സ്‌നേഹത്തിനു വേണ്ടി യാചിച്ചപ്പോള്‍ കാമത്തിന്റെ കണ്ണുകളിലൂടെ, വരുമാനസ്രോതസ്സായി മാത്രം കണ്ടിരുന്നവര്‍ക്കിടയില്‍ ജീവിക്കേണ്ടിവന്ന സില്‍ക്ക് സ്മിത. അത് മാത്രമല്ല താനെന്ന് ജീവിതംകൊണ്ട് കാണിച്ചുകൊടുത്തിട്ടും പലരും സ്മിതയുടെ ഉടലളവുകളെ മാത്രം കണ്ടുകൊണ്ടേയിരുന്നു. ബന്ധുക്കളായും ആരാധകരായും അവര്‍ വേഷംമാറി കൂടെക്കൂടി. അവര്‍ക്ക് സ്മിതയെ മനസ്സിലായിരുന്നില്ല. സ്മിതയ്ക്ക് അവരെയെല്ലാം മനസ്സിലായിരുന്നു. നിങ്ങള്‍ എന്താണോ കരുതുന്നത്, അതല്ല താനെന്ന് പറഞ്ഞുകൊടുക്കാനാകുന്നുണ്ടായിരുന്നില്ല സ്മിതയ്ക്ക്. മരണത്തിലൂടെയെങ്കിലും അവരത് മനസ്സിലാക്കിയേക്കാം എന്ന് സ്മിത കരുതിക്കാണണം. സില്‍ക്ക് സ്മിത- സ്‌നേഹത്തിന്റെ പര്യായമാണ്. . വൈഷമ്യങ്ങളുടെ കാലത്തുനിന്നും ഓടിയോടി പുതിയ മേച്ചില്‍പുറങ്ങള്‍ തേടിക്കൊണ്ടിരുന്ന സില്‍ക്ക് സ്മിതയ്ക്ക് ഇവിടെയും പൊരുത്തപ്പെടാനാവാതെ ഓടേണ്ടിവരുന്നു. സില്‍ക്ക് സ്മിത ഒരു ശരീരത്തിന്റെയല്ല, ഒരു നല്ല അഭിനേത്രിയുടെ, കരുണയാര്‍ന്ന നല്ല മനുഷ്യന്റെകൂടി പേരാകുന്നു. വിശുദ്ധ സ്മിത.










