വെളിച്ചപ്പാടും പോക്കറ്റടിക്കാരും; മനുഷ്യരിലേക്ക് സഞ്ചരിച്ച കെ.ആർ സുനിലിൻ്റെ ക്യാമറാക്കണ്ണുകൾ

ജെല്ലിക്കെട്ടുകാർ, ഉരുവിൽ കടലിൽപ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാർ, ചവിട്ടുനാടകക്കാർ, വെളിച്ചപ്പാട്, പോക്കറ്റടിക്കാർ, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങിനെ എത്രയെത്ര ലോകങ്ങൾ! ഈ മനുഷ്യരെയെല്ലാം സുനിൽ സമീപിക്കുന്നതും അവരുടെ കഥകൾ കേൾക്കുന്നതും സഹജമായ മനുഷ്യസ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ് – തുടുരും സിനിമയുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമായ കെ.ആർ സുനിലിൻ്റെ ആദ്യ പുസ്തകം വെളിച്ചപ്പാടും പോക്കറ്റടിക്കാരും എന്ന പുസ്തകത്തിന് മോഹൻലാൽ എഴുതിയ അവതാരിക.

നിങ്ങൾ വായിക്കാൻ പോവുന്ന ഈ പുസ്തകത്തിലെ കുറിപ്പുകൾ എഴുതുന്ന കാലത്ത് കെ.ആർ.സുനിൽ മനുഷ്യ ജീവിതങ്ങളിലൂടെ ക്യാമറയും കരുണയുള്ള കണ്ണുകളുമായി സഞ്ചരിക്കുന്ന ഒരു യാത്രികനും എഴുത്തുകാരനുമായിരുന്നു. എന്നാൽ ഞാൻ ഈ കുറിപ്പെഴുതുമ്പോഴേയ്ക്കും സുനിൽ മലയാള സിനിമ എക്കാലവും ഓർക്കുന്ന ഒരു സിനിമയുടെ തിരക്കഥാകൃത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. സുനിൽ എഴുതി രജപുത്ര രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമയിൽ എനിക്കും അഭിനയിക്കാൻ അവസരം കിട്ടി. അത് എന്റെ വ്യക്തിപരമായ സന്തോഷം.

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷമാണ് സുനിലിനെ ഞാൻ പരിചയപ്പെടുന്നതും അടുത്തറിയുന്നതും. ഷൂട്ടിംഗ് ലൊക്കേഷനിൽ എപ്പോഴും സുനിൽ ഉണ്ടായിരുന്നു. മനുഷ്യർ അടുത്തുവരുമ്പോൾ ഒരു ഊർജ്ജം അവരിൽനിന്ന് പ്രസരിക്കുന്നതായി എനിയ്ക്ക് തോന്നിയിട്ടുണ്ട്. ഓരോ വ്യക്തിയിൽനിന്നും അയാളുടെ സഹജവാസനകൾക്കും സംസ്‌കാരത്തിനും അനുസരിച്ചുള്ള ഊർജ്ജമായിരിക്കും പ്രസരിക്കുക. വൃക്ഷങ്ങൾക്ക് പോലും ഇത് തിരിച്ചറിയാൻ സാധിക്കും എന്ന് ശാസ്ത്രം പറയുന്നു.

സുനിൽ അടുത്ത് വരുമ്പോൾ അതീവ ലോലമായ സ്‌നേഹത്തിന്റേയും സൗമ്യതയുടേയും സൗഹൃദത്തിന്റേയും അലകൾ എന്നിലേക്ക് വരുന്നതായാണ് അനുഭവപ്പെട്ടത്. അത് സത്യസന്ധമാണെന്നും അയാളുട ഉള്ളിൽനിന്നും വരുന്നതാണെന്നും രണ്ട് മാസം നീണ്ട സഹവാസത്തിൽനിന്ന് എനിക്ക് ബോധ്യമായി. ഈ അടുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് സുനിൽ എഴുതിയ ലേഖനങ്ങൾ ഞാൻ വായിച്ചത്. എത്രമാത്രം വൈവിധ്യമാർന്ന ലോകമാണത്! എന്തെന്ത് തരം മനുഷ്യരാണ് അവയിൽ വന്നുപോവുന്നത്! എല്ലാവരും നമുക്കുചുറ്റും ജീവിച്ചവർ;ചിലർ ഇപ്പോഴും ജീവിക്കുന്നവർ. അവരെ നമ്മൾ കണ്ടില്ല; സുനിലിന്റെ കണ്ണുകളും ക്യാമറയും കണ്ടു. കാതുകൾ അവരുടെ കഥകൾ കേട്ടു. ആ കഥകൾ എനിയ്ക്ക് ജീവിതത്തിന്റെ പല പല അടരുകൾ കാണിച്ചുതന്നു.

വെളിച്ചപ്പാടും പോക്കറ്റടിക്കാരും പ്രകാശനത്തിനിടെ മോഹൻലാലിനും പ്രകാശ് വർമ്മയ്ക്കുമൊപ്പം കെ.ആർ സുനിൽ

ജെല്ലിക്കെട്ടുകാർ, ഉരുവിൽ കടലിൽപ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാർ, ചവിട്ടുനാടകക്കാർ, വെളിച്ചപ്പാട്, പോക്കറ്റടിക്കാർ, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങിനെ എത്രയെത്ര ലോകങ്ങൾ! ഈ മനുഷ്യരെയെല്ലാം സുനിൽ സമീപിക്കുന്നതും അവരുടെ കഥകൾ കേൾക്കുന്നതും സഹജമായ മനുഷ്യസ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ്.

ഇതിലെ ഒരു ജീവിതത്തേയും ഈ എഴുത്തുകാരൻ വിധിക്കുന്നില്ല. ഇങ്ങിനേയും ജീവിതങ്ങളുണ്ട് എന്ന് കാണിച്ചുതരിക മാത്രം ചെയ്യുന്നു. എഴുത്തിൽ അലങ്കാരങ്ങളുടെ പൊലിപ്പിക്കലുകളില്ല. കെട്ടിപ്പറച്ചിലുകളില്ല. പോവുന്ന യാത്രികൻ്റെ കണ്ണിലെ തെളിമയാണ് എല്ലാറ്റിലും. കേട്ടതും അനുഭവിച്ചതും മനസ്സിനെ സ്പർശിച്ചതും മാത്രമേ എഴുതിയിട്ടുള്ളൂ. അതുകൊണ്ട് ഹൃദയത്തിൽനിന്ന് ഹൃദയത്തിലേയ്ക്കാണ് സുനിലിന്റെ എഴുത്തിന്റെ സഞ്ചാരം. നമ്മുടെ ലോകം മാത്രമാണ് എപ്പോഴും നമ്മുടെ ചിന്തകളിൽ നിറയുന്നത്. പരമാവധി നമ്മുടെ കൺമുന്നിലും അനുഭവത്തിലും വരുന്ന ലോകങ്ങൾ.

സുനിൽ മനുഷ്യരെ സമീപിക്കുന്നതും അവരുടെ കഥകൾ കേൾക്കുന്നതും സഹജമായ മനുഷ്യസ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ്

ജീവിതത്തിന് എത്രയെത്ര അടരുകളാണ് ഉള്ളത് എന്ന് സുനിലിൻ്റെ ഈ പുസ്തകം നമ്മെ അത്ഭുതപ്പെടുത്തുന്നു. അറിഞ്ഞതിനേക്കാൾ എത്രമാത്രം അറിയാത്ത കാര്യങ്ങളുമായാണ് ഓരോ മനുഷ്യനും ഈ ഭൂമി വിട്ടുപോവുന്നത് എന്ന് ഞാൻ ഓർത്തുപോയി. കെ.ആർ.സുനിലിന് ഇനിയുമിനിയും വ്യത്യസ്തമായ മനുഷ്യജീവിതങ്ങളിലേയ്ക്കും ഭൂമികകളിലേയ്ക്കും തുറന്നുവെച്ച കണ്ണും മനസ്സും ക്യാമറയുമായി സഞ്ചരിക്കാൻ സാധിക്കട്ടെ. ആ കഥകൾ കേൾക്കാനും ചിത്രങ്ങൾ കാണാനും എല്ലാ മലയാളികൾക്കുമൊപ്പം ഞാനും കാത്തിരിക്കുന്നു.

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *