ഒരു സിനിമയുടെ അവസാനം “ശുഭം” എന്ന് മനസിൽ പോലും പറയാൻ കഴിയാത്തവിധം ആന്റിക്ലൈമാക്സുകൾ നിറഞ്ഞവയായിരുന്നു ലോഹിയുടെ സിനിമകള്‍ മിക്കവയും. പച്ചയായ ജീവിത യാഥാർഥ്യങ്ങളുമായി അത്രത്തോളം ഇഴചേർന്ന് കിടക്കുന്ന ആ കഥകള്‍ക്ക് അങ്ങനെ അവസാനിച്ചേ മതിയാകുമായിരുന്നുള്ളൂ – ലോഹിതദാസ് എന്ന ചലച്ചിത്ര പ്രതിഭയെ അടയാളപ്പെടുത്തുന്ന ലേഖനം.
മനസിൻ്റെ സങ്കീർണതകളെ ചലച്ചിത്രമാക്കിയ ലോഹിതദാസ്

മലയാള സിനിമയിൽ ശുഭപര്യവസായിയായി അവസാനിക്കാത്ത സിനിമകളുടെ ഒരു പട്ടികയെടുത്താൽ അതിൽ എ.കെ ലോഹിതദാസ് എന്ന പേര് സംവിധാനത്തിലോ, തിരക്കഥയിലോ കാണും എന്നത് തീർച്ച. സിനിമ ഒരു പരിധിവരെ സ്വപ്നമോ സങ്കല്പമോ ഒക്കെയാണെങ്കിലും ലോഹിതദാസിൻ്റെ സിനിമകൾക്ക് സാധാരണ മനുഷ്യജീവിതത്തിന്റെ കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും നിർഭാഗ്യങ്ങളുടെയുമെല്ലാം മണവും നിറവുമായിരുന്നു.
വെറും മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന അതിഭാവുകത്വങ്ങളില്ലാത്ത കഥാപാത്രങ്ങളായിരുന്നു ലോഹിതദാസിൻ്റെ തിരക്കഥകളിലെ ഹൈലൈറ്റ്. ജീവിത പ്രാരാബ്ധങ്ങളിലും, ചെന്നുപെടുന്ന ജീവിത വഴികളിലും നട്ടം തിരിഞ്ഞ് എങ്ങനെ മുന്നോട്ട് പോകണം എന്നറിയാതെ നിൽക്കുന്ന നിസ്സഹായരായ നായകരായിരുന്നു ലോഹി ജന്മം നൽകിയവരിൽ മിക്കവരും. വരേണ്യവർഗത്തിൻ്റെ മാത്രം കഥകളിലൊതുങ്ങി നിൽക്കുകയായിരുന്ന മലയാള സിനിമയെ അടിസ്ഥാനവർഗത്തിൻ്റെ ജീവിത ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി പരിചയപ്പെടുത്താൻ ലോഹിക്ക് സാധിച്ചു.

ആശാരി, മൂശാരി, കൊല്ലൻ, കരുവാൻ, വണ്ണാൻ, മുക്കുവർ, പുള്ളുവർ, വേട്ടക്കാർ, തൂപ്പുകാർ, സർക്കസുകാർ, ലോറി ഡ്രൈവർമാർ, ഗുണ്ടകൾ, വേശ്യകൾ എന്നിങ്ങനെ സിനിമാ സ്ക്രീനിൽ അധികമാരും പറയാതെ മാറ്റിനിർത്തിയവരുടെ ജീവിതങ്ങളും ലോഹിയിലൂടെ ബിഗ് സ്ക്രീനിലെത്തി. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളെ അഭ്രപാളിയിൽ ഇത്രയേറെ ഭംഗിയോടെ വരച്ചിട്ട ഒരു എഴുത്തുകാരൻ, സംവിധായകൻ. ലോഹിതദാസിന്റെ സ്ഥാനം ആ കൂട്ടത്തിൽ എന്നും മുൻപന്തിയിൽ തന്നെയാണ്.

ഒരു സിനിമ കണ്ട് ആദ്യമായി മനസ് നീറി കരഞ്ഞത് ‘തനിയാവർത്തനം’ കണ്ടുകൊണ്ടിരിക്കെയാണ്. കുടുംബത്തിനുള്ളിൽ തലമുറകളായി വിടാതെ പിന്തുടരുന്ന മാനസിക രോഗവും അതിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാവാൻ വിധിക്കപ്പെട്ട ബാലൻ മാഷും ഇപ്പോഴും നീറുന്ന ഓർമ്മയാണ്. മികച്ച സിനിമയായിരുന്നിട്ടു കൂടി രണ്ടാമതൊന്ന് കാണാൻ മനസുകൊണ്ട് ധൈര്യം ലഭിച്ചിട്ടില്ലാത്ത ഒരുപിടി മലയാളസിനിമകളിൽ പ്രഥമസ്ഥാനം ‘തനിയാവർത്തന’ത്തിനാണ്. തനിയാവർത്തനത്തിലൂടെയാണ് തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമാ ലോകത്തേക്ക്ലോ ഹിതദാസ് കടന്നുവരുന്നത്.
ചെറുകഥാ രചനയിൽ ജീവിതം തുടങ്ങിയ ലോഹിതദാസ് പിന്നീട് നാടക രചനയിലൂടെയാണ് സിനിമാലോകത്തെത്തുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത തന്റെ ആദ്യ സിനിമ, തനിയാവർത്തനത്തിലൂടെ തന്നെ സിനിമയിൽ തന്റേതായ ഒരിടം ഉറപ്പിക്കാൻ ലോഹിക്ക് കഴിഞ്ഞു. പിന്നീട് ഇതേ കൂട്ടുകെട്ടിൽ പിറന്ന എഴുതാപ്പുറങ്ങൾ, വിചാരണ, കിരീടം, ദശരഥം, മുദ്ര, മാലയോഗം,
ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, വളയം, കമലദളം, ചെങ്കോൽ, സാഗരം സാക്ഷി എന്നീ സിനിമകളിൽ മിക്കതും മലയാളികൾക്ക് പ്രിയപ്പെട്ടവയായിരുന്നു.

ഭൂതക്കണ്ണാടിയിലെ വിഭാര്യനും, സ്നേഹനിധിയും, എന്നാൽ കടുത്ത അന്ധവിശ്വാസം പേറി നടക്കുന്ന ഭീരുവായ വിദ്യാധാരനെ, സിനിമ കണ്ടവരാരും മറക്കാനിടയില്ല. ബാല്യവും ജീവിതസാഹചര്യങ്ങളും, വിശ്വാസവും, അന്ധവിശ്വാസവും, സമൂഹവും എല്ലാം എങ്ങനെയൊക്കെയാണ് ഒരാളെ അബ്നോർമലാക്കുന്നത് എന്നാണ് വിദ്യാധാരനിലൂടെ ലോഹി കാണിച്ചുതന്നത്. വിദ്യാധരൻ തന്റെ ഭൂതക്കണ്ണാടിയിലൂടെ വാച്ച് റിപ്പയറിങ്ങിനെന്ന പോലതന്നെ സസൂക്ഷ്മയാണ് ചുറ്റും നടക്കുന്ന കാര്യങ്ങളെയും നിരീക്ഷിക്കുന്നത്. അങ്ങനെയുള്ള അയാൾ ഒരു സ്കീസോഫ്രെനിക് (Schizophrenic) ആയി മാറുന്നത് എത്ര തന്മയത്വത്തോടെയാണ് ലോഹി വിദ്യാധരനിലൂടെ അവതരിപ്പിച്ചത്.
“അടുത്തേക്ക് വരരുത്…” കത്തികാട്ടി ശൂന്യതയുടെയും നെർവസ്നെസ്സിന്റെയും, കുറ്റബോധത്തിന്റെയുമെല്ലാം ഭാവങ്ങൾ മിന്നിമറഞ്ഞ കണ്ണുകളോടെ എന്തോ ചവച്ചുകൊണ്ട് സാനിറ്റിയുടെ നേർത്ത വരമ്പിൽ നിന്ന് ഇൻസേനിറ്റിയുടെ പടവിലേക്ക് ഇറങ്ങാനായി കാലാട്ടി നിൽക്കുന്ന സേതുമാധവനെ മലയാളിക്ക് മറക്കാനാകുമോ. ലോഹിയുടെ തിരക്കഥയിൽ സിബി മലയിലിലൂടെ സമൂഹം എങ്ങനെ ഒരു സാധാരണക്കാരനെ ഗുണ്ടയാക്കി മാറ്റുന്നു എന്നതിന്റെ ഉദാഹരണമാണ് കിരീടത്തിലെ സേധുമാധവൻ.

സിനിമയിലെ നായികാ/നായക കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല, ചെറിയ ക്യാറക്ടേഴ്സിന് പോലും കൃത്യമായ സ്വഭാവവും രൂപവും നൽകാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും ലോഹിക്ക് കഴിഞ്ഞിരുന്നു. വാത്സല്യത്തിലെ കുഞ്ഞമ്മാവൻ എന്ന കഥാപാത്രമാണ് അബൂബക്കർ എന്ന നടനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്നും മനസിലേക്ക് ആദ്യം കടന്നുവരിക. കിരീടം/ചെങ്കോലിലെ കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസ്, പാഥേയത്തിൽ ലാലു അലെക്സ് അവതരിപ്പിച്ച ഹരികുമാരമേനോൻ, ദശരഥത്തിലെ സുകുമാരിയുടെ മാഗി ആന്റി, കനൽക്കാറ്റിലെ കെ.പി.എ.സി ലളിതയുടെ ഓമന, കൗരവരിൽ തിലകൻ അവതരിപ്പിച്ച അലിയാർ ബാബ, ആധാരത്തിൽ സുധീഷ് അവതരിപ്പിച്ച രമേശൻ, വളയത്തിൽ ഒടുവിലിന്റെ ഗോവിന്ദനാശാൻ…അങ്ങനെ എത്ര കഥാപാത്രങ്ങൾ.
അമരം/പാഥേയം/വെങ്കലം – (ഭരതൻ), കുടുംബപുരാണം/സസ്നേഹം/കനൽകാറ്റ്/തൂവൽ കൊട്ടാരം/വീണ്ടും ചില വീട്ടുകാര്യങ്ങൾ -(സത്യൻ അന്തിക്കാട്), മുക്തി/മൃഗയ – (ഐ.വി ശശി), മഹായാനം/കുട്ടേട്ടൻ/കൗരവർ – (ജോഷി), രാധാമാധവം/ജാതകം – (സുരേഷ് ഉണ്ണിത്താൻ), വാത്സല്യം – (കൊച്ചിൻ ഹനീഫ), ആധാരം – (ജോർജ് കിത്തു), ചകോരം – (വേണു), സാദരം – (ജോസ് തോമസ്), ഉദ്യാനപാലകൻ – (ഹരികുമാർ), സല്ലാപം – (സുന്ദർദാസ്) തുടങ്ങിയവയാണ് ലോഹി തിരക്കഥയെഴുതിയ മറ്റു സിനിമകൾ.

1997ലാണ് ഭൂതക്കണ്ണാടി എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് ലോഹി കടന്നുവരുന്നത്. ഏറെ നിരൂപക ശ്രദ്ധയും പ്രശംസയും ഏറ്റുവാങ്ങിയ ചിത്രത്തിന് ദേശീയ അംഗീകാരവും ലഭിച്ചു. കാരുണ്യം, ഓർമ്മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കർ, സൂത്രധാരൻ, കസ്തൂരിമാൻ, ചക്രം, ചക്കരമുത്ത്, നിവേദ്യം എന്നിവയാണ് ലോഹി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമകൾ. നായകകഥാപാത്രത്തിനെന്ന പോലെ അദ്ദേഹത്തിന്റെ ഒട്ടുമിക്ക സ്ത്രീകഥാപാത്രങ്ങൾക്കും പ്രാധാന്യം ലഭിച്ചിരുന്നു.
സംവിധാനത്തിലേക്ക് ഇറങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ സിനിമകൾക്ക് പഴയ മൂർച്ച നഷ്ടപ്പെട്ടു എന്ന് അഭിപ്രായപ്പെടുന്ന നിരൂപകരുമുണ്ട്. തിരക്കഥാകൃത്ത് ആയിരിക്കുമ്പോൾ തന്നെ സിനിമയുടെ വ്യാവസായിക മൂല്യങ്ങൾക്കും മറ്റ് സമ്മർദ്ദങ്ങൾക്കും വഴങ്ങി ചില വിട്ടുവീഴ്ച്ചകൾക്ക് അദ്ദേഹത്തിനും വഴങ്ങേണ്ടി വന്നിട്ടുണ്ടാകാം.
ഒരു സിനിമയുടെ അവസാനം “ശുഭം” എന്ന് മനസിൽ പോലും പറയാൻ കഴിയാത്തവിധം ആന്റിക്ലൈമാക്സുകൾ നിറഞ്ഞവയായിരുന്നു ലോഹിയുടെ സിനിമകള്‍ മിക്കവയും. പച്ചയായ ജീവിത യാഥാർഥ്യങ്ങളുമായി അത്രത്തോളം ഇഴചേർന്ന് കിടക്കുന്ന ആ കഥകള്‍ക്ക് അങ്ങനെ അവസാനിച്ചേ മതിയാകുമായിരുന്നുള്ളൂ.