മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവാർഡ് വേടനിലെത്തുമ്പോൾ റാപ് മലയാളത്തിലാദ്യമായി തലയുയർത്തി നൽകുകയാണ്. സ്വന്തം വരികൾ പാടിയ ഗായകനായും ആ പ്രതിബദ്ധ കലാകാരൻ അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ മുരട്ടിൽ അടിമസമാനമായി വരിനിൽക്കുന്നവർക്ക് പ്രതിരോധാത്മകത വേഗം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ലോലമായ പ്രണയാതുരതയും ഉള്ളുുപൊള്ളയായ ഫലിതങ്ങളും മാത്രം റാപ് സംഗീതത്തിൽ ലയിപ്പിച്ച് ശീലമുള്ളവർക്ക് അതിവിശാല ഉള്ളടക്കമുള്ള പാർശ്വവൽകൃത രാഷ്ട്രീയം രുചിക്കണമെന്നില്ല – അനിൽകുമർ എ.വി എഴുതുന്നു
അനുഭവിച്ച നട്ടുച്ചകളുടെ ചൂടും വിയർപ്പും തുന്നിയിട്ട കുപ്പായം

‘ഭാവം നേരെയാക്കി നടന്നാൽ
നിങ്ങളെ ആർക്കും തടയാനാവില്ല,
എവിടെ പോയാലും
എഴുന്നേറ്റു നിൽക്കുക;
ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം
മറികടക്കാൻ കഴിയും’
– ആഫ്രിക്കൻ തെരുവ് കുട്ടികൾക്കിടയിലെ പ്രയോഗം
ഫ്രഞ്ച് അമേച്വർ ഫോട്ടോഗ്രാഫറായിരുന്ന സ്റ്റെഫാൻ ഫ്രാങ്കോയിസ് മേരി പാസെറ്റ് (1875-1‐941) ലോകമെമ്പാടുമുള്ള മനുഷ്യ സംസ്കാരങ്ങളുടെ ചിത്രങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദി ആർക്കൈവ്സ് ഓഫ് ദി പ്ലാനറ്റിന്റെ പ്രതിനിധിയായി ഒട്ടേറെ യാത്രകൾ നടത്തുകയുണ്ടായി. ഫ്രഞ്ച് ബാങ്കർ ആൽബർട്ട് ഖാൻ സ്പോൺസർ ചെയ്ത യാത്രകളിലൂടെ 50 രാജ്യങ്ങളിൽ നിന്ന് 183,000 മീറ്റർ ഫിലിമുകളിലായി 72,000 കളർ ഫോട്ടോകൾ ശേഖരിച്ചു. സ്വന്തം ഡ്രൈവർക്കൊപ്പം അദ്ദേഹം നടത്തിയ ലോക സഞ്ചാരത്തിൽനിന്ന് തുടങ്ങിയ പദ്ധതി ബ്രസീൽ, ഗ്രാമീണ സ്കാൻഡിനേവിയ, ബാൽക്കൺസ്, വടക്കേ അമേരിക്ക, മധ്യപൂർവ ദേശങ്ങൾ, പശ്ചിമാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പര്യവേഷണങ്ങളിലേക്ക് വളർന്നു. അന്താരാഷ്ട്രവാദിയും സമാധാനപ്രചാരകനുമായ ഖാൻ രണ്ടാം ബാൽക്കൺ യുദ്ധ ഫലങ്ങൾ, ഒന്നാം ലോകയുദ്ധത്തിലെ ഫ്രാൻസ്, തുർക്കി സ്വാതന്ത്ര്യ പ്രക്ഷോഭം എന്നീ സംഭവങ്ങൾ രേഖപ്പെടുത്തി.

ഒന്നര പതിറ്റാണ്ട് ഫ്രഞ്ച് സൈന്യത്തിൽ സന്നദ്ധസേവനം നടത്തിയ സ്റ്റെഫാൻ ഫ്രാങ്കോയിസ് മേരി പാസെറ്റ് ഒപ്പം ചേർന്നതോടെ ആ ദൗത്യം ഏറെ മുന്നോട്ടുപോയി. 1929ലെ ഓഹരി വിപണി തകർച്ചയിൽ ഖാന്റെ സമ്പത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനെ തുടർന്ന് 1931ൽ പദ്ധതി നിർത്തി. 1913 ജൂലൈയിൽ പാസെറ്റ് എടുത്ത്, 1922ലെ നാഷണൽ ജിയോഗ്രാഫിക് ലക്കത്തിൽ ‘ഒരു പെട്ടിയിലെ മംഗോളിയൻ തടവുകാരി’ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോ അതിപ്രശസ്തമായി. വ്യഭിചാരത്തിനുള്ള ശിക്ഷയായി അവരെ വിദൂര മരുഭൂമിയിൽ മന്ദഗതിയിലുള്ളതും വേദനാജനകവുമായ പട്ടിണിക്കിട്ട് കൊല്ലാൻ വിധിക്കുകയായിരുന്നു. ഫോട്ടോയിൽ വെള്ളത്തിനും ഭക്ഷണത്തിനുമായി നിലത്ത് രണ്ട് പാത്രങ്ങൾ കാണാം. അത് ദയയുടെ ഭാഗമായിരുന്നില്ല. മറിച്ച് പതുക്കെയുള്ള മരണം ഉറപ്പിക്കാനായിരുന്നു. സ്ത്രീക്ക് ഭക്ഷണത്തിന് യാചിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ വഴിപോക്കർ അവഗണിച്ചതിനാൽ കഷ്ടപ്പാട് നീങ്ങിയില്ല. മംഗോളിയയിലെ പ്രാദേശിക നിയമങ്ങളെ ഭയപ്പെട്ടതിനാൽ അവരെ രക്ഷിക്കാൻ തയാറായതുമില്ല പാസെറ്റ്.
സ്തംഭിച്ചുനിൽക്കുന്ന കേരളീയ
പൊതുബോധത്തിന്റെ വികൃത രൂപം
ചിദംബരം രചനയും സംവിധാനവും നിർവഹിച്ച് 2024 ഫെബ്രുവരി 22 ന് റിലീസായ ‘മഞ്ഞുമ്മൽ ബോയ്സി’ലെ മലയാളികൾ നെഞ്ചേറ്റിയ ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിൻ്റെ രചനയിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് റാപ്പർ വേടന് നൽകിയതിനെതിരെ ചുരുക്കം ധാർമികവാദികളും ജോയ് മാത്യു ഉൾപ്പടെ വിരിലിലെണ്ണാവുന്ന ചില ചലച്ചിത്ര പ്രവർത്തകരും അസഹിഷ്ണുത പ്രകടിപ്പിച്ചത് വലിയ കോലാഹലത്തിലേക്ക് വളർന്നില്ലെങ്കിലും സന്ദേശം രോഗാതുരമായ സംസ്കാരത്തിന്റേതാണ്.
സ്തംഭിച്ചുനിൽക്കുന്ന കേരളീയ പൊതുബോധത്തിന്റെ വികൃത രൂപമായും അതിനെ അടയാളപ്പെടുത്തേണ്ടതുണ്ട്. ജീവചരിത്രപരമായി മാത്രം എഴുത്തുകാരെയും സാഹിത്യ പ്രതിഭകളെയും ചിന്തകരെയും കലാകാരന്മാരെയും വിലയിരുത്താൻ തുടങ്ങിയാൽ പ്രതീക്ഷയുടെയും സാന്ത്വനത്തിന്റെയും എല്ലാ കരകളും കടലെടുത്തുപോകും. മലയാള സിനിമാ ശാഖയിൽ വിദ്യാസമ്പന്നരും അധ്യാപകരുമായ കവികൾ സംഭാവന നൽകിയ കാലം ഗൃഹാതുരമായി ഓർത്തെടുത്ത ചിലർ ശാർദൂല വിക്രീഡിതങ്ങൾ അയവിറക്കുകയും ചെയ്തു. പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച് ഫാസിൽ നിർമിച്ച് 1997 സെപ്റ്റംബർ നാലിന് റിലീസായ ചന്ദ്രലേഖ സിനിമയിൽ ഒന്നാം വട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം എന്ന പാട്ടിന്റേതടക്കം ഇപ്പോഴും അർഥം ഇഴപിരിച്ചെടുക്കാനാവാത്ത വരികളിൽ ആവേളംശം പുളകം കൊള്ളുകയുമുണ്ടായി. തന്നെ അലട്ടിയ പ്രശ്നം നൈതികതയാണെന്ന് വരുത്താൻ ശ്രമിച്ചെങ്കിലും സർക്കാരിനെതിരായ ഒളിയമ്പാണ് ജോയ് മാത്യു തൊടുത്തുവിട്ടത്. വേടന്റെ പേര് പരാമർശിക്കാതെ, അവാർഡ് കൊടുക്കുകതന്നെ വേണം.

ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ നിയമത്തിന്റെ കണ്ണിൽ സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണമെന്നും അബലകൾക്ക് ആശ്രയമാണെന്നും നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രി. അപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും വ്യക്തിയെന്ന നിലയിലുള്ള അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുകയുമാണ്. അപ്പോൾ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയുമാവാം. ഗുണപാഠം: ഇങ്ങനെയുള്ളവർ ഭാവിയിൽ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും എന്നാണ് ജോയ് മാത്യുവിന്റെ വിശദീകരണം.
പാബ്ലോ പിക്കാസോയുടെ ഒരു കാൽ കനക
സിംഹാസനത്തിലും മറ്റേത് അഴുക്കുചാലിലും
കലാകാരന്റെയും സാഹിത്യകാരന്റെയും ആരോപണ വിധേയമായ വ്യക്തി ജീവിതം ചൂഴ്ന്നെടുത്ത് രചനകളെയും ആവിഷ്കാങ്ങളെയും സംഭാവനകളെയും വിലയിരുത്തുകയും ശകാരങ്ങൾ ഉതിർക്കുകയും ചെയ്യുന്ന രീതിശാസ്ത്രം അവലംബിച്ചാൽ ആഗോളതലം മുതൽ കൊച്ചു മലയാളത്തിലേതുവരെയുള്ള പ്രതിഭകളുടെ നീക്കിയിരിപ്പുകൾ റദ്ദാക്കേണ്ടിവരും. കുടുംബത്തിലെ വേലക്കാരി ഹെലീൻ ഡെമുത്തുമായി ബന്ധമുണ്ടായെന്നും അതിൽ ഫ്രെഡറിക് ഡെമുത്ത് എന്ന് പേരിട്ട ആൺകുട്ടി പിറന്നെന്നുമുള്ള ആരോപണം കാൾ മാർക്സിന്റെ മൂലധനം അസാധുവാക്കിയില്ലല്ലോ. റൊമാന്റിസത്തിന്റെ രക്ഷാധികാരിയായി അറിയപ്പെട്ട ബൈറൺ പ്രഭു ഭാര്യയുടെ അർധസഹോദരിയുമായി ബന്ധം പുലർത്തി. ഭാര്യ കാതറിൻ ഹൊഗാർത്തിന്റെ അനുജത്തി മേരിയോട് ചാൾസ് ഡിക്കൻസിന് തോന്നിയ വല്ലാത്ത ആഭിമുഖ്യം ‘ദി ഓൾഡ് ക്യൂരിയോസിറ്റി ഷോപ്പ്’ എന്ന കൃതിയിൽ ദുരന്തപൂർണയായ ലിറ്റിൽ നെൽ കഥാപാത്രമായെത്തുക പോലുമുണ്ടായി.

ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള പരമ്പരാഗത ആശയങ്ങളെ വെല്ലുവിളിച്ച എച്ച് ജി വെൽസ് തന്റെ വിദ്യാർഥിനിയെ വിവാഹം കഴിച്ചെങ്കിലും അവരുടെ സമ്മതത്തോടെ നിരവധി ബന്ധങ്ങൾ തുടർന്നു. എഴുത്തുകാരി റെബേക്ക വെസ്റ്റുമായുള്ള പ്രണയം എടുത്തു പറയണം. ലൈംഗികത കലയെ ഉത്തേജിപ്പിച്ചുവെന്ന് പറയാറുള്ള വിശ്രൂത ചിത്രകാരൻ പാബ്ലോ പിക്കാസോ ഒരേ സമയം പല സ്ത്രീകളുമായും സങ്കീർണമായ ബന്ധങ്ങൾ പുലർത്തി – ഓൾഗ ഖോഖ്ലോവയെയാണ് ആദ്യം ജീവിതത്തിലേക്ക് സ്വീകരിച്ചത്. മേരി-തെരേസ് വാൾട്ടറുമായുള്ള പ്രണയത്തെ തുടർന്ന് പിരിഞ്ഞു. ജാക്വലിൻ റോക്ക് പിന്നീട് ഒപ്പമെത്തി. ഒരു കാൽ കനക സിംഹാസനത്തിലും മറ്റേത് അഴുക്കുചാലിലും എന്ന പ്രയോഗം പോലും അദ്ദേഹത്തെക്കുറിച്ചുണ്ടായി. കലാലോകത്തെ പ്രതിബദ്ധതയാൽ അമ്പരപ്പിച്ച ആ അതുല്യ പ്രതിഭയെ വായിക്കേണ്ടത് അലസമായ വ്യക്തിജീവിതം ആധാരമാക്കിയല്ല.
താളവും കവിതയും
‘റിഥം എ ആൻഡ് പൊയട്രി’ (താളവും കവിതയും)എന്നതിന്റെ ചുരുക്കപ്പേരായ ആഫ്രിക്കൻ‐അമേരിക്കൻ പ്രാദേശിക ഇംഗ്ലീഷ് ക്രിയാപദമായ റാപിന്, ബുദ്ധിപരമായ നേരിയ പ്രഹരം ഉപയോഗിച്ച് അടിക്കുക, ശക്തിയായി ഉച്ചരിക്കുക, ഒരാളുമായി സംസാരിക്കുക തിരിച്ചറിയുക അല്ലെങ്കിൽ പരിചയം അംഗീകരിക്കുക എന്നെല്ലാം അർഥമുണ്ട്. പശ്ചിമാഫ്രിക്കൻ നാടോടി ഗാനാലാപന പാരമ്പര്യങ്ങളിൽ റാപിങ്ങിനോടുള്ള സാമ്യം കാണാം. ഹിപ്-ഹോപ്പ് സംഗീതം നിലവിൽവരുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് പശ്ചിമാഫ്രിക്കക്കാരുടെ ഗ്രിയോട്ടുകൾ ഡ്രമ്മുകളിലൂടെയും അപൂർവമായ ഉപകരണങ്ങളിലൂടെയും താളാത്മകമായി കഥകൾ അവതരിപ്പിച്ചിരുന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവാർഡ് വേടനിലെത്തുമ്പോൾ റാപ് മലയാളത്തിലാദ്യമായി തലയുയർത്തി നൽകുകയാണ്. സ്വന്തം വരികൾ പാടിയ ഗായകനായും ആ പ്രതിബദ്ധ കലാകാരൻ അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ മുരട്ടിൽ അടിമസമാനമായി വരിനിൽക്കുന്നവർക്ക് പ്രതിരോധാത്മകത വേഗം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ലോലമായ പ്രണയാതുരതയും ഉള്ളുുപൊള്ളയായ ഫലിതങ്ങളും മാത്രം റാപ് സംഗീതത്തിൽ ലയിപ്പിച്ച് ശീലമുള്ളവർക്ക് അതിവിശാല ഉള്ളടക്കമുള്ള പാർശ്വവൽകൃത രാഷ്ട്രീയം രുചിക്കണമെന്നില്ല. അടിച്ചേൽപ്പിക്കും വിധം പണിയപ്പെട്ട പൊതുബോധ മതിലുകൾ തകർക്കാതെ അത്യന്തം സങ്കീർണമായ പുതിയ കാല മനുഷ്യനാവാൻ കഴിയില്ലെന്ന ബൃഹദ് സന്ദേശമാണ് വേടൻ കവിതകളായും ഗാനങ്ങളായും സംഭാഷണങ്ങളായും ഉരുവിട്ടുവരുന്നത്. പാട്ടുകാരനും ഗാനരചയിതാവും പോപ് താരവുമായ ആന്റണി ടി ഹിങ്ക്സ് നിരീക്ഷിച്ചതുപോലെ, ‘വളരെക്കാലം മറന്നുപോയ വാക്കുകളിലേക്ക് സംഗീതം വാതിൽ തുറക്കുന്നു –
വിയർപ്പ് തുന്നിയിട്ട കുപ്പായം
അതിൻ നിറങ്ങൾ മങ്ങുകില്ല കട്ടായം
കിനാവ് കൊണ്ടുകെട്ടും കൊട്ടാരം
അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും
ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക്
ഉചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക്
ചേറിൽ പൂത്താലും താമര കണക്ക്
ചോറ് പോരേ മണ്ണിൽ ജീവിക്കാൻ നമ്മക്ക്
വയറു നിറക്കാനല്ലേ നെട്ടോട്ടം
വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം
കുരുവി കൂട്ടുമ്പോലെ കൂട്ടിയല്ലോ
മുക്കാൽ തുട്ട് കുതിര പോലെ പാഞ്ഞു
വേണ്ടതെല്ലാം പുല്ലുകെട്ട്
കയറു വിട്ട കാള ജീവിതമോ ജല്ലിക്കട്ട്
കണ്ണുമുടികെട്ടി ഉണ്ടാകുന്ന ഇരുട്ട്
കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
ഉച്ചിവെയിലത്തു മാട് പോലെ ഉഴച്ചിട്ട്
അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട്
പിച്ച വച്ചതെല്ലാം പെരിയാറിൻ മടിതട്ട്
കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്
തുടങ്ങി ആർത്തലച്ച വേടന്റെ വരികൾ തീക്ഷ്ണമായ ഇടപെടലാണ്. ദുരാർഥ പ്രയോഗങ്ങളും മസൃണ പദാവലികളും ലോല പ്രണയ സങ്കല്പങ്ങളും പുഷ്പങ്ങളിലും വനത്തിലും മഞ്ഞിലും ചുറ്റിത്തിരിയുന്ന പതനത്തിന് നടുവിലാണ് അവ അധ്വാന മഹത്വത്തിന്റെ വിളംബരമാവുന്നത്. നിത്യജീവിത സത്യങ്ങൾ വാക്കുകളിലൂടെ ആവിഷ്കരിക്കുമ്പോൾ വരേണ്യതയുടെ നെറ്റിചുളിയുക സ്വാഭാവികം.
വേഷ്ടിയും നേര്യതും കസവ് മുണ്ടും ചാന്തുപൊട്ടും ഭസ്മവും രാഖീ നൂലുകളും ചന്ദനക്കുറിയും അടയാള ചിഹ്നമായ നമ്മുടെ ചലച്ചിത്ര ഗാനരംഗത്തെ വേടൻ അക്ഷരാർഥത്തിൽ പുനർ നിർമിക്കുകയായിരുന്നു. അപര വിദ്വേഷവും ശത്രു നിർവചനവും പശുവിനെ മറയാക്കിയുള്ള ആൾക്കൂട്ട വധങ്ങളും ഉൾപ്പെടെ ഫാസിസ്റ്റ് വംശീയതയുടെ ഉന്മൂലന യന്ത്രം പുതിയ ആയുധങ്ങളണിമ്പോഴും ശുദ്ധ കവിത നീട്ടിപ്പാടുന്ന തമ്പുരാൻ കോംപ്ലക്സുകാരെ വേടൻ തെല്ലൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ജാത്യാഭിമാനത്തിന്റെ കെടുതികൾ അത് രുചിക്കാൻ നിർബന്ധിതമായവവർക്കേ തിരിച്ചറിയാനാവൂ. ഇവിടെയാണ് അവൻ അനുഭവിച്ച നട്ടുച്ചകളുടെ ചൂട് ചേർത്തുവെക്കേണ്ടത്. അനാഥത്വം, അവഹേളനം, അരികുവൽക്കരണം, ദാരിദ്ര്യം, ഒറ്റപ്പെടൽ തുടങ്ങിയവയെല്ലാം തുറിച്ചുനോക്കിയ ജീവിതം.
ഹിരൺദാസ് മുരളിയുടെ അമ്മ
ശ്രീലങ്കയിലെ ജാഫ്നക്കാരി
1994 ഒക്ടോബർ 25 ന് തൃശൂരിൽ ജനിച്ച ഹിരൺദാസ് മുരളിയുടെ അമ്മ ശ്രീലങ്കയിലെ ജാഫ്നയിൽ നിന്ന് ആഭ്യന്തരയുദ്ധകാലത്ത് ഊട്ടിയിലേക്ക് കുടിയേറി. അവർക്ക് ഇന്ത്യ അഭയം നൽകുകയും പിന്നീട് പൗരത്വം അനുവദിക്കുകയും ചെയ്തു. അച്ഛൻ മുരളി പനയ സമുദായത്തിൽ നിന്നുള്ള തൃശ്ശൂർ സ്വദേശിയായ ലോട്ടറി കച്ചവടക്കാരനാണ്. തൃശൂര്‍ റെയിൽ സ്റ്റേഷന് സമീപത്തെ സ്വപ്നഭൂമി എന്ന കോളനിയിലാണ് വേടന് ജനിച്ചത്. ജാത്യാധിക്ഷേപം വളരെയധികം നേരിട്ട ബാലനായിരുന്നു അവന്. അധികം വിദ്യാഭ്യാസം നേടാത്ത വേടൻ നിര്‍മാണ മേഖലയില്‍ കൂലിപ്പണിയ്ക്കും പോയിരുന്നു. സംഗീതം നെഞ്ചോടു ചേര്‍ത്ത കാലം മുതല്‍ക്ക് സ്റ്റുഡിയോ ബോയിയായും ജോലി ചെയ്തിരുന്നു. കുട്ടികളേയും നായകളെയും ഏറെ സ്നേഹിക്കുന്ന വേടന് അവരെല്ലാം പ്രാണനാണ്.

യോഗി ബി, നച്ചത്ര, ദിലീപ് വർമൻ തുടങ്ങിയ തമിഴ് ഹിപ്-ഹോപ്പ് കലാകാരന്മാരും മൈക്കൽ ജാക്സൺ, ബോബ് മാർലി തുടങ്ങിയ അന്താരാഷ്ട്ര സംഗീതജ്ഞരും വേടനിൽ സ്വാധീനം ചെലുത്തി. ഫോർട്ട് കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് രചനയുടെ ആദ്യ പൊതു പ്രകടനം. ഊരാളി എന്ന ബാൻഡിന്റെ ക്ഷണപ്രകാരമായിരുന്നു അത്. 2020 ജൂണിൽ ” വോയ്സ് ഓഫ് ദി വോയ്സ്ലെസ്’ മ്യൂസിക് വീഡിയോ യൂട്യൂബിൽ പുറത്തിറങ്ങിയതോടെ അവനിലേക്ക് ജനശ്രദ്ധ തിരിയുന്നത്. ജാതി വിവേചനം, പാർശ്വവൽക്കരണം, സാമൂഹികാനീതി തുടങ്ങിയവ അഭിസംബോധന ചെയ്ത വരികളായിയിരുന്നു അതിൽ. അതേകൊല്ലം ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ശീർഷകത്തിൽ രണ്ടാം മ്യൂസിക് വീഡിയോയും പുറത്തിറക്കി.
സിറിയൻ ആഭ്യന്തരയുദ്ധം, പലസ്തീനിലെ ഇസ്രയേൽ- അധിനിവേശം, അയ്ലാൻ കുർദിയുടെ ദാരുണ മരണം എന്നിവയുൾപ്പെടെയുള്ള ആഗോള മാനുഷിക പ്രശ്നങ്ങൾ പ്രതിഫലിപ്പിച്ച ഗാനമായിരുന്നു അത്. ഷാഹി കബീറിന്റെ കഥ അവലംബിച്ച് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് 2021 ഏപ്രിൽ എട്ടിന് റിലീസായ ‘നായാട്ട്’ സിനിമയിലെ വിഷ്ണു വിജയ് ചിട്ടപ്പെടുത്തിയ നരബലി എന്ന ട്രാക്കിലൂടെ ചലച്ചിത്ര സംഗീത മേഖലയിൽ അരങ്ങേറ്റം കുറിച്ചു. കൊണ്ടൽ എന്ന ചിത്രത്തിനായി കൊണ്ടൽ (2024), ചെക്ക്മേറ്റിനുവേണ്ടി വീരൻ, നോ വേ ഔട്ടിലേക്ക് മാറനാഥിൻ നിറം എന്നിവ തയ്യാറാക്കി. നരിവേട്ട എന്ന ചിത്രത്തിനായുള്ള വാ വേദ (2025) ആണ് ഏറ്റവും പുതിയ ചലച്ചിത്ര സംഭാവന. നിരൂപക പ്രശംസ നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് (2024) എന്ന ചിത്രത്തിലെ കിസസ് ഇൻ ദി ക്ലൗഡ്സ് ഗാനം മറ്റൊരു നേട്ടം. കാലിക്കറ്റ് സർവകലാശാല മലയാളം നാലാം സെമസ്റ്ററിലും കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിലും ജനപ്രിയ സംസ്കാരം എന്ന പാഠഭാഗത്ത് ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന വേടന്റെ പാട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. മൈക്കൽ ജാക്ക്സന്റെ ‘ദേ ഡോണ്ട് റിയലി കെയർ ഫോർ അസ്’ എന്ന ഗാനവുമായാണ് താരതമ്യം.
അതികാല്പനിക ഗാനങ്ങളിലെ
പരിസ്ഥിതിക്ക് വിയോജനക്കുറിപ്പ്
സ്ഥിരം പല്ലവിയായി ആവർത്തിക്കപ്പെടുന്ന അതികാല്പനിക ഗാനങ്ങളിലെ പരിസ്ഥിതിക്ക് വിയോജനക്കുറിപ്പായ വേടന്റെ വ്യത്യസ്തമായ എഴുത്തിലെ അതിജീവനത്വര പ്രശസ്ത നടനും ആക്ടിവിസ്റ്റുമായ ചലച്ചിത്ര പുരസ്കാര ജൂറി കൃത്യമായി പരിഗണിച്ചു. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം.

റാപ് സംഗീതമാണ് വേടൻ ചെയ്യുന്നത്. അതാണ് ഇന്നത്തെ തലമുറയുടെ ശബ്ദം. സ്ഥിരമായി ശാസ്ത്രീയ സംഗീതങ്ങൾക്കേ അവാർഡ് ലഭിക്കൂവെന്ന ധാരണ പാടില്ല. നിരുത്തരവാദപരമായ സംഗീതമാണ് വേടന്റേതെന്ന് പറയാൻ കഴിയില്ല. അതിൽ പുതിയ മനുഷ്യരുടെ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. അതുപോലെ കഥാപാത്രങ്ങളുടെ വിവിധ അടരുകൾ ആ പാട്ടിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയും ചെയ്തു. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലെ ചെറുപ്പക്കാരുടെ കഥപറയാൻ ആ പാട്ടിലൂടെ വേടൻ ഏറെ ശ്രദ്ധിക്കുകയുമുണ്ടായെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
മനീഷ് മുഴക്കുന്നിന്റെ
നോവൽ ‘കീളുവാരങ്ങൾ’
അരനൂറ്റാണ്ടു മുമ്പുവരെ നിലനിന്ന അടിമ സമ്പ്രദായത്തെയും പണിയ സമുദായത്തെയും കുറിച്ച് അവരുടെ സംസാര ഭാഷയിൽ താനെഴുതിയ ‘കീളുവാരങ്ങൾ’ നോവൽ മനീഷ് മുഴക്കുന്ന് വയനാട് വള്ളിയൂർക്കാവിലെ വെള്ളിമൂപ്പന് നൽകിയപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ‘എങ്കള ചീവിത ഒക്കളയു അറിയട്ടു’ (നമ്മുടെ ജീവിതം എല്ലാവരും അറിയട്ടെ) എന്നായിരുന്നു. പണിയ സമുദായത്തിന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, കർമങ്ങൾ, വിശ്വാസങ്ങൾ, പൂർവകാലജീവിതം, ദൈവങ്ങളുടെയും പരേതാത്മാക്കളുടെയും വെളിപാടുകൾ എല്ലാം ചേരുന്ന വിശ്വാസസംഹിതയും, ന്യായപ്രമണവുമാണ് ‘കീളുവാരങ്ങൾ’.

ആ പ്രമാണങ്ങൾ എഴുതപ്പെട്ടതല്ല, മറിച്ച് ആട്ടാളി(കർമി)യിലൂടെയും മൂപ്പനിലൂടെയും വാമൊഴിയായി ഓരോ തലമുറയിലേക്കും കൈമാറി വരുന്നതാണ്. ലോകങ്ങൾ കൈമോശംവന്ന മനുഷ്യരെ കുറിച്ചുള്ള ആധി അലട്ടിയ എഴുത്താണതെന്നും പറയേണ്ടതുണ്ട്. കേരള സർവകലാശാലയില്‍ ജാതിയുടെ പേരില്‍ വിദ്യാർഥി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവും ഗവേഷകനുമായ വിപിന്‍ വിജയനെ അപമാനിച്ചത് അതിഗുരുതരമാണ്. സംസ്കൃതത്തില്‍ പിഎച്ച്ഡിക്ക് അര്‍ഹനല്ലെന്ന് കാണിച്ച് ഡീന്‍ ഡോ. സി എന്‍ വിജയകുമാരി വൈസ് ചാന്‍സലര്‍ക്ക് നല്കിയ കത്താണ് വിവാദങ്ങള്‍ക്കിടയാക്കിയത്. 2025 ഒക്ടോബര്‍ അഞ്ചിന് പ്രബന്ധത്തെ കുറിച്ചുള്ള ഓപ്പണ്‍ ഡിഫന്‍സ് നടന്നതിന് പിന്നാലെയായിരുന്നു സംസ്കൃതം അറിയില്ലെന്നും പിഎച്ച്ഡി നല്‍കരുതെന്നും ആവശ്യപ്പെട്ടുള്ള അപമാനിക്കൽ കത്ത് നല്‍കിയത്. എന്നാല്‍ വിപിന്‍ വിജയന് സംസ്കൃതത്തില്‍ എം.ഫില്‍ പ്രബന്ധം പൂർത്തിയാക്കിയതാവട്ടെ ഡോ. വിജയകുമാരിയുടെ മേല്‍നോട്ടത്തിലും.
വര്‍ഷങ്ങളായുള്ള തന്റെ അക്കാദമിക നേട്ടങ്ങളെയും യോഗ്യതകളെയും നിഷ്പ്രഭമാക്കുന്ന അധ്യാപികയുടെ പരാമര്‍ശം ജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചെന്നും ഉണങ്ങാത്ത മുറിവായെന്നുമാണ് വിപിന്‍ ഫെയ്സ്ബുക്കിൽ കുറിച്ചത്. വര്‍ഷങ്ങള്‍കൊണ്ട് നേടിയ അക്കാദമിക നേട്ടവും മെറിറ്റും ഒറ്റദിവസം കൊണ്ട് ഇല്ലാതെയായി, സത്യത്തിന് വിലയില്ലേ. അതില്ലായെങ്കില്‍ പിന്നെ ഞാനുമുണ്ടാവില്ല. എനിക്കിപ്പോൾ രോഹിത് വെമുലയെന്ന കൂടെപ്പിറപ്പിന്റെ നിലവിളി കേൾക്കാം. ജാതി വിവേചനത്തിന്റെ അട്ടഹാസങ്ങൾ കേൾക്കാം. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ജീവിതത്തില്‍ ഇരുട്ട് നിറയുകയാണെന്നും അത് വീണ്ടും വഴുതിപ്പോകുന്നുവെന്നും ആ വിദ്യാര്‍ഥി കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചയാകുമ്പോള്‍ അധ്യാപികയുടെ സംഘപരിവാര്‍ ബന്ധം എന്തുകൊണ്ട് മറച്ചുവെക്കപ്പെടുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

വാൽക്കഷണം: പത്ത് മില്ലി ലിറ്റർ ഇന്ത്യ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മഞ്ചേരി കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരിക്കയാണ് വളാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ. 10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷിനെ ഒക്ടോബർ 25 നാണ് പൊലീസ് അറസ്റ്റ് ചെയ്ത് ഒരാഴ്ച്ച ജയിലിലടച്ചത്. അബ്കാരി ആക്ട് പ്രകാരം ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം കൈവശം വെക്കാമെന്നാണ് ചട്ടം. എന്നാൽ അതൊന്നും മാനിക്കാതെയായിരുന്നു പൊലീസ് നടപടി. ഇത് വാഴക്കാ റിപ്ലബ്ലിക്കല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയാണെന്ന് പൊലീസുകാരെ ഓർമിപ്പിക്കുകയായിരുന്നു മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി. ബാർബർ ഷോപ്പ് നടത്തി വരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിച്ചു നൽകിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. അറസ്റ്റിന് അമിതാവേശം കാണിച്ച എസ്ഐയുടെ ഉദ്ദേശ ശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയിൽ സംശയമുണ്ടെന്നും കോടതി പറയുകയുണ്ടായി.







