അൽഗോരിതങ്ങളുടെ കാലത്തെ തൊഴിലാളിയും കൂലി അടിമയും

21-ആം നൂറ്റാണ്ടിൽ എ.ഐയും ഡിജിറ്റൽ ക്യാപിറ്റലിസവും ആ 8-8-8 സമവാക്യത്തെ കീഴ്മേൽ മറിക്കുകയാണ്. 24×7 അൽഗോരിതം നിർദ്ദേശിക്കുന്ന ലോകത്ത്, ‘ഒരു ദിവസം 8 മണിക്കൂർ ജോലി’ എന്ന ആശയം ഒരു ഓർമ്മ മാത്രമായി ചുരുങ്ങുകയാണ്. ഇൻഡസ്ട്രിയൽ ക്യാപിറ്റലിസം ഡിജിറ്റൽ ക്യാപിറ്റലിസത്തിന് വഴിമാറുന്ന ഈ കാലത്ത്, ‘റൈറ്റ് ടു ഡിസ്കണക്ട്’ ബിൽ തൊഴിൽ രംഗത്ത അവകാശ സംരക്ഷണത്തിനുള്ള ഉപാധിയാണ്, അതിലുപരി ഒരു ചരിത്ര ആവശ്യകതയാണ്

ഫാറ്റി ലിവർ (Hepatic Steatosis) ഒരു ആരോഗ്യപ്രശ്നം എന്ന നിലയ്ക്കാണ് നമ്മൾക്ക് പരിചിതം, എന്നാൽ ഫ്രാൻസിലെ താറാവുകൾക്ക് അങ്ങനെയല്ല, മനുഷ്യൻ്റെ ക്രൂരതയുടെ മറ്റൊരു മുഖം അവിടെ തെളിയുന്നു. താറാവിൻ്റെ അന്നനാളത്തിലൂടെ പൈപ്പ് കയറ്റി അമിതമായി ഭക്ഷണം നൽകിയാണ് അതിന്റെ ലിവർ ക്രമാതീതമായി വലുതാക്കി ഫോയ് ഗ്രാ (Foie Gras) എന്ന രുചികരമായ വിഭവം നിർമ്മിക്കുന്നത്. വലിയ സ്റ്റാർ ഹോട്ടലുകളിൽ ഫ്രഞ്ച് പാചകപരമ്പരയിലെ ആഡംബര വിഭവമായി ഇത് സെർവ് ചെയ്യപ്പെടാറുണ്ട്. കൃത്രിമമായി ഭക്ഷണം കുത്തിനിറയ്ക്കുന്ന ‘ഗേവേജ്’ (Gavage) ഫീഡിംഗിനിടെ ചില താറാവുകൾ മരിക്കുകയും ചെയ്യുന്നു. അൽഗോരിതങ്ങളുടെ ലോകത്തെ തൊഴിലാളിയുടെ അവസ്ഥയും ഇതിൽനിന്ന് വ്യത്യസ്തമല്ല.

വർക്ക് ലൈഫ് ബാലൻസ്

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിലാളികളുടെ ഗണ്യമായൊരു വിഭാഗം ആഴ്ചയിൽ 48 മണിക്കൂറിന് മുകളിലാണ് ജോലി ചെയ്യുന്നത്. എന്നാൽ പ്രശ്നം ജോലി സമയത്തിന്റെ ദൈർഘ്യം മാത്രമല്ല, അതിന്റെ അതിരുകൾ തന്നെ അപ്രത്യക്ഷമാകുന്നതാണ്. വാട്‌സ്ആപ്പ് സന്ദേശങ്ങൾ, അർദ്ധരാത്രി ഇമെയിലുകൾ, അവധി ദിവസങ്ങളിലെ മീറ്റിംഗുകൾ, ഇവയിലൂടെ ജോലി സമയം പരിധികളില്ലാതെ നീളുകയാണ്.

പ്രത്യേകിച്ച് ഐടി, സേവന മേഖലകളിൽ എല്ലായിപ്പോഴും ലഭ്യമായിരിക്കുക (always-on) എന്ന കൾച്ചർ തൊഴിലാളിയുടെ സമയം മാത്രമല്ല, ശ്രദ്ധയും സ്വകാര്യതയും നിയന്ത്രിക്കുന്ന രീതിയിലേക്ക് വളർന്നിരിക്കുകയാണ്. സാങ്കേതികവിദ്യ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുപകരം, നിരന്തര സാന്നിധ്യം ഉറപ്പാക്കാനുള്ള ഉപകരണമായി മാറി, വർക്ക് ലൈഫ് ബാലൻസ് കോർപ്പറേറ്റ് പ്രെസന്റേഷനിലെ സ്ലൈഡിൽ ഒതുങ്ങുമ്പോൾ, തൊഴിലാളിക്ക് അവകാശപ്പെട്ട വിശ്രമ സമയം കവർന്നെടുക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്.

ഇതിനിടയിൽ ഐടി മാനേജറുടെ ‘always-on’ ജോലിയും ഫുഡ് ഡെലിവറി തൊഴിലാളിയുടെ ‘always-on’ ജോലിയും ഒരുപോലെ കാണുന്നത് ശരിയല്ല. പക്ഷെ കൊച്ചിയിലെ ഒരു ഐ. ടി പാർക്കിലെ ജീവനക്കാരനും തിരുവനന്തപുരത്തെ ഒരു ഫുഡ് ഡെലിവറി തൊഴിലാളിയും ഒരേ ‘always-on’ സമ്മർദ്ദത്തിലാണ്. വ്യത്യാസം ചങ്ങലയുടെ ഭാരം മാത്രം. ജോലി സമയം മാത്രമല്ല ജീവിതസമയവും കൈവശപ്പെടുത്താൻ ശ്രമിക്കുന്ന കോർപ്പറേറ്റ് സംസ്കാരത്തിന് ഹസിൽ വർക്ക് കൾച്ചർ എന്നൊരു വിളിപ്പേരും കൂടെയുണ്ട്.

എന്താണ് ഹസിൽ വർക്ക് കൾച്ചർ?

ആഗോളവൽക്കരണത്തോടൊപ്പം നീണ്ട ജോലി സമയം വിജയത്തിന്റെ മാനദണ്ഡമായി വിപണനം ചെയ്യപ്പെട്ടു. അധ്വാനം മാത്രമാണ് വിജയത്തിലേക്കുള്ള വഴി എന്ന ആശയം യുവജനതയെ വിശ്രമവും ഉറക്കവും പോലും ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. സ്വമേധയാ തിരഞ്ഞെടുക്കുകയും ടീമിന്റെ പിന്തുണയോടെ കൂടുതൽ സമയം ജോലി ചെയ്യുകയും ചെയ്യുന്ന ഘട്ടത്തിൽ ഇത് ഒരു അഭിനിവേശമായി തോന്നാം. എന്നാൽ അമിതാധ്വാനം സ്ഥാപന നിയമമായി മാറുമ്പോഴാണ് ഹസിൽ കൾച്ചർ ടോക്സിക് ആകുന്നത്. ഉടമസ്ഥാവകാശമുള്ളിടത്ത് അമിതാധ്വാനം നിക്ഷേപമായേക്കാം; എന്നാൽ ലാഭം ഒരാളുടേയും അധ്വാനം മറ്റൊരാളുടേയും ആയപ്പോൾ അത് ചൂഷണമായി മാറുന്നു.

അന്ന സെബാസ്റ്റ്യൻ പേരയിൽ

അസാധ്യമായ ഡെഡ്‌ലൈനുകൾ ചുമത്തി ജീവനക്കാരുടെ ശാരീരിക, മാനസിക ആരോഗ്യം തകർക്കുന്ന ഈ സംവിധാനം ഒടുവിൽ ദുരന്തത്തിൽ ചെന്നവസാനിക്കുമ്പോഴാണ് ചിലരെങ്കിലും വിഷയം ചർച്ച ചെയ്യുന്നത്. എർണസ്റ്റ് & യങ്ങിന്റെ പൂനെ ഓഫീസിലെ 26-കാരി അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം, ഒറ്റപ്പെട്ട സംഭവം അല്ല ഘടനാപരമായ രോഗലക്ഷണമാണ്. ഇതിനെ തുടർന്ന് ജോലിസമ്മർദ്ദം, ഹസിൽ കൾച്ചർ, വർക്ക് ലൈഫ് ബാലൻസ് വിഷയങ്ങൾ ദേശീയ തലത്തിൽ ഗൗരവമായ ചർച്ചകൾക്ക് വഴിതുറന്നു.

റിക്രൂട്ടിംഗ് കമ്പനിയായ ഇൻഡീഡിനു (Indeed) വേണ്ടി 2024-ൽ സെൻസസ്‌വൈഡ് നടത്തിയ ഒരു സർവേ പ്രകാരം, ഇന്ത്യയിലെ 79% തൊഴിലുടമകൾ ജോലിസ്ഥലത്ത് ‘റൈറ്റ് ടു ഡിസ്കണക്ട്’ നയം നടപ്പാക്കണമെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. ഓഫീസ് സമയം കഴിഞ്ഞതിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ, ഇ-മെയിലുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവ അവഗണിക്കാനുള്ള തൊഴിലാളിയുടെ നിയമപരമായ അവകാശമാണ് ‘റൈറ്റ് ടു ഡിസ്കണക്ട്’

ജെൻ-സിയുടെ നിശബ്ദ രാഷ്ട്രീയം

കോർപ്പറേറ്റ് മേഖലയിലെ ചൂഷണത്തോട് തങ്ങളുടെതായ പ്രതിരോധം തീർക്കുന്നത് ഇന്നത്തെ ജെൻ-സി തലമുറയാണ്. ജോലി മടുക്കുമ്പോൾ ‘ക്വയറ്റ് ക്വിറ്റിംഗ്’ (Quiet Quitting) പ്രഖ്യാപിക്കുന്ന ജെൻ-സി ജോലി ഒഴിവാക്കുന്നതല്ല, ജോലി സമയത്തിന് പുറത്ത് സമയം അവർക്ക് അവകാശപ്പെട്ടതാണ് എന്നതാണ് അവരുടെ പ്രഖ്യാപിത നിലപാട്. ‘ഹസിൽ കൾച്ചർ’ ഒരു ആദർശമായി അവതരിപ്പിക്കപ്പെട്ടിരുന്ന കാലത്ത് ജനിക്കുകയും, ജോലിയിൽ മാനസിക തളർച്ച (Burnout) കണ്ട് വളരുകയും ചെയ്ത ഒരു തലമുറ, സ്വാഭാവികമായും ജോലി ജീവിതത്തിന്റെ കേന്ദ്രമല്ല എന്ന നിലപാടിലേക്ക് എത്തിച്ചേർന്നു.

കേരളത്തിലെ ഐ.ടി പാർക്കുകളിൽ ജോലി സമയത്തിനു ശേഷം ഫ്ലൈറ്റ് മോഡ് ഓണാക്കുന്ന ജെൻ-സി തലമുറ പേഴ്സണൽ ടൈമിന് വില കൽപ്പിക്കുന്നവരാണ്. പക്ഷേ ഈ ‘ഡിസ്കണക്ട്’ ചെയ്യാനുള്ള സ്വാതന്ത്ര്യം, തൊഴിൽ സുരക്ഷ ഉള്ളവരുടെ സൗഭാഗ്യം(Privilege) കൂടിയാണ്. അതേ തലമുറയിലെ ഒരു ഫസ്റ്റ് ജനറേഷൻ ഗിഗ് തൊഴിലാളിക്ക്, വീട്ടിൽ ആശ്രിതരുള്ള, ഡെലിവറി അൽഗോരിതം റേറ്റിംഗ് മാത്രം വരുമാനം നിർണ്ണയിക്കുന്ന ഒരാൾക്ക് അധിക ബാധ്യതകൾ ഏറ്റെടുക്കാതിരിക്കുന്നത് (Quiet Quitting) ഒരു ഓപ്ഷൻ പോലുമല്ല. ചുരുക്കത്തിൽ പ്രതിരോധം ചെയ്യാനുള്ള ശേഷി തന്നെ വർഗ്ഗം നിർണ്ണയിക്കുന്നു. ഇവിടെയാണ് നിയമനിർമാണത്തിന്റെ പ്രസക്തി.

ചൂഷണത്തിന് അതിർത്തികളില്ല

ഈ പശ്ചാത്തലത്തിലാണ് ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി ഇന്ത്യൻ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് പ്രഖ്യാപിച്ചത് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തി. എന്നാൽ ഇത് ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമല്ല; ഇത് ആഗോള മൂലധന വ്യവസ്ഥയുടെ പൊതുഭാഷയാണ്.

ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി

അമിതമായ ജോലി കൊണ്ട് മരിക്കാം എന്ന് ലോകത്തിന് ഔദ്യോഗികമായി ബോധ്യപ്പെടുത്തിയ രാജ്യമാണ് ജപ്പാൻ, ഒടുവിൽ ആ ജനതയ്ക്ക് ഇത്തരം മരണങ്ങൾക്ക് ഒരു പേരിടേണ്ടി വന്നു കരോഷി (അമിതാധ്വാനം കൊണ്ടുള്ള മരണം). ചൈനയിലെ ‘996’ കൾച്ചറും അതിനെതിരായ താങ്ങ് പിംഗ് (Lying Flat) മൂവ്മെന്റും, അമിത ജോലിഭാരത്തിനെതിരായ ആഗോള പ്രതിരോധത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. അതേസമയം തന്നെ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ തൊഴിൽ ശക്തിയെ പരമാവധി ചൂഷണം ചെയ്താണ് സമ്പന്ന രാജ്യങ്ങൾ ആയത്. ILO ഡാറ്റ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ജോലി സമയമുള്ള രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ നാരായണമൂർത്തിയുടെ 70 മണിക്കൂർ വാദം ഒരു ഒറ്റപ്പെട്ട അഭിപ്രായമല്ല, ഒരു ആഗോള മൂലധന ചിന്താഗതിയുടെ പ്രാദേശിക പ്രതിധ്വനിയാണ്.

വർക്ക് ലൈഫ് ബാലൻസ് : അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും

അന്താരാഷ്ട്ര തലത്തിൽ ഫ്രാൻസ് 2017ൽ ‘റൈറ്റ് ടു ഡിസ്കണക്ട്’ നിയമം കൊണ്ടുവന്നു. സ്പെയിനും ഇറ്റലിയും അത് പിന്തുടർന്നു. എന്നാൽ 2021-ൽ പോർച്ചുഗൽ നടപ്പാക്കിയ നിയമമാണ് ഏറ്റവും പ്രായോഗികം. ഓഫീസ് സമയം കഴിഞ്ഞാൽ ബോസിന്/മാനേജർക്ക് തൊഴിലാളിയെ അടിയന്തര സാഹചര്യമല്ലാത നിങ്ങളെ വിളിക്കാൻ പറ്റില്ല; വിളിച്ചാൽ പിഴമാത്രമല്ല, എന്തെങ്കിലും കാരണവശാൽ നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടിവന്നാൽ, ആ സമയത്തെ ഇന്റർനെറ്റ് ബില്ലും കറന്റ് ബില്ലും കമ്പനി തന്നെ അടയ്ക്കണം. ചുരുക്കത്തിൽ, നിങ്ങളുടെ വീട് ഓഫീസിന്റെ എക്സ്റ്റൻഷനല്ല എന്ന് നിയമം ഉറപ്പിക്കുന്നു. വർക്ക് ലൈഫ് ബാലൻസ് ഒരു വ്യക്തിഗത വിഷയമല്ല, തൊഴിലാളിയുടെ അടിസ്ഥാന അവകാശമാണെന്ന തിരിച്ചറിവാണ് ഈ ഇടപെടലുകൾക്കു പിന്നിൽ. ഇന്ത്യ ഈ ദിശയിലേക്ക് ഒരു ചുവടുവയ്ക്കുന്നത് സമീപകാലത്താണ്.

‘റൈറ്റ് ടു ഡിസ്കണക്ട്’ ഇന്ത്യൻ പാർലമെന്റിൽ

2025-ൽ എൻ.സി.പി. എം.പി. സുപ്രിയ സുലെ ലോക്‌സഭയിൽ ‘റൈറ്റ് ടു ഡിസ്കണക്ട്’ ബിൽ ഒരു സ്വകാര്യ അംഗ ബില്ലായി അവതരിപ്പിച്ചു. നിയമമാകാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിലും, ഈ ബിൽ ഇന്ത്യയിൽ ഗൗരവമായ ചർച്ചകൾക്ക് വഴി തുറന്നു.

തുടർന്ന് 2026 ഫെബ്രുവരി 6-ന്, കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം.പി. എ.എ. റഹീം ‘റൈറ്റ് ടു ഡിസ്കണക്ട് ബിൽ’ അവതരിപ്പിച്ചു, ഇന്ത്യൻ പാർലമെൻററി ചരിത്രത്തിൽ ഈ വിഷയത്തിലെ ആദ്യ ഗൗരവമായ നിയമ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. ഈ ബിൽ പ്രധാനമായും ജീവനക്കാർക്ക് ഓഫീസ് സമയത്തിന് ശേഷം ജോലി സംബന്ധമായ ഫോൺ കോളുകൾ, ഇ-മെയിലുകൾ, മെസേജുകൾ എന്നിവ അവഗണിക്കാനുള്ള നിയമപരമായ അവകാശം ഉറപ്പ് നൽകുന്നതാണ്. പക്ഷേ ബില്ലിൽ ഓഫീസ് സമയം കഴിഞ്ഞ് ബന്ധപ്പെടുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്താമെങ്കിലും, ഗിഗ് തൊഴിലാളികൾക്ക് ഇതിൽ ഇപ്പോഴും വ്യക്തമായ സ്ഥാനം ഇല്ല എന്നതൊരു പോരായ്മയാണ്.

ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ നിയമമുണ്ടെങ്കിലും അത് പലപ്പോഴും തൊഴിലാളിയും കമ്പനിയുമുള്ള ധാരണയിൽ മാത്രം നിൽക്കുന്നു. പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് അസംഘടിത മേഖലയിലോ, ധാരണ മാത്രം മതിയാകില്ല. തൊഴിലാളിക്ക് പറ്റില്ല എന്ന് പറയാൻ കഴിയണമെങ്കിൽ ശക്തമായ നിയമവും അതിനൊപ്പം തൊഴിലാളി സംഘടനകളുടെ കൂട്ടായ ശക്തിയും അനിവാര്യമാണ്.

ഇന്ത്യയിലെ പുതിയ ലേബർ കോഡുകളും തൊഴിൽ സുരക്ഷയും

2019-2020 കാലഘട്ടത്തിൽ കേന്ദ്രസർക്കാർ 29 പഴയ തൊഴിൽ നിയമങ്ങളെ ഏകീകരിച്ച് നാല് ലേബർ കോഡുകളാക്കി. ഇതുവരെ പൂർണ പ്രാബല്യം ലഭിച്ചിട്ടില്ലെങ്കിലും, നിയമങ്ങൾ ലളിതമാക്കിയും ഏകീകൃതമാക്കിയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുകയും തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രം അവകാശപ്പെടുന്ന ലക്ഷ്യം.

നിയമം ഉണ്ടെങ്കിൽ മാത്രം പോരാ, അത് തൊഴിലാളിക്ക് തൊഴിലാളിയുടെ അവകാശങ്ങൾക്ക് ഒപ്പവും നിലകൊള്ളണം. എന്നാൽ ഇന്ത്യയിലെ പുതിയ ലേബർ കോഡുകൾ പരിശോധിക്കുമ്പോൾ ചിത്രം അത്ര ശുഭകരമല്ല. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രകാരം 300 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് പിരിച്ചുവിടലിനും സ്ഥാപന അടച്ചുപൂട്ടലിനും മുൻകൂർ സർക്കാർ അനുമതി വേണ്ടെന്ന വ്യവസ്ഥ, തൊഴിലാളികളുടെ ജോലി സുരക്ഷക്ക് ഭീഷണിയാണ്.

ഹൈദരബാദിൽ ലേബർ കോഡിനെതിരെ പ്രതിഷേധിക്കുന്ന സിഐടിയു പ്രവർത്തകർ

ജോലി സമയം, ഓവർടൈം, കരാർ തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയിരിക്കുന്നതും, ഏകീകൃത തൊഴിൽ സംരക്ഷണം ദുർബലമാകും എന്ന ആശങ്കയോടെ, തൊഴിൽ സംഘടനകൾ കാണുന്നു. ഇന്ത്യയിലെ വിവിധ വ്യവസായ മേഖലകളിൽ, നോയിഡയിലെ തുണി കയറ്റുമതി തൊഴിലാളി മുതൽ പാനിപ്പത്തിലെ എണ്ണ ശുദ്ധീകരണശാലയിലെ കരാർ തൊഴിലാളി വരെ, സൂററ്റിലെ ഉരുക്ക് ഫാക്ടറിയിലെ ദിവസക്കൂലിക്കാരൻ മുതൽ ബിഹാറിലെ ശുദ്ധീകരണശാലയിലും ഉത്തരാഖണ്ഡിലെ രുദ്രപ്പൂരിലും 2026-ന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിലെ തൊഴിലാളികൾ നടത്തിയ സമരങ്ങൾ നിലവിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.

തൊഴിലാളി വർഗ്ഗ കാഴ്ചപ്പാട്: ചൂഷണം ഘടനാപരമാണ്

ജോലിസമ്മർദ്ദവും അതിരില്ലാത്ത ജോലി സമയവും വ്യക്തിഗത പരാജയമല്ല; അത് മൂലധന വ്യവസ്ഥയുടെ ഘടനാപരമായ ചൂഷണമാണ്. കാൾ മാർക്സ് ചൂണ്ടിക്കാട്ടിയതു പോലെ, തൊഴിലാളിയുടെ ജോലി സമയം നീട്ടുന്നത് തൊഴിലാളിയുടെ ജീവിതസമയത്തെ തന്നെ മൂലധനത്തിന് കീഴ്‌പ്പെടുത്തുന്നതാണ്.

ഈ ചൂഷണം നിലനിൽക്കുന്നത് നിർബന്ധം കൊണ്ടു മാത്രമല്ല. മാർക്സിസ്റ്റ് ചിന്തകൻ അന്റോണിയോ ഗ്രാംഷിയുടെ കാഴ്ചപ്പാടിൽ ആധിപത്യം നിലനിൽക്കുന്നത് സമ്മതം ഉൽപ്പാദിപ്പിച്ചു കൊണ്ടാണ് അതായത്, തൊഴിലാളി സ്വയം കീഴ്പ്പെടാൻ നിർബന്ധിക്കപ്പെടുന്നു, പ്രൊഫഷണലിസം എന്ന പേരിൽ തൊഴിലാളി സ്വയം കീഴ്പ്പെടുന്ന സമ്മതമാണ് ഏറ്റവും അപകടകരമായ ചൂഷണം. കണ്ണിൽ കാണുന്ന ചങ്ങലയല്ല, മനസ്സിൽ തന്നെ ഉള്ള ചങ്ങല.

അൻ്റോണിയോ ഗ്രാംഷി

ഇത് എൻ്റെ ഉത്തരവാദിത്തമാണ് എന്ന് സ്വയം പറഞ്ഞ് അർദ്ധരാത്രിയിൽ ലാപ്‌ടോപ്പ് ബാഗ് തുറക്കുമ്പോൾ, ബോസ് നിർബന്ധിക്കുന്നില്ല, നാം സ്വയം കീഴ്പ്പെടുകയാണ്. ഇതാണ് ഗ്രാംഷി പറഞ്ഞ സമ്മതം. എന്നാൽ ആ സമ്മതത്തിന് മറ്റൊരു മുഖം കൂടിയുണ്ട്, അത് ഭയമാണ്. നിങ്ങളുടെ ജോലി ഏറ്റെടുക്കാൻ പുറത്ത് ആളുകൾ കാത്തുനിൽക്കുന്നു എന്നുള്ള ഭീതി, ചോദ്യം ചെയ്യാതെ അനുസരിക്കാൻ തൊഴിലാളിയെ നിർബന്ധിക്കുന്നു. സമ്മതം ചൂഷണത്തെ അദൃശ്യമാക്കുന്നു; ഭയം അതിനെ നിശബ്ദമാക്കുന്നു.

ഡിജിറ്റൽ മൂലധനം ഈ സമ്മതം ഉൽപ്പാദിപ്പിക്കാൻ സാങ്കേതികവിദ്യയെ തന്നെ ആയുധമാക്കിയിരിക്കുന്നു. മൊബൈലിലെ അറിയിപ്പുകൾ (notifications) നമ്മൾ അറിയാതെ നമ്മുടെ ശ്രദ്ധ കവർന്നെടുക്കുന്നു, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അതിന് അനുസൃതമായി ഡിസൈൻ ചെയ്യപ്പെട്ടതാണ്. നമ്മൾ ഉറങ്ങുന്നതും ഉണരുന്നതും പോലും ആ അൽഗോരിതത്തിന്റെ കണക്കുകൂട്ടലിൽ പെടുന്നു.

ശമ്പളമില്ലാത്ത ഡിജിറ്റൽ തൊഴിലാളികളുടെ ലോകം.

സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നതും ലൈക്ക് ചെയ്യുന്നതും സ്വതന്ത്ര ഇടപെടലായി തോന്നുമ്പോഴും, അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡാറ്റ കോർപ്പറേറ്റ് ലാഭമായി മാറുന്നു. ഡിജിറ്റൽ മൂലധന വ്യവസ്ഥയുടെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ വിശകലനം ചെയ്യുന്ന മാധ്യമ ഗവേഷകരായ ടിസിയാന ടെറാനോവയും ക്രിസ്ത്യൻ ഫുക്സും ചൂണ്ടിക്കാട്ടുന്നത് ഇത് യഥാർത്ഥത്തിൽ ‘വേതനം കിട്ടാത്ത ഡിജിറ്റൽ തൊഴിൽ’ (Unpaid Digital Labour) ആണെന്നാണ്. ഇതിൽ നിന്നാണ് കമ്പനികൾ വലിയ ലാഭം നേടുന്നത്. ചിലർക്ക് നാമമാത്രമായ പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും, അതുകൊണ്ട് ഈ ചൂഷണത്തിന്റെ സ്വഭാവം മാറുന്നില്ല.

എ.ഐ ഉപയോഗിച്ച് ഈ ഉപഭോക്തൃ ഡാറ്റ കൂടുതൽ ആഴത്തിൽ ഖനനം ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ, വ്യക്തികളുടെ ഡിജിറ്റൽ ഇടപെടലുകൾ കോർപ്പറേറ്റ് ആസ്തിയായി മാറുന്നു. പക്ഷേ ഉപഭോക്താവിന് അതിന്മേൽ യാതൊരു അവകാശവുമില്ല. ഇങ്ങനെ, ഉപഭോക്താവ് തന്നെ ഡിജിറ്റൽ തൊഴിലാളിയായി മാറുന്ന ഒരു ഘടന രൂപപ്പെടുന്നു.

ഡിജിറ്റൽ ചൂഷണം: കോൾ സെന്ററുകളും ലോൺ ആപ്പുകളും

ആഗോള കോർപ്പറേറ്റ് ഘടനയിൽ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ‘ലോ-കോസ്റ്റ് ലേബർ ഹബ്’ ആയി നിലനിൽക്കുന്നതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് കോൾ സെന്റർ വ്യവസായം. വിദേശ കമ്പനികളുടെ ഉപഭോക്തൃ സേവനവും ഡേറ്റ പ്രോസസ്സിംഗും ഇന്ത്യൻ തൊഴിലാളിയുടെ കുറഞ്ഞ വേതനത്തിൽ ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നു. എന്നാൽ ഡിജിറ്റൽ ലോൺ ആപ്പുകളുടെ വളർച്ചയോടെ ആ അതേ ഘടന ഇന്ത്യയ്ക്കകത്ത് കൂടുതൽ നഗ്നമായ ചൂഷണത്തിന്റെ ഉപകരണമാക്കി മാറ്റിയിരിക്കുന്നു.

ടാർഗറ്റ് അടിസ്ഥാനത്തിലുള്ള വേതനം, രാത്രി ഷിഫ്റ്റുകൾ, തുടർച്ചയായ മോണിറ്ററിംഗ് എന്നിവയാണ്, കോൾ സെന്റർ തൊഴിലാളിയുടെ ദൈനംദിന യാഥാർത്ഥ്യം. ലോൺ ആപ്പ് കോൾ സെന്ററുകളിൽ ഇത് കൂടുതൽ തീവ്രമാണ്: ഉപഭോക്താക്കളെ ഭീഷണിപ്പെടുത്താൻ നിർദേശിക്കപ്പെടുന്ന തൊഴിലാളി, വിസമ്മതിച്ചാൽ ജോലി പോകും, അനുസരിച്ചാൽ മറ്റൊരാളുടെ ദുരിതത്തിന് ഉപകരണമാകും. ഈ തൊഴിലാളി ക്രൂരനല്ല, നിസ്സഹായനാണ്. വ്യവസ്ഥ അയാളെ ചൂഷകനും ഇരയും ഒരേസമയം ആക്കുന്നു.

നിതിൻ രാജ്

സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ(22) ആത്മഹത്യ, ഒരു ലോൺ ആപ്പിൽ നിന്ന് കടമെടുത്തത് വെറും 15,000 രൂപയാണ്. തിരിച്ചടവ് വൈകിയതോടെ ആപ്പ് ഓപ്പറേറ്റർമാർ അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ അദ്ധ്യാപകരെ വരെ ഭീഷണിപ്പെടുത്തി തുടങ്ങി. ഈ ദുരന്തം ഒറ്റ ജീവിതത്തിന്റേതല്ല, ഒരു ഘടനയുടേതാണ്. ഡിജിറ്റൽ ലോൺ ആപ്പുകൾ ഉപഭോക്താക്കളുടെ മൊബൈൽ ഡാറ്റ, ഗ്യാലറി ഫോട്ടോകൾ, കോൺടാക്ട് ലിസ്റ്റ്, ഇവ ആക്സസ് ചെയ്ത് ബ്ലാക്ക് മെയിലിങ്ങിനായും ഭീഷണിക്കായും ഉപയോഗിക്കുന്നു.

നിതിൻ രാജിൻ്റെ മരണത്തിൽ അൽഗോരിതത്തിനു കൂടെ പങ്കുണ്ടായിരുന്നു. ഏത് നമ്പറിൽ വിളിക്കണം, ഏത് ഫോട്ടോ ഉപയോഗിക്കണം, ഏത് നിമിഷം ഭീഷണിപ്പെടുത്തണം എന്ന് തീരുമാനിക്കുന്ന ആൽഗോരിതം ഇനി കൂടുതൽ ശക്തമാകുകയാണ്. ഇക്കുറി ഭീഷണിപ്പെടുത്തുക മാത്രമല്ല, ജോലി ചെയ്തിരുന്ന മനുഷ്യനെ കൂടി പകരം വയ്ക്കാൻ ശ്രമിക്കുകയാണ്.

എ.ഐ: ആർക്കുവേണ്ടി, ആരെ മാറ്റും?

ഇന്ത്യയിൽ BPO, ഡേറ്റ എൻട്രി, കസ്റ്റമർ സപ്പോർട്ട്, ലീഗൽ ട്രാൻസ്ക്രിപ്ഷൻ പോലുള്ള ജോലികളാണ് എ.ഐയുടെ ആദ്യ ആഘാതം ഏറ്റുവാങ്ങുന്നത്; കേരളത്തിലെ ഐ.ടി പാർക്കുകളിലും ടെസ്റ്റിംഗ്, ഡോക്യുമെന്റേഷൻ ജോലികൾ നിശബ്ദമായി ഓട്ടോമേഷനിലേക്ക് നീങ്ങുന്നു. ഇത് വെറും സാങ്കേതിക മാറ്റമല്ല ,തൊഴിലാളിയുടെ ജീവിതത്തിൽ അതിന്റെ ആഘാതം എന്താണെന്ന് ഇന്ത്യൻ നിയമങ്ങളും നയങ്ങളും ഇനിയും ഗൗരവമായി നേരിട്ടിട്ടില്ല എന്നതാണ് യഥാർത്ഥ പ്രശ്നം.

കൃത്രിമ ബുദ്ധി (AI) ഇന്ന് ഒരു ട്രെൻഡ് മാത്രമല്ല; തൊഴിൽ വിപണിയുടെ ഘടന തന്നെ പുനർനിർമ്മിക്കുന്ന ശക്തിയാണ്. ആൻത്രോപിക് (Anthropic) സി.ഇ.ഒ ഡാരിയോ അമൊഡെ വൈറ്റ്-കോളർ എൻട്രി ലെവൽ ജോലികളിൽ 50%-ലധികം മാറ്റം വരാമെന്ന് പ്രവചിക്കുന്നു. ഒരേ ജോലി 10 ആളുകൾക്കു പകരം 2 ആളുകൾ ചെയ്യിക്കുന്നു എങ്കിൽ, അത് ഉൽപ്പാദനക്ഷമതയുടെ വർധനയല്ല; തൊഴിൽ നഷ്ടത്തിന്റെ വർധനയാണ്. എ.ഐയുടെ ഫലമായി ലഭ്യമാകുന്ന ലാഭം ആ ലാഭം ഉണ്ടാക്കിയ തൊഴിലാളിക്ക് ലഭിക്കുന്നില്ലെങ്കിൽ, ഇത് ഒരു ടെക്നോ ഫ്യൂഡലിസത്തിന്റെ (Techno-feudalism) ഉദയമാണ്.

എ.ഐ ആവർത്തന ജോലികൾ ഏറ്റെടുക്കും, മനുഷ്യന്റെ സൃഷ്ടിപരതയും വിമർശനാത്മക ചിന്തയും അത് പകരം വയ്ക്കില്ല എന്ന വാദം നിലവിലെ സാഹചര്യങ്ങളിൽ ശരിയാണ്. പക്ഷേ 24×7 പ്രവർത്തിക്കുന്ന എ.ഐയ്ക്ക് അഭിമുഖമായി നിൽക്കുന്ന മനുഷ്യന് വിശ്രമാവകാശം ഉറപ്പാക്കാൻ ‘റൈറ്റ് ടു ഡിസ്കണക്ട്’ അനിവാര്യമാണ്. എ.ഐയുടെ പുരോഗതി മനുഷ്യരുടെ ജോലി ഇല്ലാതാക്കാനല്ല; ജോലി കുറച്ച് കൂടുതൽ മനുഷ്യസൗഹൃദവും നൈതികവുമാക്കാനായിരിക്കണം.

തൊഴിൽ സമയത്തിന്റെ പരിണാമം

പത്തൊൻപതാം നൂറ്റാണ്ടിലെ വ്യാവസായിക ചൂഷണത്തിനെതിരെ ബ്രിട്ടീഷ് സാമൂഹ്യ പ്രവർത്തകൻ റോബർട്ട് ഓവൻ 1817-ൽ മുന്നോട്ടു വച്ചത് ഒരു ലളിതമായ ആശയമായിരുന്നു: ഒരു ദിവസം 24 മണിക്കൂർ 8 ജോലി, 8 വിശ്രമം, 8 ഉറക്കം. ഈ ആശയം പിന്നീട് തൊഴിലാളി സമരങ്ങളുടെ പ്രധാന ആവശ്യമാവുകയും ചെയ്തു; 1886-ൽ ചിക്കാഗോ ഹെയ്മാർക്കറ്റ് സമരത്തിന് (Haymarket Affair) ശേഷം മെയ്ദിനത്തിന്റെ ചരിത്രപരമായ അടിസ്ഥാനമായി രൂപപ്പെടുകയും ചെയ്തു.

ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞ്, 21-ആം നൂറ്റാണ്ടിൽ എ.ഐയും ഡിജിറ്റൽ ക്യാപിറ്റലിസവും ആ 8-8-8 സമവാക്യത്തെ കീഴ്മേൽ മറിക്കുകയാണ്. 24×7 അൽഗോരിതം നിർദ്ദേശിക്കുന്ന ലോകത്ത്, ‘ഒരു ദിവസം 8 മണിക്കൂർ ജോലി’ എന്ന ആശയം ഒരു ഓർമ്മ മാത്രമായി ചുരുങ്ങുകയാണ്. ഇൻഡസ്ട്രിയൽ ക്യാപിറ്റലിസം ഡിജിറ്റൽ ക്യാപിറ്റലിസത്തിന് വഴിമാറുന്ന ഈ കാലത്ത്, ‘റൈറ്റ് ടു ഡിസ്കണക്ട്’ ബിൽ തൊഴിൽ രംഗത്ത അവകാശ സംരക്ഷണത്തിനുള്ള ഉപാധിയാണ്, അതിലുപരി ഒരു ചരിത്ര ആവശ്യകതയാണ്.

തൊഴിലാളി കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴും മനസ്സ് ഓഫീസിലാണെങ്കിൽ, അത് തൊഴിലാളിയുടെ പരാജയമല്ല, ഒരു വ്യവസ്ഥയുടെ ക്രൂരതയാണ്. ജോലി വീട്ടിലേക്ക് കടന്നുവരരുത് എന്ന് പറയാൻ നിയമം ബാധ്യസ്ഥമാണ്. അവിടെയാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബില്ലിന്റെ പ്രസക്തി.

മെയ് ദിനത്തിൻ്റെ സമകാലിക പ്രസക്തി

ഈ സാഹചര്യത്തിൽ ‘റൈറ്റ് ടു ഡിസ്കണക്ട്’ ഒരു വ്യക്തിഗത വിശ്രമാവകാശമല്ല; അത് തൊഴിലാളിയുടെ ജീവിതസമയത്തെ തിരികെ പിടിക്കാനുള്ള രാഷ്ട്രീയ അവകാശമാണ്. സാങ്കേതിക പുരോഗതിയുടെ പേരിൽ മനുഷ്യനെ 24×7 ലഭ്യമായ വിഭവമായി ചുരുക്കുന്ന ഡിജിറ്റൽ മൂലധന വ്യവസ്ഥയ്‌ക്കെതിരായ പ്രതിരോധരേഖ കൂടിയാണ്.

മെയ്ദിനം ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല, അർദ്ധരാത്രിയിൽ വരുന്ന മെസേജിന് മറുപടി നൽകേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ചെറിയ കാര്യമല്ല, അത് പ്രതിരോധത്തിന്റെ തുടക്കമാണ്. പക്ഷേ നിലവിലെ തൊഴിൽ സാഹചര്യങ്ങളിൽ, എത്രപേർക്ക് കഴിയുമെന്ന് ചോദ്യം പ്രസക്തമാണ്, ശക്തമായ നിയമങ്ങളും അതിനൊപ്പം സംഘടിതമായ തൊഴിലാളി സംവിധാനവുമാണ് ഘടനാപരമായ പരിഹാരത്തിനുള്ള മാർഗം. മനുഷ്യവിഭവശേഷിയെ കോർപ്പറേറ്റ് ലോകത്തെ ‘ഫോയ് ഗ്രാ’ (Foie Gras) ആക്കാനുള്ള ശ്രമം ചെറുത്തുതോൽപ്പിക്കേണ്ടതാണ്.

ജഗദീഷ് വില്ലോടി

ജഗദീഷ് വില്ലോടി

20 വർഷത്തിലേറെയായി വിവിധ കോർപ്പറേറ്റ് ബ്രാൻഡുകളുടെ സ്ട്രാറ്റജി കൺസൾട്ടൻ്റ്

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *