ഫെമിനിസ്റ്റ് ചിന്തകയായ Silvia Federici ഗൃഹാധ്വാനത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വിശദീകരിക്കുന്നുണ്ട്. സ്ത്രീകൾ ചെയ്യുന്ന ഗൃഹാധ്വാനവും പരിചരണ ജോലികളും ക്യാപിറ്റലിസ്റ്റ് ഉത്പാദനത്തിൻ്റെ അദൃശ്യ അടിത്തറ ആണ്. ഈ പ്രവർത്തനങ്ങളില്ലാതെ തൊഴിൽ ശക്തിയുടെ പുനരുത്പാദനം സാധ്യമല്ല. അതായത്, സ്ത്രീകളുടെ വികാരാധിഷ്ഠിത തൊഴിൽ, സമൂഹത്തിൻ്റെ സാമ്പത്തിക ഘടനയെ തന്നെ നിലനിർത്തുന്ന ഒരു അടിസ്ഥാനം ആണ്.
മുതലാളിത്തം പെണ്ണുങ്ങളുടെ വികാരങ്ങളെ ക്യാപ്പിറ്റലാക്കുന്ന വിധം

ലോകമെമ്പാടും സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, വിമോചനം എന്നിവ ചർച്ച ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ-സാമൂഹിക അവസരമായി വനിതാദിനം മാറിയിട്ടുണ്ട്. എന്നാൽ ഈ ദിനത്തിലെ ആഘോഷങ്ങളും മുദ്രാവാക്യങ്ങളും പലപ്പോഴും സ്ത്രീകളുടെ ജീവിതത്തിലെ അടിസ്ഥാനപരമായ ചൂഷണ ഘടനകളെ മറച്ചുവയ്ക്കുന്നു. പ്രത്യേകിച്ച്, സമൂഹത്തെയും കുടുംബത്തെയും നിലനിർത്താൻ സ്ത്രീകൾ ചെയ്യുന്ന അദൃശ്യവും പ്രതിഫലമില്ലാത്തതുമായ മാനസിക അധ്വാനം, അതായത് ഇമോഷണൽ ലേബർ, അധികം സംസാരിക്കപ്പെടാതെ പോകുന്ന ഒന്നാണ്.
സാമൂഹ്യശാസ്ത്രജ്ഞയായ Arlie Russell Hochschild തന്റെ പഠനങ്ങളിൽ “Emotional Labour” എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ, മനുഷ്യരുടെ വികാരങ്ങൾ പോലും ഒരു തൊഴിൽ രൂപമായി സാമൂഹികവും സാമ്പത്തികവുമായ ഘടനകളിൽ പ്രവർത്തിക്കുന്നുവെന്നു അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.കുടുംബത്തിനുള്ളിൽ, ജോലി സ്ഥലങ്ങളിൽ, സാമൂഹിക ബന്ധങ്ങളിൽ സ്ത്രീകൾക്ക് അവരുടെ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കുകയും മറ്റുള്ളവരുടെ വികാരങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു “മാനസിക ജോലി” നിർബന്ധിതമായി ഏൽപ്പിക്കപ്പെട്ടിരിക്കുന്നു.
പൊതുവേ തൊഴിൽ എന്നത് ശാരീരികമായോ ബുദ്ധിപരമായോ ഉള്ള ഉൽപ്പാദന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ പരമ്പരാഗത ധാരണ. എന്നാൽ സമൂഹം നിലനിൽക്കാൻ ആവശ്യമായ നിരവധി പ്രവർത്തനങ്ങൾ ഈ കാഴ്ചപ്പാടിന് പുറത്താണ്. ഇത് പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തിൽ സ്വാഭാവികമായ ഒരു ഉത്തരവാദിത്വമായി സമൂഹം നിർവ്വചിച്ചിരിക്കുന്നുണ്ട്. “സ്ത്രീകൾക്ക് കരുണയും പരിചരണവും കൂടുതലാണ്” എന്ന ആശയം ഈ സംവിധാനത്തെ ന്യായീകരിക്കുന്ന ഒരു സാംസ്കാരിക ഉപാധിയാണ്. എന്നാൽ യാഥാർത്ഥ്യത്തിൽ ഇത് ഒരു സാമൂഹിക പരിശീലനത്തിന്റെ ഫലമാണ്, ഒരു സ്വാഭാവിക ഗുണമല്ല.
കുടുംബം എന്ന സ്ഥാപനം സാധാരണയായി സ്നേഹത്തിന്റെയും സുരക്ഷയുടെയും ഇടമായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ, കുടുംബം ഒരു അധികാര ഘടനയും തൊഴിൽ വിഭജനവും ഉള്ള ഒരു സ്ഥാപനമാണ്. ഇവിടെ സ്ത്രീകൾക്ക് ഭൂരിഭാഗം സമയവും വികാരപരമായ മാനേജ്മെന്റ് എന്ന ജോലി ഏൽപ്പിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ വിഷമങ്ങൾ കേൾക്കുക, ഭർത്താവിന്റെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുക, കുടുംബത്തിലെ സംഘർഷങ്ങൾ ശമിപ്പിക്കുക,ഇവയെല്ലാം ഒരുതരം മാനസിക തൊഴിലാണ്. പക്ഷേ ഇത് തൊഴിൽ എന്ന നിലയിൽ അംഗീകരിക്കപ്പെടുന്നില്ല. ഈ പ്രവർത്തനങ്ങൾ “സ്നേഹം” എന്ന പേരിൽ സ്വാഭാവികമാക്കപ്പെട്ടിരിക്കുന്നു.
ഇതിലൂടെ സ്ത്രീകളുടെ വികാരങ്ങളും സമയവും ഒരു സാമൂഹിക വിഭവമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ ഉപയോഗത്തിന് ഒരു സാമ്പത്തിക മൂല്യം നൽകിയിട്ടില്ല. വികാരാധിഷ്ഠിത തൊഴിൽ ക്യാപിറ്റലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ ഒരു നിർണായക ഘടകമാണ്. കാരണം തൊഴിലാളികൾക്ക് അടുത്ത ദിവസം വീണ്ടും തൊഴിൽ ചെയ്യാൻ കഴിയണമെങ്കിൽ അവരുടെ ജീവിതത്തിൽ ഒരു മാനസിക പുനരുജ്ജീവനം ആവശ്യമാണ്. ഈ പുനരുജ്ജീവനത്തിന്റെ വലിയൊരു ഭാഗം കുടുംബത്തിലെ സ്ത്രീകൾ നിർവഹിക്കുന്നു. ഫെമിനിസ്റ്റ് ചിന്തകയായ Silvia Federici ഗൃഹാധ്വാനത്തെക്കുറിച്ചുള്ള തന്റെ പഠനങ്ങളിൽ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ, വീട്ടിൽ സ്ത്രീകൾ ചെയ്യുന്ന ഗൃഹാധ്വാനവും പരിചരണ ജോലികളും ക്യാപിറ്റലിസ്റ്റ് ഉൽപ്പാദനത്തിന്റെ ഒരു അദൃശ്യ അടിത്തറ ആണ്. കാരണം ഈ പ്രവർത്തനങ്ങളില്ലാതെ തൊഴിൽ ശക്തിയുടെ പുനരുത്പാദനം സാധ്യമല്ല. അതായത്, സ്ത്രീകളുടെ വികാരാധിഷ്ഠിത തൊഴിൽ സമൂഹത്തിന്റെ സാമ്പത്തിക ഘടനയെ തന്നെ നിലനിർത്തുന്ന ഒരു അടിസ്ഥാനം ആണ്.
കുടുംബത്തിനുള്ളിൽ മാത്രം അല്ല, സേവന മേഖലയിലും ഇമോഷണൽ ലേബർ വളരെ പ്രധാനപ്പെട്ടതാണ്. ഹോട്ടലുകൾ, ആശുപത്രികൾ, സ്കൂളുകൾ, കോൾ സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് “സൗഹൃദപരമായ മുഖം” എന്നും “സ്നേഹപൂർവ്വമായ പെരുമാറ്റം” എന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഇവിടെ തൊഴിലാളികൾക്ക് അവരുടെ സ്വന്തം വികാരങ്ങൾ നിയന്ത്രിച്ച് ഉപഭോക്താക്കൾക്ക് സന്തോഷകരമായ അനുഭവം നൽകേണ്ടിവരുന്നു. അതായത് അവരുടെ വികാരങ്ങൾ പോലും വിപണിയിലെ ഒരു ഉൽപ്പന്നമായി മാറുന്നു. സ്ത്രീകളുടെ വ്യക്തിത്വവും വികാരങ്ങളും പോലും ഒരു വിപണി മൂല്യമുള്ള വിഭവമായി ഉപയോഗിക്കപ്പെടുന്നു.
സ്ത്രീകളുടെ വികാരാധിഷ്ഠിത തൊഴിൽ എല്ലായിടത്തും ഒരുപോലെ അനുഭവപ്പെടുന്നതല്ല. ജാതി, വർഗ്ഗം,ജൻഡേർ തുടങ്ങിയ സാമൂഹിക ഘടനകൾ ഈ അനുഭവങ്ങളെ വ്യത്യസ്തമായി സ്വാധീനിക്കുന്നു.ഉദാഹരണത്തിന്, മധ്യവർഗ്ഗ കുടുംബങ്ങളിൽ വീട്ടുജോലികൾ ചെയ്യാൻ എത്തുന്ന തൊഴിലാളി സ്ത്രീകൾക്ക് ശാരീരിക അധ്വാനത്തോടൊപ്പം വികാരപരമായ അനുസരണയും സമൂഹം ആവശ്യപ്പെടുന്നുണ്ട്. അവർക്ക് വിനീതമായി പെരുമാറണം, വീട്ടുടമകളുടെ വികാരങ്ങൾ മാനിക്കണം, സ്വന്തം വിഷമങ്ങൾ പ്രകടിപ്പിക്കരുത്. ഇതിലൂടെ അവരുടെ തൊഴിൽ ഒരു ഇരട്ട ചൂഷണ ഘടനയിൽ കുടുങ്ങുന്നു.സ്ത്രീകളുടെ വികാരാധിഷ്ഠിത തൊഴിൽ ഒരു വ്യക്തിഗത പ്രശ്നമല്ല. ഇത് ഒരു ഘടനാപരമായ സാമൂഹിക പ്രശ്നമാണ്. അതിനാൽ പരിഹാരവും വ്യക്തിഗത തലത്തിൽ മാത്രം സാധ്യമല്ല. സ്ത്രീ വിമോചനം എന്നത് വിപണി നൽകുന്ന ചില വ്യക്തിഗത അവസരങ്ങളിലൂടെ മാത്രം സാധ്യമല്ല. ഫെമിനിസ്റ്റ് ചിന്തകയായ Nancy Fraser ചൂണ്ടിക്കാട്ടുന്നതുപോലെ, യഥാർത്ഥ വിമോചനം സാധ്യമാകാൻ സാമ്പത്തിക ഘടനകളിലും സാമൂഹിക അധികാര ബന്ധങ്ങളിലും മാറ്റങ്ങൾ ആവശ്യമാണ്.







