ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് അംഗം ആൻഡി ഓഗിൾസ്, ന്യൂയോർക്ക് കൗൺസിൽ അംഗം വിക്കി പലാഡിനോ തുടങ്ങിയ റിപ്പബ്ലിക്കൻ നേതാക്കൾ ഉഗാണ്ടയിൽ ജനിച്ച മംദാനിയുടെ പൗരത്വം റദ്ദാക്കണമെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ട്രംപും മംദാനിയെ “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് വിളിച്ചു. “അയാൾ ഇവിടെയുള്ളത് നിയമവിരുദ്ധമായാണെന്ന് പലരും പറയുന്നുണ്ട്.. വേണ്ടി വന്നാൽ അയാളെ അറസ്റ്റ് ചെയ്യും” എന്ന് ഭീഷണിപ്പെടുത്തി. ന്യൂയോർക്ക് അന്തേവാസികളിൽ ഏതാണ്ട് നാൽപത് ശതമാനം പേർ കുടിയേറ്റക്കാരാണ്. മുപ്പത് ലക്ഷത്തിലധികം പേർ. 2018ൽ മാത്രം പൗരത്വം ലഭിച്ച ഒരു കുടിയേറ്റക്കാരനെ വിജയിപ്പിച്ചുകൊണ്ട് ന്യൂയോർക്കേഴ്സ് പറയുന്നു: “പ്രിയപ്പെട്ട കുടിയേറ്റക്കാരേ, ഇത് നിങ്ങളുടെ നഗരമാണ്, നിങ്ങൾ ഇവിടെ വെറുക്കപ്പെട്ടവരല്ല” – അരുന്ധതി ബി എഴുതുന്നു
നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ഭീഷണിയോ ? മംദാനിയുടെ വിജയം നമ്മോട് പറയുന്ന നാല് കാര്യങ്ങൾ

“നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ഭീഷണിയാണ് മംദാനി. ആ സോഷ്യലിസ്റ്റിനെ സിറ്റി ഹാളിൽ നിന്ന് അകറ്റി നിർത്താൻ എന്റെ കൈയിലുള്ള ഓരോ ചില്ലിക്കാശും ഞാൻ ചെലവഴിക്കും – ഇവിടെ നിന്ന് ബഫല്ലോ വരെയുള്ള എല്ലാ പരസ്യപ്പലകകളും വാങ്ങേണ്ടിവന്നാലും.” – മൈക്കൽ ബ്ലുംബർഗ് (ശതകോടീശ്വരൻ, ബ്ലൂംബർഗ് ന്യൂസിന്റെ ഉടമ)

മംദാനിയുടെ വിജയം നമ്മളോട് പറയുന്ന 4 കാര്യങ്ങൾ.
1.
മുതലാളിത്തത്തിന്റെ തലസ്ഥാന നഗരി എന്ന് വിശേഷിപ്പിക്കാവുന്ന, ലോക കാപ്പിറ്റലിസത്തിന്റെ കമാൻഡ് സെന്ററായ, ലോകത്തിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്. എഴുപതിലധികം fortune 500 കമ്പനികൾ, ആകെ താമസക്കാരിൽ നാല് ലക്ഷത്തോളം പേർ മില്യണെയേഴ്സ്. ഈ നഗരത്തിൽ ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയി സ്വയം അടയാളപ്പെടുത്തുകയും, സോഷ്യലിസ്റ്റ് വാഗ്ദാനങ്ങൾ മാത്രം നൽകുകയും ചെയ്ത സ്ഥാനാർഥി വിജയിച്ചു! ജനങ്ങൾക്ക് മുതലാളിത്ത വ്യവസ്ത്ഥിതിയോടുള്ള അമർഷമാണ് മംദാനിയുടെ വിജയത്തിൽ വെളിപ്പെടുന്നത്. ഫ്രീ മാർക്കറ്റ് കാപ്പിറ്റലിസം എന്ന ഓമനപ്പേരിൽ തൊഴിലാളി വർഗത്തെ ചൂഷണം ചെയ്യുന്ന ബില്യണയർമാർ അല്ല തങ്ങളെ ഭരിക്കേണ്ടതെന്ന് ജനം തീരുമാനിച്ചു.

വാടക വർദ്ധന മരവിപ്പിക്കൽ, സൗജന്യ ബസ് സർവീസുകൾ, നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കടകൾ, 2030 ആകുമ്പോഴേക്കും മണിക്കൂറിന് 30 ഡോളർ മിനിമം വേതനം, സാർവത്രിക ശിശു സംരക്ഷണം, വിദ്യാഭ്യാസത്തിൽ പൊതു നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങളുമായി വന്ന ഒരു ചെറുപ്പക്കാരൻ, മൂലധന വ്യവസ്ഥയുടെ യുക്തി തന്നെ ചോദ്യം ചെയ്യുന്ന ഒരാൾ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നു. ഇതൊരു സാധാരണ വിജയമല്ല. ഇത് കാപ്പിറ്റലിസത്തിന്റെ ആശയപരമായ തോൽവിയാണ്. വാൾസ്ട്രീറ്റിന്റെ നിഴലിൽ നിന്ന് തന്നെ ഉയർന്ന ഈ ജനവിധി പറയുന്നത് വ്യക്തമാണ്: “മുതലാളിത്ത സമ്പദ് വ്യവസ്ഥ ഞങ്ങളെ തോൽപ്പിച്ചു. ഞങ്ങൾ സോഷ്യലിസ്റ്റ് ബദൽ പരീക്ഷിക്കാൻ തയ്യാറെടുക്കുന്നു.”
2.
ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് ഒരു റേഡിയോ അഭിമുഖത്തിനിടെ, മംദാനിയുടെ എതിർ സ്ഥാനാർഥി മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്വോമോ പറഞ്ഞത് ഇങ്ങനെയാണ്: “മറ്റൊരു 9/11 ഉണ്ടായാൽ? ആ സമയത്ത് മംദാനി മേയർ സീറ്റിലിരിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?” അവതാരകനായ സിഡ് റോസെൻബെർഗ് മറുപടി പറഞ്ഞു, “അതെ, എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അവൻ അതിൽ ആഹ്ലാദിക്കും.”

സെപ്റ്റംബറിനും ഒക്ടോബറിനും ഇടയിൽ X-ൽ (മുമ്പ് ട്വിറ്റർ) സൊഹ്റാൻ മംദാനിയെക്കുറിച്ചുള്ള ഇസ്ലാമോഫോബിയ, വിദേശീയ വിദ്വേഷ പോസ്റ്റുകളിൽ 450%-ത്തിലധികം വർദ്ധനവുണ്ടായി എന്ന് ഹേറ്റ്-സ്പീച് ട്രാക്കിങ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വേൾഡ് ട്രേഡ് സെന്റർ ആക്രമണമുണ്ടായ ദിവസം മുതൽ കഴിഞ്ഞ ഇരുപത്തിനാലു വർഷങ്ങളായി അമേരിക്കൻ ഭരണകൂടങ്ങളും, കോർപ്പറേറ്റ് മാധ്യമങ്ങളും, സയണിസ്റ്റുകളും വെള്ളമൊഴിച്ചു വളർത്തിയ ഈ ഇസ്ലാം ഭീതിയെ ന്യൂയോർക്കിലെ വോട്ടർമാർ തള്ളിക്കഞ്ഞ കാഴ്ചയാണ് നാം കണ്ടത്. ലോകമെമ്പാടുമുള്ള മുസ്ലീം വിരോധികളോട് ന്യൂയോർക്കേഴ്സ് വോട്ടുകൊണ്ടു പറഞ്ഞത്: “നീതിക്കുവേണ്ടി നിലകൊള്ളുന്ന ഒരു മുസ്ലീം ചെറുപ്പക്കാരൻ നഗരത്തിന് ഭീഷണിയല്ല, മറിച്ച് നഗരത്തിനൊരു വാഗ്ദാനമാണ്.”
3.
“ന്യൂയോർക്ക് കുടിയേറ്റക്കാരുടെ നഗരമായി തുടരും, കുടിയേറ്റക്കാർ നിർമ്മിച്ചതും കുടിയേറ്റക്കാർ ചലിപ്പിക്കുന്നതും, ഇന്ന് രാത്രി മുതൽ ഒരു കുടിയേറ്റക്കാരൻ നയിക്കുന്നതുമായ നഗരം.” ഡിപ്പാർട്ടമെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റിയുടെ കണക്കുകൾ പ്രകാരം ട്രംപ് അധികാരത്തിലെത്തിയത് മുതൽ ഇരുപത് ലക്ഷം കുടിയേറ്റക്കാർക്കാണ് അമേരിക്ക വിടേണ്ടിവന്നത്. ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയവരിൽ ഗുരുതര രോഗങ്ങൾക്ക് ചികിത്സയ്ക്കെത്തിയ കുഞ്ഞുങ്ങളും നൊബേൽ ജേതാക്കളും യൂണിവേഴ്സിറ്റി വിദ്യാർഥികളുമുണ്ട്.

ന്യൂയോർക്കിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് അംഗം ആൻഡി ഓഗിൾസ്, ന്യൂയോർക്ക് കൗൺസിൽ അംഗം വിക്കി പലാഡിനോ തുടങ്ങിയ റിപ്പബ്ലിക്കൻ നേതാക്കൾ ഉഗാണ്ടയിൽ ജനിച്ച മംദാനിയുടെ പൗരത്വം റദ്ദാക്കണമെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടു. ട്രംപും മംദാനിയെ “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് വിളിച്ചു. “അയാൾ ഇവിടെയുള്ളത് നിയമവിരുദ്ധമായാണെന്ന് പലരും പറയുന്നുണ്ട്.. വേണ്ടി വന്നാൽ അയാളെ അറസ്റ്റ് ചെയ്യും” എന്ന് ഭീഷണിപ്പെടുത്തി. ന്യൂയോർക്ക് അന്തേവാസികളിൽ ഏതാണ്ട് നാൽപത് ശതമാനം പേർ കുടിയേറ്റക്കാരാണ്. മുപ്പത് ലക്ഷത്തിലധികം പേർ. 2018ൽ മാത്രം പൗരത്വം ലഭിച്ച ഒരു കുടിയേറ്റക്കാരനെ വിജയിപ്പിച്ചുകൊണ്ട് ന്യൂയോർക്കേഴ്സ് പറയുന്നു: “പ്രിയപ്പെട്ട കുടിയേറ്റക്കാരേ, ഇത് നിങ്ങളുടെ നഗരമാണ്, നിങ്ങൾ ഇവിടെ വെറുക്കപ്പെട്ടവരല്ല.”
4.
ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതരുള്ള നഗരം ഇസ്രായേലല്ല, അമേരിക്കയിലാണ്, അത് ന്യൂയോർക്ക് ആണ്. ഇരുപത് ലക്ഷം ജൂതർ. ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമകളിൽ 20ൽ 14പേർ ജൂത കുടുംബങ്ങളാണ്. ന്യൂയോർക്ക് നഗരത്തിലെ ശതകോടീശ്വരന്മാരിൽ നാലിലൊരാൾ ജൂതനാണ്. ബ്ലൂംബെർഗ് ന്യൂസ് (ബ്ലൂംബർഗ്), ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേണൽ (എഡിറ്റോറിയൽ ബോർഡ്), ന്യൂയോർക്ക് പോസ്റ്റ് (മർഡോക് ), സിഎൻഎൻ – തുടങ്ങി എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ജൂത ഉടമസ്ഥതയിലാണ്. സമ്പത്തും, ആളുകളെ സ്വാധീനിക്കാനുള്ള മാധ്യമങ്ങളും കയ്യിലുള്ള ഇസ്രായേൽ പ്രേമികൾ അധികാരത്തെ സ്വാധീനിക്കുന്ന നാട്ടിലാണ് “പലസ്തീനിൽ നടക്കുന്നത് വംശഹത്യയാണ്, ഇസ്രായേൽ ഒരു വർണവെറിയൻ രാജ്യമാണ്, നെതന്യാഹു ഒരു യുദ്ധ കുറ്റവാളിയാണ്” എന്ന് പലവുരു സൊഹ്റാൻ ആവർത്തിച്ചത്.

ഡെമോക്രാറ്റിക് പ്രൈമറിയിലെ മംദാനിയുടെ വിജയത്തിന് ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മിഡിൽ ഈസ്റ്റ് അണ്ടർസ്റ്റാൻഡിംഗ് നടത്തിയ സർവേയിൽ 83 ശതമാനം പുതിയ വോട്ടർമാർ മംദാനിക്ക് വോട്ട് നൽകിയത് അയാൾ പലസ്തീനെ അനുകൂലിച്ചതിനാണെന്ന് വ്യക്തമാക്കി. നിരവധി സർവേകൾ കണ്ടെത്തിയത് ചെറുപ്പക്കാരായ ജൂത ന്യൂയോർക്കുകാർ ഇസ്രായേലിനെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് പിന്തുടരുന്നില്ല എന്നാണ്. ഉദാഹരണത്തിന്, 18–44 വയസ്സ് പ്രായമുള്ള ജൂത വോട്ടർമാരിൽ 67% പേരും മംദാനിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായി ഒരു സർവേ റിപ്പോർട്ട് ചെയ്തു. മംദാനിക്കെതിരെ പ്രൈമറിയിൽത്തന്നെ മുഖപ്രസംഗം എഴുതിയ ന്യൂ യോർക് ടൈംസിനോടും, “മംദാനിയെ തോൽപ്പിക്കാൻ ഇരുപത് കാരണങ്ങൾ” എന്ന് ഇന്നലെയും അച്ച് നിരത്തിയ ന്യൂ യോർക്ക് പോസ്റ്റിനോടും ന്യൂയോർക്കേഴ്സ് വോട്ടിലൂടെ പ്രഖ്യാപിച്ചു: “ഇസ്രയേലിന്റെ അജണ്ടകൾ ന്യൂയോർക്കിൽ കൊടികുത്തി വാണ കാലം അവസാനിച്ചിരിക്കുന്നു.”







