ ഇര, അസ്നയുടെ കല്യാണമായിരുന്നു. 2000 സെപ്തംബർ 27ന് തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ ആർ എസ് എസുകാരുടെ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അസ്നയുടെ വിവാഹവാർത്ത കാര്യമായി തന്നെ കവർ ചെയ്ത മാധ്യമങ്ങൾ പക്ഷെ ആർ.എസ്.എസ് എന്ന് അബദ്ധത്തിൽ പോലും എഴുതാതിരിക്കാനും പറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്ന് ആറു വയസ്സുണ്ടായിരുന്നു അസ്നയ്ക്ക്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നതിനിടെയായിരുന്നു ആ ദുരന്തം അസ്നയ്ക്കുമേൽ വീണത്. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റിരുന്നു. അസ്നയുടെ വലതുകാൽ‍ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ ആ ദുരന്തത്തെ അസ്ന അതീജിവിച്ചു. പഠനത്തിൽ മികച്ച വിജയം നേടിയ അസ്ന 2013ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു ഡോക്ടറുമായി. മാധ്യമങ്ങൾ അസ്നയുടെ വിവാഹ വാർത്ത മാതൃഭൂമി നൽകിയത് കണ്ണൂരിൽ ബോംബാക്രമണത്തെ അതിജീവിച്ച ഡോ. അസ്‌ന വിവാഹിതയായി എന്നാണ്.
അക്രമ രാഷ്ട്രീയത്തിന്റെ ഇര, അതിജീവനത്തിന്റെ പ്രതീകം: ഡോ. അസ്ന വിവാഹിതയായി എന്ന് മനോരമയും അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി എന്ന് ഏഷ്യാനെറ്റും തലക്കെട്ടിട്ട് യജമാന ഭക്തിയെ വെല്ലുന്ന അടിമ നൈതികത പ്രകടിപ്പിച്ചു. വാർത്തയിൽ എവിടെയും ആർ.എസ്.എസ് എന്ന പേരില്ലെന്ന് മാത്രമല്ല, ഹാഷ്ടാ​ഗിൽ പോലും ആ പേര് വരാതിരിക്കാനുള്ള ജാ​ഗ്രത കാട്ടി.

ഫാസിസ്റ്റ് ഭരണകാലത്തു പലപ്പോളും മാധ്യമങ്ങൾ ഇങ്ങനെയാണ് പ്രവർത്തിക്കുക. സംഘപരിവാർ നേതാവായ സദാനന്ദനെ മഹത്വവൽക്കരിക്കുകയും, എന്നാൽ അയാൾ കാരണം ജീവിതം തന്നെ നഷ്ടപ്പെട്ടു പോയ ജനാർദ്ദനനെ തമസ്കരിക്കുകയുമാണ് മാധ്യമങ്ങൾ ഇപ്പോൾ ചെയ്യുന്നത്. അഡോൾഫ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയി‌ൻ‌ കാംഫിൽ ബിഗ് ലൈ എന്നൊരു സംഗതിയെക്കുറിച്ച് പറയുന്നുണ്ട്. നുണയാണെന്ന് അറിയാവുന്നകാര്യവും സത്യമാണെന്നരീതിയിൽ പലതവണ ആവർത്തിച്ചാൽ അതിനെ ചോദ്യം ചെയ്യുന്നതിലും എളുപ്പത്തിൽ, അതിനെ വിശ്വസിക്കാൻ ആൾക്കാർ തയ്യാറാവുമെന്നാണ് ഹിറ്റ്‌ലർ പറഞ്ഞത്. ജർമനിയുടെ പ്രശ്നങ്ങൾക്കെല്ലാം കാരണം ജൂതന്മാരാണെന്ന വ്യാജം ഹിറ്റ്‌ലർ ഈ രീതിയിലൂടെ ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തു. ഇത് ചെയ്യാൻ അയാൾക്ക് ജോസഫ് ഗീബൽസ് എന്നൊരു മന്ത്രിയും, അതിനായി പ്രൊപ്പോഗണ്ട എന്നൊരു വകുപ്പും ഉണ്ടായിരുന്നു. ഇതേ മാതൃകയിലാണ് ഹിന്ദുത്വ ഇന്ത്യയിലെ പല മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. ഇന്ന് ഹിന്ദുത്വ ഭരിക്കുന്ന ഇന്ത്യയിൽ അതിനൊരു മന്ത്രി ഇല്ലന്നേയുള്ളൂ, സംഘപരിവാർ ക്യാമ്പയിനുകൾ ഏറ്റെടുത്തു വിജയിപ്പിക്കാൻ മാധ്യമങ്ങളുള്ളപ്പോൾ ഹിറ്റ്‌ലറെപ്പോലെ, നരേന്ദ്ര മോഡിക്ക് അതിനായി ഒരു മന്ത്രിയെ വയ്ക്കേണ്ടി വരുന്നില്ല.

നുണയെ സത്യമെന്ന തരത്തിൽ പലതവണ ആവർത്തിച്ചാൽ അതിനെ വിശ്വസിക്കാൻ ആൾക്കാർ തയ്യാറാവുമെന്നാണ് ഹിറ്റ്‌ലർ പറഞ്ഞത്

ഇതാദ്യമായല്ല ആർഎസ്എസിന് മാധ്യമങ്ങൾ പാദപൂജ ചെയ്യുന്നത്. 2019 ൽ, സാധാരണക്കാരനെ പോലെ ജീവിക്കുകയും സൈക്കിളിൽ യാത്ര ചെയ്യുകയും ഓലമേഞ്ഞ വീട്ടിൽ താമസിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രമന്ത്രിയെക്കുറിച്ച് മാധ്യമങ്ങൾ സ്പെഷ്യൽ സ്റ്റോറികൾ ചെയ്തു, അയാളെ പാടിപ്പുകഴ്ത്തി. പേര് പ്രതാപ് ചന്ദ്ര സാരംഗി. മാധ്യമങ്ങൾ അയാളെയൊരു അത്ഭുതമനുഷ്യനെയെന്ന വണ്ണം അവതരിപ്പിച്ചു. പക്ഷെ പ്രതാപ് ചന്ദ്ര സാരംഗിയും കടന്ന് വന്ന വഴി മാധ്യമങ്ങൾ പറയാതെ മറച്ചു പിടിച്ചു. 1999 ജനുവരി 22 ന് ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ പത്തുവയസ്സുകാരൻ ഫിലിപ്പിനെയും ആറു വയസ്സുകാരൻ തിമോത്തിയെയും ബജ്രംഗ് ദൾ പ്രവർത്തകർ ചുട്ടുകൊല്ലുകയായിരുന്നു. വാനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും ബജ്റങ്ക്ദൾ പ്രവർത്തകനായ ധാരാസിങ്ങിന്റെ നേതൃത്വത്തിൽ തീ കൊളുത്തി കൊന്നത്. ഒറീസ്സയിലെ ബജ്രംഗ് ദൾ അധ്യക്ഷനായിരുന്നു അന്ന് പ്രതാപ് ചന്ദ്ര സാരംഗി.

1999 ജനുവരി 22 ന് ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ പത്തുവയസ്സുകാരൻ ഫിലിപ്പിനെയും ആറു വയസ്സുകാരൻ തിമോത്തിയെയും ബജ്രംഗ് ദൾ പ്രവർത്തകർ ചുട്ടുകൊല്ലുകയായിരുന്നു

“ഉച്ചകഴിഞ്ഞ് പൊഖ്‌റാനിൽ കാറ്റ് നിശബ്ദമായി. ഉച്ചകഴിഞ്ഞ് 3.45 ന്, ടൈമർ മൂന്ന് ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. ഭൂമിയിൽ ഏകദേശം 200-300 മീറ്റർ ആഴത്തിൽ, ഉത്പാദിപ്പിക്കപ്പെടുന്ന താപം ഒരു ദശലക്ഷം ഡിഗ്രി സെന്റിഗ്രേഡിന് തുല്യമായിരുന്നു – സൂര്യനിലെ താപനിലയോളം. തൽക്ഷണം, ഏകദേശം 1,000 ടൺ ഭാരമുള്ള പാറകൾ അല്ലെങ്കിൽ ഭൂമിക്കടിയിലെ ഒരു ചെറിയ പർവതം, ബാഷ്പീകരിക്കപ്പെട്ടു. അതേസമയം, സ്ഫോടനങ്ങളിൽ നിന്നുള്ള ആഘാതതരംഗങ്ങൾ ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പമുള്ള ഒരു മണ്ണിന്റെ കുന്നിനെ നിരവധി മീറ്ററുകൾ ഉയർത്തി. അത് കണ്ട ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു, “ഭഗവാൻ കൃഷ്ണൻ ഒരു കുന്ന് ഉയർത്തിയതിന്റെ കഥകൾ എനിക്ക് ഇപ്പോൾ വിശ്വസിക്കാൻ കഴിയും.”

നരേന്ദ്ര മോദി

പൊഖ്റാൻ ആണവ പരീക്ഷണത്തെക്കുറിച്ച് 1998 ജൂൺ 22-ന് ഇന്ത്യാ ടുഡേ ചെയ്ത റിപ്പോർട്ട് ആണിത്. ആദ്യമായി ഹിന്ദുത്വ നയിക്കുന്ന സർക്കാർ നിലവിൽ വന്നപ്പോൾ തന്നെ മാധ്യമങ്ങൾ എങ്ങോട്ടേക്ക് ചായും എന്നതിന്റെ സൂചനയായിരുന്നു പ്രസ്തുത റിപ്പോർട്ട്. പിന്നീട് 2002 ൽ ഗുജറാത്ത്‌ വംശഹത്യകാലത്ത് പ്രമുഖ പത്രങ്ങളായ ഗുജറാത്ത്‌ സന്ദേശ്, ഗുജറാത്ത് സമാചാർ എന്നിവ കലാപത്തിൽ സംഘപരിവാർ മൗത് പീസുകളായി തന്നെ പ്രവർത്തിച്ചു. “ചോരക്ക് ചോര കൊണ്ട് പ്രതികരിക്കുക” 2002 ഫെബ്രുവരി 28 ന് ഗുജറാത്ത്‌ സന്ദേശിലെ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു.

കലാപത്തിന് ശേഷം ഈ രണ്ട് പത്രങ്ങൾക്കും കലാപം നന്നായി റിപ്പോർട്ട് ചെയ്തത്തിനുള്ള നരേന്ദ്ര മോദിയുടെ അഭിനന്ദനക്കത്തുകൾ ലഭിക്കുകയുണ്ടായി. മാത്രമല്ല പത്രങ്ങളുടെ സർക്കുലേഷൻ ഇരട്ടിച്ചു. എന്നാൽ കലാപങ്ങളിൽ പൊതുവെ നിഷ്പക്ഷ നിലപാടുകളായിരുന്നു ദേശീയ മാധ്യമങ്ങൾ സ്വീകരിച്ചത്. എന്നാൽ മോഡി സർക്കാരിന്റെ കാലത്തേയ്ക്ക് വന്നപ്പോൾ പല മാധ്യമങ്ങളും ബി ജെ പി മൗത് പീസുകളായി മാറി. 2019 ഫെബ്രുവരി 26 ന് കശ്മീരിലെ ബലേക്കോട്ടിൽ നിയന്ത്രണരേഖ കടന്ന് നടത്തിയ ഇന്ത്യ നടത്തിയ ആക്രമണത്തിൽ കേന്ദ്ര സർക്കാർ നൽകിയ വ്യാജങ്ങൾ അതേ പോലെ പകർത്തി എഴുതുകയാണ് ഇന്ത്യൻ മാധ്യമങ്ങൾ ചെയ്തത്. അന്ന് സാറ്റ്ലൈറ്റ് ചിത്രങ്ങളടക്കം പ്രസിദ്ധീകരിച്ചു റോയിട്ടേഴ്‌സ് ആ വ്യാജം പൊളിച്ചു. നുണയാണെന്ന് അറിയാവുന്നകാര്യവും സത്യമാണെന്നരീതിയിൽ പലതവണ ആവർത്തിച്ചു വിശ്വസിപ്പിക്കുക എന്ന സംഘപരിവാറിന്റെ അതേ തന്ത്രമാണ് മാധ്യമങ്ങളും പയറ്റുന്നത്.

അത് മലയാളത്തിലും ഏറ്റവും പ്രൊഫഷണലായി ചെയ്യാം എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ മാധ്യമങ്ങളുടെ സദാനന്ദ സ്തുതിയും, അതുവഴിയുണ്ടാക്കിയ പ്രതീതി നിർമാണവും.

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

ഇന്ത്യൻ എക്സ്പ്രസിൻ്റെ മുൻ ഫോട്ടോജേണലിസ്റ്റ്

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *