ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്നപോലെ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്ന പോലെ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ് : മഹാത്മാ ഗാന്ധി

ജൂതരാഷ്ട്രത്തിനു വേണ്ടിയുള്ള ഈ മുറവിളി ആവശ്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ മുറിവിളിയ്ക്കുളള അനുവാദമെടുത്തിരിക്കുന്നത് ബൈബിളില്‍ നിന്നാണ്, പലസ്തീനിലേക്ക് തിരിച്ചു വന്നശേഷമാണ് ജൂതന്മാരുടെ അതിനുള്ള നിര്‍ബന്ധബുദ്ധി കൂടിയത്. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്ന പോലെ അല്ലെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്നതുപോലെ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. 1938 നവംബർ 26-ന് ഹരിജൻ പത്രത്തിൽ പ്രസിദ്ധീകരിച്ച “The Jews” എന്ന പേരിൽ ​ഗാന്ധിജി എഴുതിയ ലേഖനത്തിൻ്റെ പരിഭാഷ

ലസ്തീനിലെ അറബ്-ജൂത പ്രശ്‌നങ്ങളെക്കുറിച്ചും ജര്‍മ്മനിയില്‍ ജൂതര്‍ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചും എന്റെ നിലപാട് വ്യക്തമാക്കാമോയെന്ന് ചോദിച്ചുള്ള നിരവധി കത്തുകള്‍ എനിക്ക് ലഭിക്കാറുണ്ട്. ഏറെ പ്രയാസം നിറഞ്ഞ ഈ പ്രശ്‌നത്തില്‍ എന്റെ കാഴ്ചപ്പാടുകള്‍ യാതൊരു മടിയും കൂടാതെ ഞാന്‍ വ്യക്തമാക്കുകയാണ്.

എന്റെ അനുകമ്പ മുഴുവന്‍ ജൂതന്മാരോടാണ്. സൗത്ത് ആഫ്രിക്കയിലുള്ള കാലത്ത് എനിക്കവരെ അടുത്തറിയാവുന്നതാണ്. അവരില്‍ ചിലര്‍ ജീവിതത്തിലുടനീളം അടുത്ത കൂട്ടാളികളായി മാറിയിട്ടുണ്ട്. ഈ സുഹൃത്തുക്കളിലൂടെയാണ് കാലങ്ങളായി ജൂതര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഞാന്‍ കൂടുതല്‍ മനസിലാക്കിയത്. ക്രിസ്തുമതത്തിലെ അസ്പൃശ്യരായിരുന്നു അവര്‍. ക്രിസ്ത്യാനികള്‍ ജൂതരോട് പെരുമാറുന്നതും ഹിന്ദുക്കള്‍ അസ്പൃശ്യരോട് പെരുമാറുന്നതും തമ്മില്‍ വളരെ സാമ്യമുണ്ട്. രണ്ട് സാഹചര്യങ്ങളും അവര്‍ നേരിടുന്ന മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന് മതത്തിന്റെ അനുവാദമുണ്ട്. അതുകൊണ്ടുതന്നെ ജൂതന്മാരോടുള്ള എന്റെ അനുകമ്പയ്ക്ക് മേല്‍പ്പറഞ്ഞ സൗഹൃദത്തിനപ്പുറം പൊതുവായ സാര്‍വ്വത്രികമായ കാരണമുണ്ട്.

പക്ഷേ നീതിയുടെ കാര്യം വരുമ്പോള്‍ ഈ അനുകമ്പ എന്നെ അന്ധനാക്കുന്നില്ല. ജൂതരാഷ്ട്രത്തിനുവേണ്ടിയുള്ള ഈ മുറവിളി ആവശ്യമുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഈ മുറിവിളിയ്ക്കുളള അനുവാദമെടുത്തിരിക്കുന്നത് ബൈബിളില്‍ നിന്നാണ്, ഫലസ്തീനിലേക്ക് തിരിച്ചുവന്നശേഷമാണ് ജൂതന്മാരുടെ അതിനുള്ള നിര്‍ബന്ധബുദ്ധി കൂടിയത്. ജനിച്ചുവളര്‍ന്ന, അന്നം നല്‍കുന്ന നാടിനെയാണ് ഭൂമിയിലെ മറ്റു ജനവിഭാഗം സ്വന്തം നാടായി കാണുന്നത്. എന്തുകൊണ്ട് ജൂതര്‍ അങ്ങനെ കാണുന്നില്ല?

ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്നപോലെ അല്ലെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്നതുപോലെ ഫലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. അറബികള്‍ക്കുമേല്‍ ജൂതന്മാരെ അടിച്ചേല്‍പ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമായ കാര്യമാണ്. ഇന്ന് ഫലസ്തീനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഒരു ധാര്‍മ്മിക പെരുമാറ്റചട്ടത്തിന്റെ പേരിലും നിതീകരിക്കാനാവില്ല. അന്ത്യയുദ്ധത്തിന്റേതല്ലാതെ ഈ കല്‍പ്പനയ്ക്ക് മറ്റൊരു അനുമതിയുമില്ല. ഫലസ്തീന്‍ പൂര്‍ണമായോ ഭാഗികമായോ ജൂതരാഷ്ട്രമായി വിട്ടുകിട്ടാനായി അറബികളെ കൊന്നൊടുക്കുന്നത് തീര്‍ച്ചയായും മാനവരാശിയ്‌ക്കെതിരായ കുറ്റകൃത്യമാണ്.

ജൂതന്മാര്‍ എവിടെ ജനിച്ചു വളര്‍ന്നവരായാലും അവിടെ അവരോട് നീതിപൂര്‍വ്വമായ പെരുമാറ്റം ഉറപ്പാക്കുകയെന്നതാണ് ശരിയായ പരിഹാരമാര്‍ഗം. ഫ്രാന്‍സില്‍ ജനിച്ച ജൂതന്മാര്‍ ഫ്രഞ്ചുകാരാണ്. ജൂതന്മാര്‍ക്ക് ഫലസ്തീന്‍ അല്ലാതെ മറ്റൊരു നാടില്ലെങ്കില്‍, ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ താമസമുറപ്പിച്ചവര്‍ ജൂതര്‍ക്ക് അവിടംവിട്ടുപോരാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് ഇഷ്ടപ്പെടുമോ? അതോ അവര്‍ക്ക് അവരുടെ ഇഷ്ടംപോലെ കഴിയാന്‍ സാധിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ വേണോ? ജൂതരാഷ്ട്രത്തിനുവേണ്ടിയുള്ള ഈ മുറവിളിയെ അങ്ങേയറ്റം ന്യായീകരിക്കുന്നത് ജര്‍മ്മനി ജൂതരെ പുറന്തള്ളിയത് പറഞ്ഞുകൊണ്ടാണ്. എന്നാല്‍, ജൂതരെ ജര്‍മ്മനി അടിച്ചമര്‍ത്തിയതിന് ചരിത്രത്തില്‍ സമാനതകളില്ല. പഴയകാല സ്വേച്ഛാധിപതികളാരും ഹിറ്റ്‌ലറുടെയത്ര ഭ്രാന്ത് കാട്ടിയിരുന്നില്ല. മതാഭിനിവേശത്തോടെയായിരുന്നു ഹിറ്റ്‌ലര്‍ അതൊക്കെ ചെയ്തുകൊണ്ടിരുന്നത്. അതിനുവേണ്ടി അയാള്‍ പ്രത്യേകതമായ തീവ്രവാദ ദേശീയതയുടെ പുതിയ മതത്തെ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതിന്റെ പേരില്‍ ഏതൊരു മനുഷ്യത്വ രഹതിമായ പ്രവൃത്തിയെയും ഇഹത്തിലും പരത്തിലും പ്രതിഫലം കിട്ടുന്ന മനുഷ്യത്വം നിറഞ്ഞ ചെയ്തിയാക്കി അവതരിപ്പിച്ചു. ഭ്രാന്തമെന്ന് നിസംശയം പറയാവുന്ന, എന്നാല്‍ ധീരനായ യുവാവിന്റെ ക്രൂരകൃത്യങ്ങള്‍ അയാളുടെ വംശത്തിനുമേല്‍ അവിശ്വസനീയമായ ക്രൗര്യത്തോടെ വന്നുപതിക്കുകയാണ്. മനുഷ്യരാശിയുടെ പേരില്‍, മനുഷ്യരാശിക്കുവേണ്ടി നീതീകരിക്കാനാവുന്ന ഒരു യുദ്ധം എന്തെങ്കിലുമുണ്ടാവുകയാണെങ്കില്‍ അത് ജര്‍മ്മനിക്കെതിരായ യുദ്ധമാണ്, ഒരു വംശം വേരോടെ പിഴുതെറിയപ്പെടുന്നത് തടയാന്‍ എന്ന തരത്തില്‍ അതിനെ ന്യായീകരിക്കാം.

എന്നാല്‍ ഞാനൊരിക്കലും യുദ്ധത്തില്‍ വിശ്വസിക്കുന്നല്ല. അതുകൊണ്ടുതന്നെ അങ്ങനെയൊരു യുദ്ധത്തിന്റെ ഗുണദോഷങ്ങളെ കുറിച്ചുള്ള ചര്‍ച്ച എന്റെ ചിന്താമണ്ഡലത്തിന് പുറത്തായിരിക്കും. ജൂതന്മാര്‍ക്കെതിരെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തിട്ടും ജര്‍മ്മനിയ്‌ക്കെതിരെ യുദ്ധമൊന്നുമുണ്ടായില്ലെങ്കിലും ജര്‍മ്മനിയുമായി ഒരിക്കലും ഒരു സഖ്യവുമുണ്ടാവരുതായിരുന്നു. ജനാധിപത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന് ഈ രണ്ടുകാര്യങ്ങളുടെയും ശത്രുപക്ഷത്ത് നില്‍ക്കുന്ന ജര്‍മ്മനിയുമായി എങ്ങനെയാണ് സഖ്യം ചേരാനാവുക? അല്ലെങ്കില്‍ ഇംഗ്ലണ്ട് സായുധ സ്വേച്ഛാധിപത്യ പക്ഷത്തേക്ക് നീങ്ങുന്നു എന്നല്ലേ അതിനര്‍ത്ഥം?

മനുഷ്യത്വവേഷം കെട്ടിനില്‍ക്കുന്ന ഏതെങ്കിലും കാപട്യം തടസമൊന്നുമുണ്ടാക്കാതിരിക്കുമ്പോള്‍ ഹിംസയെ എങ്ങനെ കാര്യക്ഷമമായി പ്രയോഗിക്കാമെന്ന് ജര്‍മ്മനി ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്. അത് എത്രത്തോളം ഭയങ്കരവും ഭയാനകവും ഭീതിപ്പെടുത്തുന്നതുമായാണ് ജര്‍മ്മനി കാണിക്കുകയാണ്. സംഘടിതവും നാണംകെട്ടതുമായ ഈ അടിച്ചമര്‍ത്തലിനെ ജൂതര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുമോ? അവരുടെ സ്വാഭിമാനത്തെ സംരക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ, അവര്‍ക്ക് നിസഹായരെന്നും നിരാലംബരെന്നും ഉപേക്ഷിക്കപ്പെട്ടവരെന്നും തോന്നാതിരിക്കാന്‍ വഴിയുണ്ടോ? ഉണ്ടെന്ന് ഞാന്‍ പറയും. ജീവിക്കുന്ന ദൈവത്തില്‍ വിശ്വാസമുള്ളവര്‍ക്കൊന്നും നിരാലംബരെന്നും നിസ്സഹായരെന്നും തോന്നേണ്ടതില്ല. ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും മുസല്‍മാന്റെയും ദൈവത്തേക്കാള്‍ കൂടുതല്‍ സ്വന്തമാണ് ജൂതരുടെ യഹോവ. വ്യക്തമായി പറഞ്ഞാല്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം അദ്ദേഹം എല്ലാവരുടേതുമാണ്. ജൂതര്‍ ദൈവത്തിന് വ്യക്തിത്വം നല്‍കുകയും തങ്ങളുടെ ജീവിതത്തില്‍ നടക്കുന്നതെല്ലാം അവന്‍ നിശ്ചയിച്ചിട്ടുള്ളതാണെന്നും വിശ്വസിച്ചാല്‍ അവര്‍ക്ക് നിസഹായാവസ്ഥ തോന്നേണ്ടതില്ല. ഞാനൊരു ജൂതനായിരുന്നെങ്കില്‍, ജര്‍മ്മനിയില്‍ ജനിച്ച് അവിടെ ജീവിക്കുന്നയാളാണെങ്കില്‍ എന്റെ നാട് ജര്‍മ്മനി തന്നെയാണെന്ന് ഞാന്‍ പറയും. ഏത് നെടുനീളന്‍ ജര്‍മ്മന്‍കാരന്‍ വന്ന് ഇത് ചോദ്യം ചെയ്താലും എന്നെ വെടിവെച്ചിട്ടോ അല്ലെങ്കില്‍ തുറങ്കലിലിട്ടോയെന്ന് ഞാനയാളെ വെല്ലുവിളിക്കുമെന്ന് മാത്രമല്ല നാട് വിട്ടുപോകാനോ വിവേചനം നേരിടാനോ ഞാന്‍ തയ്യാറാവില്ല. ഇങ്ങനെ ചെയ്യാന്‍ വേണ്ടി മറ്റ് ജൂതന്മാര്‍ കൂടി എനിക്കൊപ്പം ചേര്‍ന്ന് ആഭ്യന്തര യുദ്ധമാകുന്നതുവരെയൊന്നും കാത്തിരിക്കില്ല. മറിച്ച്, എന്തുവന്നാലും മറ്റുള്ളവര്‍ എന്റെ പാത പിന്തുടരുമെന്ന ആത്മവിശ്വാസമായിരിക്കും എനിക്കുണ്ടാവുക.

ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്നപോലെ അല്ലെങ്കില്‍ ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്നതുപോലെ ഫലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. അറബികള്‍ക്കുമേല്‍ ജൂതന്മാരെ അടിച്ചേല്‍പ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമായ കാര്യമാണ്. / Photo : Unicef

ഇവിടെ വാഗ്ദാനം ചെയ്ത പരിഹാരമാര്‍ഗം ജൂതരില്‍ ഒരാളോ അല്ലെങ്കില്‍ എല്ലാ ജൂതന്മാര്‍ക്കുമോ സ്വീകരിക്കേണ്ടിവന്നാല്‍ അവരുടെ നിലവിലെ അവസ്ഥയില്‍ നിന്നും വലിയ മെച്ചമൊന്നും വരില്ല. അവര്‍ സ്വയം കടന്നുപോകേണ്ടിവന്നിട്ടുള്ള വേദനകള്‍ അവരില്‍ ആന്തരിക ശക്തിയും സന്തോഷവും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജര്‍മ്മനിയ്ക്ക് പുറത്തുനിന്നും അനുകമ്പയുടേതായ പ്രമേയങ്ങള്‍ക്ക് നല്‍കാവുന്നതിനേക്കാള്‍ വലുതാണത്. വാസ്തവത്തില്‍, ബ്രിട്ടനോ, ഫ്രാന്‍സോ അമേരിക്കയോ തന്നെ ജര്‍മ്മനിയ്‌ക്കെതിരെ ശത്രുത പ്രഖ്യാപിച്ചാല്‍ തന്നെയും അതിനൊന്നും ജൂതരില്‍ ആന്തരിക സന്തോഷമോ ശക്തിയോ പകരാകാനില്ല. അത്തരം ശത്രുതാപ്രഖ്യാപനത്തിന് ഹിറ്റ്‌ലര്‍ നല്‍കുന്ന ആദ്യ മറുപടിയെന്നോണം ജൂതര്‍ക്കെതിരായ അയാളുടെ കരുതിക്കൂട്ടിയുള്ള അതിക്രമം മൊത്തത്തിലുള്ള ഒരു കൂട്ടക്കുരുതിയില്‍ കലാശിച്ചേക്കാം. പക്ഷേ, ജൂതര്‍ അവരുടെ മനസിനെ എല്ലാം സഹിക്കാന്‍ പാകപ്പെടുത്തുകയാണെങ്കില്‍, സ്വേച്ഛാധിപതിയുടെ കൈകളില്‍ നിന്നും ജൂതവംശത്തിന് യഹോവ കൊണ്ടുവന്ന വിമോചനമായി കണ്ട് ആ കൂട്ടക്കുരുതി പോലും നന്ദി പറച്ചിലിന്റെ ദിവസമായി മാറുമായിരുന്നെന്നാണ് എനിക്ക് തോന്നുന്നത്. ദൈവഭക്തര്‍ക്ക് മരണഭീതിയില്ല. ദീര്‍ഘനിദ്രയ്ക്ക് ഏറ്റവുമധികം ഉന്മേഷം പകരുന്ന ഒരു ഉണര്‍വും അതിന് പിന്നാലെയുള്ള സന്തോഷകരമായ ഉറക്കവുമാണത്.

ഞാനീ മുന്നോട്ടുവെച്ച മറുമരുന്ന് പിന്തുടരുകയെന്നത് ചെക്കുകാരേക്കാള്‍ ജൂതന്മാര്‍ക്ക് എളുപ്പമാണെന്ന് ഞാന്‍ പ്രത്യേകം പറയേണ്ട ആവശ്യമില്ല. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സത്യാഗ്രഹ ക്യാമ്പെയ്ൻ ഇതിന് തീര്‍ത്തും സമാനമാണ്. ജൂതര്‍ ജര്‍മ്മനിയില്‍ നില്‍ക്കുന്ന അതേ അവസ്ഥയിലാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാരും നിലകൊളളുന്നത്. അവിടെയുള്ള അടിച്ചമര്‍ത്തലിനും മതപരമായ നിറമുണ്ട്. വെള്ളക്കാരായ ക്രിസ്ത്യാനികള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും വെള്ളക്കാരെ സേവിക്കാനായി സൃഷ്ടിക്കപ്പെട്ടതിനാല്‍ ഇന്ത്യക്കാര്‍ കീഴാളരാണെന്നും പ്രസിഡന്റായ ക്രൂഗര്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ട്രാന്‍സ് വാല്‍ ഭരണഘടനയുടെ മൗലിക തത്വം തന്നെ വെള്ളക്കാര്‍ക്കും ഏഷ്യക്കാരടക്കമുള്ള വര്‍ണ്ണ വംശജര്‍ക്കും ഇടയില്‍ യാതൊരു തുല്യതയുമില്ലയെന്നതായിരുന്നു. അവിടെ ഇന്ത്യക്കാരെ അവരുടെ സ്ഥലമെന്ന് പറഞ്ഞ് ചേരികളിലേക്ക് ഒതുക്കിനിര്‍ത്തി. മറ്റ് വൈകല്യങ്ങള്‍ ജര്‍മ്മനിയിലെ ജൂതന്മാരുടേതിന് ഏതാണ്ട് സമാനമായിരുന്നു. പുറം ലോകത്തിന്റേയോ ഇന്ത്യാ ഗവണ്‍മന്റിന്റേയോ യാതൊരു പിന്തുണയുമില്ലാതെ തന്നെ ഇന്ത്യക്കാര്‍, അതും വിരലിലെണ്ണാവുന്ന ഇന്ത്യക്കാര്‍ സത്യാഗ്രഹത്തെ മുറുകെപ്പിടിച്ചു. സത്യാഗ്രഹികളെ പിന്തിരിപ്പിക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് അവരുടെ ഏറെ ആലോചിച്ചെടുത്ത നടപടികളിലൂടെയാണ്. എട്ടുവര്‍ഷക്കാലത്തെ പോരാട്ടത്തിനുശേഷമാണ് ലോകജനതയും ഇന്ത്യന്‍ സര്‍ക്കാരും അവരുടെ സഹായത്തിനെത്തിയത്. അതും യുദ്ധഭീഷണിയുടെ പേരിലല്ല, മറിച്ച് നയതന്ത്രപരമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരേക്കാള്‍ പതിന്മടങ്ങ് അനുഗ്രഹാശിസ്സുകളോടെ ജര്‍മ്മനിയിലെ ജൂതന്മാര്‍ക്ക് സത്യാഗ്രഹം നടത്താന്‍ കഴിയും. സമജാതീയരായ തിങ്ങിനിറഞ്ഞ സമുദായമാണ് ജര്‍മ്മനിയിലെ ജൂതന്മാര്‍. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരേക്കാള്‍ വളരെയേറെ അനുഗ്രഹീതരാണവര്‍. അവര്‍ ലോകമനസാക്ഷിയെ ഒപ്പം നിര്‍ത്തിയിരുന്നു. ധൈര്യവും കാഴ്ചപ്പാടുമുള്ള ഒരാള്‍ അവര്‍ക്കിടയില്‍ നിന്നും മുന്നോട്ടുവന്ന് അഹിംസാമുന്നേറ്റത്തെ നയിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അവരുടെ കണ്ണുകളിലെ നിരാശ പ്രതീക്ഷയുടെ തിളക്കമാകുമായിരുന്നെന്ന് എനിക്ക് ഉറപ്പാണ്.

ഇന്ന് മനുഷ്യവേട്ടയായി അധ:പതിച്ച കാര്യങ്ങള്‍ക്ക് പകരം സഹനത്തിലൂടെ യഹോവ പകര്‍ന്നുനല്‍കിയ കരുത്തുപേറുന്ന നിരായുധരായ സ്ത്രീകളും പുരുഷന്മാരുമെടുത്ത അചഞ്ചലവും നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടായി അത് മാറുമായിരുന്നു. നിഷ്ഠൂരനായ ഒരു വ്യക്തിയുടെ ദൈവവിരുദ്ധമായ ഉന്മാദത്തിനെതിരെ തീര്‍ത്തും മതപരമായ ഒരു പ്രതിരോധമായിരിക്കുമായിരുന്നു അത്. ജര്‍മ്മനിയിലെ മറ്റ് മതസ്ഥര്‍ക്കുമേല്‍ ജൂതര്‍നേടുന്ന ശാശ്വത വിജയമായിരിക്കുമായിരുന്നു അത്. അതായത് ജര്‍മ്മനിയിലെ മറ്റു മതസ്ഥരെ മനുഷ്യാന്തസ്സിനെ മാനിക്കുന്നവരായി പരിവര്‍ത്തനം ചെയ്യിക്കുമായിരുന്നു. അവര്‍ സഹ ജര്‍മ്മന്‍കാര്‍ക്ക് സഹായങ്ങള്‍ ചെയ്യുകയും യഥാര്‍ത്ഥ ജര്‍മ്മന്‍കാരാണ് തങ്ങളെന്ന് തെളിയിക്കുകയും ചെയ്യുമായിരുന്നു.

ഇനി ഫലസ്തീനിലെ ജൂതരോടാണ് പറയനുള്ളത്. അവരുടെ പോയിക്കൊണ്ടിരിക്കുന്നത് തെറ്റിലേക്കാണെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ബൈബിള്‍സങ്കല്പത്തില്‍ ഫലസ്തീന്‍ എന്നത് ഭൂമിശാസ്ത്രപരമായ ഒന്നല്ല. അത് അവരുടെ ഹൃദയത്തിലുള്ളതാണ്. ജൂതരാഷ്ട്രമായി ഫലസ്തീനെ ഭൂരിശാസ്ത്രപരമായി കാണുകയാണെങ്കില്‍ തന്നെ ബ്രിട്ടീഷ് തോക്കിന്‍റെ നിഴലില്‍ അവിടേക്ക് കടക്കുന്നത് തെറ്റാണ്. മതപരമായ ഒരു കര്‍മ്മം അനുഷ്ഠിക്കേണ്ടത് തോക്കിന്‍റെയോ ബോംബിന്‍റെയോ സഹായത്തോടെയല്ല. അറബികളുടെ സൗമനസ്യത്തോടെ അവര്‍ക്ക് ഫലസ്തീനില്‍ സ്ഥിരതാമസമാക്കാം. അറബ് മനസുകളെ കീഴ്‌പ്പെടുത്താനാണ് അവര്‍ ശ്രമിക്കേണ്ടത്. ജൂതമനസുകളെ നയിക്കുന്ന അതേ ദൈവം തന്നെയാണ് അറബികളെയും നയിക്കുന്നത്. അറബികള്‍ക്ക് മുമ്പില്‍ അവര്‍ക്ക് സത്യാഗ്രഹത്തെ കൂട്ടുപിടിക്കാം, അറബികള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ സ്വയം വെടിയുണ്ടകള്‍ ഏറ്റുവാങ്ങാനും ചാവുകടലില്‍ എറിയപ്പെടാനും നിന്നുകൊടുക്കാം. അങ്ങനെ വരുമ്പോള്‍, അവരുടെ മതപരമായ സാഫല്യത്തിന് അനുകൂലമായി ലോകം നില്‍ക്കുന്നത് അവര്‍ക്ക് കാണാന്‍ കഴിയും. ബ്രിട്ടീഷ് ബയോണറ്റുകളുടെ സഹായം ഉപേക്ഷിക്കുകയാണെങ്കില്‍ മാത്രം, അറബികളുമായി കൂടിയാലോചന നടത്താന്‍ നൂറുനൂറു വഴികളുണ്ട്. ഇതുപോലെ, അവരോട് ഒരു തെറ്റും ചെയ്യാത്ത ജനതയെ പിടിച്ചുപറിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം അവരും പങ്കാളികളാണ്.

അറബ് അതിക്രമങ്ങളെ ഞാന്‍ ന്യായീകരിക്കുകയല്ല. തങ്ങളുടെ രാജ്യത്തിനുമേലുള്ള അനാവശ്യമായ കടന്നുകയറ്റമായി ഈ അതിക്രമങ്ങളെ അവര്‍ കാണുന്നത് ന്യായമാണ്, എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ അവര്‍ അഹിംസയെ കൂട്ടുപിടിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. തെറ്റും ശരിയുമായി ബന്ധപ്പെട്ട അംഗീകൃത ധര്‍മ്മസിദ്ധാന്തങ്ങള്‍ അനുസരിച്ച്, അങ്ങേയറ്റം പ്രതികൂലമായ സാഹചര്യത്തിന് മുമ്പില്‍ അറബികളുടെ ചെറുത്തുനില്‍പ്പിനെതിരെ ഒന്നും പറയാനാവില്ല. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരെന്ന് സ്വയം അവകാശപ്പെടുന്ന ജൂതര്‍, ലോകത്തിലുള്ള അവരുടെ സ്ഥാനമുറപ്പിച്ചെടുക്കാന്‍ അഹിംസാവഴി തെരഞ്ഞെടുത്തുകൊണ്ടാണ് ഈ ടൈറ്റില്‍ ഉറപ്പിക്കേണ്ടത്.

ഫലസ്തീനടക്കം എല്ലാ രാഷ്ട്രങ്ങളും അവരുടേതാണ്, പക്ഷേ അത് കടന്നുകയറ്റത്തിലൂടെയല്ല, സ്‌നേഹപൂര്‍വ്വമായ ഇടപെടലുകളിലൂടെയുമാണ് ഉറപ്പിക്കേണ്ടത്. സെസില്‍ റോത്തിന്‍റെ ദ ജ്യൂയിഷ് കോണ്‍ട്രിബ്യൂഷന്‍ ടു സിവിലൈസേഷന്‍ എന്ന പുസ്തകം ജൂതനായ സുഹൃത്ത് എനിക്ക് അയച്ചുതന്നിരുന്നു. ലോക സാഹിത്യം, കല, ശാസ്ത്രം, നാടകം, വൈദ്യശാസ്ത്രം, കൃഷി എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ലോകത്തെ പരിപോഷിപ്പിക്കാന്‍ ജൂതര്‍നല്‍കിയ സംഭാവനകളുടെ ഒരു രേഖപ്പെടുത്തല്‍ തന്നെ പുസ്തകത്തിലുണ്ട്. ഇച്ഛാശക്തിയുണ്ടെങ്കില്‍, ജൂതന് പാശ്ചാത്യലോകം കല്‍പ്പിച്ച ഭ്രഷ്ടിനെ, നിന്ദയെ രക്ഷാധികാര മനോഭാവത്തെ തള്ളിക്കളയാം. ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട്, മൃഗീയതയിലേക്ക് അതിവേഗം ആണ്ടുപോകുന്നതിന് പകരം മനുഷ്യരായിക്കൊണ്ട്, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടിയായിക്കൊണ്ട് അവര്‍ക്ക് ലോകത്തിന്‍റെ ശ്രദ്ധയും ആദരവും നേടാം. അവരുടെ ഒട്ടനവധി സംഭാവനകള്‍ക്കൊപ്പം അതിനെക്കാളേറെ മഹത്തരമായ അഹിംസാത്മക പ്രവൃത്തികള്‍ കൂടി സംഭാവന ചെയ്യാം.

വിവർത്തനം : ജിൻസി ബാലകൃഷ്ണൻ

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *