യുഎൻ സെക്രട്ടേറിയറ്റ് ന്യൂയോർക്ക് വിട്ട് ഗ്ലോബൽ സൗത്തിലേക്ക് പോകേണ്ട സമയമാണിത്. പ്രത്യേകിച്ച് യുഎസിനെയോ ഇസ്രായേലി ശക്തിയെയോ വിമർശിക്കുന്ന യുഎൻ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ വാഷിംഗ്ടൺ വിസ നിഷേധിക്കുന്നത് തടയാൻ. യുഎൻ ജനറൽ അസംബ്ലിക്കായി പലസ്തീൻ ഉദ്യോഗസ്ഥർ യുഎസിൽ പ്രവേശിക്കുന്നത് യുഎസ് തടഞ്ഞതോടെ, യുഎൻ ജനറൽ അസംബ്ലി യോഗം ജനീവയിലേക്ക് മാറ്റാൻ ഇതിനകം ആഹ്വാനങ്ങൾ ഉയർന്നിട്ടുണ്ട്. എന്തുകൊണ്ട് സ്ഥിരമായി തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് വിട്ടുകൂടാ ? – ട്രൈ കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ വിജയ് പ്രഷാദ് എഴുതിയ ലേഖനത്തിന് നിതീഷ് നാരായണൻ തയ്യാറാക്കിയ പരിഭാഷ.
എൺപത് തികയുന്ന യു.എൻ – പരിമിതികൾ, അനിവാര്യ പരിഷ്കാരങ്ങൾ

പരിമിതികൾക്കിടയിലും, രാഷ്ട്രങ്ങളെ ഒന്നിച്ചു നിർത്തുന്ന ഒരു ഉടമ്പടി ലോകത്തിലുണ്ട്: ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ. അമ്പത് രാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്നാണ് 1945-ൽ യുഎൻ ചാർട്ടർ എഴുതുകയും അംഗീകരിക്കുകയും ചെയ്തത്. തുടർന്നുള്ള വർഷങ്ങളിൽ മറ്റുള്ളവർ അതിൽ പങ്കുചേർന്നു. രാഷ്ട്രങ്ങളുടെ പെരുമാറ്റത്തിനുള്ള നിബന്ധനകൾ ചിട്ടപ്പെടുത്തുക മാത്രമാണ് ഈ പത്രിക ചെയ്യുന്നത്. അത് ഒരു പുതിയ ലോകം സൃഷ്ടിക്കുന്നുമില്ല, അതിന് കഴിയുകയുമില്ല. ചാർട്ടർ അനുസരിച്ച് ജീവിക്കണോ അതോ അതില്ലാതെ മരിക്കണോ എന്നത് ഓരോ രാഷ്ട്രങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

ചാർട്ടർ അപൂർണ്ണമായി തുടരുന്നു. 1948-ൽ അതിന് ഒരു സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തേണ്ടിവന്നു. അതുപോലും പലതരത്തിൽ വാദപ്രതിവാദങ്ങൾക്ക് വിധേയമാവുകയും ക്രമേണ രാഷ്ട്രീയാവകാശങ്ങളെയും പൗരാവകാശങ്ങളെയും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളിൽ നിന്ന് അടർത്തിമാറ്റുകയും ചെയ്തു. രാഷ്ട്രീയ ദർശനങ്ങളിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ യുഎൻ സംവിധാനത്തിൽ വിള്ളലുകൾ സൃഷ്ടിച്ചു, അത് ലോകത്തിലെ പ്രശ്നങ്ങൾ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിൽ നിന്ന് അതിനെ തടയുകയും ചെയ്തു. ഐക്യരാഷ്ട്രസഭയ്ക്ക് ഇപ്പോൾ എൺപത് വയസ്സ്. ഇത്രയും കാലം അത് നിലനിന്നത് ഒരു അത്ഭുതമാണ്. ലീഗ് ഓഫ് നേഷൻസ് 1920ൽ ആണ് സ്ഥാപിക്കപ്പെട്ടത്. പതിനെട്ട് വർഷം മാത്രമായിരുന്നു (1937ൽ ചൈനയിൽ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതുവരെ) അത് പ്രദാനം ചെയ്ത ആപേക്ഷികമായ സമാധാനത്തിൻ്റെ ആയുസ്സ്.

ഐക്യരാഷ്ട്രസഭയുടെ കരുത്ത് അതിൽ ഉൾപ്പെടുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ കരുത്തിനനുസരിച്ച് മാത്രമാണ്. ആ രാഷ്ട്രങ്ങളുടെ സമൂഹം ദുർബലമാണെങ്കിൽ, ഐക്യരാഷ്ട്രസഭയും ദുർബലമാണ്. ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയിൽ, ഒരു മാലാഖയെപ്പോലെ പറന്നു വന്ന് യുദ്ധോത്സുകരുടെ ചെവിയിൽ മന്ത്രിച്ച് അവരെ തടയുമെന്നൊന്നും പ്രതീക്ഷിക്കാനാവില്ല. കൂടുതൽ ശക്തമായ രാജ്യങ്ങൾ പതിവായി നിയമങ്ങൾ ലംഘിക്കുന്ന ഒരു ഗെയിമിന്റെ അമ്പയറായി വിസിൽ മുഴക്കാൻ മാത്രമേ ഐക്യരാഷ്ട്ര സഭയ്ക്ക് സാധിക്കുകയുള്ളൂ. എല്ലാ രാഷ്ട്രീയ പക്ഷങ്ങൾക്കും എളുപത്തിൽ കുറ്റം ആരോപിക്കാനുള്ള ഒന്നായി അത് നിലനിൽക്കുന്നു. പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടില്ലെങ്കിലോ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പര്യാപ്തമല്ലെങ്കിലോ ഒക്കെ അത് കുറ്റാരോപണം ഏറ്റുവാങ്ങുന്നു.

ഗാസയിലെ ഇസ്രായേലി വംശഹത്യ തടയാൻ യുഎന്നിന് കഴിയുമോ? വംശഹത്യയ്ക്കിടെ യുഎൻ ഉദ്യോഗസ്ഥർ ശക്തമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്, സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ‘ഗാസ ഒരു കൊലക്കളമാണ് – സാധാരണക്കാർ അനന്തമായ മരണക്കുഴിയിലാണ്’ (8 ഏപ്രിൽ 2025) എന്നും ‘ഗാസയിലെ ക്ഷാമം ഒരു നിഗൂഢതയല്ല – അതൊരു മനുഷ്യനിർമിത ദുരന്തമാണ്, ഒരു ധാർമ്മിക കുറ്റപത്രമാണ്, മനുഷ്യത്വത്തിന്റെ തന്നെ പരാജയമാണ്’ (22 ഓഗസ്റ്റ് 2025) എന്നും പറഞ്ഞു. ഇവ ശക്തമായ വാക്കുകളാണ്, പക്ഷേ യുഎന്നിന്റെ ഫലപ്രാപ്തിയെ തന്നെ ചോദ്യം ചെയ്യുന്നവിധം അവ ഒന്നുമല്ലാതെ അവസാനിച്ചു.

ഐക്യരാഷ്ട്രസഭ ഒരൊറ്റ ഘടനയല്ല, മറിച്ച് രണ്ട് ഭാഗങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പൊതുവായ മുഖം യുഎൻ സുരക്ഷാ സമിതിയാണ് (UNSC) അതിന്റെ എക്സിക്യൂട്ടീവ് വിഭാഗമായി ഉയർന്നുവന്നിട്ടുള്ള സംവിധാനം. പതിനഞ്ച് രാജ്യങ്ങൾ ചേർന്നതാണ് UNSC. അതിൽ അഞ്ച് സ്ഥിരാംഗങ്ങൾ (ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ്). ബാക്കിയുള്ളവർ രണ്ട് വർഷത്തെ കാലാവധിക്കായി തിരഞ്ഞെടുക്കപ്പെടുന്നു. അഞ്ച് സ്ഥിരാംഗങ്ങൾക്ക് (P5) കൗൺസിലിന്റെ തീരുമാനങ്ങളിൽ വീറ്റോ അധികാരമുണ്ട്. P5 അംഗങ്ങളിൽ ഒരാൾക്ക് ഒരു തീരുമാനം ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവർക്ക് അവരുടെ വീറ്റോ ഉപയോഗിച്ച് അത് അട്ടിമറിക്കാൻ കഴിയും. വെടിനിർത്തൽ ആവശ്യപ്പെടുന്ന ഒരു പ്രമേയം UNSC അവതരിപ്പിക്കുമ്പോഴെല്ലാം, ആ തണുപ്പൻ നടപടി പോലും റദ്ദാക്കാൻ അമേരിക്ക വീറ്റോ പ്രയോഗിച്ചിട്ടുണ്ട് (1972 മുതൽ, പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെക്കുറിച്ചുള്ള നാൽപ്പത്തിയഞ്ചിലധികം UNSC പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്തിട്ടുണ്ട്). യുഎൻ ജനറൽ അസംബ്ലിക്ക് (UNGA) വേണ്ടിയാണ് സുരക്ഷാ സമിതി നിലകൊള്ളുന്നത്. അതിന്റെ നൂറ്റി തൊണ്ണൂറ്റി മൂന്ന് അംഗങ്ങൾക്ക് ലോകാഭിപ്രായത്തിന് സ്വരം നൽകാൻ ശ്രമിക്കുന്ന പ്രമേയങ്ങൾ പാസാക്കാൻ കഴിയും. പക്ഷേ അവ പലപ്പോഴും അവഗണിക്കപ്പെടുകയാണ്. ഉദാഹരണത്തിന്, 2023 ഒക്ടോബറിൽ വംശഹത്യ ആരംഭിച്ചതിനുശേഷം, യു എൻ ജനറൽ അസംബ്ലി വെടിനിർത്തൽ ആവശ്യപ്പെടുന്ന അഞ്ച് പ്രധാന പ്രമേയങ്ങൾ പാസാക്കിയിരുന്നു (ആദ്യത്തേത് 2023 ഒക്ടോബറിലും അഞ്ചാമത്തേത് 2025 ജൂണിലും). എന്നാൽ യു എൻ സംവിധാനത്തിനകത്ത് ആ ജനറൽ അസംബ്ലിക്ക് യഥാർത്ഥ അധികാരമില്ല എന്നതാണ് വസ്തുത.

ആധുനിക യുഗത്തിലെ സവിശേഷമായ പ്രതിസന്ധികളെ നേരിടാൻ രൂപീകരിച്ച എണ്ണമറ്റ ഏജൻസികളാണ് UN-ന്റെ മറു പകുതി. 1919-ൽ സൃഷ്ടിക്കപ്പെടുകയും 1946-ൽ അതിന്റെ ആദ്യത്തെ പ്രത്യേക ഏജൻസിയായി UN സംവിധാനത്തിലേക്ക് കൊണ്ടുവരികയും ചെയ്ത ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) പോലുള്ള ചിലത് യുഎന്നിന് മുമ്പുള്ളതാണ്. കുട്ടികളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന യുണിസെഫ് (UNICEF), ലോക സംസ്കാരങ്ങളോടുള്ള സഹിഷ്ണുതയും ആദരവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോ (UNESCO) എന്നിവയുൾപ്പെടെ പിന്നീട് രൂപീകരിക്കപ്പെട്ടു. ദശാബ്ദങ്ങളായി, അഭയാർത്ഥികൾക്ക് വേണ്ടി വാദിക്കുന്നതിനും അവർക്ക് ആശ്വാസം നൽകുന്നതിനും, ആണവോർജ്ജം യുദ്ധത്തിന് പകരം സമാധാനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, ആഗോള ടെലികമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനും, വികസന സഹായം വിപുലീകരിക്കുന്നതിനുമെല്ലാമായി വിവിധ യു എൻ ഏജൻസികൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

അവർ ഏറ്റെടുത്ത ചുമതലകൾ ശ്രദ്ധേയമാണ്, എന്നിരുന്നാലും അവയുടെ ഫലങ്ങൾ വളരെ പരിമിതവും. ലോകരാജ്യങ്ങളിൽ നിന്നുള്ള തുച്ഛമായ ധനസഹായമാണ് അവരുടെ ഒരു പരിമിതി (2022-ൽ, ഐക്യരാഷ്ട്രസഭയുടെ മൊത്തം ചെലവ് 67.5 ബില്യൺ ഡോളറായിരുന്നെങ്കിൽ ആയുധ വ്യാപാരത്തിനായി ചെലവഴിച്ചത് 2 ട്രില്യൺ ഡോളറിൽ കൂടുതലായിരുന്നു എന്നോർക്കുക). ഐക്യരാഷ്ട്രസഭയുടെയും അതിന്റെ ഏജൻസികളുടെയും ദിശയിൽ ലോകശക്തികൾ വിയോജിക്കുന്നതിനാലാണ് ദീർഘകാലമായുള്ള ധനസഹായത്തിലെ ഈ കുറവ് പ്രധാനമായും സംഭവിക്കുന്നത്. എന്നിരുന്നാലും, ഈ ഏജൻസികൾ ഇല്ലാതെ, ലോകത്തിലെ ദുരിതങ്ങൾ രേഖപ്പെടുത്തപ്പെടുകയോ അഭിസംബോധന ചെയ്യപ്പെടുകയോ ഇല്ല. ഈ ചുമതല നിറവേറ്റാനുള്ള വ്യക്തിഗത രാജ്യങ്ങളുടെ ശേഷി നവലിബറൽ കാലത്തെ ചെലവുചുരുക്കൽ പദ്ധതികളും യുദ്ധവും എല്ലാം ചേർന്ന് നശിപ്പിച്ചതിനാലും, സർക്കാരിതര സംഘടനകൾക്ക് ഈ വിടവ് അർത്ഥവത്തായി നികത്താൻ മാത്രം ശേഷി ഇല്ലാത്തതിനാലും യുഎൻ സംവിധാനം ലോകത്തിലെ മനുഷ്യസംബന്ധിയായ യഥാർത്ഥ വിഷയങ്ങളെ അഭിസംബോധന ചെയ്യാനുള്ള സംഘടനയായി മാറുകയാണ്.

സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ ലോകവ്യവസ്ഥയുടെ മുഴുവൻ സന്തുലിതാവസ്ഥയും മാറി. യുഎൻ ആന്തരിക പരിഷ്കരണ സംരംഭങ്ങളുടെ ഒരു ചക്രത്തിലേക്ക് കടന്നു. ബൂട്രോസ് ബൂട്രോസ്-ഗാലിയുടെ ‘സമാധാനത്തിനായുള്ള ഒരു അജണ്ട’ (1992), ‘വികസനത്തിനായുള്ള ഒരു അജണ്ട’ (1994), കോഫി അന്നന്റെ ‘ഐക്യരാഷ്ട്രസഭയെ പുതുക്കൽ’ (1997) എന്നിവ മുതൽ ഗുട്ടെറസിന്റെ ‘നമ്മുടെ പൊതു അജണ്ട’ (2021), ‘ഭാവിയുടെ സമ്മിറ്റ്’ (2024), ‘യുഎൻ 80 ടാസ്‌ക് ഫോഴ്‌സ്’ (2025) വരെ. UN80 ടാസ്‌ക് ഫോഴ്‌സ് ആണ് ഏറ്റവും ആഴത്തിലുള്ള പരിഷ്‌കാരങ്ങളെക്കുറിച്ച് സങ്കൽപ്പിച്ചത്. എന്നാൽ അത് ലക്ഷ്യം വച്ച മൂന്ന് മേഖലകളും (ആന്തരിക കാര്യക്ഷമത, ഉത്തരവുകളുടെ അവലോകനം, പദ്ധതി വിന്യാസം) മുമ്പ് ശ്രമിക്കപ്പെട്ടവ തന്നെയാണ് (‘നമ്മൾ മുമ്പ് ഈ പ്രവർത്തികളെല്ലാം ശ്രമിച്ചിട്ടുണ്ട്’ എന്ന് UN80 ടാസ്‌ക് ഫോഴ്‌സിന്റെ നയരൂപീകരണ അണ്ടർ-സെക്രട്ടറി ജനറൽ ഗൈ റൈഡർ പറഞ്ഞിരുന്നു). യുഎൻ നിശ്ചയിച്ച അജണ്ട സ്വന്തം സംഘടനാ ബലഹീനതകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവയാണ്. അവ യുഎന്നിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വലിയ രാഷ്ട്രീയ ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്നില്ല. വിശാലമായ ഒരു അജണ്ടയിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

1 – യുഎൻ സെക്രട്ടേറിയറ്റ് ഗ്ലോബൽ സൗത്തിലേക്ക് മാറ്റുക. മിക്കവാറും എല്ലാ യുഎൻ ഏജൻസികളുടെയും ആസ്ഥാനം യൂറോപ്പിലോ യുഎൻ സെക്രട്ടേറിയറ്റ് തന്നെ സ്ഥിതി ചെയ്യുന്ന അമേരിക്കയിലോ ആണ്. യുഎൻ പരിസ്ഥിതി പരിപാടിയും യുഎൻ-ഹാബിറ്റാറ്റും ഇതിനകം ആതിഥേയത്വം വഹിക്കുന്ന കെനിയയിലെ നെയ്‌റോബിയിലേക്ക് യുഎൻ സെക്രട്ടേറിയറ്റ്, യുഎൻ പോപ്പുലേഷൻ ഫണ്ട്, യുഎൻ വിമൻ എന്നിവ മാറ്റാൻ ഇടയ്ക്കിടെ നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ട്. യുഎൻ സെക്രട്ടേറിയറ്റ് ന്യൂയോർക്ക് വിട്ട് ഗ്ലോബൽ സൗത്തിലേക്ക് പോകേണ്ട സമയമാണിത്. പ്രത്യേകിച്ച് യുഎസിനെയോ ഇസ്രായേലി ശക്തിയെയോ വിമർശിക്കുന്ന യുഎൻ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ വാഷിംഗ്ടൺ വിസ നിഷേധിക്കുന്നത് തടയാൻ. യുഎൻ ജനറൽ അസംബ്ലിക്കായി പലസ്തീൻ ഉദ്യോഗസ്ഥർ യുഎസിൽ പ്രവേശിക്കുന്നത് യുഎസ് തടഞ്ഞതോടെ, യുഎൻ ജനറൽ അസംബ്ലി യോഗം ജനീവയിലേക്ക് മാറ്റാൻ ഇതിനകം ആഹ്വാനങ്ങൾ ഉയർന്നിട്ടുണ്ട്. എന്തുകൊണ്ട് സ്ഥിരമായി തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് വിട്ടുകൂടാ ?

2 – ഗ്ലോബൽ സൗത്തിൽ നിന്ന് യുഎന്നിനുള്ള ധനസഹായം വർദ്ധിപ്പിക്കുക. നിലവിൽ, യുഎൻ സംവിധാനത്തിന്റെ ഏറ്റവും വലിയ ധനസഹായ ദാതാക്കൾ യുണൈറ്റഡ് സ്റ്റേറ്റ്സും (22%) ചൈനയും (20%) ആണ്. ഏഴ് അടുത്ത യുഎസ് സഖ്യകക്ഷികൾ 28% സംഭാവന ചെയ്യുന്നു (ജപ്പാൻ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ഇറ്റലി, കാനഡ, ദക്ഷിണ കൊറിയ). ചൈനയില്ലാതെ ഗ്ലോബൽ സൗത്ത് യുഎൻ ബജറ്റിലേക്ക് ഏകദേശം 26% സംഭാവന ചെയ്യുന്നു. ചൈന കൂടി ചേരുമ്പോൾ അവരുടെ സംഭാവന 46% ആണ്, മൊത്തം ബജറ്റിന്റെ ഏകദേശം പകുതി. സംഘടനയ്‌ക്കെതിരായ ആയുധമായി ധനസഹായത്തെ ഉപയോഗിക്കുന്ന യുഎസിനെ മറികടന്ന്, യുഎന്നിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യമായി ചൈന മാറേണ്ട സമയമാണിത്.

3 – രാജ്യങ്ങൾക്കുള്ളിലെ മാനുഷിക പ്രവർത്തനങ്ങൾക്കുള്ള ധനസഹായം വർദ്ധിപ്പിക്കുക. സമ്പന്നരായ ബോണ്ട് ഉടമകൾക്ക് പണം നൽകുന്നതിനേക്കാൾ മനുഷ്യ ദുരിതം ലഘൂകരിക്കുന്നതിനാണ് രാജ്യങ്ങൾ കൂടുതൽ ചെലവഴിക്കേണ്ടത്. പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രധാന ഏജൻസി യുഎൻ ആയിരിക്കരുത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നിരവധി രാജ്യങ്ങൾ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ പണം കടം വീട്ടാൻ ചെലവഴിക്കുകയാണ്. ഈ അവശ്യ പ്രവർത്തനങ്ങൾ നൽകാൻ കഴിയാതെ അവർക്ക് യുണിസെഫ്, യുനെസ്കോ, ലോകാരോഗ്യ സംഘടന എന്നിവയിലൂടെ യുഎന്നിനെ ആശ്രയിക്കേണ്ടിവരുന്നു. ഈ സഹായത്തെ ആശ്രയിക്കുന്നതിനുപകരം രാജ്യങ്ങൾ സ്വന്തം ശേഷി വർദ്ധിപ്പിക്കണം.
4 – ആഗോള ആയുധ വ്യാപാരം വെട്ടിച്ചുരുക്കുക. യുദ്ധങ്ങൾ നടത്തുന്നത് ആധിപത്യത്തിനായി മാത്രമല്ല, ആയുധ വ്യാപാരികളുടെ ലാഭത്തിനുമാണ്. വാർഷിക അന്താരാഷ്ട്ര ആയുധ കയറ്റുമതി കയറ്റുമതി 150 ബില്യൺ ഡോളറിനടുത്താണ്. 2020 നും 2024 നും ഇടയിൽ അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും ആയുധ വിൽപ്പനയുടെ 73% വഹിക്കുന്നു. 2023 ൽ മാത്രം, മുൻനിരയിലുള്ള നൂറ് ആയുധ നിർമ്മാതാക്കൾ 632 ബില്യൺ ഡോളർ സമ്പാദിച്ചു (പ്രധാനമായും യുഎസ് കമ്പനികൾ യുഎസ് സൈന്യത്തിന് വിൽക്കുന്നതിലൂടെ നേടിയത്). അതേസമയം, മൊത്തം യുഎൻ സമാധാന ദൗത്യത്തിനായുള്ള ബജറ്റ് 5.6 ബില്യൺ ഡോളർ മാത്രമാണ്. കൂടാതെ സമാധാന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന 92 ശതമാനം പേരും ഗ്ലോബൽ സൗത്തിൽ നിന്നുമാണ്. ഗ്ലോബൽ നോർത്ത് യുദ്ധത്തിൽ പണം സമ്പാദിക്കുന്നു, അതേസമയം ഗ്ലോബൽ സൗത്ത് അതിന്റെ സൈനികരെയും പോലീസുകാരെയും സംഘർഷങ്ങൾ തടയാൻ അയയ്ക്കുന്നു.

5 – പ്രാദേശിക സമാധാന-വികസന ഘടനകളെ ശക്തിപ്പെടുത്തുക. യുഎൻ സുരക്ഷാ സമിതിയിൽ നിന്നും ചില അധികാരങ്ങൾ പിരിച്ചുവിടാൻ ആഫ്രിക്കൻ യൂണിയൻ പോലുള്ള പ്രാദേശിക സമാധാന-വികസന ഘടനകൾക്കും അവരുടെ കാഴ്ചപ്പാടുകൾക്കും മുൻഗണന നൽകണം. ആഫ്രിക്കയിൽ നിന്നോ അറബ് ലോകത്തിൽ നിന്നോ ലാറ്റിൻ അമേരിക്കയിൽ നിന്നോ യുഎൻ സുരക്ഷാ സമിതിയിൽ സ്ഥിരാംഗങ്ങൾ ഇല്ലെങ്കിൽ പി-5 പ്രയോഗിക്കുന്ന വീറ്റോ ഈ പ്രദേശങ്ങളെ എന്തിന് ബന്ദികളാക്കണം? തർക്കങ്ങൾ പരിഹരിക്കാനുള്ള അധികാരം കൂടുതൽ പ്രാദേശിക ഘടനകളിൽ ഉണ്ടെങ്കിൽ യുഎൻ സുരക്ഷാ സമിതിയുടെ സമ്പൂർണ്ണ അധികാരം ഒരു പരിധിവരെ നേർപ്പിക്കാൻ കഴിയും.
വംശഹത്യ തുടരുന്ന സാഹചര്യത്തിൽ, ഫ്രീഡം ഫ്ലോട്ടില്ല എന്ന ഐക്യദാർഢ്യ പ്രവർത്തകരാൽ നിറഞ്ഞ ബോട്ടുകളുടെ മറ്റൊരു നിര ഗാസയിലേക്ക് എത്താൻ ശ്രമിക്കുമ്പോഴാണ് ഇത് എഴുതുന്നത്. അതിലൊന്നിൽ മൊറോക്കോയിലെ വർക്കേഴ്സ് ഡെമോക്രാറ്റിക് വേ പാർട്ടി അംഗവും ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലിയുടെ പ്രതിനിധിയുമായ അയൂബ് ഹബ്രൗയി ഉണ്ട്. എനിക്ക് അദ്ദേഹം അയച്ച സന്ദേശം ഇങ്ങനെയാണ്.

ഗാസയിൽ നടക്കുന്നത് ഒരു പരമ്പരാഗത യുദ്ധമല്ല – ലോകത്തിന്റെ കൺമുന്നിൽ നടക്കുന്ന ഒരു സ്ലോ-മോഷൻ വംശഹത്യയാണിത്. കുട്ടികൾ അവരുടെ അമ്മമാരുടെ കൈയിൽ കിടന്ന് മരിക്കുമ്പോഴും മരുന്നും ഭക്ഷണവും വെള്ളവും നിഷേധിക്കപ്പെട്ട് ഒരു പ്രതിരോധവുമില്ലാതെ നിൽക്കുന്ന ഒരു ജനതയുടെ ഇച്ഛാശക്തി തകർക്കാൻ ബോധപൂർവം പട്ടിണിയെ ഒരു ആയുധമായി ഉപയോഗിക്കുന്നതിനാലാണ് ഞാൻ ഈ ദൗത്യത്തിൽ ചേരുന്നത്. മനുഷ്യത്വം അഭേദ്യമാണെന്നതിനാൽ ഞാൻ ചേരുന്നു. ഇന്ന് ഉപരോധത്തെ സ്വീകരിക്കുന്നവർ നാളെ എവിടെയും അനീതിയെ അംഗീകരിക്കും. നിശബ്ദത കുറ്റകൃത്യത്തിൽ പങ്കാളിയാകുന്നു, നിസ്സംഗത നാം ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന മൂല്യങ്ങളുടെ വഞ്ചനയാണ്. ഈ ഫ്ലോട്ടില്ല വെറും ബോട്ടുകളേക്കാൾ കൂടുതലാണ് – ആഗോള മനസ്സാക്ഷിയുടെ നിലവിളിയാണത്, അതിങ്ങനെ പ്രഖ്യാപിക്കുന്നു. ഒരു ജനതയുടെയാകെ മേലുള്ള ഉപരോധം അരുത്, നിരപരാധികളെ പട്ടിണിക്കിടരുത്, വംശഹത്യ അരുത്. ഞങ്ങളെ തടഞ്ഞേക്കാം, പക്ഷേ ഈ കപ്പൽയാത്ര തന്നെ ഒരു പ്രഖ്യാപനമാണ്: ഗാസ ഒറ്റയ്ക്കല്ല. നാമെല്ലാവരും സത്യത്തിന്റെ സാക്ഷികളാണ് – മന്ദഗതിയിലുള്ള മരണത്തിനെതിരായ ശബ്ദങ്ങളും.
(ചരിത്രകാരനും മാധ്യമപ്രവർത്തകനും അധ്യാപകനും എഴുത്തുകാരനുമായ വിജയ് പ്രഷാദ് എക്സിക്യൂട്ടീവ് ഡയറക്ടറായ ട്രൈക്കോണ്ടിനെൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ നിന്നുള്ള 2025 ലെ മുപ്പത്തിയാറാമത്തെ ന്യൂസ് ലെറ്ററിൻ്റെ പരിഭാഷയാണിത്)







