രാജ്യത്തിനകത്ത് നടക്കുന്ന കാര്യങ്ങളിൽ മാത്രമേ അഭിപ്രായം സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താവൂ എന്ന് ഭരണഘടന പറയുന്നില്ല. ആയിരം മൈലുകൾക്ക് അപ്പുറമുള്ള കാര്യത്തിൽ എന്തിനു പ്രതിഷേധിക്കണം എന്ന ചോദ്യത്തിൻ്റെ അതേ യുക്തി വെച്ച് നോക്കിയാൽ നാളെ നിങ്ങളുടെ പ്രശ്നത്തിന് അപ്പുറമുള്ള എന്തെങ്കിലും വിഷയത്തിൽ നിങ്ങൾ എന്തിനു ഇടപെടണം എന്നും കോടതി ചോദിച്ചേക്കാം. മലയാളികൾ എന്തിന് തമിഴന്മാരുടെ പ്രശ്‌നത്തിൽ പ്രതിഷേധിക്കണം എന്നും ദളിതർ എന്തിന് മുസ്ലിങ്ങളുടെ പ്രശ്‌നത്തിൽ സമരം ചെയ്യണം എന്നുമെല്ലാം ഇതേ യുക്തിയിൽ ചോദ്യങ്ങൾ ഉയർന്നേക്കാം. വാട്സ്ആപ്പ് പ്രൊപ്പഗണ്ടകളിൽ കാണുന്ന നിലവാരത്തിൽ രാഷ്ട്രീയ പ്രവർത്തനത്തെ ഭരണഘടനാ കോടതികൾ നിരീക്ഷിക്കുന്നത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ എത്തിപ്പെട്ടരിക്കുന്ന കടുത്ത മൂല്യച്യുതിയുടെ ഉദാഹരണമാണ് – മുംബൈയിൽ പലസ്തീൻ അനുകൂല റാലി നടത്താൻ സിപിഎമ്മിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിയെ വിമർശനാത്മകമായി വിലയിരുത്തുന്നു.
മൈലുകളുടെ ദൂരം കോടതി അളക്കേണ്ടതില്ല, ലോകത്തെ ഏത് അനീതിക്കെതിരെ ശബ്ദിക്കാനും ഇന്ത്യക്കാർക്ക് അവകാശമുണ്ട്

രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് കോടതികൾ വഴി വിതരണം ചെയ്യാൻ ആരംഭിക്കുന്ന വിചിത്രമായ യുഗത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. ഗാസയിലെ വംശഹത്യയ്‌ക്കെതിരെ റാലി നടത്താൻ അനുമതി തേടിയുള്ള സിപിഐഎം ഹർജി ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പ്രസ്തുത റാലിക്ക് മുംബൈ പോലീസ് മുന്നേ അനുമതി നിഷേധിച്ചിരുന്നു. ആ നടപടിയെ ചോദ്യം ചെയ്താണ് സിപിഐഎം ഹൈക്കോടതിയെ സമീപിച്ചത്.

ഒരു റാലിക്ക് അനുമതി നിഷേധിക്കപ്പെടുക അത്ര പുതുമയുള്ള കാര്യമല്ലായിരിക്കാം. എന്നാൽ അതിനു കോടതി പറഞ്ഞ ന്യായങ്ങൾ അതീവ ഗൗരവമുള്ളതും, ഭരണഘടന മൂല്യങ്ങളെ തള്ളിക്കളയുന്നതുമാണ്. പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് രവീന്ദ്ര ഗുബേയും ഗൗതം അൻഖാദും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ച പ്രധാനപ്പെട്ട കാര്യം, രാജ്യം നേരിടുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സിപിഐഎം എന്ന പാർട്ടി ആയിരം മൈലുകൾക്ക് അപ്പുറമുള്ള കാര്യങ്ങളിൽ എന്തിനു ശ്രദ്ധിക്കണം എന്നതായിരുന്നു.

“Our country has several issues to deal with…We don’t want anything like this. I am sorry to say, you are all short-sighted…You are looking at Gaza and Palestine… Why don’t you do something for our own country… Be patriots… Speaking for Gaza and Palestine is not patriotism… Speak up for the causes in our own country… Practice what you preach…”
ഒന്നാമതായി ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്രത്തിനുള്ള മൗലിക അവകാശം ആർട്ടിക്കിൾ 19ൽ നൽകുന്നുണ്ട്. നീണ്ട കാലം കൊളോണിയൽ ഭരണത്തിൽ ഇത്തരം അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഒരു ജനതയായിരുന്നു ഇന്ത്യയിലേത്. നിയമസംവിധാനം ഉപയോഗപ്പെടുത്തി എല്ലാവിധ സ്വാതന്ത്രങ്ങളെയും അടിച്ചമർത്തുന്ന സമീപനമായിരുന്നു ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭരണഘടനാ നിർമാണ സമിതി ഏറ്റവും പ്രാധാന്യത്തോടെ മൗലിക അവകാശങ്ങളെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. അത് ചേർക്കുന്നതിനൊപ്പം ഭരണഘടനയുടെ സംരക്ഷകരായി സുപ്രീം കോടതിയെയും ഹൈകോടതികളെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
അതിലെവിടെയും രാജ്യത്തിനകത്ത് നടക്കുന്ന കാര്യങ്ങളിൽ മാത്രമേ ഈ അവകാശം ഉപയോഗപ്പെടുത്താവൂ എന്ന് പറയുന്നില്ല. ആയിരം മൈലുകൾക്ക് അപ്പുറമുള്ള കാര്യത്തിൽ എന്തിനു പ്രതിഷേധിക്കണം എന്ന ചോദ്യത്തിൻ്റെ അതേ യുക്തി വെച്ച് നോക്കിയാൽ നാളെ നിങ്ങളുടെ പ്രശ്നത്തിന് അപ്പുറമുള്ള എന്തെങ്കിലും വിഷയത്തിൽ നിങ്ങൾ എന്തിനു ഇടപെടണം എന്നും ചോദ്യമുണ്ടായേക്കാം. മലയാളികൾ എന്തിനു തമിഴന്മാരുടെ പ്രശ്‌നത്തിൽ പ്രതിഷേധിക്കണം എന്നും ദളിതർ എന്തിനു മുസ്ലിങ്ങളുടെ പ്രശ്‌നത്തിൽ സമരം ചെയ്യണം എന്നുമെല്ലാം ഇതേ യുക്തിയിൽ ചോദ്യങ്ങൾ ഉയരാം.

അതോടൊപ്പം രാജ്യത്തെ ഗവൺമെന്റുകളുടെ നിലപാടുകളുമായി പൗരന്മാർ യോജിച്ച് പോകണം എന്നൊരു നിർബന്ധം ഒരു ജനാധിപത്യ സമൂഹത്തിനും സ്വീകരിക്കാൻ സാധിക്കുന്നതല്ല. ഒരർത്ഥത്തിൽ മൗലിക അവകാശങ്ങളുടെ ഏറ്റവും വലിയ പ്രസക്തി അത് പൗരന്മാർക്ക് സ്വന്തം സർക്കാറുകളെ ചോദ്യം ചെയ്യാൻ നിയമപരമായി അവകാശം നൽകുന്നു എന്നതാണ്. ഈ വിധിയിൽ തന്നെ കോടതി സൂചിപ്പിക്കുന്ന മറ്റൊരു വിചിത്രമായ നിരീക്ഷണം ഇങ്ങനെയാണ്
“petitioners don’t understand what this could do to the foreign affairs of the country”.
അതായത് റാലി നടത്തുന്നവരുടെ നിലപാടുകൾ ഇന്ത്യയുടെ വിദേശ നയവുമായി യോജിച്ചു പോകുന്നതല്ല എന്നും അത് രാജ്യത്തിന്റെ നിലപാടുകൾക്ക് വിഘാതം സൃഷ്ടിക്കുമെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഗാസ വിഷയത്തിൽ തങ്ങളുടെ രാജ്യം സ്വീകരിക്കുന്ന ഇസ്രായേൽ അനുകൂല നിലപാടുകൾക്കെതിരെ ഇന്ന് ലോകത്തെ ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇസ്രായേലിന് ആയുധങ്ങൾ നൽകുന്ന എല്ലാ യൂറോപ്പ്യൻ നാടുകളിലും അവിടത്തെ ജനങ്ങൾ സർക്കാരുകൾക്ക് നേരെ സമരങ്ങൾ നടത്തുന്നു. നാളെ ഇന്ത്യൻ സർക്കാർ ഒരു വംശഹത്യക്ക് നേതൃത്വം നൽകുകയോ അത്തരം യുദ്ധങ്ങളിൽ ഇടപെടുകയോ ചെയ്താൽ പൗരന്മാർ ‘രാജ്യസ്നേഹം’ മുൻ നിർത്തി വായ മൂടികെട്ടണം എന്നാണോ കോടതി പറയുന്നത്?
രാജ്യത്തിൻ്റെ വിദേശനയത്തെ രാഷ്ട്രീയ ചർച്ചകൾക്ക് അതീതമായി പ്രതിഷ്ഠിക്കുന്ന സമീപനം അടുത്തകാലത്തായി ഇന്ത്യയിൽ ശക്തമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വിദേശ നയത്തിനെ എതിർക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കാൻ എളുപ്പമാണ്. ഇതിന്റെ പരിണിത ഫലമാണ് നമ്മളിപ്പോൾ കാണുന്നത്. മാത്രമല്ല ഏത് വിഷയം ഒരു രാഷ്ട്രീയ പാർട്ടി ഏറ്റെടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഭരണഘടന ഒരു കോടതിക്കും നൽകുന്നില്ല. പ്രത്യക്ഷത്തിൽ തന്നെ ഈ നിരീക്ഷണം, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരാണ്.
ബോംബെ ഹൈക്കോടതിയുടെ മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ്, “We are curious.. you have no issue with respect to our own country…something productive for our own country… They are fighting 1000s of miles away and you are showing concern for Palestine, Gaza etc. You can take up social issues and local issues like flooding, drainages getting blocked… Parking illegally… Why aren’t you protesting such issues?”

അതായത് മുംബൈ നഗരത്തിന്റെ കോർപറേഷൻ പരിധിയിൽ വരുന്ന ചില്ലറ വിഷയങ്ങൾ നിങ്ങൾ ഏറ്റെടുക്കൂ എന്തിനു വലിയ പ്രശ്ങ്ങളിൽ തലയിടുന്നു എന്നാണ് കോടതി പറയുന്നത്. ഒന്നാമതായി സിപിഐഎം പോലൊരു പാർട്ടി കോടതി സൂചിപ്പിച്ച തരത്തിലുള്ള മനുഷ്യരുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടാറില്ല എന്ന് അവരുടെ കടുത്ത വിമർശകർ പോലും പറയുമെന്ന് കരുതുന്നില്ല. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂമികയിൽ വലിയ ശക്തി അല്ലെങ്കിൽ പോലും ആദിവാസികളുടെയും മറ്റും അവകാശങ്ങൾക്കു വേണ്ടി വലിയ സമരങ്ങൾ നടത്തിയ ചരിത്രമുള്ള പാർട്ടിയാണ് മഹാരാഷ്ട്രയിലെ സിപിഐഎം. വസ്തുതാപരമായി തന്നെ പൂർണ്ണമായും തെറ്റായൊരു നിരീക്ഷണമാണ് കോടതി നടത്തിയതെന്ന് മനസിലാവും.

എന്നാൽ അതിനേക്കാൾ വലിയ പ്രശനം, ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ തീർത്തും അരാഷ്ട്രീയമായ കാഴച്ചപ്പാടാണ് കോടതി സ്വീകരിക്കുന്നത് എന്നതാണ്. ഒരു സിവിക് ബോഡി ചെയ്യേണ്ട കാര്യങ്ങൾ മാത്രം ചെയ്യാനും അതിൽ പ്രതിഷേധം നടത്താനും മാത്രമാണോ ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തിക്കേണ്ടത്? നാളെ ഇന്ത്യയിലെ തന്നെ ജാതി ഉച്ചാടനമോ അതുപോലെയുള്ള സമൂഹത്തിലെ എന്തെങ്കിലും വിഷയങ്ങളോ ഏറ്റെടുത്തലും ആദ്യം ‘ഓട വൃത്തിയാക്കട്ടെ’ എന്നിട്ട് പോരെ വലിയ വിഷയങ്ങൾ ഏറ്റെടുക്കാൻ എന്ന നിർദ്ദേശം കോടതികൾ നൽകുമോ? വാട്സ്ആപ്പ് പ്രൊപ്പഗണ്ടകളിൽ കാണുന്ന നിലവാരത്തിൽ രാഷ്ട്രീയ പ്രവർത്തനത്തെ ഭരണഘടനാ കോടതികൾ നിരീക്ഷിക്കുന്നത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ എത്തിപ്പെട്ടരിക്കുന്ന കടുത്ത മൂല്യച്യുതിയുടെ ഉദാഹരണമാണ്.
ഗാസയിൽ ഇന്ന് നടക്കുന്നത് ലോകം കണ്ടിട്ടുള്ള ഏറ്റവും ഭീകരമായ വംശഹത്യയാണ്. ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് 60,000 അധികം ആളുകൾ ഇതിനോടകം കൊല്ലപ്പെട്ടിരിക്കാം എന്നാണ്. എന്നാൽ പല സ്വതന്ത്ര ഏജൻസികളും ഇതിന്റെ പതിന്മടങ്ങാണ് കണക്കാക്കുന്നത്. ഏകേദശം 90% അധികം വീടുകളും തകർക്കപ്പെട്ടിരിക്കുന്നു. ഒരു സമൂഹം ഒന്നാകെ ഭക്ഷ്യക്ഷാമത്തിൽ എത്തപ്പെട്ടിരിക്കുന്നു. ഭക്ഷണം കിട്ടാതെ എല്ലും തോലുമായി മരിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ഏറ്റവും കടുത്ത മനസുള്ളവരെപോലും സങ്കടപ്പെടുത്തുന്നതാണ്. ഇത്രയും വലിയൊരു അനീതിക്ക് നേരെ പ്രതിഷേധിക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ലേ?

തുടക്കത്തിൽ ഇസ്രായേൽ അനുകൂല നിലപടെടുത്ത പല പാശ്ചാത്യ രാജ്യങ്ങൾക്ക് പോലും രാഷ്ട്രീയ സമ്മർദ്ദം മൂലം ഇസ്രായേലിന്റെ യുദ്ധകുറ്റങ്ങളെ തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവിടെയാണ് തികച്ചും സമാധാനപരമായ ഒരു പ്രതിഷേധ റാലിക്ക് ഇന്ത്യയിൽ അനുമതി നിഷേധിക്കപ്പെടുന്നത്. ഭരണഘടനാ കോടതി നടത്തിയ തികച്ചും മനുഷ്യത്വവിരുദ്ധവും ചരിത്രബോധമില്ലാത്തതുമായ നിരീക്ഷണങ്ങൾ ഭയപ്പെടുത്തുന്നതാണ്.
പലസ്തീനിലെ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി എന്നും നില കൊണ്ടിട്ടുള്ള രാജ്യമാണ് ഇന്ത്യ. ആ നിലപാട് രൂപം കൊള്ളുന്നത് നമ്മൾ തന്നെ അനുഭവിച്ചിട്ടുള്ള ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ഓർമകളിൽ നിന്നാണ്. സ്വതന്ത്ര ഇന്ത്യ പലസ്തീനിലെ വിമോചന പോരാട്ടത്തെ കണ്ടത്, കൊളോണിയൽ അധികാരത്തിനു എതിരെയുള്ള സമരം എന്ന നിലയിലാണ്. പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ച, അറബ് ലോകത്തിനു പുറത്തുള്ള ആദ്യത്തെ രാജ്യവും ഇന്ത്യയായിരുന്നു. ഹിന്ദുത്വ ആശയങ്ങൾ ഇന്ത്യൻ വിദേശ നയത്തെ പിടികൂടിയ ഈ കാലത്ത് പോലും പലസ്തീൻ രാഷ്ട്രരൂപീകരണത്തിനൊപ്പമാണ് ഇന്ത്യയുടെ നിലപാട് എന്നതും കാണാതെ പോകരുത്.
ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ മുന്നണിപോരാളികളിൽ ഗാന്ധിയും നെഹ്രുവും ഉൾപ്പെടെയുള്ളവർ വ്യക്തമായ പലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചവരായിരുന്നു. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പ്രസിദ്ധമായൊരു വാചകം ഇങ്ങനെയാണ്, “ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്നതു പോലെ പലസ്തീൻ അറബികൾക്ക് അവകാശപ്പെട്ടതാണ്”. അതേ വാചകത്തിൻ്റെ തുടർച്ചയായി ഗാന്ധി ചോദിക്കുന്നു, “എന്ത് കൊണ്ട് ലോകത്തുള്ള മറ്റ് മനുഷ്യരെ പോലെ ജൂതർക്കും സ്വന്തം നാടുകളിൽ ജീവിക്കാൻ കഴിയുന്നില്ല?”

അത്തരത്തിൽ അവർക്ക് അന്തസോടെ ജനിച്ചു വളർന്ന സ്വന്തം നാടുകളിൽ തന്നെ ജീവിക്കാൻ കഴിയുകയാണ് വേണ്ടതെന്നും, മിത്തുകളുടെ പിൻബലത്തിൽ തദ്ദേശീയരായ പലസ്തീനികളെ അവർ ജനിച്ചു വളർന്ന നാടുകളിൽ നിന്ന് തുരത്താനുള്ള പദ്ധതിക്ക് പിന്തുണയില്ലെന്നും തന്റെ ജീവിത കാലത്ത് തന്നെ കൃത്യമായി നിലപാട് ഗാന്ധിക്കുണ്ടായിരുന്നു.
ഇന്നായിരുന്നു ഈ നിലപാടെങ്കിൽ എന്തിന് ആയിരക്കണക്കിന് ദൂരെയുള്ള കാര്യങ്ങളിൽ ഗാന്ധി അഭിപ്രായം പറയുന്നു, സ്വച്ഛ ഭാരത് മിഷനിൽ ശ്രദ്ധിച്ചാൽ പോരെ എന്ന് കോടതി ചോദിക്കുമോ?