ഛത്തീസ്ഗഡിൽ ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടേയും പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന പാർട്ടിയാണ് സിപിഐ. മനുഷ്യപക്ഷത്ത് നിലനിന്നുകൊണ്ട്, ഭരിക്കുന്ന പാർട്ടി എന്ന ആനുകൂല്യങ്ങൾ ആവശ്യമില്ലാതെ തന്നെ സിപിഐ അതു തുടരുന്നു. മനുഷ്യക്കടത്ത് ആരോപിച്ച്, രണ്ടു കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്തതിനെതിരെ സിപിഐ സംഘടിപ്പിച്ച സമരത്തിൽ തൊഴിലാളികളും കർഷകരും, യുവാക്കളുമുൾപ്പടെ പങ്കെടുത്തത് ഒന്നും പ്രതീക്ഷിക്കാത്ത കുറേ മനുഷ്യരാണ്. വാളയാറിന് അപ്പുറം നിങ്ങൾ എന്താണ് എന്ന ചോദ്യത്തിന് പറയാൻ സിപിഐക്ക് മറുപടിയുണ്ട് ; “വാളയാറിന് അപ്പുറവും ഇപ്പുറവും ജനങ്ങളുടെ അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. അതിന് നിയമസഭകളിൽ സീറ്റോ കോടികണക്കിന് പണമോ വേണ്ട. ഫുൽ സിങ്ങിനെ പോലെയുള്ള നേതാക്കൾ മാത്രം മതി” – അലൻ പോൾ വർഗീസ് എഴുതുന്നു.
ഛത്തീസ്ഗഡിലെ ആദിവാസി – കന്യാസ്ത്രീ വേട്ട ബിജെപിക്കെതിരെ പോർമുഖം തുറന്ന സിപിഐ

ഛത്തീസ്ഗഡിൽ ഒരു ചെറിയ പാർട്ടി അല്ല സിപിഐ. ധനികരുടെയോ മതപ്രമാണിമാരുടെയോ പിന്തുണ ഇല്ലാതെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന സിപിഐയ്ക്ക് 63 പഞ്ചായത്തുകളിൽ ഭരണമുണ്ട്. കോടികൾ ഒഴുക്കി പ്രവർത്തിക്കുന്ന ബിജെപിയോടും കോൺഗ്രസിനോടും താരതമ്യം ചെയ്യുമ്പോൾ ലെവിയും പ്രവർത്തന ഫണ്ടും മാത്രമുള്ള ഈ പാർട്ടിയുടെ 63 പഞ്ചായത്തുകൾ നിസാര കാര്യമല്ല.
കേരളത്തിന് പുറത്ത് ചെങ്കൊടി റെയിൽവേ സ്റ്റേഷനിൽ മാത്രം എന്ന പരിഹാസം എന്നും കേട്ടിരുന്ന മലയാളി കഴിഞ്ഞ ദിവസങ്ങളിൽ കണ്ട വാർത്ത ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിൽ രണ്ടായിരത്തോളം വരുന്ന സിപിഐ പ്രവർത്തകർ നടത്തിയ പ്രകടനമാണ്. രണ്ട് കന്യാസ്ത്രീകൾക്കും ആദിവാസി യുവതികൾക്കും എതിരെ പൊലീസ് ചുമത്തിയ കള്ള കേസുകൾ പിൻവലിക്കുക, ബജ്രാംഗ് ദൾ ഭീകരർക്ക് എതിരെ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർട്ടി ജില്ലാ സെക്രട്ടറി ഫുൽ സിങ് കാഞ്ച്ലാമിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. മുന്നൂറ് പേർ അടങ്ങുന്നതായിരിക്കണം റാലി എന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം തള്ളി കളഞ്ഞാണ് രണ്ടായിരത്തിനടുത്ത് അടുത്ത് സിപിഐ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തത് ചത്തീസ്ഗഢ് സംസ്ഥാന സെക്രട്ടറി കെ സജി.

തുടർ പ്രക്ഷോഭങ്ങൾ ഉണ്ടാകും എന്ന് മാത്രമല്ല ആദിവാസി യുവതികൾക്ക് സംരക്ഷണം ഒരുക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ആർ എസ് എസിനും സമ്പന്ന സവർണ്ണ ശക്തികളെയും വെല്ലുവിളിച്ചാണ് സിപിഐയുടെ ഈ തീരുമാനം. അതിന് പുറകെ പാർട്ടി ജില്ലാ സെക്രട്ടറിയ്ക്കും നേതൃത്വത്തിനും ഹിന്ദുത്വ ഭീകരരുടെ ഭീഷണികളും ഉണ്ടായി. എന്നാൽ അതിനെയൊന്നും വക വയ്ക്കാൻ ഛത്തീസ്ഗഡിൽ പാർട്ടി തയ്യാറല്ല.
ആരാണ് ഫൂൽ സിംഗ് കച്ച്ലാം? മഹേന്ദ്ര കർമ്മ സർവകലാശാലയിൽ നിന്ന് എം എ പഠിച്ചിറങ്ങിയ, നാൽപ്പതു വയസുള്ള ഒരു മനുഷ്യൻ. ഛത്തീസ്ഗഡ് സിപിഐയുടെ ശക്തനായ പ്രവർത്തകൻ. 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. ഫുൽ സിംഗ് കച്ച്ലാമിനു നേരെയും ഹിന്ദുത്വ ഭീകരരുടെ ഭീഷണിയുണ്ട്. പക്ഷേ ഈ രാഷ്ട്രീയ പോരാട്ടത്തിന്റെ പ്രാധാന്യം മനസിലാക്കാൻ നിലവിൽ ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർ ശ്രമിച്ചിട്ടുണ്ടോ ? രാജീവ് ചന്ദ്രശേഖറിനും കേന്ദ്ര സർക്കാരിനും നന്ദി പറയുന്ന തിരക്കിൽ സഭ നേതൃത്വം മറന്നു പോകുന്ന രണ്ട് ചോദ്യങ്ങളുണ്ട്.

1. ജാമ്യം ലഭിക്കാനാണോ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ? എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഛത്തീസ്ഗഡ് ബിജെപിയുടെ നിലപാടിൽ മാറ്റം ഇല്ലാത്തത് ?
2. ഭീഷണിയ്ക്ക് വഴങ്ങി, ആദിവാസി യുവതികൾക്ക് വീണ്ടും മൊഴി മാറ്റി പറയേണ്ടി വന്നാൽ കന്യാസ്ത്രീകൾക്ക് വീണ്ടും ജയിലിൽ പോകേണ്ടി വരുമോ?
ആദ്യത്തെ ചോദ്യത്തിന് മറുപടി പറയാൻ മനസില്ല എന്ന് പറഞ്ഞ് മാധ്യമങ്ങളിൽ നിന്ന് ഓടി പോയ രാജീവ് ചന്ദ്രശേഖറിനെയും സ്വതസിദ്ധമായ കോമാളിത്തരം കൊണ്ട് “അനൂപടി“ എന്ന വാക്ക് സമ്മാനിച്ച ബിജെപി നേതാവ് അനൂപ് ആന്റണിയെയും കേരളം കണ്ടു. ബിഷപ്പ് പാംപ്ലാനിയുടെ നിലപാടുകൾ ഇരിങ്ങാലക്കുട രൂപത തള്ളി കളഞ്ഞതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ബിജെപി വിരുദ്ധ അവബോധം രൂപപ്പെട്ടു.

ഇനി രണ്ടാമത്തെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്. കന്യാസ്ത്രീകൾ ഇനിയും ജയിലിൽ പോകേണ്ടി വന്നാൽ കേരളത്തിലെ ബിജെപിയുടെ പദ്ധതികൾ തകരും. എന്നാൽ കടുത്ത ക്രിസ്ത്യൻ വിരുദ്ധത ആയുധമാക്കിയ ഛത്തീസ്ഗഡിലെ ബിജെപി-ആർ.എസ്.എസ് ഹിന്ദുത്വ സംഘടനകളെയും തൃപ്തിപ്പെടുത്തുക ബിജെപിയുടെ അജണ്ടയാണ്. നിരപരാധികളായ ആദിവാസി യുവതികൾക്ക് നേരെ മൊഴി മാറ്റിപറയാൻ ഭീഷണികൾ ഉയർന്നേക്കാം.
എന്നാൽ ഈ വാർത്തയെ ജനം ടി വി വ്യാഖ്യാനിച്ചത് വേറെ രീതിയിലാണ്. ആദിവാസി യുവതികളെ കന്യാസ്ത്രീകൾക്ക് അനുകൂലമായി മൊഴിമാറ്റാനുള്ള ഗൂഢാലോചന നടത്തിയതും അത് പ്രാവർത്തികമാക്കിയതും സിപിഐ ആണ് എന്നാണ് ജനം ടി വി റിപ്പോർട്ട് ചെയ്തത്. സിപിഐ പ്രവർത്തകർ അഭിമാനത്തോടെ സ്വീകരിക്കേണ്ട വാർത്തയാണിത്. സർവ ഇടങ്ങളും സംഘപരിവാർ നിയന്ത്രിക്കുന്ന കാലത്ത് അവരുടെ അഭിമാനപ്രശ്നമായ ഒരു കേസിൽ ബിജെപിക്ക് തിരിച്ചടി നൽകാൻ ഒരു എം എൽ എ പോലുമില്ലാത്ത ജില്ലയിൽ സിപിഐയ്ക്ക് കഴിഞ്ഞുവെങ്കിൽ അവിടുത്തെ ബിജെപി നാണക്കേട് കൊണ്ട് തല താഴ്ത്തണം.

രാജ്യസഭ എംപിമാരായ അഡ്വ പി. സന്തോഷ് കുമാർ, പി.പി സുനീർ, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ എന്നിവരുടെ സജീവമായ ഇടപെടലും സിപിഐ ഛത്തീസ്ഗഡ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനവും ഈ ഘട്ടത്തിൽ എടുത്ത് പറയണം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് പുതിയ നേതൃത്വം ജനകീയ വിഷയങ്ങളിൽ ഇടപെടുന്നത് സിപിഐക്ക് വലിയ ഊർജമായി. പുതിയ പ്രവർത്തകർ പാർട്ടിയിൽ വരുന്നതും ഫുൽ സിങ്ങിനെ പോലെയുള്ളവരുടെ നേതൃത്വവും ഛത്തീസ്ഗഡി സിപിഐക്ക് പ്രതീക്ഷയാണ്.

ഈ പോരാട്ടം തുടരേണ്ടതിന്റെ അനിവാര്യതയേ കുറിച്ച് സിപിഐ രാജ്യസഭ എം.പി അഡ്വ. പി. സന്തോഷ് കുമാർ പറയുന്നുണ്ട്. മൂന്ന് പൊലീസ് സ്റ്റേഷനുകളിലും എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും കണ്ട് ആദിവാസി യുവതികൾ പരാതി നല്കിയിട്ടും ബജ്രംഗ് ദൾ പ്രവർത്തർക്ക് എതിരെ എഫ്.ഐ.ആർ ചാർജ് ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. യുവതികൾക്ക് നേരെ ബലാൽസംഘ ഭീഷണി വരെ ഉണ്ടായിട്ടും ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ കേസെടുക്കാൻ ഭരണകൂടം തയ്യാറല്ല. അതായ്ത് അവരുടെ ജീവൻ ആപത്തിലാണ് എന്ന് നിസംശയം പറയാം. അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയുമാണ്.
ഛത്തീസ്ഗഡിൽ എന്താണ് സിപിഐ?
ഒരിക്കൽ മാവോയിസ്റ്റ് വിഷയത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ടി.പി സെൻകുമാർ പരിഹസിച്ചത്, കാനത്തിന് ധൈര്യമുണ്ടെങ്കിൽ തോക്കുമായി നിൽക്കുന്ന മാവോവാദികൾക്ക് അടുത്തേയ്ക്ക് പോകട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു. അന്ന് കാനം നൽകിയ മറുപടി ഛത്തീസ്ഗഡിൽ മാവോവാദികളിൽ നിന്ന് അലക്സ് പോൾ ഐ.എ. എസിന്റെ മോചനം സാധ്യമാക്കിയ സിപിഐയെ പഠിപ്പിക്കാൻ സെൻകുമാർ മുതിരണ്ട എന്നായിരുന്നു.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ മലയാളി ഐ.എ.എസുകാരനെ തട്ടി കൊണ്ട് പോയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് സിപിഐ നിർദ്ദേശ പ്രകാരം ആദിവാസി നേതാവും പാർട്ടി നേതാവും മുൻ എം.എൽ.എയുമായ മനീഷ് കുഞ്ചം ആണ് ആവശ്യമായ ഇടപെടലുകൾ നടത്തിയത്. ഛത്തീസ്ഗഡിൽ മാത്രമല്ല പല സംസ്ഥാനങ്ങളിലും ആദിവാസികൾക്ക് വേണ്ടിയുള്ള ജനകീയ പോരാട്ടങ്ങൾ സിപിഐ നയിക്കുന്നുണ്ട്. പ്രശസ്ത സാമൂഹിക പ്രവർത്തകൻ ഡോ. ബിനായക് സെൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്, “ഛത്തീസ്ഗഡിൽ യഥാർത്ഥ ജനകീയ ചെറുത്ത് നിൽപ്പ് നടക്കുന്നത് മാവോയിസ്റ്റുകളുടെയോ മറ്റ് പാർട്ടികളുടെയോ നേതൃത്വത്തിൽ അല്ല. മറിച്ച് സിപിഐയുടെ നേതൃത്വത്തിൽ ആണ്” എന്നാണ്.
സിപിഐയും അതിന്റെ ബഹുജനസംഘടനകളായ എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും ശക്തമായി പ്രവർത്തിക്കുന്ന മേഖലകൾ ഛതീസ്ഗഡിൽ ഉണ്ട്. ജനകീയ വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകൾ വരേണ്യ മാധ്യമങ്ങൾ അവഗണിച്ച് കളയുന്നത് കൊണ്ട് ചർച്ചയാകാതെ പോകുന്നു. ഛത്തീസ്ഗഡിൽ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ് നടന്നത് അടുത്ത കാലത്താണ്. സിപിഐയുടെ ധാരാളം സ്ഥാനാർഥികൾ വിജയിച്ചു. ഛത്തീസ്ഗഡിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗം എ.ഐ.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റും സുക്മയിലെ വിദ്യാർത്ഥി നേതാവുമായ അഡ്വ. മഹേഷ് കുഞ്ചമാണ്

ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടേയും പ്രശ്നങ്ങളിൽ സിപിഐ സജീവമായി ഇടപെടുന്നു. മനുഷ്യപക്ഷത്ത് നിലകൊള്ളുന്നു, ഭരിക്കുന്ന പാർട്ടി എന്ന ആനുകൂല്യങ്ങൾ ആവശ്യമില്ലാതെ തന്നെ. കഴിഞ്ഞ ദിവസം നടന്ന സമരത്തിൽ പങ്കെടുത്ത മനുഷ്യരെ പോലെ തൊഴിലാളികളും കർഷകരും, യുവാക്കളുമുൾപ്പടെയുള്ള മനുഷ്യർ ഒന്നും പ്രതീക്ഷിക്കാതെ സമരത്തിനിറങ്ങിയവർ നിരവധിയാണ്.
വാളയാറിന് അപ്പുറം നിങ്ങൾ എന്താണ് എന്ന ചോദ്യത്തിന് സിപിഐക്ക് പറയാനുള്ള മറുപടിയുണ്ട് ; “വാളയാറിന് അപ്പുറവും ഇപ്പുറവും ജനങ്ങളുടെ അവകാശങ്ങൾക്കും നീതിയ്ക്കും വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. അതിന് നിയമസഭകളിൽ സീറ്റോ കോടികണക്കിന് പണമോ വേണ്ട. ഫുൽ സിങ്ങിനെ പോലെയുള്ള നേതാക്കൾ മാത്രം മതി”