രക്തസാക്ഷികളുടെ രക്തത്തിൽ നിന്നും ഉദയം കൊണ്ട ഇബ്രാഹിം ട്രഓറെ

സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗത്തെ ധീരമായി ദേശസാത്ക്കരിച്ചതും, വിദേശ കോർപറേഷനുകളുമായുള്ള ഖനനകരാറുകൾ ബോധപൂർവം പുന:ക്രമീകരണത്തിന് വിധേയമാക്കിയതുമെല്ലാം ഇബ്രാഹിം ട്രഓറിനെ സാമ്രാജ്യത്വ ശക്തികളുടെ ശത്രുവായി മാറ്റിയിട്ടുണ്ട്. ബുർക്കിന ഫാസോയിൽ നിന്നും ഫ്രഞ്ച് സൈന്യത്തെ ബഹിഷ്കരിച്ചതും, ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയതുമെല്ലാം നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്. നമ്മുടെ സ്വർണം പടിഞ്ഞാറിന്റെ നിലവറകളെ നിറയ്ക്കുന്നൊരു കാലത്ത് നമ്മുടെ ജനങ്ങളെ യാചകരാക്കി മാറ്റുന്ന സാമ്പത്തിക നയങ്ങൾ അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച മുപ്പത്തിനാലുകാരൻ. ബുർക്കിന ഫാസോ എന്ന കുഞ്ഞ് ആഫ്രിക്കന്‍ രാജ്യത്തെ പട്ടാള ഭരണകൂടത്തിന്റെ പ്രസിഡന്റായ ഇബ്രാഹിം ട്രഓറെ എന്ന ആഫ്രിക്കന്‍ ‘ചെയുടെ ഭരണത്തെയും അതിന് പിന്നിലെ രാഷ്ട്രീയത്തെയും വിശകലനം ചെയ്യുന്ന ലേഖനം.

വലിബറലിസം അരങ്ങുവാണരുന്ന കാലത്താണ് ഞാൻ ഒരു എസ്എഫ്ഐക്കാരനായി പ്രവർത്തിച്ചു തുടങ്ങുന്നത്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ പതനവും, അതോടൊപ്പം ഉയർന്ന് വന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയും നവലിബറലിസത്തിന്റെ ആധിപത്യവുമെല്ലാം അക്കാലത്ത് അക്കാദമിക് മേഖലയിലെ സാമൂഹിക ശാസ്ത്ര വിഭാഗങ്ങളെയാകെ മാറ്റിമറിച്ചു. അന്ന് രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യശാസ്ത്രത്തെയും ഹ്യുമാനിറ്റീസ് വിഭാഗങ്ങളെയും ഗണ്യമായി സ്വാധീനിച്ചിരുന്നത് ഫ്രാൻസിസ് ഫുക്കുയാമയുടെ ‘ചരിത്രത്തിൻ്റെ അന്ത്യ’വും ഡാനിയേൽ ബെല്ലിന്റെ ‘പ്രത്യയശാസ്ത്രത്തിൻ്റെ അന്ത്യ’വുമായിരുന്നു.

ഫ്രാൻസിസ് ഫുകുയാമ

കൊളോണിയലിസത്തെയും നവകൊളോണിയലിസത്തെയും സംബന്ധിച്ചുള്ള ചരിത്രപരവും ഭൗതികവാദപരവുമായ വിശകലനരൂപങ്ങൾ പ്രാന്തങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. ഇങ്ങനെ വർഗവിശകലനരീതിശാസ്ത്രത്തിൻ്റെ സ്വാധീനവലയം നഷ്ടപ്പെട്ടുതുടങ്ങിയതോടെ ആ ഇടങ്ങളിലേയ്ക്ക് ഉത്തരാധുനികതയും പോസ്റ്റ് കൊളോണിയലിസവും ഉൾപ്പെടെയുള്ള നിരവധിയായ ‘പോസ്റ്റ്’ സിദ്ധാന്തങ്ങൾ കൂണുപോലെ മുളച്ചുപൊന്താൻ തുടങ്ങി.

മാർക്സിസ്റ്റ് രീതിശാസ്ത്രത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് കാർഷിക പ്രശ്നങ്ങളെക്കുറിച്ചോ മൂലധന – അധ്വാന ബന്ധങ്ങളെക്കുറിച്ചോ ഗവേഷണം നടത്താൻ തീരുമാനിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം ലഭ്യമാകാനും സൂപ്പർവൈസർമാരെ കണ്ടെത്താനും ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. യഥാർത്ഥത്തിൽ ഈയൊരു ഘട്ടമാകുമ്പോഴേയ്ക്കും അക്കാദമിക് മേഖലയിൽ മുഖ്യമായും അവശേഷിച്ചിരുന്ന ‘മാർക്സിയൻ’ രൂപമാകട്ടെ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വിരുദ്ധമായ ‘പാശ്ചാത്യ മാർക്സിസ’മായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരമൊരു സവിശേഷസന്ദർഭത്തിൻ്റെ തുടർച്ചയിലാണ് 2008-ലെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി കടന്നുവരുന്നത്.

ഇത്തരമൊരു സവിശേഷസന്ദർഭത്തിൻ്റെ തുടർച്ചയിലാണ് 2008-ലെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി കടന്നുവരുന്നത്. നവലിബറൽ പ്രത്യയശാസ്ത്ര സമവായത്തിനും മുതലാളിത്ത വിജ്ഞാന വ്യവസായത്തിനും ഏറ്റ വലിയൊരു പ്രഹരമായിരുന്നു അത്. ഈയൊരു മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി വ്യാഖ്യാനിച്ചെടുക്കാനും വിശകലനം ചെയ്യാനും മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തങ്ങളുടെയും പോസ്റ്റ്മോഡേൺ ആശയാവലികളുടെയും ചിന്താസരണികൾക്ക് കഴിയാത്ത സാഹചര്യം സംജാതമായിത്തീർന്നു.

സമൂഹത്തെ കൃത്യമായി മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് – ലെനിനിസ്റ്റ് രീതിശാസ്ത്രം തന്നെയാണ് മികച്ചതെന്ന് ഈ പ്രതിസന്ധി ആവർത്തിച്ച് ഊന്നിപ്പറഞ്ഞു. ലെനിന്റെ ‘സാമ്രാജ്യത്വം: മുതലാളിത്തത്തിൻ്റെ പരമോന്നതഘട്ടം’ എന്ന പുസ്തകത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള താൽപ്പര്യം പലയിടങ്ങളിലും പടർന്നുകയറിയത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.

1916-ൽ ബോൾഷെവിക് വിപ്ലവഘട്ടത്തിലെഴുതിയ ലെനിൻ്റെ വിഖ്യാതമായ ഈ കൃതിയുടെ ലക്ഷ്യം അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്നത്തെക്കുറിച്ച്, അതായത് സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക സത്തയെക്കുറിച്ച് അധ്വാനിക്കുന്ന തൊഴിലാളിവർഗത്തെ ബോധവത്ക്കരിക്കുക എന്നതായിരുന്നു. എസ്എഫ്ഐയിൽ നിന്നും പാരമ്പര്യമായി ലഭിച്ച സാമ്രാജ്യത്വത്തിനെതിരായ പ്രത്യയശാസ്ത്രപരമായ ബോധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും തിളക്കമാർന്നതാക്കുകയും ചെയ്തു എന്നതായിരുന്നു ലെനിനെ പഠിക്കുന്നതിലെ ഭംഗി.

സമകാലിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യത്വവിരുദ്ധ പോരാളികളിലൊരാളായ ബുർക്കിന ഫാസോയിലെ ഇബ്രാഹിം ട്രഓറിന്റെ അസാധാരണമായ ഉയർച്ചയെക്കുറിച്ച് എഴുതാൻ ‘സ്റ്റുഡൻ്റ് സ്ട്രഗിൾ’ എന്നോട് ആവശ്യപ്പെട്ടപ്പോൾ മനസ്സിൽ ആദ്യം വന്നത് ആഫ്രിക്കയിലെ ചെഗുവേര എന്നറിയപ്പെടുന്ന തോമസ് സങ്കാരയുടെ ചിത്രമായിരുന്നു. ഇബ്രാഹിം ട്രഓറിന്റെ ഹീറോയും മാതൃകാപുരുഷനുമായ തോമസ് സങ്കാര, ചൈനീസ് വിപ്ലവവർഷമായ 1949-ൽ ബുർക്കിന ഫാസോയിലാണ് ജനിക്കുന്നത്.

മിലിട്ടറി അക്കാദമിയിൽ ഒരു ഓഫീസർ കേഡറ്റ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് സങ്കാര മാർക്സിസവുമായി പരിചയപ്പെടുന്നത്.

1949-ൽ അപ്പർ വോൾട്ടാ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ ബുർക്കിന ഫാസോ, ഫ്രഞ്ച് കൊളോണിയൽ ശക്തികളുടെ കൊള്ളയ്ക്കും ചൂഷണത്തിനും തട്ടിപ്പുകൾക്കും കുപ്രസിദ്ധമായിരുന്നു. സമൃദ്ധമായ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിരുന്ന രാജ്യമായിരുന്നുവെങ്കിലും കൊളോണിയൽ കാലത്തെ ചൂഷണങ്ങൾ ബുർക്കിന ഫാസോയിലെ കർഷകരെയും തൊഴിലാളികളെയും പരമദരിദ്രരാക്കി മാറ്റിത്തീർത്തിരുന്നു. 1960-കളുടെ അവസാനത്തിൽ മിലിട്ടറി അക്കാദമിയിൽ ഒരു ഓഫീസർ കേഡറ്റ് എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴാണ് സങ്കാര മാർക്സിസവുമായി പരിചയപ്പെടുന്നത്. കർഷക-തൊഴിലാളി പ്രസ്ഥാനങ്ങളുമായി വളരെ അടുപ്പമുള്ള മാർക്സിസ്റ്റുകളും സാമ്രാജ്യത്വവിരുദ്ധ സൈനിക ഉദ്യോഗസ്ഥരും അണിചേർന്നുകൊണ്ട് 1983-ൽ ബുർക്കിന ഫാസോയിലെ സാമ്രാജ്യത്വഭരണകൂടത്തിനെതിരെ ഒരു വിപ്ലവസൈനിക അട്ടിമറി വിജയകരമായി സംഘടിപ്പിക്കുകയും അതിനെത്തുടർന്ന് തോമസ് സങ്കാര ബുർക്കിന ഫാസോയിലെ വിപ്ലവസർക്കാരിന്റെ തലവനായി ഉയർന്നുവരികയും ചെയ്തു.

ക്യൂബൻ വിപ്ലവത്തിൻ്റെയും ഫിഡൽ കാസ്ട്രോ, ഏണസ്റ്റോ ചെഗുവേര തുടങ്ങിയവരുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര രചനകളുടെയും വലിയ സ്വാധീനം സങ്കാരയിലുണ്ടായിരുന്നു. തോമസ് സങ്കാരയും അദ്ദേഹത്തിൻ്റെ വിപ്ലവ സർക്കാരും തങ്ങളുടെ രാജ്യത്തിന്റെ പേര് അപ്പർ വോൾട്ട എന്നതിൽ നിന്നും ‘നിവർന്നുനിൽക്കുന്ന ജനങ്ങളുടെ നാട്’ എന്നർത്ഥം വരുന്ന ‘ബുർക്കിന ഫാസോ’ എന്നാക്കി മാറ്റിത്തീർക്കുന്നുണ്ട്. ‘സാമ്രാജ്യത്വം നമ്മുടെ ജനങ്ങളെ അടിച്ചമർത്തുകയും ചൂഷണം ചെയ്യുകയും ചെയ്തതിനാൽ, ബുർക്കിന ഫാസോ ഒരു കോളനിരാജ്യത്തിൽ നിന്ന് ഒരു നവ-കോളോണിയൽ രാജ്യമായി പരിണമിച്ചു’ എന്നതായിരുന്നു പ്രത്യയശാസ്ത്രപരമായി ശക്തനായ സങ്കാരയുടെ സിദ്ധാന്തം.

ഫിഡൽ കാസ്ട്രോ

നവകൊളോണിയലിസത്തെ കുറിച്ചുള്ള അറിവ് സങ്കാരയെ ബൂർഷ്വാ സാമൂഹികശാസ്ത്രങ്ങളുടെയും നിഷ്പക്ഷനാട്യങ്ങളുടെയും കടുത്ത വിമർശകനാക്കി മാറ്റിത്തീർത്തിരുന്നു. സാമ്രാജ്യത്വവുമായി സഖ്യമുണ്ടാക്കിയ ആഫ്രിക്കൻ ഭരണവർഗ ബുദ്ധിജീവികളെ ആക്രമിച്ചുകൊണ്ട് സങ്കാര ഇങ്ങനെ എഴുതി: ‘പ്രതിസന്ധികളുടേയും അസ്ഥിരതയുടേയും കൊടുങ്കാറ്റ് വീശുന്ന ഈ കാലത്ത്, ഇന്നത്തെയും ഇന്നലത്തെയും ശത്രുക്കൾക്ക് ചിന്തയുടെയും ഭാവനയുടെയും സർഗ്ഗാത്മകതയുടെയും മേൽ കുത്തക പകുത്തുനൽകാൻ നമുക്കാവില്ല’

നവകൊളോണിയലിസത്തെ തകർത്തുകൊണ്ട് ഗ്ലോബൽ സൗത്തിൻ്റെ (the Global South) സ്വാശ്രയത്വം നിർണായകമാകുന്ന ഒരു പുതിയ രാഷ്ട്രത്തെ ബുർക്കിന ഫാസോയിൽ കെട്ടിപ്പടുക്കുകയായിരുന്നു സങ്കാരയുടെ ലക്ഷ്യം. സങ്കാരയുടെ ഈ വീക്ഷണം പ്രശസ്ത മാർക്സിസ്റ്റ് ചിന്തകനായ സമീർ അമിന്റെ ഡീലിങ്കിങ് (delinking) അഥവാ വേർപെടുത്തൽ സിദ്ധാന്തവുമായി ആശയപരമായി കൂടുതൽ അടുത്തുനിൽക്കുന്ന ഒന്നാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വേർപ്പെടുത്തൽ എന്ന സൈദ്ധാന്തിക പരിപ്രേക്ഷ്യം സമീർ അമീനെ സംബന്ധിച്ചിടത്തോളം “ആഗോളവത്ക്കരണത്തിന്റെ അനിവാര്യതകൾക്കുമുമ്പിൽ ദേശീയവികസനതന്ത്രത്തെ അടിയറവയ്ക്കാതിരിക്കലാണ് .”

രാജ്യത്തിന്റെ പേര് അപ്പർ വോൾട്ടയിൽ നിന്നും ‘നിവർന്നുനിൽക്കുന്ന ജനങ്ങളുടെ നാട്’ എന്നർത്ഥം വരുന്ന ‘ബുർക്കിന ഫാസോ’ എന്നാക്കി മാറ്റി സങ്കാര.

വിദേശസഹകരണത്തിന്റെയും സഹായത്തിന്റെയും നയങ്ങൾ തുടർച്ചയായ അടിമത്തവും ക്രമക്കേടുമല്ലാതെ മറ്റൊന്നുമുണ്ടാക്കുന്നില്ല എന്ന കാര്യത്തിൽ സങ്കാരക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. “മനുഷ്യന്റെ ഭാവനയിൽ നിന്ന് വരുന്നതെല്ലാം മനുഷ്യന് സാക്ഷാത്കരിക്കാൻ കഴിയും” എന്ന സങ്കാരയുടെ ആഴത്തിലുള്ള ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങളെ മുന്നോട്ടുനയിച്ചിരുന്ന ചാലകശക്തി. വിപ്ലവമാർക്സിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ധാരണയിൽ നിന്നുമാണ് ബുർക്കിന ഫാസോയിൽ സമൂലമായ കാർഷിക പരിഷ്കാരങ്ങളും പൊതുചെലവ് നയങ്ങളും രൂപപ്പെട്ടത്. കർഷകരും യുവാക്കളും തൊഴിലാളികളും വിദ്യാർത്ഥികളും ഈ നയങ്ങളുടെ ഗുണഭോക്താക്കളായി മാറിത്തീർന്നു.

പാട്രിസ് ലുമുംബ

ആഴത്തിൽ സൈദ്ധാന്തിക അന്വേഷണങ്ങൾ നടത്തിയിരുന്ന സങ്കാരയുടെ വിപ്ലവപദ്ധതിയിൽ ശക്തമായ പുരുഷാധിപത്യ വിരുദ്ധ ഘടകവുമുണ്ട്. മനുഷ്യൻ യഥാർത്ഥത്തിൽ മനുഷ്യനായി മാറുന്ന ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുകയെന്നത് അദ്ദേഹത്തിന് പ്രധാനമായിരുന്നു. ചുരുക്കത്തിൽ സങ്കാരയുടെ നയങ്ങൾ തൊഴിലാളികളുടെ വാങ്ങൽശേഷിയെ വർധിപ്പിക്കുകയും വിദേശ കുത്തക കോർപ്പറേറ്റുകൾക്ക് ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. മുൻകാല സർക്കാരുകൾ അദൃശ്യചരടുകളിൽ കുടുങ്ങി പാവകളെപ്പോലെ കീഴടങ്ങിനിന്നിരുന്ന കാലത്തെ അപേക്ഷിച്ച്, 1983-87 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബുർക്കിന ഫാസോയിൽ സാമ്പത്തിക വളർച്ച കൂടുതലായുണ്ടായത്. ഇങ്ങനെ വിവിധ തലങ്ങളിൽ സങ്കാരക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരവും ആഫ്രിക്കയിലുടനീളം വ്യാപിച്ചേക്കാവുന്ന കമ്മ്യൂണിസത്തിന്റെ സാധ്യതയും സാമ്രാജ്യത്വ ശക്തികളെ ഭീതിയിലാഴ്ത്തി. ഒടുവിൽ 1987 മാർച്ച് 15-ന് സാമ്രാജ്യത്വ ഏജന്റുമാരാൽ തോമസ് സങ്കാര കൊലചെയ്യപ്പെട്ടു. ആഫ്രിക്കൻ സാമ്രാജ്യത്വ വിരുദ്ധനേതാക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതക പരമ്പരകൾ എപ്പോഴും സാമ്രാജ്യത്വ ശക്തികൾ ഉപയോഗിച്ചു പോന്നിരുന്ന ഒരു രീതിയായിരുന്നു; പാട്രിസ് ലുമുംബ, അമിൽകാർ കാബ്രൽ, വാൾട്ടർ റോഡ്‌നി, മൗറീസ് ബിഷപ്പ് എന്നിവരുടെ രക്തസാക്ഷിത്വം സാമ്രാജ്യത്വ ഭീകരതയുടെ ബാക്കിപത്രമാണ്.

കൊല്ലപ്പെടുന്നതിന് ഏതാണ്ട് ഒരാഴ്ച മുൻപ് ചെഗുവേരയുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ട് നടത്തിയ ഒരു പ്രസംഗത്തിൽ നിങ്ങൾക്ക് ആശയങ്ങളെ കൊല്ലാനാകില്ല എന്ന് സങ്കാര പ്രഖ്യാപിച്ചിരുന്നു. ക്യൂബൻ വിപ്ലവത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം, ഏണസ്റ്റോ ചെഗുവേര നിത്യയൗവ്വനത്തോടെ എങ്ങനെയാണ് വിപ്ലവത്തിനായി തന്നെ സ്വയം സമർപ്പിച്ചതെന്നും അതിമനോഹരമായി പ്രസ്തുത പ്രഭാഷണത്തിൽ സങ്കാര വിവരിച്ചിരുന്നു. ചെ, സ്വതന്ത്രലോകത്തിന്റെ – നമ്മൾ ഒരുമിച്ച് കെട്ടിപ്പടുക്കുന്ന സ്വതന്ത്രലോകത്തിന്റെ പൗരനാണെന്നും അതുകൊണ്ടാണ് ചെഗുവേരയെ ആഫ്രിക്കക്കാരനെന്നും ബുർക്കിന ഫാസോക്കാരനെന്നും വിശേഷിപ്പിക്കുന്നതെന്നും സങ്കാര ആവർത്തിച്ചു. സങ്കാരയുടെ കൊലപാതകത്തിന് ശേഷം ബ്ലെയ്സ് കോമ്പോർ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സാമ്രാജ്യത്വ ശക്തികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ 2014 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലയളവിൽ ആഗോളധനകാര്യ ശക്തികളുടെ ആജ്ഞകൾക്ക് മുൻപിൽ ബുർക്കിന ഫാസോയെ അദ്ദേഹം അടിയറവെച്ചു. ബുർക്കിനയിലെ അധ്വാനിക്കുന്ന തൊഴിലാളിവർഗത്തെ സാമ്പത്തിക അടിമകളാക്കി ചുരുക്കി. സങ്കാരയുടെ ഭാഷയിൽ പറഞ്ഞാൽ ബുർക്കിന ഫാസോയിലെ ജനങ്ങൾ യഥാർത്ഥ അടിമകളായിത്തീന്നു (‘ദി ട്രൂ സ്ലേവ്’). ഇങ്ങനെ പൊതുസമൂഹത്തിൽ വ്യാപകമായി പടർന്ന അതൃപ്തിയെ സൈന്യത്തിലെ വിപ്ലവകാരികൾ വഴിതിരിച്ചുവിട്ടു. അങ്ങനെ 1988-ൽ ജനിച്ച ഇബ്രാഹിം ട്രഓർ 2022ൽ പ്രസിഡൻ്റ് സ്ഥാനത്തെത്തി.

ചെ, നമ്മൾ കെട്ടിപ്പടുക്കുന്ന സ്വതന്ത്രലോകത്തിന്റെ പൗരനാണെന്നും, അതുകൊണ്ടാണ് ചെഗുവേരയെ ആഫ്രിക്കക്കാരനെന്നും ബുർക്കിന ഫാസോക്കാരനെന്നും വിശേഷിപ്പിക്കുന്നതെന്നും സങ്കാര ആവർത്തിച്ചു.

അധികാരത്തിലേക്കുള്ള ഇബ്രാഹിം ട്രഓറിന്റെ വളർച്ച, ഭൗമരാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലെ പ്രബലമായ മാറ്റങ്ങളുമായി ചേർന്നുനിൽക്കുന്ന ഒന്നാണെന്ന് കാണാൻ കഴിയും. മുതലാളിത്തം പൊതുവെയും അമേരിക്കൻ സാമ്രാജ്യത്വം പ്രത്യേകിച്ചും ക്ഷയിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ സോഷ്യലിസ്റ്റ് ചൈന ഉയർന്നുവരുന്നു. സാമ്രാജ്യത്വപതനം എന്നത് ഏറ്റവും അപകടരമായ സമയമാണെന്ന സമീർ അമിന്റെ ഉൾക്കാഴ്ച ശരിയാണെന്ന് തെളിയുന്ന ലോകസാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. സമീർ അമിൻ എഴുതുന്നു: “മുതലാളിത്തത്തിന്റെ തകർച്ചയുടെ ഘട്ടമെന്നത് അത്യന്തം ആപത്ക്കരമായ ഒരു സമയമാണ്. മുതലാളിത്തം അതിന്റെ മരണത്തെ ശാന്തമായിട്ടായിരിക്കില്ല നേരിടുന്നത്. മുതലാളിത്തം അതിൻ്റെ അവസ്ഥാതലങ്ങളെ നിലനിറുത്തുന്നതിനുവേണ്ടി അതായത് മുതലാളിത്തകേന്ദ്രങ്ങളിലെ അതിൻ്റെ സാമ്രാജ്യത്വ മേധാവിത്വസ്ഥാനം നിലനിർത്തുന്നതിനുവേണ്ടി കൂടുതൽ കൂടുതൽ പ്രാകൃതമായി പെരുമാറിക്കൊണ്ടിരിക്കും.”

അധികാരത്തിലേക്കുള്ള ട്രഓറിന്റെ വളർച്ച, ഭൗമരാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലെ പ്രബല മാറ്റങ്ങളുമായി ചേർന്നുനിന്നുകൊണ്ടാണ്.

സങ്കാര കാണിച്ചുതന്ന പാതയിലൂടെയാണ് ഇബ്രാഹിം ട്രഓർ സഞ്ചരിക്കുന്നത്. അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിനോടും നാറ്റോ (NATO) യോടുമുള്ള ട്രഓറിന്റെ അനാദരവ് പ്രധാനമാണ്. ഉദാഹരണത്തിന് ഐഎംഎഫിന് (IMF) എതിരായ ആക്ഷേപങ്ങളിൽ “പുഞ്ചിരിയോടെയാണ് നിങ്ങളുടെ ലോണുകളെത്തുന്നതെന്നും എന്നാൽ അവ കരാറിൽ പൊതിഞ്ഞ വിഷം പുരണ്ട അമ്പുകളാണെ”ന്നും ട്രഓർ പറയുന്നുണ്ട്. ‘നിങ്ങൾ സ്ഥിരതയെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഞങ്ങളുടെ കഴുത്തുകളെ വരിഞ്ഞുമുറുക്കുകയാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. നമ്മുടെ സ്വർണം പടിഞ്ഞാറിന്റെ നിലവറകളെ നിറയ്ക്കുന്നൊരു കാലത്ത് നമ്മുടെ ജനങ്ങളെ യാചകരാക്കി മാറ്റുന്ന സാമ്പത്തിക നയങ്ങൾ അനുവദിക്കാനാകില്ലെന്നും, പൊതുസേവനങ്ങളെ തകർക്കുകയും കർഷകരെ ദരിദ്രരാക്കുകയും, യുവാക്കളെ നാടുകടത്താൻ നിർബന്ധിതമാക്കുകയും ചെയ്യുന്ന വ്യവസ്ഥകളുടെ താളത്തിനൊപ്പം നൃത്തം ചെയ്യാനില്ലെന്നുമുള്ളതിൽ അദ്ദേഹത്തിന് പൂർണബോധ്യമുണ്ട്. നല്ല ഭരണമെന്നാൽ ദേശീയ സമ്പത്തിനെ കഴുകന്മാരായ കൺസൾട്ടൻ്റുമാർ അണിനിരന്നിട്ടുള്ള വിദേശ ധനകാര്യസ്ഥാപനങ്ങൾക്ക് കൈമാറുകയാണെന്ന് പറയുന്നതിനെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹത്തിന് വ്യക്തതയുണ്ട്.

ബുർക്കിന ഫാസോ ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയത് നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്.

സ്വർണശേഖരത്തിന്റെ വലിയൊരു ഭാഗത്തെ ധീരമായി ദേശസാത്ക്കരിച്ചതും, വിദേശ കോർപറേഷനുകളുമായുള്ള ഖനനകരാറുകൾ ബോധപൂർവം പുന:ക്രമീകരണത്തിന് വിധേയമാക്കിയതുമെല്ലാം ഇബ്രാഹിം ട്രഓറിനെ സാമ്രാജ്യത്വ ശക്തികളുടെ ശത്രുവായി മാറ്റിയിട്ടുണ്ട്. ബുർക്കിന ഫാസോയിൽ നിന്നും ഫ്രഞ്ച് സൈന്യത്തെ ബഹിഷ്കരിച്ചതും, ചൈനയുമായും റഷ്യയുമായും ഉള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കിയതുമെല്ലാം നാറ്റോയെ അസ്വസ്ഥമാക്കുന്നുണ്ട്. ബുർക്കിന ഫാസോ , മാലി, നൈജർ എന്നിവ ഉൾപ്പെടുന്ന “സഹേൽ രാഷ്ട്രങ്ങളുടെ സഖ്യം” (AES) ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും, ECOWAS-ൽ (പശ്ചിമ ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക സമൂഹം) നിന്ന് പുറത്തുവരാനുള്ള ദൃഢതീരുമാനവും സാമ്രാജ്യത്വ താത്പര്യങ്ങൾക്ക് തിരിച്ചടിയായി തീർന്നിട്ടുണ്ട്.

ബുർക്കിന ഫാസോ, മാലി, നൈജർ എന്നിവ ഉൾപ്പെടുന്ന ‘സഹേൽ രാഷ്ട്ര സഖ്യം’ (AES)

സൗജന്യ വിദ്യാഭ്യാസം, സബ്‌സിഡിയുള്ള ആധുനിക ആരോഗ്യ സംരക്ഷണം, ജനങ്ങൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യപദ്ധതികൾ എന്നിവയുൾപ്പെടെയുള്ള നിരവധി പുരോഗമനപരമായ നയങ്ങൾ നിലനിൽക്കുമ്പോഴും സമൂലമായ കാർഷിക പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള ട്രഓറിന്റെ ഇടപെടലാണ് ഒരു കിസാൻ സഭ (AIKS) പ്രവർത്തകൻ എന്ന നിലയിൽ എന്നെ സ്വാധീനിച്ചത്. നവകൊളോണിയലിസം വരുത്തിവെച്ച നാശനഷ്ടങ്ങൾ ഇല്ലാതാക്കുന്നതിനും ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുമായി കാർഷിക ഉത്പാദനം പുനഃസംഘടിപ്പിക്കുകയും ആധുനികവത്ക്കരിക്കുകയുമാണ് ട്രഓർ ചെയ്യുന്നത്.

കൃഷി, സംസ്കരണം, വിപണനം എന്നിവയിൽ സഹകരണ സ്ഥാപനങ്ങളുടെ പ്രോത്സാഹനം ഉൾപ്പെടെയുള്ള കാർഷികനയങ്ങൾ ഗ്രാമീണ മേഖലകളിൽ നിന്നുള്ള കുടിയേറ്റം തടയുന്നതിനും യുവജനങ്ങൾക്ക് കൃഷിയെ മാന്യവും പ്രതിഫലദായകവുമായ ഒരു തൊഴിലാക്കി മാറ്റുന്നതിനും രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ട്രഓർ ആരംഭിച്ച പ്രസിഡൻഷ്യൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ പ്രൊഡക്ഷൻ ആൻഡ് ഫുഡ് സെൽഫ് സഫിഷ്യൻസി (IP-P3A) പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർഷക സഹകരണസംഘങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളുടെ വീഡിയോകൾ ബുർക്കിന ഫാസോയെയും ആഫ്രിക്കയെയും കുറിച്ച് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ഇത് ലെനിൻ്റെ വിപ്ലവ സിദ്ധാന്തങ്ങളുടെ പ്രായോഗികമായ ആവിഷ്കാരരൂപങ്ങൾ തന്നെയാണ്.

യുവാക്കളെ പുതിയ ആഫ്രിക്കയുടെ ശിൽപികളായാണ് ട്രഓർ കാണുന്നത്. ആഫ്രിക്കയാകട്ടെ പുനർജന്മം പ്രാപിച്ച ഒരു പുതിയ ഭൂഖണ്ഡവും. ട്രഓറിനെ സംബന്ധിച്ചിടത്തോളം യുവാക്കൾ നാളേയുടെ നേതാക്കൾ മാത്രമല്ല, ഇന്നിന്റെ വിമോചകർ കൂടിയാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ കുത്തക മുതലാളിത്തത്തിന്റെ ആധിപത്യം അവസാനിപ്പിക്കുന്നതിനായി നവകൊളോണിയലിസമുണ്ടാക്കുന്ന സാമ്പത്തിക അസ്ഥിരതയ്ക്കെതിരായ പോരാട്ടത്തിൽ യുവാക്കൾ അധ്വാനിക്കുന്ന തൊഴിലാളിവർഗത്തോടൊപ്പം പങ്കുചേരേണ്ടതുണ്ട്. ഒരു വിപ്ലവശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയിൽ നവലിബറലിസം അതിന്റെ അവസാന ഘട്ടത്തിലേക്കെത്തിയിരിക്കുകയാണെന്നതാണ് എൻ്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ശരിയായ സോഷ്യലിസ്റ്റ് ആവിഷ്കാരത്തോടുകൂടിയ ഒരു പുതിയ ബദലിനായുള്ള ശാസ്ത്രീയ അന്വേഷണത്തിന്റെ പ്രതീകാത്മകമായ ആവിഷക്കാരം കൂടിയാണ് ട്രഓറിന്റെ ഉദയം.

യുവാക്കളെ പുതിയ ആഫ്രിക്കയുടെ ശിൽപികളായാണ് ട്രഓർ കാണുന്നത്. ട്രഓറിനെ സംബന്ധിച്ചിടത്തോളം യുവാക്കൾ നാളേയുടെ നേതാക്കൾ മാത്രമല്ല, ഇന്നിന്റെ വിമോചകർ കൂടിയാണ്.

ഒരുകാലത്ത് ഗ്ലോബൽ സൗത്തിലെ ഭരണവർഗങ്ങൾ ചുവടുവെച്ചിരുന്ന റീഗണോമിക്സിന്റേയും താച്ചറിസത്തിന്റേയും പ്രലോഭനകരമായ സംഗീതത്തിന് ഇന്ന് പ്രകടമായ മങ്ങലേറ്റിട്ടുണ്ട്. മൂർത്ത (concrete) സാഹചര്യങ്ങൾക്ക് അനുസരിച്ച് സൂക്ഷ്മതയോടെ ശാസ്ത്രീയ സോഷ്യലിസത്തിലേക്ക് മുന്നേറുകയെന്നതാണ് എല്ലാ സാമ്രാജ്യത്വവിരുദ്ധരുടെയും കടമ. സാമ്രാജ്യത്വ കിരാതത്വത്തിനും പഴയ പരാജയകഥപറച്ചിലിനും ഇടമില്ലാത്ത ഒരു ലോകത്തിനായി നാം സ്വപ്നം കാണേണ്ടതും പ്രവർത്തിക്കേണ്ടതുമുണ്ട്. ലെനിനിസ്റ്റ് കാലഘട്ടത്തിലെ ശാസ്ത്രീയ സോഷ്യലിസത്തിന്റെ മാർഗനിർദേശങ്ങൾ പിന്തുടരുന്ന, ധീരവും ദീർഘവീക്ഷണവുമുള്ള നേതൃത്വമാണ് ലോകം ഇന്ന് ആവശ്യപ്പെടുന്നത്. ഇബ്രാഹിം ട്രഓറിയുടെ ധീരമായ ഇടപെടലുകൾ അത്തരമൊരു സ്വപ്നത്തിന് പ്രചോദനമേകുന്നു.

studentstruggle.in ൽ പ്രസിദ്ധീകരിച്ച ലേഖനം : പരിഭാഷ, ഐഷ ഫർസാന

നിധീഷ് ജെ. വില്ലാട്ട്

നിധീഷ് ജെ. വില്ലാട്ട്

പി. സുന്ദരയ്യ മെമ്മോറിയൽ റിസർച്ച് ട്രസ്റ്റിൻ്റെ റിസേർച്ച് കോർഡിനേറ്റർ. സെൻട്രൽ കിസാൻ കമ്മിറ്റി അംഗം, AIKS

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *