തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രം, ലക്ഷ്യം കേരളവും

2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതൽ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാൻ തുടർച്ചയായി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഫണ്ട് വെട്ടിച്ചുരുക്കിയും തൊഴിലാളികൾക്ക് സമയത്തിന് വേതനം അനുവദിക്കാതെയും പദ്ധതി ഇല്ലാതാക്കാൻ കേന്ദ്രം പലതും ചെയ്തു. ഇപ്പോഴിതാ തൊഴിലുറപ്പ് പദ്ധതിയെ പാടെ അട്ടിമറിക്കാൻ പാർലമെൻ്റിൽ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി എന്ന പേരിൽ നിന്ന് ഗാന്ധിയെ വെട്ടി B- G RAM – G എന്നാക്കി പുനരവതരിപ്പിച്ചു എന്നത് മാത്രമല്ല മാറ്റം. തൊഴിലാളികളെ പുറത്താക്കിയും സംസ്ഥാനങ്ങളുടെ അധികാരം കവർന്നും കേന്ദ്രസർക്കാരിൻ്റെ സമ്പൂർണ ആധിപത്യം നടപ്പാക്കാനാണ് നീക്കം. കേരളത്തിൻ്റേതുൾപ്പടെയുള്ള ഗ്രാമീണ തൊഴിൽ മേഖലയിൽ ഈ ബിൽ എന്തുമാറ്റമാണ് കൊണ്ടുവരാൻ പോകുന്നത് എന്ന് വിശദമാക്കുന്നു അലൻ പോൾ വർഗീസ്.

ഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യുന്നത് വഴി തൊഴിലുറപ്പ് എന്ന ആശയത്തിന് തന്നെ അന്ത്യം കുറിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വികസിത് ഭാരത് ഗ്യാരണ്ടീ ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ വഴി തൊഴിലുറപ്പ് നിയമം ലക്ഷ്യം വെച്ച ഉദ്ദേശങ്ങളും അതിൻ്റെ ഘടനയെ തന്നെയും കേന്ദ്രം ഇല്ലാതാക്കിയിരിക്കുന്നു. ഒരൊറ്റ ഭേദഗതി കൊണ്ട് മാത്രമല്ല കേന്ദ്രം ഈ പദ്ധതിയെ നശിപ്പിച്ചത്.

2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ മുതൽ പടിപടിയായി തൊഴിലുറപ്പ് പദ്ധതിയെ നശിപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെ പേരു മാറ്റിയത് വഴി ഗാന്ധിയോടും ഗാന്ധിയൻ ആശയങ്ങളോടുമുള്ള വെറുപ്പ് ബിജെപിയും കേന്ദ്രസർക്കാരും ഒരിക്കൽ കൂടി പ്രകടമാക്കുകയാണ്. യു പി എ സർക്കാരിൻ്റെ പരാജയത്തിൻ്റെ സ്മാരകം എന്നാണ് 2015ൽ തൊഴിലുറപ്പ് പദ്ധതിയെ അധിക്ഷേപിച്ചുകൊണ്ട് മോദി പ്രസംഗിച്ചത്. മോദിയും ബിജെപിയും അന്നുമുതൽ തുടങ്ങിയ ശ്രമങ്ങൾ ലക്ഷ്യം കാണുകയാണിപ്പോൾ.

ഫണ്ട് വെട്ടിച്ചുരുക്കി പദ്ധതി ഇല്ലാതാക്കൽ

തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ വിഹിതങ്ങൾ ഗണ്യമായി വെട്ടിക്കുറക്കുകയാണ് കേന്ദ്രം. ഗുണകരമായ ഏതൊരു പദ്ധതിയെയും ഇല്ലാതാക്കാനുള്ള ആദ്യപടി അതിനാവശ്യമായ ഫണ്ടുകൾ വെട്ടിക്കുറക്കുക എന്നതാണ്. 2020–21 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപ വകയിരുത്തിയിരുന്നു. 2024–25 ബജറ്റിൽ ഇത് 85,680 കോടി രൂപയായി കുറച്ചു. പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്ടുകളേക്കാൾ എത്രയോ കുറവ് ഫണ്ടാണ് ബജറ്റുകളിൽ അനുവദിക്കപ്പെടുന്നത്.

2020നും 2025നും ഇടയിൽ എം‌ജി‌എൻ‌ആർ‌ഇ‌ജി‌എയ്‌ക്കായി 5.23 ലക്ഷം കോടി രൂപ അനുവദിക്കാൻ ഗ്രാമവികസന മന്ത്രാലയം ധനമന്ത്രാലയത്തിൻ്റെ ചെലവ് ധനകാര്യ സമിതിയോട് (Expenditure Finance Committee) ആവശ്യപ്പെട്ടിരുന്നു. എന്നാൽ 4.69 ലക്ഷം കോടി രൂപ മാത്രമാണ് അനുവദിക്കപ്പെട്ടത് – ആവശ്യപ്പെട്ടതിനേക്കാൾ 12 ശതമാനം കുറവ്. പുതുക്കിയ വിഹിതം നൽകണമെന്ന ആവശ്യം ഇപ്പോഴും പരിഗണനയിലുമാണ്. 2024-25ൽ പദ്ധതിയിലേക്കുള്ള വിഹിതം രാജ്യത്തിൻ്റെ ജിഡിപിയുടെ 0.26% ആയിരുന്നെങ്കിൽ, 2025-26ലെ ബജറ്റിൽ ഈ വിഹിതം ജിഡിപിയുടെ 0.24% ആയി.

2020-21 ബജറ്റിൽ 61,500 കോടി രൂപയും അനുവദിച്ചു. ഇത് 2019-20 സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ 13% കുറവാണ്. കോവിഡ്-19ൻ്റെ രണ്ടാം തരംഗത്തിനുശേഷം പദ്ധതിക്കായി അധിക ഫണ്ടുകളൊന്നും കേന്ദ്രം അനുവദിച്ചില്ല. 2021-22ലെ എം‌ജി‌എൻ‌ആർ‌ഇ‌ജി‌എസ് ബജറ്റ് 2019-20ലെ ചെലവിനേക്കാൾ 1.8% മാത്രമാണ് കൂടുതൽ. കോവിഡിന് ശേഷം പ്രത്യേകിച്ച് സർക്കാരിൻ്റെ അവസാന വർഷമാകുമ്പോഴാണ് സ്ഥിതി അൽപമെങ്കിലും മെച്ചമായത്. എന്നാൽ പദ്ധതിയുടെ കൃത്യമായ നടത്തിപ്പിന് ഇത് പര്യാപ്തമല്ല.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലൂടെ ഗ്രാമീണ തൊഴിലിനെക്കുറിച്ചുള്ള, 2023-24 ലോക്‌സഭാ സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് 2024 ഫെബ്രുവരിയിൽ അവതരിപ്പിച്ചിരുന്നു. 2023-24 ബജറ്റ് വിഹിതത്തിലെ കുറവ് അമ്പരപ്പിക്കുന്നതും പരിശോധിക്കേണ്ടതുമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആദ്യം മുതലേയുള്ള ശ്രമങ്ങൾ

മോദിസർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കൃത്യസമയത്ത് കൂലി കൊടുക്കാതെ സംസ്ഥാനങ്ങളെയും തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുന്നത് പതിവായി മാറി. 2017ലെ കണക്കുകൾ നോക്കിയാൽ 2017 ഒക്ടോബർ 31 വരെ 19 സംസ്ഥാനങ്ങളിൽ വേതന വിതരണം മരവിപ്പിച്ചിരുന്നു എന്ന് കാണാം. ഡാറ്റ ന്യൂസ് ഏജൻസിയായ ഇന്ത്യ സ്പെൻഡിൻ്റെ റിപ്പോർട്ട് പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 974.38 കോടി രൂപ കേന്ദ്രം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതന ഇനത്തിൽ നൽകാനുണ്ട്.

2020-21ലെ 512.75 കോടി രൂപ കുടിശികയിൽ നിന്നാണ് 2024-25ൽ എത്തുമ്പോൾ ഇത് 974.38 കോടി രൂപയായി വർദ്ധിച്ചത്. 2024 ഡിസംബറിലെ ഗ്രാമവികസന-പഞ്ചായത്തിരാജ് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്, MGNREGAയുടെ വേതന വിതരണത്തിലെ കാലതാമസത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു – തൊഴിലാളികൾക്ക് 15 ദിവസത്തിനുള്ളിൽ പേയ്‌മെൻ്റുകൾക്ക് നിയമപരമായി അർഹതയുണ്ട്. MGNREGA ഫണ്ടുകൾ സമയബന്ധിതമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗ്രാമവികസന വകുപ്പിൻ്റെ സാമ്പത്തിക സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

പുതിയ നിയമത്തിലെ പ്രശ്നങ്ങൾ

ബിജെപിയും കേന്ദ്രസർക്കാരും പുതിയ പദ്ധതിയുടെ നേട്ടമെന്ന തരത്തിൽ അവതരിപ്പിക്കുന്ന സംഗതികളിൽ ഒന്ന് പുതിയ ഭേദഗതിയിൽ പ്രവർത്തി ദിവസങ്ങൾ വർധിപ്പിക്കാൻ തീരുമാനമുണ്ട് എന്നതാണ്. എന്നാൽ ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റു ചില വസ്തുതകളുമുണ്ട്. ഉറപ്പായ തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 125 ആയി വർധിപ്പിക്കാൻ നിർദേശിക്കുന്നുണ്ട്. എന്നാൽ തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്തണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിക്കപ്പെടുന്നതാണ്. അത് പുതിയ ബില്ലിൽ പരിഗണിച്ചിട്ടുമില്ല.

2008 മുതൽ MGNREGS പ്രകാരം തൊഴിലാളികൾക്ക് നൽകിവരുന്ന വേതനം “അപര്യാപ്തമാണെന്നും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസൃതമല്ലെന്നും” 2024 ഡിസംബറിലെ ലോക്‌സഭാ സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് പറയുന്നുണ്ട്. ദേശീയ പണപ്പെരുപ്പത്തിന് ആനുപാതികമായ ഒരു സൂചികയുമായി ബന്ധിപ്പിച്ച് MGNREGA പ്രകാരമുള്ള വേതന നിരക്കുകൾ വർദ്ധിപ്പിക്കാൻ DoRD യോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്നാൽ സൂചികയിൽ മാറ്റമൊന്നും വരുത്താത്തതിനാൽ പഴയ വേതന നിരക്കുകൾ അങ്ങനെ തന്നെ തുടരുകയാണ്.

പുതിയ ബില്ലിലെ വകുപ്പ് 22 പ്രകാരം, വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾ, മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങൾ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനാവശ്യമായ മൊത്തം ചെലവിൻ്റെ 40% വഹിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭാരം വർധിക്കുന്നതിനോടൊപ്പം പദ്ധതി എവിടെ, എങ്ങനെ നടപ്പാക്കണം എന്ന് തീരുമാനിക്കാൻ കേന്ദ്രത്തിന് കൂടുതൽ അധികാരങ്ങളും നൽകുന്നു. ഇത് തൊഴിലുറപ്പ് പദ്ധതിയുടെ ആശയത്തിന് വിപരീതമാണ്.

ഗ്രാമീണ വികസനവകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പാർലമെൻ്റിൽ സംസാരിക്കുന്നു

സംസ്ഥാനങ്ങൾക്ക് മേൽ സാമ്പത്തിക ബാധ്യത കെട്ടിവെക്കുന്നതിനൊപ്പം സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള അമിതാധികാര പ്രവണതയും പുതിയ ഭേദഗതിയിൽ വ്യക്തമാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാർഷിക ക്രമത്തിന് അനുസൃതമായി കാർഷിക സീസണുകളിൽ പദ്ധതി നിർത്തി വയ്ക്കണം എന്ന നിയമം കേന്ദ്ര സർക്കാർ ഭേദഗതിയിൽ ഉൾപ്പെടുത്തിയത്. ഇത് കേരളത്തെ പ്രതികൂലമായി ബാധിക്കും.

തൊഴിലുറപ്പ് പദ്ധതിയുടെ പ്രസക്തി

ഭരണഘടനാപരമായി എംപ്ലോയ്‌മെൻ്റ് ഗ്യാരണ്ടീ അഥവാ തൊഴിൽ ഉറപ്പ് നല്കാൻ ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ അധികാരത്തിലിരുന്ന യു പി എ സർക്കാരിൻ്റെ പൊതു മിനിമം പരിപാടിയിൽ ഉൾപ്പെടാൻ ചില കാരണങ്ങളുണ്ട്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, സ്ത്രീകൾക്ക് അവസരം നൽകുക എന്നിവ ആ ലക്ഷ്യങ്ങളിൽ പ്രധാനമാണ്.

പുതിയ ഭേദഗതി നടപ്പാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ഇങ്ങനെയാണ് – 60:40 എന്ന അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും പദ്ധതി നടത്തിപ്പിനാവശ്യമായ ചിലവ് പങ്കിടണം. അവിദഗ്ധ, അർദ്ധ വിദഗ്ദ്ധ, വിദഗ്ദ്ധ തൊഴിലാളികൾക്കുള്ള വേതനം, കേന്ദ്ര സർക്കാർ വ്യക്തമാക്കിയേക്കാവുന്ന ഭരണപരമായ ചെലവുകൾ, പ്രോഗ്രാം ഓഫീസർമാരുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും ശമ്പളവും അലവൻസുകളും കേന്ദ്രവും സംസ്ഥാനവും പങ്കിടണം.

സംസ്ഥാന സർക്കാർ വിഹിതം കൊടുത്തിട്ടും കേന്ദ്രം വിഹിതം വൈകിച്ചാലോ ? നുണ പറഞ്ഞ് സംസ്ഥാന സർക്കാരിനെ പ്രതിയാക്കാനും കേന്ദ്രത്തിന് കഴിയും. ഇങ്ങനെ ഒരു സാഹചര്യത്തിൽ കേരളത്തിൽ ഇടതുപക്ഷ സർക്കാർ ഇടപെടും എന്ന് ഉറപ്പാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലോ?

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ക്ഷേമ പദ്ധതികൾക്ക് നൽകുന്ന വിഹിതങ്ങൾ കൃത്യമായി ചെലവാക്കാറില്ല എന്ന് കഴിഞ്ഞ കേന്ദ്ര ബഡ്ജ്റ്റിലെ കണക്കുകൾ നോക്കിയാൽ വ്യക്തമാകും. ഏതൊക്കെ വർക്കുകൾ നടത്തണം എന്ന് തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരായിരിക്കും. അതിനുള്ള തുകയും മറ്റും അവരാണ് തീരുമാനിക്കുക. നിശ്ചയിക്കപ്പെട്ട തുകയ്ക്ക് മുകളിൽ ചിലവ് വരികയാണെങ്കിൽ സംസ്ഥാനം പണം മുടക്കേണ്ടി വരും. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡം എല്ലാ സംസ്ഥാനത്തും ഒരുപോലെ പ്രാവർത്തിമായിരിക്കില്ല. ഉദാഹരണത്തിന് പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം ഒരു വീട് പണിയാൻ രണ്ട് ലക്ഷം രൂപ മതി എന്നാണ് കേന്ദ്രത്തിൻ്റെ കണക്ക്. അതിൽ 75,000 രൂപയോളം കേന്ദ്രം കൊടുക്കും. എന്നാൽ കേരളത്തിൽ 2-2.50 ലക്ഷം രൂപയ്ക്ക് ഒരു വീട് പണിയുക സാധ്യമല്ല എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. അത് കൊണ്ടാണ് ലൈഫ് പദ്ധതി പ്രകാരം വീട് വെക്കാൻ 4 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുന്നത്. ഉത്തരേന്ത്യൻ ‘പിഎം ആവാസ് യോജന’ വീടുകൾക്ക് പകരം നല്ല വീടുകൾ വേണം എന്ന് സംസ്ഥാന സർക്കാറിന് നിർബന്ധം ഉണ്ട്.

ലൈഫ് മിഷൻ പദ്ധതി പ്രകാരം പണിത വീട്

തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രം ഉത്തരേന്ത്യൻ മോഡൽ എസ്റ്റിമേറ്റുകൾ നിർമ്മിച്ചാൽ കേരളത്തിന് അധിക ചിലവുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഒടുവിൽ വശംകെട്ട് സംസ്ഥാനങ്ങൾ തൊഴിലുറപ്പ് പദ്ധതിയോട് സഹകരിക്കാതെ അതില്ലാതാക്കണം എന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഗാന്ധിയെ മാത്രം അല്ല ഭരണഘടന ഉറപ്പ് നൽകുന്ന തൊഴിൽ എന്ന സങ്കൽപം തന്നെ ഇല്ലാതായാൽ മാത്രമാണ് കൂടുതൽ കൂലി അടിമകളെ, വേജ് സ്ലേവ്സിനെ നിർമ്മിക്കാൻ കഴിയൂ എന്ന് ബിജിപിക്ക് നന്നായി അറിയാം. പുതുക്കിയ ലേബർ കോഡും ഈ പശ്ചാത്തലത്തിൽ വേണം വായിക്കാൻ

അലൻ പോള്‍ വർഗീസ്

അലൻ പോള്‍ വർഗീസ്

വിദേശ കാര്യ ഗവേഷകൻ. എ.ഐ.എസ്.എഫ്‌ ദേശീയ കൗൺസിൽ അംഗം.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *