സോഷ്യല്‍ മീഡിയാ കാലത്തെ തെയ്യം, കാഴ്ച്ച, വിപണി

സ്വന്തം അനുഷ്ഠാനം നിര്‍വഹിക്കുന്നതിന് വേണ്ടി ഭൂമിയിലെ അത്യപൂര്‍വ്വ കാഴ്ചയായി തെയ്യം മാറുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോ എടുക്കാനോ നോവലോ കഥയോ പ്രബന്ധങ്ങളോ ഒന്നും തയ്യാറാക്കാന്‍ വേണ്ടിയല്ല. കാട്ടിലേക്ക്, മലയിലേക്ക്, വിശാലമായ പാറപ്പരപ്പുകളിലേക്കാണ് തെയ്യം പോകുന്നത്. അതൊക്കെയും ചെയ്യുന്നത് ആരുടെയെങ്കിലും പരസ്യത്തിന് വേണ്ടിയല്ല – എല്ലാം വിപണിവല്‍ക്കരിക്കുന്ന കാലത്തെ തെയ്യക്കാഴ്ച്ചകളെക്കുറിച്ച് എഴുതുന്നു വി.കെ അനില്‍കുമാര്‍.

തെയ്യം വിഷയമായി പലവിധത്തിലുള്ള ആശയ വിനിമയങ്ങളും സംവാദങ്ങളും പുരോഗമിക്കുമ്പോഴും തെയ്യത്തിന്റെ വിപണിയെ കുറിച്ചുള്ള ചർച്ചകൾ അധികം കടന്നു വന്നിട്ടില്ലാത്ത ഒന്നാണ്. വിപണിയിൽ താരമായിരിക്കുമ്പോഴും സ്വന്തം മൂല്യത്തെക്കുറിച്ച് യാതൊരുവിധ ബോധ്യവും ഇല്ലാത്ത ഒരാളാണ് തെയ്യം. അല്ലെങ്കിൽ തെയ്യക്കാരൻ. പെരുകിക്കൊണ്ടിരിക്കുന്ന വിപണി താത്പര്യങ്ങളിൽ തെയ്യം എപ്പോഴാണ് സ്വന്തം വിപണിമൂല്യം തിരിച്ചറിയുക?

തെയ്യത്തിന്റെ കാഴ്ച വിപണി കേന്ദ്രീകൃതമായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ അനുഷ്ഠാനാവതരണത്തിനുമപ്പുറം തെയ്യത്തെ മൃഗീയമായി സ്വാധീനിക്കുകയായിരുന്നു. (ഫോട്ടോ : രാജേഷ് കവിണിശ്ശേരി)

ഇൻ്റർനെറ്റ് നമ്മുടെ ജീവിതത്തെയാകെ സ്വാധീനിച്ചപ്പോൾ നമ്മുടെ വ്യക്തിജീവിതവുമായി അഭേദ്യ ബന്ധമുള്ള തെയ്യക്കാഴ്ചകളെയും അതേ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. ഇൻ്റർനെറ്റും അതുവഴി സോഷ്യൽ മീഡിയയും വളരെ സജീവമായിരിക്കുന്ന വർത്തമാനത്തിൽ തെയ്യക്കാഴ്ചകളും മറ്റൊന്നായിത്തീരുന്നുണ്ട് എന്നത് വാസ്തവമാണ്. സോഷ്യൽ മീഡിയയ്ക്ക് മുൻപും പിമ്പും എന്ന് തെയ്യക്കാഴ്ചയെ രണ്ടായി തരംതിരിക്കാവുന്നതാണ്. തെയ്യക്കാഴ്ച ഇങ്ങനെ മാറുമ്പോഴും തെയ്യാനുഷ്ഠാനം പക്ഷേ ഭൗതികമായി മുൻപ് പിമ്പ് എന്ന് രണ്ടായി പിരിയുന്നില്ല. തെയ്യത്തിന്റെ മാറ്റം മനുഷ്യ പുരോഗതിയുമായും സമൂഹ പുരോഗതിയുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്. അത് അനുകൂലമായും പ്രതികൂലമായും തെയ്യത്തെ ബാധിച്ചിട്ടുണ്ട് എന്നതും വാസ്തവമാണ്. മാറ്റങ്ങളെ കാലാനുസൃതമായി ഉൾക്കൊള്ളുന്ന ഒരു പാരമ്പര്യ രൂപമാണ് തെയ്യം.

ഒരുനാട്ടിലെ ചെറിയ കാവിലോ തറവാട്ടിലോ ഏറെ പ്രത്യേകതകളുള്ള ഒരു തെയ്യം നടക്കുമ്പോൾ പലനാടുകളിൽ നിന്നുമുള്ള ജനങ്ങളുടെ തിക്കുംതിരക്കുമുണ്ടാകുന്നു എന്നതാണ് ഇന്നത്തെ അനുഷ്ഠാനത്തിന്റെ പ്രധാനപ്പെട്ട സവിശേഷത. ഒരുകാലത്ത് എല്ലാ തെയ്യങ്ങളും അതാത് തറവാട്ടുകാരുടെ വളരെ സ്വകാര്യമായ, വ്യക്തിപരമായ അനുഷ്ഠാനങ്ങൾ മാത്രമായിരുന്നു. ആ നാടിന്, തറവാട്ടിന് പുറത്തുള്ളവർക്ക് അതിൽ പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓരോ ജാതിവിഭാഗത്തിനും പ്രത്യേകം പ്രത്യേകം തറവാടുകളും ധർമ്മ ദൈവങ്ങളും സ്വന്തമായി ഉണ്ടാകുമ്പോൾ ഒരു ജാതിക്കാരൻ മറ്റൊരു ജാതിക്കാരൻ്റെയടുത്തേക്കോ ഒരു തറവാട്ടുകാരൻ മറ്റൊരു തറവാട്ടുകാരൻ്റെ അടുത്തേക്കോ അനുഷ്ഠാനേതരമായി പോകേണ്ടതില്ലായിരുന്നു. ഒരു നാട്ടിലെ തെയ്യത്തിന് മറ്റൊരു നാട്ടിൽ യാതൊരു പ്രസക്തിയുമില്ല എന്നതാണ്. തെയ്യം നാടനുസരിച്ച്, സ്വരൂപമനുസരിച്ച് ജമ്മമനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഓരോ നാട്ടിലെയും തെയ്യം കാണൽ വ്യത്യസ്തമായിരുന്നു.

തെയ്യം ഒരു ആവാസവ്യവസ്ഥയാണ്. ജീവ ശൃംഖലകൾ പരസ്പരബന്ധിതമായി നിലനിൽക്കുന്ന ജൈവ ജാലികയിലാണ് തെയ്യം പുലരുന്നത്. (ഫോട്ടോ : രാജേഷ് കവിണിശ്ശേരി)

തെയ്യത്തിന് ഒരു പൊതുവായ പ്രേക്ഷക സമൂഹമോ, എല്ലായിടത്തും പോയി തെയ്യം കാണുന്ന വലിയ ജനക്കൂട്ടമോ പഴയ കാലത്ത് ഉണ്ടായിരുന്നില്ല. തെയ്യത്തെക്കുറിച്ച് പഠിക്കുന്നവരും മനസ്സിലാക്കാൻ ശ്രമിക്കുന്നവരുമായ അപൂർവ്വം ആൾക്കാർ മാത്രമാണ് മുൻപ് പല സ്ഥലങ്ങളിലും പോയി തെയ്യം കണ്ടിരുന്നത്. എന്നാൽ കാലം മാറിയതോടുകൂടി തെയ്യത്തിന്റെ കാഴ്ചയിലും മാറ്റങ്ങൾ കടന്നുവരികയായിരുന്നു. അപ്പോഴൊന്നും തെയ്യത്തിന്റെ കാഴ്ച വിപണി കേന്ദ്രീകൃതമായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയാ സാധ്യതകളുടെ പെരുപ്പം മറ്റേതൊരു രംഗാവതരണത്തിനും അനുഷ്ഠാനാവതരണത്തിനുമപ്പുറം തെയ്യത്തെ മൃഗീയമായി സ്വാധീനിക്കുകയായിരുന്നു.

തെയ്യം ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണല്ലോ. അതുകൊണ്ടു തന്നെ പകരം വെക്കാനില്ലാത്ത ആ സൗന്ദര്യത്തെ സ്വന്തം വരുതിയിലാക്കി വിപണി താത്പര്യങ്ങളെ നിലനിർത്തുന്നതിനുള്ള ആസൂത്രണങ്ങളും നടന്നു കൊണ്ടിരുന്നു. വിപണിയുടെ ലാഭവിഹിതം അനുഭവിക്കുന്നതിനുള്ള തികച്ചും വിപണി കേന്ദ്രീകൃതവും ലാഭ കേന്ദ്രീകൃതവുമായ ഒരു ഉൽപ്പന്നമായി തെയ്യത്തെ വിൽപ്പനയ്ക്ക് വെക്കുക എന്ന മത്സരബുദ്ധി അനുഷ്ഠാനത്തിനു മുകളിൽ പതുക്കെ പതുക്കെ രൂപപ്പെട്ടുവരികയായിരുന്നു.

തെയ്യത്തിന് മുന്നിലുള്ള ആളുകള്‍ക്ക് തെയ്യം കാണലൊന്നുമല്ല വിഷയം. സ്വന്തം താത്പര്യത്തിനനുസരിച്ച് അതിൻ്റെ സൗന്ദര്യത്തെ, ചരിത്രത്തെ, കഠിനമായ ജീവിതത്തെ, എങ്ങനെ വിപണിയിൽ വിറ്റ് ലാഭമുണ്ടാക്കാം എന്നത് മാത്രമാണ്. (ഫോട്ടോ : രാജേഷ് കവിണിശ്ശേരി)

സ്വന്തം സൗന്ദര്യം തന്നെ ശാപമായിപ്പോയ ജീവിതം പോലെയാണ് ഇപ്പോള്‍ തെയ്യത്തിന്റെ അവസ്ഥ. പോയകാലത്ത് ഒരു തറവാട്ടിലെ കാരണവരും തറവാട്ടംഗങ്ങളും അതിൻ്റെ പരിധിയിൽ വരുന്ന താനങ്ങളിലെ സ്ഥാനികന്മാരും ആചാരക്കാരും അച്ചമ്മാരും അതിനു ചുറ്റിലുമുള്ള നാട്ടുകാരും മാത്രം നടത്തിയിരുന്ന അനുഷ്ഠാനങ്ങൾക്ക് പോലും ഇന്ന് വലിയ ജനത്തിരക്കും നിരവധി പ്രശ്നങ്ങളും നേരിടുന്ന. ചെറിയ കളിയാട്ടങ്ങൾ പോലും മഹോത്സവങ്ങളായി മാറുന്നത് അങ്ങനെയുമാണ്. സോഷ്യൽ മീഡിയയിലൂടെയുള്ള തെയ്യത്തിന്റെ പ്രചാരണങ്ങളും എവിടെയും എത്താവുന്ന ഇന്നത്തെ യാത്ര സൗകര്യങ്ങളും സ്വന്തം വാഹനങ്ങളും അങ്ങനെ നിരവധിയായ കാരണങ്ങള്‍ ഇന്നത്തെ തെയ്യം കാണലിനെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഇത്തരത്തിലുള്ള കാണലുകൾ ഒന്നും അനുഷ്ഠാനത്തെ അതിൻ്റെ തനിമയോടെ നിലനിർത്തുന്നതിനോ ഒരു കാവിനെ അതിൻ്റെ സ്വത്വബോധത്തോടെ ജീവിപ്പിക്കുന്നതിനോ ഗുണകരമായി സഹായിച്ചിട്ടില്ല. അതിൻ്റെ യാതൊരു ഗുണവും ലഭിക്കാത്ത ഒരാളാണ് തെയ്യവും തെയ്യത്തിനുള്ളിൽ വെന്തുപുകഞ്ഞു കൊണ്ട് അതിനെ സദാജാഗ്രത്താക്കി നിലനിർത്തുന്ന തെയ്യക്കാരനും.

സ്വന്തം അനുഷ്ഠാനം നിർവഹിക്കുന്നതിന് വേണ്ടി ഭൂമിയിലെ അത്യപൂർവ്വ കാഴ്ചയായി തെയ്യം മാറുന്നത് പെരുകിവരുന്ന ഫോട്ടോഗ്രാഫർമാർക്ക് ഫോട്ടോ എടുക്കുന്നതിനോ തെയ്യത്തെക്കുറിച്ച് നോവലോ കഥയോ ഗവേഷണ പ്രബന്ധങ്ങളോ സിനിമകളോ ഡോക്യുമെൻ്ററികളോ തയ്യാറാക്കാൻ വേണ്ടിയോ അല്ല. കാട്ടിലേക്ക്, മലയിലേക്ക്, കടലിലേക്ക്, പുഴയിലേക്ക്, വയലിലേക്ക് വിശാലമായ പാറപ്പരപ്പുകളിലേക്കെല്ലാം തെയ്യം പോകുന്നതായ നിരവധി തെയ്യക്കാഴ്ചകളുണ്ട്. തെയ്യം അതൊക്കെയും ചെയ്യുന്നത് ആരുടെയെങ്കിലും പരസ്യത്തിന് വേണ്ടിയല്ല. തെയ്യത്തിന് മുന്നിൽ തടിച്ചുകൂടി പൊതിഞ്ഞു നിൽക്കുന്ന ഒരുപറ്റം ആളുകളെ സംബന്ധിച്ച് തെയ്യത്തെ കാണലോ അതിനെ മനസ്സിലാക്കലോ അതിന്റെ വിശ്വാസമോ അനുഷ്ഠാനമോ ഭക്തിയോ ദൈവമോ ഒന്നുമല്ല അതിൻറെ വിഷയം. സ്വന്തം താത്പര്യത്തിനനുസരിച്ച് അതിൻ്റെ സൗന്ദര്യത്തെ, ചരിത്രത്തെ, സംസ്കാരത്തെ കഠിനമായ ജീവിതത്തെ, ഭക്തിയെ, ദൈവത്തെ എങ്ങനെ വിപണിയിൽ വിറ്റ് ലാഭമുണ്ടാക്കാം എന്നത് മാത്രമാണ് (വിപണിയിൽ വിൽക്കുക ലാഭം ഉണ്ടാക്കുക എന്നത് ധനകേന്ദ്രീകൃതം മാത്രമല്ല എന്നുകൂടിയുണ്ട്. ലാഭത്തെ, ധനമൂല്യത്തെ റീച്ച് എന്നുകൂടി വിവക്ഷിക്കാവുന്നതാണ്). പല പ്രൊഫഷണൽസും സ്വന്തം ഫോട്ടോ അനുവാദമില്ലാതെ പകർത്തുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തെയ്യക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞാൽ തീരുന്ന പ്രശ്നങ്ങളേയുള്ളു. (തെയ്യത്തെ അതിൻ്റെ അനുഷ്ഠാനത്തിന്റെ കനമറിഞ്ഞ് പകർത്തുന്ന ഫോട്ടോഗ്രാഫർമാർ വന്നതോ പോയതോ ആരും അറിയാറില്ല. തെയ്യം പോലും.)

അത്യപൂർവ്വ കാഴ്ചയായി തെയ്യം മാറുന്നത് ഫോട്ടോ എടുക്കുന്നതിനോ നോവലോ കഥയോ പ്രബന്ധങ്ങളോ സിനിമകളോ ഡോക്യുമെൻ്ററികളോ തയ്യാറാക്കാൻ വേണ്ടിയോ അല്ല. (ഫോട്ടോ : രാജേഷ് കവിണിശ്ശേരി)

ഇത് കേവലം സോഷ്യൽ മീഡിയ വഴിയെത്തുന്ന ഫോട്ടോഗ്രാഫർമാരുടെയോ വ്ളോഗർമാരുടെയോ റീൽസ് ക്രിയേറ്റഴ്‌സിന്റെയോ മാത്രം പ്രശ്നമല്ല. ഒരു കളിയാട്ടക്കാലം കഴിഞ്ഞു പോവുകയാണല്ലോ. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പെരുങ്കളിയാട്ടങ്ങളും സാധാരണ കളിയാട്ടങ്ങളുമൊക്കെ നടന്ന വർഷമായിരുന്നു ഇത്. സംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, കലവറ ഘോഷയാത്രകൾ, സെമിനാറുകൾ അങ്ങനെ പലതരം പരിപാടികളാൽ സമ്പന്നമായിരുന്നു നമ്മുടെ ചെറുകിട കളിയാട്ടങ്ങളും അതുപോലെതന്നെ പെരുങ്കളിയാട്ടങ്ങളും. സെമിനാറുകളിലൊക്കെ കാണാവുന്ന പ്രധാനപ്പെട്ട ഒരു തമാശ തെയ്യക്കാവുകളോ തെയ്യത്തിന്റെ അണിയറകളോ പോലും കണ്ടിട്ടില്ലാത്ത ആൾക്കാർ ആയിരിക്കും അവിടെ പ്രസംഗിക്കാൻ വരുന്നത് എന്നതാണ്. തെയ്യക്കാരുടെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് അനുഷ്ഠാനത്തെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്ന ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും പള്ളിയറ മുറ്റത്തേക്കൊന്നു വരികയോ അണിയറയിൽപ്പോയി തെയ്യക്കാരെ കാണുകയോ ചെയ്യുന്നതായി ഇന്നേവരെ കണ്ടിട്ടില്ല. പെരുങ്കളിയാട്ടത്തിലെ പ്രധാന തെയ്യക്കാരൻ ആരാണ് എന്നു പോലുമറിയാതെയാണ് പല തെയ്യം സെമിനാറുകളിലെയും പ്രഭാഷണ മത്സരങ്ങൾ നടക്കുന്നത് . തെയ്യക്കാരുടെ അണിയറപോലും കാണാതെയാണ് തെയ്യക്കാരന്റെ കഠിന ജീവിതത്തെക്കുറിച്ച് പ്രഭാഷണം നടത്തി പ്രഭാഷകന്മാർ പ്രതിഫലവും വാങ്ങി തിരിച്ചു പോകുന്നത്.

തെയ്യത്തെയും തെയ്യം കാണലിനെയും പുച്ഛത്തോടെ കൂടി മാത്രം സംസാരിക്കുകയും ജാതികേന്ദ്രീകൃതമായ പഴകിയ അനുഷ്ഠാനമോ ഭക്തിയോ മാത്രമായി അധിക്ഷേപിക്കുകയും ചെയ്യുന്നവർക്ക് അവനവൻ്റെ കാര്യം വരുമ്പോൾ തെയ്യംതന്നെ വേണം. ഷോർട്ട് ഫിലിമിൽ, നാടകത്തിൽ, ഡോക്യുമെൻ്ററിയിൽ, ചെറുകഥകളിൽ, കവിതകളിൽ, നോവലിൽ, ആനിമേഷൻ വീഡിയോകളിൽ, പി.എച്ച്.ഡി തിസീസുകളിൽ തെയ്യം തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നതും ഇതിൻ്റെ വിപണി മൂല്യം തന്നെയാണ്. എന്തുകൊണ്ടായിരിക്കാം തെയ്യത്തെ പ്രതി ഇത്രയധികം എഴുത്തുകളും ഷോർട്ട് ഫിലിമുകളും നാടകങ്ങളും നോവലുകളും ഡോക്യുമെൻൻ്ററികളും വന്നുകൊണ്ടിരിക്കുന്നത് ? സംശയമൊന്നുമില്ല വിപണിയിൽ അതുണ്ടാക്കുന്ന ലാഭവിഹിതത്തെ കുറിച്ചുള്ള അത്യാഗ്രഹവും അധികമായ കാഴ്ചയും തന്നെയാണ്. തെയ്യം നായകനായുള്ള കഥകളും നോവലുകളും വായിച്ചും ഡോക്യുമെൻ്ററികൾ കണ്ടും തെയ്യത്തിന് തന്നെ മടുത്തിരിക്കുകയാണ്.

തെയ്യം എന്നത് ഒരു ആവാസവ്യവസ്ഥയാണ്. അതീവ വിലോലമാണ് അതിൻ്റെ ജൈവഘടനകൾ. വിവിധ ജീവ ശൃംഖലകൾ പരസ്പരബന്ധിതമായി നിലനിൽക്കുന്ന, നിലനിർത്തുന്ന ഒരു ജൈവ ജാലികയിലാണ് തെയ്യം പുലരുന്നത്.
അതീവ വിലോലമായ പാരിസ്ഥിതിക മൂല്യമുള്ള തെയ്യത്തിൻ്റെ ആവാസ വ്യവസ്ഥയിലേക്ക് അതിക്രമിച്ച് കടക്കുമ്പോൾ അതിനു പുറത്തു നിൽക്കുന്ന, അതിനെ പലപ്രകാരത്തിൽ പ്രതികൂലമായി ബാധിക്കുന്ന മനുഷ്യൻ പാലിക്കേണ്ട പലമര്യാദകളുമുണ്ട്. ആ മര്യാദകൾ അറിയാത്തവർ, അതിനെക്കുറിച്ച് ഗൗരവബുദ്ധ്യാ മനസ്സിലാകാത്തവർ, അല്ലെങ്കിൽ അത് പാലിക്കാൻ സാധിക്കാത്തവർ അങ്ങോട്ട് പോകാതിരിക്കുക എന്നത് മാത്രമാണ് തെയ്യത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ മര്യാദ. അല്ലെങ്കിൽ ജൈവനീതി.

വി.കെ അനിൽകുമാർ

വി.കെ അനിൽകുമാർ

എഴുത്തുകാരൻ. ഡോക്യുമെൻ്ററി സംവിധായകൻ. കേരള സംഗീത നാടക അക്കാദമിയിൽ പ്രോഗ്രാം ഓഫീസർ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *