വ്യാജമായ കുറ്റാരോപണങ്ങൾ നടത്തി തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും പദ്ധതിയുടെ ഭാഗമാണ് ഇറാനെതിരായ ഇപ്പോഴത്തെ ആക്രമണം.
ഇസ്രയേലിന്റെ ഗൂഢാലോചനാപരമായ നീക്കങ്ങളും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പശ്ചിമേഷ്യയെ രക്തപങ്കിലമാക്കുന്ന ആക്രമണപരമ്പരകൾക്ക് കാരണമായിരിക്കുന്നത്. ഇറാനെതിരായ ഇസ്രയേലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് ലോബിയുടെ സാമ്പത്തിക രാഷ്ട്രീയ സൈനിക താൽപര്യങ്ങൾ പരിശോധിക്കുന്ന ലേഖനം.
പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ത് ?

പശ്ചിമേഷ്യയിലാകെ യുദ്ധഭീകരത പടർത്തി ഇറാനെ തകർക്കാനും പലസ്തീനെ ഇല്ലാതാക്കാനുമുള്ള ആസൂത്രിത നീക്കമാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ആരംഭിച്ചിരിക്കുന്നത്. ലോകനിയമങ്ങളെയും രാഷ്ട്രങ്ങളുടെയും ജനതകളുടെയും സ്വയം നിർണ്ണയാവകാശങ്ങളെയും അംഗീകരിക്കാത്ത തെമ്മാടി രാഷ്ട്രമാണ് ഇസ്രായേൽ. അതിന്റെ ജന്മസ്വഭാവം തന്നെ ആക്രമണവും യുദ്ധവുമാണ്. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ ശക്തികളുടെ ഔട്ട് പോസ്റ്റ് എന്ന നിലയിലാണ് മെഡിറ്ററേനിയൻ തീരത്ത് ബ്രിട്ടനും അമേരിക്കയും ഫ്രാൻസും മുൻകൈയ്യെടുത്ത് പലസ്തീനികളെ അടിച്ചോടിച്ചും ഓടിപ്പോകാൻ തയ്യാറാകാതെ ജന്മനാടിനായി പൊരുതിനിന്നവരെ അരിഞ്ഞു വീഴ്ത്തിയും ഇസ്രായേൽ എന്ന മതരാഷ്ട്രം സ്ഥാപിക്കുന്നത്.

രണ്ടാംലോകമഹായുദ്ധം അവസാനിച്ചതിനുശേഷവും ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ആണവാഗ്നിയിൽ കൊന്നൊടുക്കി ലോകമേധാവിത്വത്തിലേക്ക് കടന്നുവന്ന അമേരിക്കയുടെ സംരക്ഷണയിൽ പശ്ചിമേഷ്യയിൽ വളർന്നുവന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രയേൽ. ആണവായുധങ്ങളും പശ്ചിമേഷ്യയിലെ ഗുണ്ടാരാഷ്ട്രമായ ഇസ്രയേലിനെയും കൈമുതലാക്കിക്കൊണ്ടാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസാമ്രാജ്യത്വശക്തികൾ പശ്ചിമേഷ്യയിലെ എണ്ണവിഭവങ്ങൾക്കും വാണിജ്യപാതകൾക്കും മുകളിൽ ആധിപത്യമുറപ്പിക്കാനുള്ള അധിനിവേശതന്ത്രങ്ങൾ മെനഞ്ഞത്. ലോക പോലീസായ അമേരിക്കയുടെ ശിങ്കിടിയായ ഈ സയണിസ്റ്റ് രാഷ്ട്രത്തിന് അതിന്റെ ജന്മകാലം മുതൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡോളറുകളും ആയുധങ്ങളും ഒഴുക്കി കൊടുക്കുകയായിരുന്നു.
അമേരിക്കയുടെ വിദേശ നയത്തിൽ ഇസ്രായേലെന്ന സയണിസ്റ്റ് ഭീകരരാഷ്ട്രത്തെ പശ്ചിമേഷ്യയിലെ ആക്രമകാരിയായ ഉപകരണമായി നിലനിർത്തുകയെന്നത് തന്ത്രപരമായ ലക്ഷ്യമായിട്ടാണ് എക്കാലത്തും പരിഗണിച്ചിരുന്നത്. ജോസഫ് സ്റ്റിഗ്ളസിന്റെ അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള പഠനങ്ങളിൽ ഇസ്രായേലിന് ഓരോ വർഷവും യുഎസ് സർക്കാറുകൾ റിപ്പബ്ലിക്കന്മാരെന്നോ ഡെമോക്രാറ്റുകളെന്നോ ഭേദമില്ലാതെ ഒഴുക്കി കൊടുക്കുന്ന സാമ്പത്തിക സഹായത്തിന്റെ കണക്കുകൾ ഉദ്ധരിക്കുന്നുണ്ട്.

അതായത് സാമ്രാജ്യത്വതാൽപ്പര്യങ്ങളുടെ അജണ്ടയിലാണ് അറബ് വംശജരായ പലസ്തീനികളുടെ ജന്മഭൂമി അപഹരിച്ച് 1948-ൽ തങ്ങളുടെ ഔട്ട്‌പോസ്റ്റായ ഇസ്രയേൽ രാഷ്ട്രത്തിന് അമേരിക്കയും കൂട്ടാളികളും ജന്മം നൽകിയത്. ജൂതവംശീയവാദിയായ തിയോഡർഹർസൻ വിഭാവനം ചെയ്ത ജൂയിഷ് സ്റ്റേറ്റായിരുന്നു ഇസ്രയേൽ. ആധുനിക ദേശരാഷ്ട്രങ്ങളെ സംബന്ധിച്ച എല്ലാ വീക്ഷണങ്ങളെയും കാറ്റിൽപറത്തിക്കൊണ്ടാണ് ജൂതവംശീയതയുടെ ഉന്മാദം പിടിപെട്ട സയണിസ്റ്റുകൾ പലസ്തീനികളെ അവരുടെ ജന്മഭൂമിയിൽ നിന്ന് അടിച്ചോടിച്ച് ഇസ്രയേൽ രാഷ്ട്രമുണ്ടാക്കിയത്. ബ്രിട്ടന്റെയും അമേരിക്കയുടെയും അരുമയായി രൂപംകൊണ്ട ഈ സയണിസ്റ്റ് രാഷ്ട്രം ലോകംകണ്ട ഏറ്റവും ഭീകരവാദിയായ ക്രിമിനൽ രാഷ്ട്രമാണ്. ഇസ്രയേലിന്റെ ഗൂഢാലോചനാപരമായ നീക്കങ്ങളും രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ പശ്ചിമേഷ്യയെ രക്തപങ്കിലമാക്കുന്ന ആക്രമണപരമ്പരകൾക്ക് കാരണമായിരിക്കുന്നത്. ഇറാനെതിരായ ഇസ്രയേലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന സാമ്രാജ്യത്വ-സയണിസ്റ്റ് ലോബിയുടെ സാമ്പത്തിക രാഷ്ട്രീയ സൈനിക താൽപര്യങ്ങളെയാണ് ഇവിടെ പരിശോധിച്ചുപോകുന്നത്.

അമേരിക്കയുടെയും മറ്റിതര സാമ്രാജ്യത്വശക്തികളുടെയും ആസൂത്രണതന്ത്രത്തിലാണ് ഇസ്രയേൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആക്രമണപരമ്പരയ്ക്ക് തുടക്കം കുറിച്ചത്. ഇറാന്റെ ന്യൂക്ലിയർകേന്ദ്രങ്ങൾ ലക്ഷ്യംവെച്ചുകൊണ്ടാണ് ഇസ്രയേൽ ബോംബിംഗ് ആരംഭിച്ചത്. അത് പശ്ചിമേഷ്യയെ ആകെ യുദ്ധക്കളമാക്കാനുള്ള സയണിസ്റ്റ് ഭീകരരാഷ്ട്രത്തിന്റെ നീക്കമായിരുന്നു. അതിന് ശക്തമായ തിരിച്ചടി നൽകുമെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ പ്രഖ്യാപനത്തിന് പിറകെ ഇറാൻ ഇസ്രയേൽ തലസ്ഥാനമായ ടെൽഅവീവിൽ മിസൈലുകൾ തൊടുത്തുവിട്ടു. രണ്ട് ഇസ്രയേൽ യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടത്. ടെൽഅവീവിലെ ഇസ്രയേൽ പ്രതിരോധമന്ത്രാലയത്തിന് സമീപം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മധ്യഇസ്രയേലിലെ ഏഴോളം പ്രദേശങ്ങളിൽ വമ്പിച്ച നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ഇറാന്റെ ആക്രമണവേളയിൽ തന്നെ യെമനനിൽ നിന്നും ഇസ്രയേലിനുനേരെ മിസൈൽ ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെയാണ് ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളാകെ ഇസ്രയേലിന് ശക്തമായ മറുപടി നൽകാൻ സജ്ജമാക്കിയിരിക്കുന്നു. ആയത്തുള്ള അലി ഖൊമേനി ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയതുപോലെ ‘കഠിനവും വേദനാജനകവുമായ വിധി’യ്ക്ക് തയ്യാറെടുക്കാൻ ഇസ്രയേൽ ബാധ്യസ്ഥമായിരിക്കുന്നു. പശ്ചിമേഷ്യയെ രക്തപങ്കിലമാക്കുവാനും യു.എസ് ഇംഗിതമനുസരിച്ചുമാണ് നെതന്യാഹു ഭരണകൂടം ഇറാനെ ആക്രമിച്ചത്. ഇസ്രയേലിന്റെ റൈസിംഗ് ലയൺ സൈനിക ഓപ്പറേഷനിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഇസ്ലാമിക് റെവല്യൂഷണറി ചീഫ് കമാൻഡർ ഹുസൈൻ സലാമി എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് മെഹ്തി ടെഹ്‌റാഞ്ചി, ഫെറൈദൂൾ അബ്ബാസി എന്നിവർ ഉൾപ്പെടെ ആറ് ആണവശാസ്ത്രജ്ഞരും സിവിലിയൻമാരും കൊല്ലപ്പെട്ടു. ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ നിലയം നിലകൊള്ളുന്ന ടെഹ്‌റാന്റെ നതാൻസ് പ്രദേശവും ആണവഗവേഷണകേന്ദ്രമായ തബ്രിസ് ഉൾപ്പെടെ എട്ട് മേഖലകളിലാണ് ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടത്.

ഇതിന് തിരിച്ചടി നൽകാനായി ഇറാൻ ഇസ്രയേലിലേക്ക് നൂറിലേറെ ഡ്രോണുകളാണ് തൊടുത്തുവിട്ടത്. അതോടെ ഇസ്രയേലിൽ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. പലഭാഗങ്ങളിലും അപകട സൈറൺ മുഴങ്ങുന്നു. വെള്ളിയാഴ്ച ഏകപക്ഷീയമായി ഇറാനെതിരായി ഇസ്രയേൽ നടത്തിയ ആക്രമണം വിജയകരമാണെന്നും സൈനിക ഓപ്പറേഷൻ തുടരുമെന്നും പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഇറാന്റെ കടുത്ത പ്രത്യാക്രമണം ഉണ്ടായത്.
ഇസ്രയേലിന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്നാണ് ലോകത്തോട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോറൂബിയോ പറയുന്നത്. അതുകൊണ്ടുതന്നെ ഇറാനോട് ഈ മേഖലയിലെ അമേരിക്കൻ താൽപര്യങ്ങളെയോ ഉദ്യോഗസ്ഥരേയോ ലക്ഷ്യംവെക്കരുതെന്നുള്ള അഭ്യർത്ഥനയും മാർകോ റൂബിയോ നടത്തിയിട്ടുണ്ട്. അതേസമയം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കാനുള്ള ഇസ്രയേലിന്റെ ആക്രമണത്തെ പ്രസിഡണ്ട് ട്രംപ് പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. മാർകോറൂബിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകമാണ് ട്രംപ് ഇറാനെ ആക്രമിച്ച ഇസ്രയേലിനെ പ്രശംസിച്ച് പ്രസ്താവനയിറക്കിയത്.

ഇസ്രയേൽ ഏകപക്ഷീയമായി ആരംഭിച്ച കടന്നാക്രമണത്തിന് ഇറാൻ കടുത്ത തിരിച്ചടി നൽകിയതോടെ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് ഈ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. ഇറാനിലെ എണ്ണപ്പാടവും എണ്ണ സംഭരണകേന്ദ്രവും പ്രതിരോധമന്ത്രാലയ ആസ്ഥാനവും ഇസ്രയേൽ ആക്രമിക്കുകയും നിരവധി സൈനിക കേന്ദ്രങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇതിനുള്ള പ്രത്യാക്രമണമെന്ന നിലയിലാണ് കഴിഞ്ഞ ഞായറാഴ്ച ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽഅവീവിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ ആണവ ഗവേഷണ സ്ഥാപനങ്ങൾ വരെ ആക്രമണത്തിൽ തകർന്നു. നിരവധിപേർ മരണപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇരുരാജ്യങ്ങളും ശക്തമായ തിരിച്ചടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്.
ഈ മേഖലയിലാകെ യുദ്ധഭീതി പരന്നിരിക്കുന്നു. ഇസ്രായേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായും റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിൽ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇസ്രയേൽ ഇറാന്റെ ആണവകേന്ദ്രങ്ങളും പ്രതിരോധ സംവിധാനങ്ങളും ആക്രമിച്ച് തകർത്തതിലുള്ള പ്രത്യാക്രമണമെന്ന രീതിയിലാണ് ഇറാൻ ഇസ്രയേലിന് കനത്ത തിരച്ചടിക്കൊരുങ്ങിയത്. ടെഹ്‌റാനിൽ 80 ഓളം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ മരണമടഞ്ഞത്. ഇതിന് ഉത്തരം പറയിപ്പിക്കാനാണ് ഇറാൻ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് ത്രീ’ എന്ന പേരിൽ തിരിച്ചടിയാരംഭിച്ചത്.

ഇസ്രയേലിന്റെ ഭീഷണികളെയും ആക്രമണപരമ്പരകളെയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും കാക്കാൻ ബാധ്യതപ്പെട്ട ഇറാൻജനത അവസാനശ്വാസം വരെ നേരിടുമെന്നും കനത്ത മറുപടി നൽകുമെന്നുമാണ് ഇറാൻ ആർമി ചീഫ് കമാൻഡർ മേജർ ജനറൽ അമീർഹതാമി പ്രതികരിച്ചത്. ഇറാൻ ആണവസമ്പുഷ്ടീകരണം നടത്തുന്നുവെന്നും ബോംബുകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ചാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സൂചനകളെ നിമിത്തമാക്കി ഇസ്രയേൽ ടെഹ്‌റാനിലെ ന്യൂക്ലിയർ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. വ്യാജമായ കുറ്റാരോപണങ്ങൾ നടത്തി തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും പദ്ധതിയുടെ ഭാഗമാണ് ഇറാനെതിരായ ഇപ്പോഴത്തെ ആക്രമണം.
കഴിഞ്ഞ മൂന്ന് മാസം മുമ്പാണ് യു.എസ് ഇന്റലിജൻസ് ഏജൻസികൾ ഇറാൻ അണുബോംബ് നിർമ്മിക്കുന്നില്ല എന്ന് വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ വിശ്വസ്തനും രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായ തുൾസി ഗബാർ കഴിഞ്ഞ മാർച്ച് മാസത്തിൽതന്നെ ഇറാൻ അണുബോംബ് നിർമ്മിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ ഇസ്രയേൽ ഇറാനെതിരെ തിടുക്കത്തിൽ ആക്രമണമാരംഭിച്ചത് ഇറാനും അമേരിക്കയും തമ്മിൽ ഒത്തുതിർപ്പ് ധാരണകൾ ഉണ്ടാകാതിരിക്കാനാണ് എന്നാണ് പല അന്താരാഷ്ട്ര വിദഗ്ധന്മാരും നിരീക്ഷിക്കുന്നത്. മധ്യപൂർവദേശത്തിൽ തങ്ങൾക്ക് വെല്ലുവിളിയാകുന്ന ഇറാനെ തകർക്കുകയെന്നത് എക്കാലത്തെയും ഇസ്രയേലിന്റെ അജണ്ടയാണ്.

ഗസയെയും വെസ്റ്റ്ബാങ്കിനെയും കൂടി പലസ്തീനികളിൽ നിന്ന് പിടിച്ചെടുത്ത് പലസ്തീൻ പ്രദേശമാകെ ഇസ്രയേലിന്റേതാക്കി മാറ്റുന്നതിന് തടസ്സമായിരിക്കുന്നത് ഇറാനും സിറിയയും ലെബനനുമൊക്കെ അടങ്ങുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളാണ്. സിറിയയിലെ ഇസ്രായേൽ വിരുദ്ധ അസദ് ഭരണകൂടത്തെ യു.എസ് പിന്തുണയോടെ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളെ ഉപയോഗിച്ച് അട്ടിമറിക്കാൻ കഴിഞ്ഞു. നിലവിൽ പലസ്തീൻ പോരാളികളെ സഹായിക്കുന്ന ഇറാനെ സാമ്പത്തികമായി തകർക്കുകയെന്നത്, അതിന്റെ സൈനിക രാഷ്ട്രീയശക്തിയെ അസ്ഥിരീകരിക്കുകയെന്നത് ഇസ്രായേലിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ നാലരപതിറ്റാണ്ടിലേറെക്കാലമായി പലസ്തീൻ ജനതയോടൊപ്പം നിൽക്കുന്ന പശ്ചിമേഷ്യൻ രാജ്യമാണ് ഇറാൻ.
ഇറാനിലെ അമേരിക്കൻ അനുകൂല രാജഭരണകൂടങ്ങളെ അട്ടിമറിച്ച് കമ്യൂണിസ്റ്റ് പിന്തുണയോടെ അധികാരത്തിൽവന്ന ഡോക്ടർ മുഹമ്മദ് മൊസാദിക്കിന്റെ സർക്കാർ പലസ്തീൻ പ്രശ്‌നത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മൊസാദിക്കിന്റെ ഇറാൻ ഭരണകൂടം ഈജിപ്തിലെ നാസറുടെ നേതൃത്വത്തിൽ ഇസ്രയേലിനെതിരായി നടന്ന യുദ്ധത്തിൽ ശക്തമായ പിന്തുണയാണ് നൽകിയത്. ദശകങ്ങൾ നീണ്ടുനിൽക്കുന്ന അമേരിക്കൻ ഉപരോധത്തിൽ നിന്ന് പലസ്തീനിലെ ജനതയ്ക്ക് എല്ലാ സഹായങ്ങളും എത്തിച്ചുകൊടുക്കുന്നതിൽ ഇറാൻ മുന്നിൽതന്നെ നിലനിന്നിരുന്നു. എന്നാൽ ഇറാന്റെ യു.എസ്-ഇസ്രയേൽ വിരുദ്ധ നിലപാടുമൂലം ആ രാജ്യത്തെ തകർക്കാൻ അമേരിക്കയും കൂട്ടാളികളും ആ രാജ്യത്തിനെതിരെ കടുത്ത ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.
വിഭവസമ്പന്നമായ ആ രാജ്യത്തിന്റെ സ്വാശ്രിതമായ വളർച്ചയെ തകർക്കാനാണ് അമേരിക്കയും കൂട്ടാളികളും ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ എണ്ണ സമ്പത്താകെ മുൻകാലങ്ങളിലെന്നപോലെ തങ്ങൾക്ക് കൊള്ളയടിക്കാനാകണമെന്നാണ് അമേരിക്കയും പാശ്ചാത്യമുതലാളിത്ത രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഉപരോധത്തിലൂടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് അതിൽപ്പെട്ട് പ്രയാസപ്പെടുന്ന ജനങ്ങളെ ഇറാൻ ഭരണകൂടത്തിനെതിരെ തിരിച്ചുവിടാമെന്ന തന്ത്രമാണ് അമേരിയ്ക്കക്കുള്ളത്. തങ്ങൾക്ക് വഴങ്ങിതരാത്ത ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക്കൻ ഭരണകൂടത്തെ അട്ടിമറിക്കുകയെന്നതാണ് അമേരിക്കൻ പദ്ധതി.

ഇതിനായി സീനിയർ ബുഷിന്റെ കാലം മുതൽ ഇറാനെതിരായി ആണവ ബോംബുകൾ ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങൾ സാർവ്വദേശീയവേദികളിൽ അമേരിക്ക ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. രണ്ട് ദശകം മുമ്പ് ഇറാനെതിരായി ബോംബ് നിർമ്മാണ ആരോപണം ഉയർത്തിക്കൊണ്ടുവന്ന ഘട്ടത്തിൽ മിതവാദിയും പരിഷ്‌ക്കരണേച്ഛവുമായ മുഹമ്മദ്ഖതമിയായിരുന്നു ഇറാന്റെ പ്രസിഡണ്ട്. പിന്നീട് ഹസൻ റുഹാനി പ്രസിഡണ്ടായിരുന്നപ്പോഴും ഇസ്രയേലും സാമ്രാജ്യത്വരാജ്യങ്ങളും ഉപരോധങ്ങളിലൂടെ ഇറാനെ വേട്ടയാടുകയായിരുന്നു. 2015-ൽ റുഹാനിയയുടെ കാലത്താണ് യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമ്മനി ഉൾപ്പെട്ട വൻശക്തികളുമായി ആണവകരാർ ഉണ്ടാക്കുന്നത്. ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡണ്ടായിരിക്കുന്ന കാലമാണിത്.

2018-ൽ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളെപോലും അനുസരിക്കാതെയാണ് ട്രംപ് അമേരിക്കയെ കരാറിൽ നിന്ന് പിൻവലിപ്പിച്ചത്. ഇത് ഇസ്രായേലിലെ നെതന്യാഹു ഭരണകൂടത്തിന്റെ താൽപര്യപ്രകാരമാണ്. ഇറാനുമായി പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളും യു.എസും ഒരാണവകരാറുണ്ടാക്കുന്നതിനെ ഇസ്രായേൽ തുടക്കം മുതൽ തന്നെ എതിർത്തിരുന്നു. ട്രംപിന്റെ പിന്മാറ്റത്തോടെ പാശ്ചാത്യരാജ്യങ്ങളെ വിശ്വസിച്ചു മുന്നോട്ടുപോകാനാവില്ലെന്ന് ഇറാന് ഒരിക്കൽകൂടി ബോധ്യപ്പെടുകയായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും ട്രംപ് രണ്ടാമതും അധികാരത്തിൽവന്ന ഘട്ടത്തിൽ പുതിയ കരാർ ആകാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചപ്പോൾ ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാൻ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈയൊരു സാഹചര്യത്തിൽ ആരംഭിച്ച ചർച്ചകൾ ആറാം റൗണ്ടിലേക്ക് കടക്കാൻ മണിക്കൂറുകൾ അവശേഷിപ്പിക്കവെയാണ് നെതന്യാഹുവിന്റെ ഇസ്രയേൽ സൈന്യം ഇറാനെ ആക്രമിച്ചത്. കാര്യം വ്യക്തമാണ്. നേരത്തെ തന്നെ ഇറാനും വൻശക്തികളും തമ്മിലുണ്ടാക്കിയ കരാറിനെ എതിർത്ത നെതന്യാഹുവിന്റെ ലക്ഷ്യം എങ്ങനെയെങ്കിലും ഇറാനുമായി വീണ്ടും യു.എസ് ഒരു കരാറിലെത്തുന്നതിനെ തടയുകയെന്നതാണ്.
അതായത് ഇറാനിലും പശ്ചിമേഷ്യക്കകത്തും സമാധാനപരമായ അന്തരീക്ഷത്തിന് കാരണമാകുന്ന ഏതൊരു കരാറും ഇറാന്റെ സാമ്പത്തിക വളർച്ചയ്ക്ക് സാഹചര്യമൊരുക്കും. അതിനെ തടയുക എന്നതാണ് ഇസ്രയേൽ ഭരണകൂടത്തിന്റെ താൽപര്യം. ഇസ്രയേലിന്റെ ഈ കുടിലതയെയും വിനാശകരമായ യുദ്ധതാൽപര്യങ്ങളെയും മനസ്സിലാക്കി ശക്തമായ നിലപാട് സ്വീകരിക്കാൻ പാശ്ചാത്യ മുതലാളിത്ത ശക്തികൾ തയ്യാറാവുന്നില്ല എന്നത് അവരുടെ ഇരട്ടത്താപ്പിനെയാണ് അനാവരണം ചെയ്യുന്നത്.

യുദ്ധവെറിയുടെയും വംശീയ ഉന്മാദത്തിന്റെയും ഭീകരവാദപ്രത്യയശാസ്ത്രമാണ് ഇസ്രായേലിനെ നയിക്കുന്ന സയണിസം. അറബ് വംശജരെയും രാഷ്ട്രങ്ങളെയും ലക്ഷ്യംവെച്ച് കഴിഞ്ഞ എത്രയോ ദശകങ്ങളായി ഇസ്രായേൽ സേനയും മൊസാദ് ഉൾപ്പെടെയുള്ള അവരുടെ രഹസ്യാന്വേഷണ വിഭാഗങ്ങളും ആക്രണമങ്ങളും ഗൂഢാലോചനപരമായ നീക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ആണവനിലയങ്ങളുടെ ഭൂഗർഭനിലയങ്ങളിൽ മനുഷ്യനാശകാരികളായ ന്യൂക്ലിയർ ആയുധങ്ങളുണ്ടെന്ന പ്രചരണമാണ് കാലാകാലങ്ങളായി അമേരിക്കയും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇല്ലാത്ത ആണവായുധ നിർമ്മാണങ്ങളുടെ പേരിൽ ഇറാഖിനെ തകർത്തതും ഇറാനുനേരെ ദശകങ്ങളായി ഉപരോധം തുടരുന്നതും സാമ്രാജ്യത്വ-സയണിസ്റ്റ് കൂട്ടുകെട്ടിന്റെ അധിനിവേശ താൽപര്യങ്ങളും യുദ്ധക്കൊതിയും മൂലമാണ്.