പുനത്തിൽ: ജിന്നിന് മനസ്സിലാകാത്ത മനുഷ്യൻ, മനുഷ്യന് തിരിച്ചറിയാനാകാത്ത ജിന്ന്

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സാഹിത്യലോകത്തിൽ രണ്ടു തരം ശരീരങ്ങളെ, ജീവനുള്ളതിനേയും ഇല്ലാത്തതിനേയും, അദ്ദേഹം ഉരകല്ലുകളായി ഉപയോഗിക്കുന്നു. തീർച്ചയായും ശരീരത്തിന്റെ ആഘോഷം (പ്രത്യേകിച്ചും പുരുഷ ശരീരത്തിന്റെ ആഘോഷം) അദ്ദേഹത്തിന്റെ പ്രധാന പ്രമേയമാണ്, ആവർത്തിക്കുന്നതുമാണ് – വി മുസഫർ അഹമ്മദ് എഴുതുന്നു

രണ്ട് മൃതശരീരങ്ങൾ ‘സ്മാരക ശിലകളി‘ൽ കൊത്തിവെച്ചിട്ടുണ്ട്. നോവൽ വായിച്ച് എത്രയോ വർഷങ്ങൾ പിന്നിട്ടിട്ടും ആ രണ്ട് മരണങ്ങൾ, അഥവാ രണ്ട് ചേതനയറ്റ ശരീരങ്ങൾ ഇന്നും വിടാതെ പിന്തുടരുന്നു. എറമുള്ളാന്റെ മരണമാണ് ആദ്യത്തേത്. അതിനെക്കുറിച്ച് ഇങ്ങിനെ വായിക്കാം-
നൊച്ചിൽക്കാടുകൾക്കിടയിൽ പഴയ ഏതോ ഒരു ഖബറിന്റെ പുറത്ത് ആ മയ്യത്ത് കിടക്കുന്നു. മരിച്ചിട്ട് ഒന്നോ രണ്ടോ ദിവസങ്ങളായി. വീർത്തു നീരു പൊട്ടാൻ തുടങ്ങിയിരിക്കുന്നു.

മറ്റൊരു മരണം നായിക പൂക്കുഞ്ഞുബീയുടേതാണ്- നോവലിന്റെ അവസാന താളിൽ നോവലിസ്റ്റ് ആ രംഗം ഇങ്ങിനെ കോറിയിട്ടിരിക്കുന്നു-
ഗോസായിക്കുന്നിന്റെ താഴ്‌വരയിൽ, കടപ്പുറത്തെ വിജനതയിൽ, ഒരു സ്വർണ മൽസ്യം പോലെ പൂക്കുഞ്ഞുബീ അടിഞ്ഞു കിടക്കുന്നു. നനഞ്ഞ പൂഴിയിൽ നുരയ്ക്കുന്ന തിരമാലകൾ തണുത്ത ശരീരത്തെ ഇടക്കിടെ നനച്ചു കൊണ്ടിരുന്നു.
മനുഷ്യശരീരം ഉരകല്ലായി ഉപയോഗിക്കാത്ത ഒരു എഴുത്തുകാരനും (കാരിയും) ഉണ്ടായിരിക്കില്ല. മനുഷ്യ മനസ്സിലേക്ക് പ്രവേശിക്കാനും അവിടെ നിന്ന് പുറത്തുകടക്കാനും ഭൂമിയിൽ നരജീവിതം ആരംഭിച്ച ഒന്നാം നാൾ മുതൽ ഇന്നുവരേയും ശരീരമല്ലാതെ മറ്റൊരു മാധ്യമവും കണ്ടെത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല, അല്ലെങ്കിൽ അത്തരമൊന്നുണ്ട് എന്നതിന് തെളിവുകൾ ഹാജരാക്കുന്നത് അസാധ്യമായി തുടരുകയുമാണ്.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സാഹിത്യലോകത്തിൽ രണ്ടു തരം ശരീരങ്ങളെ, ജീവനുള്ളതിനേയും ഇല്ലാത്തതിനേയും, അദ്ദേഹം ഉരകല്ലുകളായി ഉപയോഗിക്കുന്നു. തീർച്ചയായും ശരീരത്തിന്റെ ആഘോഷം (പ്രത്യേകിച്ചും പുരുഷ ശരീരത്തിന്റെ ആഘോഷം) അദ്ദേഹത്തിന്റെ പ്രധാന പ്രമേയമാണ്, ആവർത്തിക്കുന്നതുമാണ്.

ആ പ്രമേയത്തെ പരിചരിക്കുമ്പോഴെല്ലാം ചോരയും ചൂടുമുള്ള മനുഷ്യശരീരത്തിന് സമാന്തരമായി എല്ലാം കെട്ടടങ്ങിയ തണുത്ത് വിറങ്ങലിച്ച ശരീരങ്ങളേയും നാം കാണുന്നു. സൂക്ഷ്മമായി നോക്കുമ്പോൾ അത് ഒരു ഡോക്ടർ ശരീരത്തെ പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നതു പോലെയാണെന്ന് തോന്നാം. എഴുത്തുകാരന്റെ തൊഴിൽ അനുഭവം ആവിഷ്‌കരിക്കപ്പെടുന്നതല്ലേ ഇതെന്ന് എളുപ്പത്തിൽ നിഗമനത്തിൽ എത്തിച്ചേരാനും സാധിക്കും. അതിൽ കാര്യമുണ്ട് താനും. പുനത്തിൽ രോഗി, രോഗം, ചികിൽസ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഫിക്ഷനും നോൺ ഫിക്ഷനും എഴുതിയിട്ടുള്ള ഒരാൾ കൂടിയാണെന്നതിനാൽ പ്രത്യേകിച്ചും. വൈദ്യശാസ്ത്രത്തിലെ ശരീരം എങ്ങിനെ സാഹിത്യത്തിലെ മനുഷ്യ ശരീരങ്ങളായി പരിണമിച്ചിരിക്കുന്നു എന്നതിന് പുനത്തിൽ സാഹിത്യത്തോളം മറ്റൊരുദാഹരണം മലയാളത്തിൽ കണ്ടെത്താൻ ഇടയില്ല.

13-ാം വയസ്സിൽ, അതായത് 1953ൽ ആദ്യ കഥ എഴുതിയ പുനത്തിൽ 70തുകളുടെ തുടക്കത്തിൽ എഴുതിയ കഥകളിൽ പലതിലും ശരീരത്തെ മനുഷ്യജീവിത വായനാ ഉപകരണമാക്കുന്നുണ്ട്. തീർച്ചയായും അലിഗഡിലെ വൈദ്യശാസ്ത്ര പഠനം തന്നെയായിരിക്കാം ഇത്തരമൊരു എഴുത്ത് മുറ (മുറി) യിലേക്ക് അദ്ദേഹത്തെ നയിച്ചത്. പിൽക്കാലത്ത് എഴുതിയ ‘മരുന്ന്‘ എന്ന നോവലിൽ ഈ എഴുത്ത് രീതി അങ്ങേയറ്റം സുതാര്യമായി പ്രവർത്തിക്കുന്നുണ്ട്.

എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാൻ‘, ‘ശൂന്യാകാശത്തിൽ ഒരു മൃതദേഹം‘ എന്നിങ്ങനെയുള്ള 70തുകളുടെ തുടക്കത്തിൽ അദ്ദേഹം എഴുതിയ കഥകൾ ഒരു നിലയിൽ നോക്കിയാൽ പുനത്തിൽ സാഹിത്യത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. ഈ രണ്ടുകഥകളും ചേതനയുള്ള ശരീരങ്ങളെ മൃതമാക്കാൻ ശ്രമിച്ച രണ്ടു പുരുഷൻമാരുടെ ജീവിതമാണ് പറയുന്നത്.

ആദ്യ കഥ ഭാര്യ മരിച്ച ഭർത്താവ് തന്നെ മൃതമാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. ആ കഥ തുടങ്ങുന്നത് എന്റെ ഭാര്യയുടെ മൃതശരീരം, രണ്ടു കൊല്ലം ഞങ്ങൾ ഒരുമിച്ചു കിടന്നുറങ്ങിയ ഒരു കട്ടിലിൽ അന്ത്യകർമങ്ങളും കാത്തു കിടക്കുകയാണ്, എന്ന് പറഞ്ഞു കൊണ്ടാണ്. ശരീരത്തിന്റെ ആഘോഷം നടന്ന കട്ടിൽ മരിച്ചു കിടക്കാൻ കൂടിയുള്ള ഉപകരണമായി മാറിയിരിക്കുന്നു. ഇത്തരമൊരാഖ്യാനത്തിൽ ആരംഭിക്കുന്ന കഥ അവസാനിക്കുന്നത്, ഭാര്യയുടെ മൃതദേഹം കുഴിയിൽ വെക്കുന്നതിന് തൊട്ടു മുമ്പ് ആരും കാണാതെ ആ കുഴിയിൽ ഇറങ്ങിക്കിടക്കുന്ന ഭർത്താവിനെ ചിത്രീകരിച്ചു കൊണ്ടാണ്. ആ അവസാന ചിത്രീകരണം ഇങ്ങിനെയാണ്-
-പെട്ടി താഴ്ന്നു താഴ്ന്നു വരികയായിരുന്നു. നഗ്‌നമായ മരപ്പലക എന്റെ ദേഹത്തു മുട്ടാനായി, എന്നെ ഞെരിക്കാനായി, എന്നെ കൊല്ലാനായി വരികയായിരുന്നു. പെട്ടിയും, അയാളുണ്ടെന്നറിഞ്ഞോ അറിയാതെയോ അയാളേയും അവരെല്ലാം മണ്ണിട്ടുമൂടി-
ഭാര്യയുമൊന്നിച്ചുറങ്ങിയ കട്ടിലിന്റെ ദൃശ്യത്തിൽ നിന്നാരംഭിച്ച് മണ്ണിട്ട് മൂടുന്നതു വരെയുള്ള ആഖ്യാനത്തിൽ മനുഷ്യജീവിതത്തിന്റെ നിരവധി മുഹൂർത്തങ്ങളെ ഈ കൊച്ചുകഥ അടയാളപ്പെടുത്തുന്നു. മൃതദേഹത്തിൽ നിന്ന് തുടങ്ങി സ്വയം മൃതനാകാൻ തീരുമാനിച്ച ഒരാളിൽ കഥ അവസാനിക്കുകയാണ്.

‘ശൂന്യാകാശത്തിൽ ഒരു മൃതദേഹം’ മരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഡോ. രാമനാഥനെക്കുറിച്ചാണ്. പല വഴികൾ തേടിയിട്ടും മരിക്കുന്നതിൽ പരാജയപ്പെട്ട് ഒടുവിൽ അയാൾ ഉറക്കഗുളികകളിൽ അഭയം തേടുന്നു. വീടിനടുത്തുള്ള പാർക്കിലെ ബെഞ്ചിൽ രാമനാഥൻ മരിച്ചു കിടന്നു. മരണം പിടിമുറക്കിത്തുടങ്ങിയപ്പോൾ ശൂന്യാകാശത്തിൽ ഒരു കറുത്ത പൊട്ടു പോലെ സ്വന്തം മൃതദേഹം അച്ചുതണ്ടില്ലാതെ തിരിയുന്നത് രാമനാഥൻ കാണുന്നുണ്ട്.

ഒടുവിൽ കരഞ്ഞലച്ചാർത്തുന്ന പ്രിയപ്പെട്ടവരേയും സന്ദർശകരേയും കാത്ത് രാമനാഥന്റെ മൃതദേഹം പാർക്കിലെ ബെഞ്ചിൽ ഏറെ നേരം കിടന്നു. പക്ഷെ ആരും വന്നില്ല. വൃദ്ധയായ മാതാവെങ്കിലും വരുമെന്ന് കരുതി. അതുമുണ്ടായില്ല. പകൽ മുഴുവൻ ആരാലും ശ്രദ്ധിക്കപ്പെടാതെ മൃതദേഹം കിടന്നു. രാത്രിയായി. ആളുകൾ പാർക്കു വിട്ട് പോയി. ഇരുട്ടിൽ, രാത്രിയിൽ രാമനാഥന്റെ ജഡം തനിച്ചായി.
രാത്രി മുഴുവൻ അയാളുടെ ജഡം ആരും കാണാതെ സ്വയം കണ്ണീർ വാർത്തു. പുലരാൻ അധിക നേരമില്ല. അപ്പോഴാണ് സ്വന്തം ശരീരം അളിയാൻ തുടങ്ങിയിരിക്കുന്നുവെന്ന് അയാൾ മനസ്സിലാക്കുന്നത്. കണ്ണിലും വായിലും ഈച്ചകൾ മുട്ടയിടാൻ തുടങ്ങിയിരിക്കുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ജഡം തനിക്കുള്ള കുഴി സ്വയം തയ്യാറാക്കി. പുലരുന്നതിനു മുമ്പായി, ആരും കാണുന്നതിനു മുമ്പായി, സ്വയം കുഴിച്ചുമൂടണം എന്ന് ജഡം തീർച്ചപ്പെടുത്തുന്നു.

ജീവിതത്തെക്കുറിച്ച് പറയാൻ മരണം പോലെ ഉപയുക്തമായ മറ്റൊരു കാര്യമില്ലെന്ന ദർശനം ഈ കഥകളിൽ മാത്രമല്ല, പുനത്തിൽ സാഹിത്യത്തിൽ അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്നുണ്ട്. ജീവിത ആഘോഷങ്ങളെ, ശരീര ആഘോഷങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ചേതനയറ്റ മനുഷ്യശരീരം പോലെ മറ്റൊരു ഉപകരണവുമില്ലെന്ന ദർശനവും ഇതോടൊപ്പം പുനത്തിൽ എടുത്തുപയോഗിക്കുന്നുണ്ട്. വലിയ തോതിൽ മനുഷ്യജീവിത ദുരന്തങ്ങളെയാണ് ഈ എഴുത്തുകാരൻ പിന്തുടരുന്നത്.

സ്വകാര്യസംഭാഷണങ്ങളിലോ, അഭിമുഖങ്ങളിലോ, പ്രസംഗങ്ങളിലോ, പൂർണ്ണമായും സാഹിത്യം എന്ന് വിളിക്കാൻ കഴിയാത്ത കുറിപ്പുകളിലോ കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുള്ള പല കാര്യങ്ങളും മാധ്യമങ്ങളിൽ പലപ്പോഴും തലക്കെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിന്ന് നേർ വിപരീതമായ മതരഹിതമായ ആത്മീയതയുടെ കമ്പളം അദ്ദേഹത്തിന്റെ സാഹിത്യത്തിൽ വീണു കിടപ്പുണ്ട് എന്നതിന് കാര്യമായ ശ്രദ്ധലഭിക്കാതെ പോയി. മദ്യപാനത്തെക്കുറിച്ചും രതിയെക്കുറിച്ചും പറഞ്ഞ് ശരീര സുഖത്തിന്റെ ഉസ്താദ് എന്ന് സമൂഹത്തെക്കൊണ്ട് വിളിപ്പിച്ചു ഈ എഴുത്തുകാരൻ. അത് അദ്ദേഹത്തിന്റെ സാഹിത്യ സിദ്ധാന്തം തന്നെയെന്ന് വിശ്വസിച്ചവർ പുനത്തിൽ സാഹിത്യം വായിക്കാത്തവരാണെന്ന് പറയേണ്ടി വരും. ആ നിലയിൽ കേരളത്തിലെ ‘മാധ്യമ മീഡിയോക്രസിക്ക്‘ (മീഡിയാക്രസിക്ക്) ഇരയാകാൻ നിന്നു കൊടുത്ത എഴുത്തുകാരൻ കൂടിയാണ് പുനത്തിൽ. എന്നാൽ ശരീരത്തെ, ഭൗതിക ജീവിതത്തെ പുനത്തിൽ സാഹിത്യത്തിൽ അവതരിപ്പിച്ചതിന്റെ രഹസ്യം എഴുപതുകളിൽ അദ്ദേഹം എഴുതിയ കഥകളിൽ ആരംഭിക്കുകയും പിൽക്കാലത്ത് തുടരുകയുമാണുണ്ടായത്. ആ പരിസരത്താണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിന്റെ രഹസ്യം കുഴിച്ചിട്ടിരിക്കുന്നത്.

ജിന്നുകളുടെ ഒരു ദിവസം മനുഷ്യന്റെ ഒരു വർഷമാണെന്ന് പറയുന്ന ഒരു സന്ദർഭമുണ്ട് സ്മാരകശിലകളിൽ. ഇപ്പോൾ ആ വരികൾ വായിക്കുമ്പോൾ സാഹിത്യത്തിലെ സാഹിത്യകാരന്റെ എഴുത്ത് ജീവിതവും, അതിന് പുറത്ത് നാം കാണുകയോ കേൾക്കുകയോ ചെയ്യുന്ന കാര്യങ്ങളും തമ്മിൽ അടുപ്പമുള്ളതിലേറെ അകലമാണുള്ളതെന്ന് മനസ്സിലാക്കാവുന്നതാണ്. ആ നിലയിൽ മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്ത ജിന്നാണ് എഴുത്തുകാരൻ. ജിന്നിന് മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യനും.

വി. മുസഫർ അഹമ്മദ്​

വി. മുസഫർ അഹമ്മദ്​

മാധ്യമപ്രവര്‍ത്തകന്‍. എഴുത്തുകാരന്‍. മരുമരങ്ങൾ, കുടിയേറ്റക്കാരന്റെ വീട്, മരുഭൂമിയുടെ ആത്മകഥ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ എന്നിവ പ്രധാന പുസ്തകങ്ങൾ.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *