നിങ്ങൾ എന്നുമുതലാണ് പണിമുടക്കിനെതിരായത്? നിങ്ങൾ എന്നുമുതലാണ് മുതലാളിമാരുടെ അടിമകളായത് ?

ചരിത്രത്തിലില്ലാത്ത വിധം കരാര്‍ വല്‍ക്കരണവും നിയമനനിരോധനവും നടത്തി പൊതുമേഖലയെ തളര്‍ത്തുന്ന, കാര്‍ഷികമേഖലയില്‍ മിനിമം താങ്ങുവില അനുവദിക്കാതെ വൈദ്യുതി വളം എന്നിവക്കുള്ള സബ് സിഡി ഗണ്യമായി കുറച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബിജെപി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കുറിച്ച് അറിയാതെ പോലും പറയാതിരിക്കാനുളള സൂക്ഷ്മത മലയാള മാധ്യമങ്ങള്‍ പുലർത്തുന്നുണ്ട്.

മരങ്ങളും പണിമുടക്കുകളും കൊണ്ട് എന്തു നേടി എന്നാണ് ഓരോ പണിമുടക്കു കാലത്തും ഉയരുന്ന ചോദ്യം. ആളുകളെ ബുദ്ധിമുട്ടിക്കുകയല്ലാതെ ഇതു കൊണ്ട് ഇന്നുവരെ വല്ല പ്രയോജനവും ഉണ്ടായിട്ടുണ്ടോ? അപ്പോൾ കേന്ദ്രസർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ ആളുകളെ ബുദ്ധിമുട്ടിക്കുന്നില്ലേ?

പണിമുടക്കിൽ വലഞ്ഞ ജനത്തിൻ്റെ വിഷ്വലുകളും ബൈറ്റും കൃത്യമായി നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മാധ്യമങ്ങൾ തൊഴിലാളികളെയും കർഷകരെയും ബുദ്ധിമുട്ടിക്കുന്ന ബിജെപി സർക്കാറിൻ്റെ തൊഴിലാളി നയങ്ങളെ തുറന്നു കാട്ടുന്ന വാർത്തകൾ നിങ്ങൾക്ക് മുന്നിലെത്തിച്ചിട്ടുണ്ടോ? ഇന്ത്യയിലെ തൊഴിലവകാശങ്ങളെല്ലാം നാല് ലേബര്‍ കോഡുകളിലേക്കായി പരിമിതപ്പെട്ടിരിക്കുന്നു എന്നോ ഒരു തൊഴിലാളിയെ തുടര്‍ച്ചയായി പന്ത്രണ്ടോ പതിനാലോ മണിക്കൂറുകള്‍ പണിയെടുപ്പിക്കാനുള്ള മുന്നൊരുക്കമാണിതെന്നോ ന്യായമായ വേതനം, വിശ്രമം, വിനോദം, സാമൂഹികജീവിതം ഇതെല്ലാം തൊഴിലാളികളില്‍ നിന്ന് പിടിച്ചു പറിക്കപ്പെട്ടിരിക്കുന്നു എന്നോ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ ?

ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് മാത്രം വിട്ടുനിന്ന ഈ പണിമുടക്കിനെ ബിജെപി കഴിഞ്ഞാൽ ഏറ്റവും എതിർക്കുന്നത് കേരളത്തിലെ മാധ്യമങ്ങളാണ്. ഒരു ദിവസത്തെ പണിമുടക്ക് കൊണ്ടുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളെ പർവ്വതീകരിച്ച് കാണിക്കുകയും ഭരണകൂടവും മുതലാളിത്തവും നിരന്തരം അടിച്ചേൽപ്പിക്കുന്ന, നിത്യേന അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരക്ഷരം പറയാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ, കഴിഞ്ഞ കുറച്ചുകാലമായി ഭരണകൂടത്തിൻ്റെ ആ ദാസ്യപ്പണി കേരളത്തിലും എടുക്കുന്നുമുണ്ട്. പണിമുടക്ക് ദിവസം മാത്രം ദിവസ വേതനക്കാരുടെ സങ്കടം ലോകത്തെ അറിയിക്കുന്ന മാധ്യമങ്ങൾ ഒരു ദിവസത്തെ കൂലിയില്ലായ്മ കാരണം ജനജീവിതം ദുസ്സഹമാവുന്ന നിലയിൽ അസമത്വം നിലനിൽക്കുന്ന ഒരു ലോകത്തെ കുറിച്ചോ ആ വ്യവസ്ഥ ‍മാറണമെന്നോ പറയാറില്ല.

പണിമുടക്കിനോട് ജനം സഹകരിച്ചില്ലെന്നും എല്ലാം പതിവ് പോലെ തന്നെ നടന്നു എന്നും മാധ്യമങ്ങൾ ആവർത്തിച്ചു പറയുകയാണ്. കേരളത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് ഉടമയായ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകരെല്ലാം നിരന്നു നിന്ന് ഈ തൊഴിലാളി സമരത്തെ പുച്ഛിക്കുകയാണ്. അതിലെ റിപ്പോർട്ടർമാർ പണിമുടക്കിനെതിരെയുളള വാർത്തയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുകയാണ്. മറ്റ് ചാനലുകളും തങ്ങളാൽ ആവുംവിധം ഈ തൊഴിലാളികളുടെ സമരാവശ്യങ്ങൾ മറച്ചു പിടിച്ച് പണിമുടക്ക് വിരുദ്ധ വാർത്തകൾ പൊടിപ്പും തെങ്ങലം വെച്ച് പുറത്തുവിടുകയാണ്. ഗതാഗതം എല്ലായിടത്തും സാധാരണ നിലയിലാണെന്നും പതിവ് ദിനം പോലെ തന്നെയാണെന്നും ഇതരസംസ്ഥാനങ്ങളിൽ പണിമുടക്ക് ബാധിച്ചിട്ടേ ഇല്ലെന്നും ഉറക്കെ വിളിച്ചു പറയുന്നു. ബിഹാറിലും തമിഴ്നാട്ടിലും ബെം​ഗാളിലും തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി നടന്ന പണിമുടക്ക് സമരങ്ങളെ അവർ കണ്ട മട്ടേ ഇല്ല.

ചരിത്രത്തിലില്ലാത്ത വിധം കരാര്‍ വല്‍ക്കരണവും നിയമനനിരോധനവും നടത്തി പൊതുമേഖലയെ തളര്‍ത്തുന്ന, കാര്‍ഷികമേഖലയില്‍ മിനിമം താങ്ങുവില അനുവദിക്കാതെ വൈദ്യുതി വളം എന്നിവക്കുള്ള സബ് സിഡി ഗണ്യമായി കുറച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബിജെപി സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ കുറിച്ച് അറിയാതെ പോലും പറയാതിരിക്കാനുളള സൂക്ഷ്മത റിപ്പോർട്ടർമാർ പുലർത്തുന്നുണ്ട്.

പണിമുടക്കിൽ ഡൽഹി ജന്തർ മന്ദിറിൽ ചേർന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗര്‍

അടിസ്ഥാന തൊഴിലാളി അവകാശങ്ങളെപ്പോലും ചങ്ങലക്കിടുന്ന വിധത്തിൽ​ രൂപം നൽകിയ കേന്ദ്ര സർക്കാറിൻ്റെ പുതിയ തൊഴിൽ നിയമ സംഹിതകൾ തങ്ങളെ ബാധിക്കില്ലെന്നാണോ മുതലാളിമാർക്ക് വേണ്ടി അടിമവേല ചെയ്യുന്ന ഈ അവതാരകർ കരുതുന്നത്. ജേണലിസ്റ്റുകളും നോൺ ജേണലിസ്റ്റുകളുമായ മാധ്യമ തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥയും അവകാശങ്ങളും ഉറപ്പാക്കി പാർലമെന്‍റ് അംഗീകാരം നൽകിയ The Working Journalists and Other Newspaper Employees (Conditions of Service) and Miscellaneous Provisions Act അടക്കം 44 കേന്ദ്ര തൊഴിൽ നിയമങ്ങളിൽ 15 എണ്ണം റദ്ദാക്കിയും 29 നിയമങ്ങൾ ക്രോഡീകരിച്ചും കേന്ദ്രം തിരക്കിട്ടു കൊണ്ടുവന്ന നാലു ലേബർ കോഡുകളിലേക്ക് പരിമിതപ്പെടുകയാണ് ഇനി രാജ്യത്തെ തൊഴിലാളികളുടെ അവകാശ സംരക്ഷണ വ്യവസ്ഥകളെന്ന് ഇന്നത്തെ അടിമവേല കഴിഞ്ഞാൽ ഇരുത്തി ഒന്ന് ആലോചിക്കണം.

അതായത് വർക്കിങ്​ ജേർണലിസ്റ്റ്​ ആക്ടിന്‍റെയും അത്​ വ്യവസ്ഥ ​ചെയ്യുന്ന വേജ്​ ബോർഡിന്‍റെയും സംരക്ഷണത്തിൽ ഏഴു പതിറ്റാണ്ടോളമായി രാജ്യത്തെ ജേണലിസ്റ്റുകൾ അനുഭവിച്ചുകൊണ്ടിരുന്ന സാമൂഹിക അംഗീകാരവും വേതന, ആനുകൂല്യ സംരക്ഷണവുമെല്ലാം പൂർണമായി ഇല്ലാതാക്കുന്ന നിയമത്തിനെതിരെ കൂടി നടക്കുന്ന പണിമുടക്കിനെയാണ് ഈ മാധ്യമങ്ങൾ അനാവശ്യസമരമെന്ന ആഖ്യാനം നൽകി വാർത്ത നൽകുന്നത്.

വലത് പൊതുബോധമാകെ ഈ തൊഴിലാളി പണിമുടക്കിനെതിരെ ഉറഞ്ഞുതുള്ളുന്നുണ്ട്, ട്രോളുകളുണ്ടാക്കി രസിക്കുന്നുണ്ട്. ‘നമ്മളെയൊക്കെ വീട്ടിലിരുത്താന്‍ ഈ തൊഴിലാളി തെണ്ടികളായോ’ എന്ന മധ്യവര്‍ഗ അസഹിഷ്ണുതയും പണിമുടക്കിയിട്ട് എന്തുനേടിയെന്ന് എമണ്ടൻ ചോദ്യവും പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യയെ ഇന്നത്തെ ഇന്ത്യയാക്കിയതിന് പിന്നിൽ അസംഖ്യം തൊഴിലാളികളുടെ വിയർപ്പും ചോരയുമുണ്ട്. ഇക്കാണായ സമ്പത്ത് മുഴുവന്‍ ഉല്‍പാദിപ്പിച്ചതിൽ ഈ തൊഴിലാളികളുടെ അധ്വാനമുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന അവകാശങ്ങൾക്ക് പിന്നിൽ ആ തൊഴിലാളികളുടെ ചോരയുണ്ട്. മിനിമം കൂലിയും ഫാക്ടറീസ് ആക്ടും അടക്കം ഈ തൊഴിലാളികൾ പണിമുടക്കിക്കൊണ്ട് നേടിയതാണ്. മുതലാളിമാരുടെ അടിമകളല്ലാത്ത തൊഴിലാളികൾ നേടിയതാണ്.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *