നേപ്പാൾ, ആരുടെ കയ്യിലാണ് ജെൻസി വിപ്ലവത്തിൻ്റെ ജോയ്സ്റ്റിക് ?

കെ പി ശർമ ഒലി സർക്കാരിനെ അട്ടിമറിച്ച് നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ ഒരു പുതിയ ഭരണകൂടം സ്ഥാപിച്ചിരിക്കുന്നു. മുൻ സുപ്രീംകോടതി ജസ്റ്റിസായിരുന്ന സുശീല കർക്കിയെ പ്രധാനമന്ത്രിയായി അവരോധിച്ചിരിക്കുന്നു. ഫെയ്സബുക്കും വാട്ട്സാപ്പും നിരോധിച്ചതിൻ്റെ പേരിൽ തുടങ്ങിയ ഒരു പ്രക്ഷോഭം പക്ഷേ വിപ്ലവമായി മാറിയത് എങ്ങനെയാണ് ? അതൊരു ഭരണകൂടത്തെ അട്ടിമറിച്ചത് എങ്ങനെയാണ് ? അല്ലെങ്കിൽ അതുമാത്രമായിരുന്നോ ഈ ജെൻ സി വിപ്ലവത്തിൻ്റെ കാരണങ്ങൾ ? കഴിഞ്ഞ കുറേ കാലമായുള്ള നേപ്പാളിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളിലാണ് അതിനുള്ള ഉത്തരം തിരയേണ്ടത്. തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും, അമേരിക്കയുടെ ഇടപെടലുകളും, ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ സ്വാധീനവുമെല്ലാം ഈ ജെൻ സി വിപ്ലവത്തിൻ്റെ ചാലകശക്തികളായിരുന്നു എന്നുവേണം മനസിലാക്കാൻ. നേതൃത്വമില്ലാത്ത, കൃത്യമായ രാഷ്ട്രീയ അടിത്തറയില്ലാത്ത ഈ ജെൻ സി ഉപരിപ്ലവത്തിൻ്റെ ബാക്കിയെന്തായിരിക്കും എന്നാണ് ഇനി അറിയേണ്ടത് – അൻസിഫ് അബു, ഡോ. സ്കന്ദേഷ് ലക്ഷ്മണൻ എന്നിവർ എഴുതുന്ന.

വിപ്ലവം പൂർത്തീകരിച്ചതിനു ശേഷമുള്ള തൊട്ടടുത്ത ദിവസം വിപ്ലവകാരികൾ ചെയ്യുന്നതെന്തായിരിക്കും? സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട പ്രധാനമന്ത്രിയുടെ പ്രൗഢമായ ഔദ്യോഗിക വസതിയിൽ കസേരകളി, വിപ്ലവാനന്തരമുള്ള ക്ലേശം മാറ്റിയെടുക്കാനായി പാർലമെന്റ് മന്ദിരത്തിനകത്തെ പ്രമുഖർക്ക് മാത്രം പ്രവേശനമുള്ള സ്വിമ്മിങ് പൂളിൽ മുങ്ങിക്കുളി, വിപ്ലവത്തിനിടയിൽ സംഭവിച്ച നാശങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകൽ. ഇതിലേതായിരിക്കും പ്രധാന വിപ്ലവാനന്തര ആവിഷ്‌കാരം? നേപ്പാളിൽ ഇപ്പോൾ അരങ്ങേറുകയും ‘ജെൻസി വിപ്ലവം’ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്ത സംഭവ വികാസങ്ങളെ മുൻനിർത്തി ആലോചിക്കുമ്പോൾ ഇങ്ങനെയൊരു കൗതുകകരമായ ചോദ്യമാണ് മുന്നിൽ തെളിയുന്നത്.

നേപ്പാളിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളും അതിനെത്തുടർന്നുണ്ടായ അധികാരമാറ്റവുമെല്ലാം തുറന്നുകാണിക്കുന്നത് എന്താണ്? അത് വ്യക്തമാവണമെങ്കിൽ സോഷ്യൽ മീഡിയ നിരോധനം പോലെയുള്ള വിഷയങ്ങളിൽ മാത്രം ഊന്നിനിന്നുകൊണ്ടുള്ള ചർച്ചകൾക്ക് പകരം കാര്യങ്ങളെ കുറേക്കൂടി സൂക്ഷ്മമായി കാണാൻ കഴിയണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് പ്രക്ഷോഭത്തിന്റെ പ്രത്യക്ഷ കാരണമായി പറയപ്പെടുന്നതെങ്കിൽ പോലും അതിലേക്ക് മാത്രം കാര്യങ്ങളെ ചുരുക്കുന്നത് വിഷയങ്ങളെ അതിന്റെ സമഗ്രതയിൽ കാണാനുള്ള എല്ലാ ശ്രമങ്ങളെയും റദ്ദാക്കിക്കളയും.

പ്രക്ഷോഭത്തിന് പിന്നിലുള്ള ഒരു പ്രധാന കാരണം, ഡിജിറ്റൽ യുഗത്തിൽ ഭരണകൂടത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങൾക്ക് മുന്നിൽ അതിവേഗം തുറന്നുകാട്ടപ്പെട്ടു എന്നതാണ് എന്ന് നിരീക്ഷിക്കുന്നവരുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ച ‘നെപ്പോ കിഡ്’ കാമ്പയിൻ, രാഷ്ട്രീയ നേതാക്കളുടെ മക്കൾ ആഡംബര ജീവിതം നയിക്കുന്നതിന്റെ ദൃശ്യങ്ങൾ സാധാരണ ജനങ്ങളുടെ ദുരിതങ്ങളുമായി താരതമ്യം ചെയ്തു. ഇത് ജനരോഷം വർദ്ധിപ്പിക്കുകയും ഭരണകൂടത്തോടുള്ള വെറുപ്പ് കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു. സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തിയപ്പോൾ സർക്കാർ തങ്ങളുടെ അഴിമതിയെ മറച്ചുവെക്കാൻ ശ്രമിക്കുന്നു എന്ന ചിന്ത ജനങ്ങൾക്കിടയിൽ ശക്തമായി. ഇതിന്റെ ഫലമായി, ഡിജിറ്റൽ ലോകത്തെ പ്രതിഷേധം തെരുവുകളിലേക്ക് പടർന്നു. ഒരു ചെറിയ വിഷയത്തിൽ നിന്ന് ആരംഭിച്ച് ഭരണകൂടത്തിന്റെ തന്നെ പതനത്തിൽ കലാശിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ഇത് വഴിവെച്ചു.

കാര്യങ്ങളെ ഇങ്ങനെ ലളിതമായി വിവരിക്കാനാവുമെങ്കിലും ഭരണകൂടത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം എന്ന നിർവചനം കൊണ്ട് മാത്രം നേപ്പാളിലെ സമീപകാല സംഭവവികാസങ്ങളെ സമഗ്രമായി വിലയിരുത്താൻ കഴിയില്ല. വിജയ് പ്രഷാദും അതുൽ ചന്ദ്രയും ചേർന്നെഴുതിയ ലേഖനത്തിൽ നേപ്പാളിലെ നിലവിലെ അവസ്ഥയ്ക്ക് പിന്നിലെ അഞ്ച് കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊത്തുയരാൻ കഴിയാതെ പോയ സർക്കാർ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഹരിക്കാൻ കഴിയാതെ വന്ന സാഹചര്യം, തൊഴിലിനായി വ്യാപകമായി വിദേശത്തേക്ക് കുടിയേറേണ്ടിവന്നവരുടെ നിരാശ, ഹിന്ദു രാജഭരണം തിരിച്ചു വരണം എന്നാഗ്രഹിക്കുന്നവരുടെ ശക്തിപ്പെടൽ, ബാഹ്യ ശക്തികളുടെ ഇടപെടലുകൾക്കുള്ള സാധ്യത എന്നിവയാണ് ആ കാരണങ്ങൾ. ഉപരിപ്ലവമായ രാഷ്ട്രീയ പ്രതിസന്ധികൾക്കപ്പുറം, സമൂഹത്തിന്റെ അടിത്തട്ടിൽ വേരൂന്നിയ സാമ്പത്തിക-സാമൂഹിക വൈരുധ്യങ്ങളിലാണ് നേപ്പാളിലെ സമീപകാല സംഭവങ്ങളുടെ ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം നിലകൊള്ളുന്നത്. വർഷങ്ങളായി തുടരുന്ന ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച അസമത്വങ്ങളും, തൊഴിലില്ലായ്മയും, യുവാക്കൾക്കിടയിലുണ്ടായ നിരാശയുമാണ് ഈ പ്രക്ഷോഭത്തിന് ഊർജ്ജം നൽകിയത് എന്ന കാര്യം മറ്റു ചിലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2015-ൽ നേപ്പാളിൽ പുതിയ ഭരണഘടന നിലവിൽ വന്നതിന് ശേഷം, വിശാലമായ ഇടതുപക്ഷം നേപ്പാളി ജനതയുടെ സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് വലിയ തോതിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ടുകൂടിയാണ്, 2017-ൽ വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദേശീയ പാർലമെന്റിലെ 75% സീറ്റുകളും നേടിയത്. പിന്നീട് മാറി മാറി വന്ന ഇടതുപക്ഷ സർക്കാരുകൾ നേപ്പാളിലെ ചില അടിസ്ഥാനപ്രശ്‌നങ്ങൾ പരിഹരിക്കാൻ വിവിധ നയങ്ങൾ മുന്നോട്ട് വെച്ചു എന്നതും യാഥാർത്ഥ്യമാണ്. ഉദാഹരണത്തിന് കുട്ടികളിലെ ദാരിദ്ര്യം 2015-ൽ 36% ആയിരുന്നെങ്കിൽ 2025-ൽ അത് 15% ആയി കുറഞ്ഞു.

വിജയ് പ്രഷാദ്


എന്നിരുന്നാലും, വിജയ് പ്രഷാദും അതുൽ ചന്ദ്രയും ചൂണ്ടിക്കാണിക്കുന്നതുപോലെ, അസമത്വത്തിന്റെ നിരക്ക് വേഗത്തിൽ കുറയാത്തതും കുടിയേറ്റത്തിന്റെ തോത് വർധിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം പ്രതീക്ഷകൾക്കും യാഥാർത്ഥ്യത്തിനും ഇടയിൽ വലിയൊരു വിടവ് സൃഷ്ടിച്ചു. കയറ്റുമതി കുറയുകയും വ്യവസായ മേഖല സ്തംഭനാവസ്ഥയിലാവുകയും കൂടി ചെയ്തതോടെ കാർഷികേതര മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതെ പോയി. ഇത് യുവജനതയിൽ വലിയ നിരാശക്ക് കാരണമായി. 2022-23 കാലയളവിലെ കണക്കനുസരിച്ച്, 15 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 22.7% ആയി കുതിച്ചുയർന്നു. ഇത് 1995-96 ലെ 7.3% എന്ന നിരക്കിൽ നിന്ന് വലിയ വർധനയാണ്. ഈ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്, രാജ്യത്തിന്റെ ഏറ്റവും ഉത്പാദനക്ഷമതയുള്ള യുവജനതക്ക് സ്വന്തം രാജ്യത്ത് ഭാവിയോ തൊഴിലോ കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി എന്നുള്ളതാണ്.

ഈ സാമ്പത്തിക പ്രതിസന്ധിയുടെ സ്വാഭാവികമായ അനന്തരഫലമാണ് വ്യാപകമായ കുടിയേറ്റം. മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി ദിവസവും ഏകദേശം 1,700 നേപ്പാളി യുവാക്കൾ രാജ്യം വിട്ടുപോകുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിലിനായുള്ള പ്രതിശീർഷ കുടിയേറ്റത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. 31 ദശലക്ഷം ജനസംഖ്യയുള്ള നേപ്പാളിൽ നിലവിൽ 534,500 നേപ്പാളികൾ വിദേശത്ത് ജോലി ചെയ്യുന്നുണ്ട് എന്ന് ലഭ്യമായ കണക്കുകൾ രേഖപ്പെടുത്തുന്നു. സമീപ വർഷങ്ങളിൽ ഈ സംഖ്യ കുതിച്ചുയർന്നിട്ടുമുണ്ട്. 2000-ൽ വിദേശ തൊഴിൽ പെർമിറ്റ് ലഭിച്ച നേപ്പാളികളുടെ എണ്ണം 55,000 ആയിരുന്നെങ്കിൽ ഇപ്പോൾ അത് പത്തിരട്ടി കൂടുതലാണ്. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തുന്നവരിൽ 16% പേർക്ക് തൊഴിലില്ല എന്നതാണ് മറ്റൊരു വലിയ പ്രതിസന്ധി. തൊഴിൽരഹിതരായ പ്രവാസികളുടെ വലിയൊരു സമൂഹം, ഭരണകൂടത്തോടുള്ള നിരാശ കാരണം പ്രക്ഷോഭങ്ങൾക്ക് ഊർജ്ജം നൽകുന്ന ഒരു ശക്തിയായി മാറി.

തൊഴിലവസരങ്ങൾ തേടി പ്രതിദിനം 1700 നേപ്പാളി യുവാക്കൾ രാജ്യം വിടുന്നു എന്നാണ് കണക്കുകൾ

നേപ്പാളിലെ ജീവിതസാഹചര്യങ്ങൾ വളരെയധികം മോശമാണ് എന്ന കാര്യം ഈ കണക്കുകളെ കൂടി മുൻനിർത്തി ആലോചിക്കുമ്പോൾ നിസ്തർക്കമായ കാര്യമാണ്. എന്നാൽ അത് മാത്രമാണോ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളിലേക്ക് നയിച്ചത്, ഇതിന്റെ അനന്തരഫലം എന്താവും തുടങ്ങിയ ചോദ്യങ്ങൾ അപ്പോഴും ബാക്കിയാവുന്നുണ്ട്.

ഇന്ത്യ-ചൈന ചേരി ശക്തി പ്രാപിക്കുന്ന ഒരു സാഹചര്യത്തിൽ, രണ്ടു രാജ്യങ്ങളുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ജിയോ പൊളിറ്റിക്കൽ സ്ട്രാറ്റജിക് പോയിന്റ് എന്ന നിലയിൽ, നേപ്പാളിൽ പ്രതിസന്ധി സൃഷ്ടിക്കുക എന്നത് ഒരു അമേരിക്കൻ താൽപര്യമാണ് എന്ന വാദം ശക്തമാണ്. കെ.പി. ശർമ ഒലി സർക്കാർ അമേരിക്കയുമായി നല്ല ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത് എന്ന വസ്തുത (2017ൽ ഒപ്പിട്ട 500 മില്യൺ ഡോളറിന്റെ മില്ലേനിയം ചലഞ്ച് കോർപ്പറേഷൻ (MCC) കോംപാക്റ്റ് തന്നെ ഇതിനൊരു ഉദാഹരണമാണ്) നിലനിൽക്കുന്നുണ്ടെങ്കിൽ പോലും പ്രക്ഷോഭത്തിന് പിന്നിലെ അമേരിക്കൻ താൽപര്യങ്ങൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ യുവജന സംഘടനകളിലൊന്നായ ‘ഹമി നേപ്പാൾ’ എന്ന എൻ.ജി.ഓയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഗുരുതരമായ വിമർശനങ്ങൾ പ്രക്ഷോഭസമയത്ത് തന്നെ ഉയർന്നുവന്നിരുന്നു. സുദാൻ ഗുരുങ് എന്ന നേപ്പാളി ആക്റ്റിവിസ്റ്റ് പ്രസിഡന്റായിരിക്കുന്ന ഈ എൻജിഒയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് അമേരിക്കയാണ് എന്ന വിമർശനമുണ്ട്.

ഇന്ത്യക്കും ചൈനക്കുമിടയിലെ സ്ട്രാറ്റജിക് പോയിന്റായ നേപ്പാളിൽ പ്രതിസന്ധിയുണ്ടാക്കുകയെന്നത് അമേരിക്കൻ താൽപര്യമാണ് എന്ന വാദം ശക്തമാണ്

നേപ്പാളിലെ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന തീവ്ര വലതുപക്ഷ ശക്തികളുടെ താൽപ്പര്യങ്ങളും ഇതിനോടകം ചർച്ചയായിട്ടുണ്ട്.
ഇന്ത്യയിലെ ആർ.എസ്.എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയംസേവക സംഘം (HSS) 1992 മുതൽ നേപ്പാളിൽ സജീവമാണ്. അവർ നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ്. നേപ്പാളിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടകരമായ സ്വാധീനങ്ങളെപ്പറ്റി ഇതിനോടകം നിരവധി പഠനങ്ങളുണ്ടായിട്ടുണ്ട്. നേപ്പാളിലെ ഹിന്ദു രാഷ്ട്രീയത്തിന്റെ പഴയ രൂപങ്ങൾ ഇന്ത്യയിലെ ഹിന്ദുത്വത്തിൽ നിന്ന് വ്യത്യസ്തമാണെങ്കിലും, പുതിയ രൂപങ്ങൾ ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ പല നയങ്ങളും സ്വീകരിച്ചിട്ടുണ്ട് എന്ന് നിരീക്ഷിക്കുന്നുണ്ട് മിഡിൽ ഈസ്റ്റ് സ്റ്റഡീസിൽ സ്‌കോളറായ മുഹമ്മദ് സിനാൻ സിയെച്ച്. ഈ നയങ്ങളിൽ ബീഫ് കഴിക്കുന്നതിനോടുള്ള അസഹിഷ്ണുതയും മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതുമെല്ലാം ഉൾപ്പെടുന്നു. നേപ്പാളിലെ ആർപിപി ഉൾപ്പെടെയുള്ള പാർട്ടികൾക്ക് ബിജെപി സാമ്പത്തിക-പ്രത്യയശാസ്ത്ര പിന്തുണ നൽകിയിട്ടുള്ളതിന്റെ സൂചനകളും സിയെച്ചിന്റെ പഠനത്തിലുണ്ട്.

നേപ്പാളിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടകരമായ സ്വാധീനങ്ങളെപ്പറ്റി നിരവധി പഠനങ്ങൾ ഇതിനോടകം ഉണ്ടായിട്ടുണ്ട് Photo /The Kathmandu Post

ഇതുകൂടാതെ, 2004-ൽ ബിജെപിയുടെ അതേ പതാകയും നിറങ്ങളുമായി രൂപീകരിച്ച നേപ്പാൾ ജനതാ പാർട്ടി (എൻജെപി) എന്ന മറ്റൊരു പ്രാദേശിക പാർട്ടിയെയും ബിജെപി നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്. തങ്ങൾക്ക് ബിജെപിയിൽ നിന്ന് പ്രചോദനം ലഭിച്ചുവെന്നും നേപ്പാളിൽ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആർഎസ്എസ്, ബിജെപി അംഗങ്ങളുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടെന്നും അതിന്റെ നേതാക്കൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആർഎസ്എസ്സിനും നേപ്പാളിൽ ധാരാളം ശാഖകളും സെല്ലുകളും ഉണ്ട്. ഇതുകൂടാതെ, നേപ്പാളിന്റെയും ഉത്തർപ്രദേശിന്റെയും അതിർത്തിയിലുള്ള ഹിന്ദു വലതുപക്ഷ സ്‌കൂളുകൾ നേപ്പാളി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയും അവരുടെ പാഠ്യപദ്ധതിയിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പല ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നേപ്പാളിലെ ഓൺലൈൻ സൈറ്റുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദാഹരണത്തിന്, കോവിഡ്-19 മഹാമാരിയുടെ സമയത്ത്, മുസ്ലീങ്ങൾ തുപ്പുന്നതിലൂടെ കോവിഡ്-19 പടർത്തുന്നുവെന്ന് ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ആരോപിച്ചിരുന്നു. ഈ ആരോപണം നേപ്പാളിൽ പ്രചരിക്കുകയും പ്രാദേശികമായി മുസ്ലീം സ്ത്രീകൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് ഇത് കാരണമാവുകയും ചെയ്തു. രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി (RPP)യുടെ ഓഫീസുകൾ ഈ പ്രക്ഷോഭകാലത്ത് ആക്രമിക്കപ്പെട്ടില്ല എന്നുള്ളതും പ്രക്ഷോഭകരിൽ ചിലർ യോഗിയുടെ ചിത്രം ഉയർത്തിക്കാണിച്ചതും ഇതിന്റെയെല്ലാം തുടർച്ചയിൽ വേണം കാണാൻ.

ഈ വസ്തുതകളെയെല്ലാം മുൻനിർത്തി നേപ്പാളിലെ സംഭവവികാസങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങളും അവയ്ക്ക് പിന്നിലെ താത്പര്യങ്ങളും വെളിച്ചത്തുവരേണ്ടതുണ്ട്. അതേസമയം ‘ജെൻസി വിപ്ലവ’മായി ആഘോഷിക്കപ്പെട്ട ഒരു സമരസന്ദർഭത്തിന്റെ തുടർച്ചയെന്തായിരിക്കും എന്ന പരിശോധന ഉറപ്പായും സംഭവിക്കുകയും വേണം. വ്യക്തമായ ഒരു നേതൃത്വമോ കാഴ്ചപ്പാടോ ഇല്ല എന്നത് തന്നെയാണ് ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ പരിമിതി. വ്യക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം ഈ രോഷത്തെ ക്രിയാത്മകമായ ഒരു രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് തിരിച്ചുവിടുന്നതിന് തടസ്സമായി. അറബ് വസന്തം പോലെ വിപ്ലവമായി ഘോഷിക്കപ്പെട്ട പലതിന്റെയും തുടർച്ച എന്തായിരുന്നു എന്ന് പരിശോധിച്ചാൽ, ആ പ്രക്ഷോഭങ്ങൾ ഭരണകൂടങ്ങളെ അട്ടിമറിച്ചെങ്കിലും, അവ ഒരു പുരോഗമനപരമായ രാഷ്ട്രീയ മാറ്റത്തിന് കാരണമായില്ല എന്ന വസ്തുത മനസ്സിലാവും. കൂടുതൽ പ്രതിലോമകരമായ ശക്തികൾക്കോ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കോ വഴിയൊരുക്കുകയാണ് അവയെല്ലാം ചെയ്തത്. നേപ്പാളിലും, പ്രക്ഷോഭത്തിന്റെ ‘വിജയം’ ആത്യന്തികമായി ഒരു ജനാധിപത്യപരമായ ശൂന്യത സൃഷ്ടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഭരണകൂടത്തിനെതിരെ മാത്രം കേന്ദ്രീകരിക്കപ്പെട്ട ഈ ജെൻസി വിപ്ലവം തങ്ങളുടെ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാമ്രാജ്യത്വ ശക്തികളെയും വർഗ്ഗീയ താൽപര്യങ്ങളെയും തിരിച്ചറിഞ്ഞില്ല എന്നത് തന്നെ അതിന്റെ പരിമിതിയാണ്.

ജനാധിപത്യത്തിനെ ‘ന്യായീകരണത്തിന്റെ സംസ്‌കാരം’ (Culture of Justification) എന്ന് വിശേഷിപ്പിചത് ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനാനന്തര സമൂഹത്തിലെ ഭരണഘടന ശിൽപികളിലൊരാളായ ഏറ്റിയെന്നെ മുറൈനിക്കാണ്. ഒരു ജനാധിപത്യ സമൂഹത്തിലെ ഭരണകൂടവും നീതിന്യായവ്യവസ്ഥയും സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ ന്യായീകരണ വിധേയമാകണം എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഒരു ജനകീയഭരണകൂടത്തിന്റെ നിർമ്മിതിക്ക് കാരണമാവുന്ന വിപ്ലവവും ഇതേ നിലയിൽ ന്യായീകരണവിധേയമാവുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

രണ്ട് വിശാലമായ രാഷ്ട്രീയ തത്വചിന്തകളെ മുൻനിർത്തി വിപ്ലവങ്ങളെ വിശകലനം ചെയ്യാൻ കഴിയും. ഒന്ന്, വിപ്ലവത്തിന്റെ ജനാധിപത്യസമൂഹ നിർമ്മിതിയെന്ന ലക്ഷ്യം നേടാൻ അത് അവലംബിക്കുന്ന മാർഗമാണ്. രണ്ടാമത്തേത് വിപ്ലവത്തിന്റെ പരിണിതഫലമായ ജനാധിപത്യ സമൂഹത്തിന്റെ രൂപീകരണത്തെ മുൻനിർത്തിയുള്ള വിശകലനമാണ്. ഇപ്പോൾ നേപ്പാളിൽ അരങ്ങേറുന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ജെൻസി എന്നു വിളിക്കപ്പെടുന്ന തലമുറ ഏതാണ്ട് നേപ്പാൾ ജനസംഖ്യയുടെ 20% മാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അങ്ങനെ ഒരു വിഭാഗത്തിന്റെ പ്രാതിനിധ്യത്തിന്റെ പേരിൽ മാത്രം ഒരു വിപ്ലവം അടയാളപ്പെടുത്തപ്പെടുമ്പോൾ അത് ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ വിപ്ലവ പ്രാതിനിധ്യത്തെ അകമേതന്നെ നിരാകരികരിക്കുന്നു.

ഒരു വിഭാഗത്തിന്റെ പ്രാതിനിധ്യത്തിന്റെ പേരിൽ മാത്രം ഒരു വിപ്ലവം അടയാളപ്പെടുത്തപ്പെടുമ്പോൾ അത് ഭൂരിപക്ഷം ജനവിഭാഗങ്ങളുടെ വിപ്ലവ പ്രാതിനിധ്യത്തെ അകമേതന്നെ നിരാകരികരിക്കുന്നു

നേപ്പാളിന്റെ സാമ്പത്തിക വിഭവത്തിന്റെ നാലിൽ ഒരു ഭാഗം സംഭാവന ചെയ്യുന്ന കാർഷിക മേഖലയുമായി ബന്ധപ്പെട്ടാണ് ആ രാജ്യത്തെ 66% തൊഴിലാളികളും തൊഴിലെടുക്കുന്നത്. എന്നിട്ടും നേപ്പാളിന്റെ ബഡ്ജ്റ്റിന്റെ 3% മാത്രമാണ് കർഷിക മേഖലക്കായുള്ള നീക്കിയിരുപ്പ്. അതിനോടൊപ്പം തന്നെ നേപ്പാളിലെ കർഷകർ, പ്രത്യേകിച്ച് ഗ്രാമങ്ങളിലെ കർഷകർ അനുഭവിക്കുന്ന വലിയ തോതിലുള്ള പട്ടിണിയെക്കുറിച്ച് നേപ്പാളിലെ ഡെമോക്രാറ്റിക് റിസോഴ്‌സ് സെന്റർ റിപ്പോർട്ട് ചെയ്യുന്നു. നേപ്പാളി ജനസംഖ്യയുടെ ഏകദേശം 35% പ്രാധിനിത്യമുള്ള ആദിവാസി ജനവിഭാഗവും ദളിത് ജനതയുമെല്ലാം സ്ഥിരമായ പാർപ്പിട സൗകര്യം പോലുമില്ലാത്തതിനാൽ നിരന്തരമായ കുടിയിറക്കൽ ഭീഷണിയെ അഭിമുഖീകരിച്ചുകൊണ്ട് ജീവിക്കുകയാണെന്ന് മനുഷ്യാവകാശ അവലോകന കമ്മറ്റികൾ പ്രസ്താവിക്കുന്നു.

നേപ്പാളിൽ 66% പേരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ്. എന്നിട്ടും ബഡ്ജ്റ്റിന്റെ 3% മാത്രമാണ് കർഷിക മേഖലക്കായുള്ള നീക്കിയിരുപ്പ്

ഇത്തരമൊരു പശ്ചാത്തലത്തിൽ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗത്തെ അണിനിരത്താനോ അവരുടെ ജീവിത പ്രതിബന്ധങ്ങളെ മാർഗമായി അവലംബിച്ചുകൊണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറുവാനോ കഴിയാതെ ജനാധിപത്യത്തിന്റെ ട്രാക്ക് മാറ്റിപ്പിടിക്കുന്ന പൊളി ശരത്തുമാരുടെ ആറാട്ടാണ് ജെൻസി വിപ്ലവത്തിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ട് തന്നെ ലേഖനത്തിന്റെ തുടക്കത്തിലേ ചൂണ്ടിക്കാണിച്ചതുപോലെ, വിപ്ലവത്തിൻ്റെ പരിണിതഫലത്തെ മുൻനിർത്തി ജെൻസി വിപ്ലവത്തെ വിലയിരുമ്പോൾ സ്ലാവോജ് സിസേക്ക് ഉന്നയിക്കുന്ന, വിപ്ലവം നടന്നതിന്റെ അടുത്ത ദിവസം വിപ്ലവകാരികൾ സമൂഹത്തിൽ കൊണ്ടുവരുന്ന മാറ്റമെന്താണ്? എന്ന ചോദ്യം പ്രസക്തമാവുന്നുണ്ട്.

സ്ലാവോജ് സിസേക്ക്

നേപ്പാളിലെ ജെൻസി വിപ്ലവാനാന്തര ഭരണകൂടത്തെ കൃത്യമായി വിലയിരുത്തുവാനുള്ള സമയമായിട്ടില്ലെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ ശക്തമായ ചില സൂചനകൾ വിനിമയം ചെയ്യുന്നുണ്ട്. ജെൻസി വിപ്ലവാനന്തര നേപ്പാളിൽ ഒരു വിഭാഗം വിപ്ലവകാരികൾ പഴയ രാജഭരണത്തിലേക്ക് തിരിച്ചു പോകുവാൻ ആഹ്വാനം ചെയ്യുമ്പോൾ മറ്റൊരു വിഭാഗം വിപ്ലവകാരികൾ സദ്ഗുണ സമ്പന്നമായ ഒരു വ്യക്തി വിഗ്രഹത്തെ കണ്ടെത്തി ഭരണമേൽപ്പിക്കാനുള്ള ശ്രമത്തിലാണ്. വിപ്ലവത്തിനൊടുവിൽ വിപ്ലവത്തിന് നേതൃത്വം നൽകിയവർ ഡിസ്‌കോർഡ് എന്ന ഓൺലൈൻ ഗെയിമിംഗ് മാധ്യമം വഴി വോട്ട്‌ചെയ്താണ് തങ്ങളുടെ താത്ക്കാലിക പ്രധാനമന്ത്രിയായി നേപ്പാളിന്റെ മുൻ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്ന സുശീല കാർക്കയെ തെരഞ്ഞെടുത്തത്. ഇപ്പോൾ ലഭ്യമായ വാർത്തകളനുസരിച്ച് വിപ്ലവ നേതൃത്വം നിയുക്ത പ്രധാനമന്ത്രിയിൽ അസ്വസ്ഥരാണ്. തങ്ങളുടെ അഭിപ്രായം ചോദിക്കാതെ കേന്ദ്ര കാബിനറ്റിൽ മൂന്ന് മന്ത്രിമാരെ പ്രധാനമന്ത്രി തെരഞ്ഞെടുത്തു എന്നതാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. ജെൻസി വിപ്ലവനേതൃത്വം ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലൂടെ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെയൂം ഭരണകൂടത്തെയും ജിറ്റിഎ വൈസ് സിറ്റിയിലും പബ്ജിയിലും മറ്റും പ്ലെയർ മാറ്റം നടത്തുന്നതുപോലെ തങ്ങളുടെ കീ ബട്ടൺ കൺട്രോൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും മാറ്റാമെന്ന് വിശ്വസിക്കുന്നുണ്ടാകണം.

ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ ജെൻസി വിപ്ലവം, അത് പിന്തുടർന്ന മാർഗ്ഗത്തിലും ലക്ഷ്യത്തിലും, ഒരു ജനകീയസമൂഹത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് വിപ്ലവത്തിനെ ന്യായീകരിക്കുന്നതിൽ പരാജയപെടുന്നതായി കാണാം. ഈ പരിമിതികൾക്കൊപ്പം തന്നെ സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള മനുഷ്യരുടെ പ്രതിസന്ധികളെയും ജൈവികമായ അനുഭവങ്ങളെയും വിപ്ലവുമായി ബന്ധപ്പെടുത്തുന്നതിൽ എത്രമാത്രം ജെൻസി വിപ്ലവം വിജയിച്ചു എന്നതും വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്. ലോകത്ത് ജനകീയ മാറ്റങ്ങളുണ്ടാക്കിയ മുന്നേറ്റങ്ങളൊക്കെയൂം ജനങ്ങളൂടെ സമൂഹികാനുഭവങ്ങളെ വിപ്ലവവുമായി സമന്വയിപ്പിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സാമൂഹികമായ ക്രിയാത്മകതയെ മുൻനിർത്തി ഡോ സുനിൽ. പി. ഇളയിടം നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്. ഒരാൾക്ക് തെരുവിലറങ്ങി പ്രകടനത്തിന്റെ ഭാഗമാകാതെ തന്നെ വീട്ടിലിരുന്ന് നൂൽ നൂറ്റുകൊണ്ടും സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാകാൻ സാധിക്കുമായിരുന്നു എന്നതാണ് അത്.

നേപ്പാളിൽ ജെൻ സി പ്രക്ഷോഭകാരികൾ തീയിട്ട പാർലമെൻ്റ് മന്ദിരം

ബ്രീട്ടീഷ് സാമ്രാജത്വത്തിന് കീഴിൽ സംഭവിച്ച വിഭവങ്ങൾക്കുമേലുള്ള ചൂഷണമെന്ന പ്രതിസന്ധി സമൂഹത്തിന്റെ പൊതുവായ ജീവിതാനുഭവങ്ങളിൽ പ്രതിഫലിച്ചിരുന്നു. ഒരു സ്വാശ്രയ-സ്വതന്ത്ര സമൂഹത്തിന്റെ നിർമ്മിതി കേവലം അമൂർത്തമായ ആശയത്തിനപ്പുറം ഇന്ത്യൻ ജനതയുടെ ജൈവികമായ അനിവാര്യതയായിരുന്നു. അതുകൊണ്ട് തന്നെ വസ്ത്രം നെയ്യുകയും ഉപ്പുകുറുക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സാമൂഹികാനുഭവത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മാർഗ്ഗത്തിലേക്കും ലക്ഷ്യത്തിലേക്കും സമന്വയിപ്പിക്കാൻ കഴിഞ്ഞു. ആ പശ്ചാത്തലത്തിൽ കൂടിയാണ് ജനാധിപത്യമെന്ന സങ്കൽപ്പത്തെ ഇന്ത്യൻ സമൂഹത്തിൽ ഏറെക്കുറെയെങ്കിലും ആവിഷ്‌ക്കരിക്കാൻ കഴിഞ്ഞത്.

വ്യക്തമായ പ്രത്യയശാസ്ത്ര ബോധ്യത്തോടെയും ക്രിയാത്മകമായ ജനകീയ പങ്കാളിത്തത്തിലൂടെയും മുന്നേറുന്ന വിപ്ലവത്തിന് മാത്രമേ ജനാധിപത്യത്തിന്റെ സങ്കൽപ്പങ്ങളെ മനസ്സിലാക്കാനും നടപ്പിലാക്കാനും കഴിയൂ. ജെൻസി വിപ്ലമുയർത്തിയ പ്രധാന വിഷയങ്ങളായ തൊഴിലില്ലായ്മയും അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ കേവലമായ ഒരു ഭരണനേതൃത്വത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ആഗോള മൂലധനവ്യവസ്ഥിതിയുടെ സ്വാധീനം കൂടിയാണെന്നുമുള്ള അടിസ്ഥാന രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കുന്നതിൽ വിപ്ലവം പരിമിതപെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അടിസ്ഥാന രാഷ്ട്രീയ സാമൂഹിക ധാരണകളെ ഹു കെയേഴ്സ് ലാഘവത്തോടെ ചവച്ചു തുപ്പുന്ന ജെൻസി വിപ്ലവത്തിനെ അതുകൊണ്ടുതന്നെ ‘ച്യൂയിങ്ങ് ഗം വിപ്ലവം’ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. അതൊരു കേവലമായ ‘ജനരോഷം’ മാത്രമായി ചുരുങ്ങാനും, ആത്യന്തികമായി പ്രതിലോമ ശക്തികൾക്ക് നേട്ടം നൽകാനുമുള്ള സാധ്യതയേറെയാണ്.

റഫറൻസ്

Prashad, V., & Chandra, A. (2025, September 11). Five theses on the situation in Nepal. Peoples Dispatch

Siyech, M. S. (2024, November 25). Situating the impact of Hindutva in Nepal. Berkley Center for Religion, Peace & World Affairs

Dyzenhaus, D. (2015). What is a ‘Democratic Culture of Justification?’ In M. Hunt, H. Hooper, & P. Yowell (Eds.), Parliaments and Human Rights: Redressing the Democratic Deficit (pp. xx-xx). UK: Hart Publishing

Philosophy Now. (2006). Ethics in government. Philosophy Now: A Magazine of Ideas, Issue 54

Žižek, S. (2018). The Day After the Revolution: Remembering, Repeating, and Working Through. Verso Books

(ഡോ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണത്തോടും ദീപക് പച്ച, അഭിജിത്ത് ബാവ, സുദീപ് സുധാകരൻ എന്നിവരുടെ കുറിപ്പുകളോടും കടപ്പാട്)

അൻസിഫ് അബു, ഡോ. സ്കന്ദേഷ് ലക്ഷ്മണൻ

അൻസിഫ് അബു, ഡോ. സ്കന്ദേഷ് ലക്ഷ്മണൻ

  • അൻസിഫ് അബു : എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ
  • ഡോ. സ്കന്ദേഷ് ലക്ഷ്മണൻ : റിസർച് എത്തിസിസ്റ്റ് / റിസർച് എത്തിക്‌സ് ആൻഡ് ക്ലിനിക്കൽ റിസർച്ച് ലീഡ്, കസിറ ട്രസ്റ്റ്

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *