ജഡ്ജിമാർക്ക് സംഘ് വിധേയത്വമെന്ന് ആരോപണം; ശിക്ഷ നിയമക്കുരുക്കും ജയിലും ഒരു മലയാളി പൗരൻ്റെ ദുരനുഭവം

കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് ഹിന്ദുത്വ ബന്ധമുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതിയ എറണാകുളം ആലങ്ങാട് സ്വദേശി പി.കെ സുരേഷ് കുമാറിനെ കേരള ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സുപ്രീം കോടതി ഉൾപ്പെടെയുള്ള ഉന്നത നീതിന്യായ സ്ഥാപനങ്ങൾ ചില വിഷയങ്ങളിൽ ഹിന്ദുത്വ ആശയങ്ങളോട് ചായ്‌വ് കാണിക്കുകയും സംഘപരിവാറിന്റെ രാഷ്ട്രീയ-സാംസ്കാരിക അജണ്ടയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നെന്ന വിമര്‍ശനങ്ങള്‍ ഉയർന്നു വരുന്ന വേളയിലാണ് സുരേഷ് കുമാറിനെതിരെയുള്ള കോടതി വിധി. നീതിന്യായ വ്യവസ്ഥയെ വിമർശിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ റദ്ദാക്കുന്നു എന്ന് മാത്രമല്ല, അത്തരം സ്വരങ്ങള്‍ക്ക് ശിക്ഷ കൂടി വിധിച്ച് നിശബ്ദമാക്കാനും കോടതികള്‍ ശ്രമിക്കുന്നു എന്നത് വലിയ ആശങ്കയുണ്ടാക്കുകയാണ് – അരുൺ എയ്ഞ്ചല എഴുതുന്നു.

ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാർ, പ്രത്യേകിച്ച് ദേവസ്വം ബെഞ്ചിലെ ജഡ്ജിമാർ, രാഷ്ട്രീയ സ്വയംസേവക് സംഘവുമായി (ആർഎസ്എസ്) ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ് കുമാറിനെ കോടതി ശിക്ഷിച്ചത്, ഒരു ജനാധിപത്യ രാജ്യത്ത് സാധാരണക്കാരന് ന്യായാധിപൻമാരെയും കോടതികളെയും വിമർശിക്കാൻ കഴിയുമോ എന്ന ചോദ്യം സംബന്ധിച്ച സംവാദം ഉയര്‍ന്നു വരാൻ കാരണമായിരിക്കുകയാണ്. അടുത്തകാലത്ത് രാജ്യത്തെ വിവിധ കോടതികളില്‍ നിന്നുണ്ടായ ചില വിധികളും ന്യായാധിപൻമാർക്ക് അനർഹമായി ലഭിച്ചുകൊണ്ടിരിക്കുന്ന പാരിതോഷികങ്ങളും പരിഗണനയുമാണ് ആ ചോദ്യത്തിന് ബലം കൂട്ടുന്നത്.

ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്കിൽ എഴുതി കാരണത്താൽ എറണാകുളം സ്വദേശി പി കെ സുരേഷ് കുമാറിന് മൂന്ന് ദിവസം തടവും 2000 രൂപ പിഴയുമാണ് കേരള ഹൈക്കോടതി ശിക്ഷയായി വിധിച്ചത്

സ്വാതന്ത്യം, പരിസ്ഥിതി, മനുഷ്യാവകാശം, മതനിരപേക്ഷത, മതം തുടങ്ങി സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായ വിവാദ വിഷയങ്ങളിലടക്കം കോടതികൾ സ്വതന്ത്രമായ നിലപാടുകൾ സ്വീകരിച്ചതാണ് ജനാധിപത്യ ഇന്ത്യയുടെ അനുഭവം. എന്നാല്‍ സുപ്രീം കോടതി ഉൾപ്പെടെയുള്ള ഉന്നത നീതിന്യായ സ്ഥാപനങ്ങൾ ചില വിഷയങ്ങളിൽ ഹിന്ദുത്വ ആശയങ്ങളോട് ചായ്‌വ് കാണിക്കുകയും സംഘപരിവാറിന്റെ രാഷ്ട്രീയ-സാംസ്കാരിക അജണ്ടയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നെന്ന വിമര്‍ശനങ്ങള്‍ ഉയർന്നു വരികയാണ്. കോടതികളെ അമിതമായി രാഷ്ട്രീയവൽക്കരിക്കുന്നത് അവയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്താനും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടാനും കാരണമാകുമെന്നാണ് ആ വിമര്‍ശത്തിന്റെ അടിസ്ഥാനം. നീതിന്യായ വ്യവസ്ഥയെ വിമർശിക്കാനുള്ള പൗരന്മാരുടെ അവകാശവും ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല, അത്തരം സ്വരങ്ങള്‍ക്ക് ശിക്ഷ കൂടി വിധിച്ച് നിശബ്ദമാക്കാനും കോടതികള്‍ ശ്രമിക്കുന്നു എന്ന ആശങ്കയും പി കെ സുരേഷ് കുമാറിനെരിതെയുള്ള കോടതി നടപടികുടെ പശ്ചാത്തലത്തില്‍ ഉയരുന്നുണ്ട്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

ദേവസ്വം ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ സംഘപരിവാർ സ്വാധീനത്തിന് വഴങ്ങിയാണ് വിധികൾ പുറപ്പെടുവിക്കുന്നതെന്നും ഇത് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടാൻ വേണ്ടിയാണ് എന്നുമായിരുന്നു സുരേഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാക്കാലുള്ള നിരീക്ഷണങ്ങൾ ‘വാചകമടി’ (verbal diarrhoea) മാത്രമാണെന്നും മറ്റൊരു പോസ്റ്റിൽ സുരേഷ് കുമാർ എഴുതിയിരുന്നു. ജില്ലയിലെ സേവാഭാരതി യൂണിറ്റിൻ്റെ ഉദ്ഘാടനമുൾപ്പെടെ സംഘപരിവാർ സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു സുരേഷ് കുമാറിൻ്റെ പോസ്റ്റ്. ഇത് കോടതിയുടെ സ്ഥാപനപരമായ സമഗ്രതയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് വിലയിരുത്തിയ കോടതി മൂന്ന് ദിവസം തടവും 2000 രൂപ പിഴയും ചുമത്തി.

പക്ഷേ, വിമർശനങ്ങൾ അവ എത്ര ശക്തമോ അസൗകര്യകരമോ ആണെങ്കിലും തുറന്ന ചർച്ചകളുടെ ഭാഗമായി കാണാനും കോടതികളുടെ വിശ്വാസ്യത ഉറപ്പിക്കാനുള്ള അവസരമായി കാണാനും ശ്രമിക്കുന്നതിന് പകരം വ്യക്തിപരമായി ആക്രമിക്കാനാണ് കോടതി ശ്രമിച്ചത്. ഈ വിമർശനത്തിന് പിന്നാലെ കോടതി തന്നെ വ്യക്തിപരമായി തന്നെ നിരന്തരം വേട്ടയാടി എന്നും ഈ നിയമ പോരാട്ടം സത്യത്തിന് ഒപ്പമുള്ള ഒരു അതിജീവന പോരാട്ടം കൂടിയായിരുന്നു എന്നുമാണ് സുരേഷ് കുമാർ പറയുന്നത്. കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പട്ടികജാതിക്കാരനും ചിലപ്പോൾ താനായാരിക്കും എന്നും സുരേഷ് കുമാർ പറയുന്നു.

“13 മാസം കൊണ്ട് 22 സിറ്റിങ്ങുകകൾ, മൂന്ന് ഡിവിഷൻ ബെഞ്ച്. 27 തവണ അപ്പിയറൻസ്, ഫയലിങ്, തിരുത്തലുമായി ഹൈകോടതിയിൽ കയറി ഇറങ്ങിയ കാലം. അതിനിടെ ഉണ്ടായിരുന്ന ജോലി പോയി. വിസ ക്യാൻസലായി. സാമ്പത്തികമായി തകർന്നു, നിയമം അറിയാത്ത ഞാൻ, ഒരു അഭിഭാഷകൻ്റെയും സഹായമില്ലാതെ ഒറ്റയ്ക്ക് മൂന്ന് കേസുകളെ അഭിമുഖീകരിച്ചു. ഇന്ത്യയുടെ നിയമ ചരിത്രത്തിൽ കോടതി സ്വമേധയാ എടുത്ത കോടതി അലക്ഷ്യ കേസുകളിൽ കുറ്റപത്രവും വിചാരണയും നടത്തിയതിന് ശേഷം ട്രയൽ കോർട്ടിൽ നിന്ന് കുറ്റവിമുക്തി ലഭിച്ചത് 1988 ൽ കേന്ദ്ര നിയമമന്ത്രി ആയിരുന്ന ശിവശങ്കറിന് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കോടതി അലക്ഷ്യ കേസിൽ മാത്രമാണ്. പക്ഷേ അന്നത്തെ രാഷ്ട്രീയ സാഹചര്യം ശിവശങ്കറിന് അനുകൂലമായിരുന്നു. ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ട് തന്നെ കുറ്റവിമുക്തി ഇവിടെ ഞാൻ പ്രതീക്ഷിച്ചിരുന്നുമില്ല”

വിമർശനങ്ങളെ വിശ്വാസ്യത ഉറപ്പിക്കാനുള്ള അവസരമായി കാണുന്നതിന് പകരം ശ്രമിക്കുന്നതിന് പകരം വ്യക്തിപരമായി ആക്രമിക്കാനാണ് കോടതി ശ്രമിച്ചത്

ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു അപ്പീൽ നൽകാനുള്ള അവസരം പോലും നിഷേധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. ക്രിമിനൽ കോടതിയലക്ഷ്യ കേസുകളിൽ പരാതിക്കാരനും പരാതിക്ക് തീർപ്പ് കൽപ്പിക്കുന്നതും കോടതിയാണ് എന്ന വൈരുദ്ധ്യവും നിലനിൽക്കുന്നുണ്ട്. പരാതി ഉന്നയിച്ച ജഡ്ജിമാർ തന്നെയാണ് കേസിൽ വിധി പറയുകയും ചെയ്യുന്നത്. ഇത് ആരോപണ വിധയേരെ പ്രതിസന്ധിയിലാക്കുന്നു. ”ഏതെങ്കിലുമൊരു വക്കീൽ കോടതിക്കും ജഡ്ജിമാർക്കുമെതിരെ വാദിച്ച് സ്വന്തം കരിയർ നശിപ്പിക്കാൻ ആഗ്രഹിക്കില്ലല്ലോ. സൗജന്യ നിയമോപദേശത്തിനുള്ള വ്യവസ്ഥ ആക്‌സസ് ചെയ്‌താൽ തന്നെയും അവർ എന്നെപ്പോലെ കേസിൽ ശ്രദ്ധ കാണിക്കണമെന്നുമില്ല” – സുരേഷ് കുമാർ പറയുന്നു.

കോടതിയലക്ഷ്യമെന്ന പേടി

കോടതികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് 1971-ലെ Contempt of Courts Act-ന്റെ അമിതമായ ഉപയോഗത്തിലൂടെ, അത്തരം അഭിപ്രായങ്ങളെ കോടതിയലക്ഷ്യ നിയമത്തിന്റെ സാധ്യത ഉപയോഗിച്ച് പരിമിതപ്പെടുത്തുന്നത് ഒട്ടും ശുഭകരമായ സൂചനയല്ല.

1926ലാണ് ഇന്ത്യയിൽ ആദ്യമായി കോടതിയലക്ഷ്യ നിയമങ്ങൾ നിലവിൽ വന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇത് 1952-ലെ കോടതിയലക്ഷ്യ നിയമത്തിന് വഴി മാറി. പിന്നീട് എച്ച്.എൻ. സന്യാൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ ഉൾപ്പെടുത്തി 1971ൽ കോടതിയലക്ഷ്യ നിയമം നിലവിൽ വന്നു. ഇതാണ് ഇപ്പോൾ നിലവിലുള്ള നിയമം. ഇതനുസരിച്ച് സിവിൽ കോടതിയലക്ഷ്യവും ക്രിമിനൽ കോടതിയലക്ഷ്യവുമുണ്ട്. ഒരു കോടതിയുടെ ഏതെങ്കിലും വിധി, ഉത്തരവ്, നിർദ്ദേശം, റിട്ട് അല്ലെങ്കിൽ മറ്റ് നടപടിക്രമങ്ങൾ എന്നിവ മനഃപൂർവ്വം അനുസരിക്കാതിരിക്കൽ, കോടതിക്ക് നൽകിയ പ്രതിജ്ഞയുടെ മനഃപൂർവ്വമായ ലംഘനം എന്നിവ സിവിൽ കോടതിയലക്ഷ്യമാണ്.

എച്ച്.എൻ. സന്യാൽ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ ഉൾപ്പെടുത്തി 1971ൽ ഇന്ത്യയിൽ കോടതിയലക്ഷ്യ നിയമം നിലവിൽ വന്നു

കോടതിയുടെ അധികാരത്തെ അപകീർത്തിപ്പെടുത്തുക, തരം താഴ്ത്തുക, അല്ലെങ്കിൽ ഏതെങ്കിലും ജുഡീഷ്യൽ നടപടിക്രമങ്ങളിൽ ഇടപെടുക, നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തും വിധം എന്തെങ്കിലും പ്രസിദ്ധീകരിക്കുക, ജുഡീഷ്യറിയോട് തെറ്റായ പ്രസ്താവനകൾ നടത്തുക, ജഡ്ജിമാർ പക്ഷപാതപരമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിക്കുക എന്നിവയൊക്കെ ഈ നിയമ പ്രകാരം ക്രിമിനൽ കോടതിയലക്ഷ്യവുമാണ്.

രാജാക്കന്മാരുടെ ദൈവദത്തമായ അധികാരം എന്ന യൂറോപ്യൻ ആശയത്തിലാണ് കോടതിയലക്ഷ്യത്തിൻ്റെ വേരുകൾ

കോടതിയെയും കോടതി ഉദ്യോഗസ്ഥരെയും അനുസരിക്കാതിരിക്കുകയോ അനാദരവ് കാണിക്കുകയോ ചെയ്യുക എന്നർത്ഥം വരുന്ന ലാറ്റിൻ വാക്കുകളായ contemptuous, curiae എന്നീ വാക്കുകളിൽ നിന്നാണ് contempt of court എന്ന ഇംഗ്ലീഷ് പ്രയോഗമുണ്ടായത്. രാജാക്കന്മാരുടെ ദൈവദത്തമായ അധികാരം എന്ന യൂറോപ്യൻ ആശയത്തിലാണ് ഇതിൻ്റെ വേരുകൾ. രാജാവിൻ്റെ അധികാരങ്ങളിൽ ഇടപെടുന്നത് ദൈവിക പ്രക്രിയയെ തടസപ്പെടുത്തുന്നതായാണ് കണക്കാക്കപ്പെട്ടിരുന്നത്. “രാജാവിനെ അപമാനിക്കുകയോ, രാജസഭയെ വഞ്ചിക്കുകയോ, (രാജാവിനെതിരെ) ബ്രാഹ്മണരുടെ അടുക്കളകളുടെ പവിത്രത അവഗണിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയുടെയും നാവ് ഛേദിക്കപ്പെടും.” എന്ന് അർത്ഥശാസ്ത്രവും പറയുന്നു.

ജഡ്ജിമാർ വെള്ളം കോരുന്നത് ആർക്കു വേണ്ടി ?

2018 ജൂലൈ 6 – ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ദിവസമായിരുന്നു. എന്നാൽ അതേ ദിവസം, അധികാരമൊഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയർമാനായി അദ്ദേഹം നിയമിക്കപ്പെട്ടു. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അരുൺ മിശ്രയെ, 2014-ൽ നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരമേറ്റതിനു ശേഷം, സുപ്രീം കോടതി കൊളീജിയം സുപ്രീം കോടതിയിലേക്ക് നിയമിച്ചു.

സഞ്ജീവ് ഭട്ട്

ഗുജറാത്ത് സംസ്ഥാന സർക്കാർ തനിക്കെതിരെ സമർപ്പിച്ച രണ്ട് പ്രഥമ വിവര റിപ്പോർട്ടുകളിൽ നീതിയുക്തവും വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജി 2015 ഒക്ടോബർ 13 ന് ദത്തു-മിശ്ര ബെഞ്ച് തള്ളി. കേസിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രസിഡന്റ് അമിത് ഷായെയും മറ്റ് നിരവധി പേരെയും പ്രതികളാക്കണമെന്ന ഭട്ടിന്റെ ഹർജിയും കോടതി തള്ളി. ഗോധ്ര ട്രെയിൻ തീപിടുത്തത്തിൽ 57 ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് മുസ്ലീങ്ങൾക്കെതിരായ പ്രതികാര ആക്രമണങ്ങൾക്ക് അന്നത്തെ മുഖ്യമന്ത്രി പച്ചക്കൊടി കാണിച്ചതായും ഭട്ട് ആരോപിച്ചു. എന്നാൽ, ഭട്ട് ശുദ്ധമായ കൈകളോടെയല്ല കോടതിയിൽ വന്നതെന്നായിരുന്നു ജസ്റ്റിസ് മിശ്ര പറഞ്ഞത്. വിരമിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്‌സണായി നിയമിതനാവുകയും ചെയ്തു.

ജസ്റ്റിസ് അശോക് ഭൂഷൺ 2021 ജൂലൈ 4 ന് ആണ് വിരമിച്ചത്. അയോധ്യയിലെ ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിന് വഴിയൊരുക്കിയ വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ. വിരമിച്ച ശേഷം, 2021 നവംബർ 8-ന് ജസ്റ്റിസ് ഭൂഷൺ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർപേഴ്‌സണായി നിയമിതനായി. 2022 ഒക്ടോബർ 16 ന് ആണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിരമിച്ചത്. ബസവരാജ് ബൊമ്മൈ നയിക്കുന്ന ബി ജെ പി സര്‍ക്കാര്‍ 2022 ഫെബ്രുവരി 5ന് ഹിജാബ് ധരിച്ച് പെണ്‍കുട്ടികളെ കോളേജില്‍ പോകാന്‍ അനുവദിക്കില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസ് സുപ്രീം കോടതിയുടെ രണ്ടാംഗ ബെഞ്ചിൽ എത്തിയപ്പോൾ ക്ലാസ് മുറികളിൽ മതചിഹ്‌നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതര വിരുദ്ധമാണെന്നും ഹിജാബ് ധരിക്കേണ്ടത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്നുമുള്ള കർണാടക ഹൈക്കോടതിയുടെ കണ്ടെത്തല്‍ ശരിവച്ചുകൊണ്ട് ഹേമന്ത് ഗുപ്ത വിധി പറഞ്ഞു.

അതേ ബെഞ്ചിലെ ജസ്റ്റിസ് സുധാൻഷു ധൂലിയ ഹൈക്കോടതിയുടെ വിധി തള്ളി. പരസ്പര വിരുദ്ധ നിലപാടുകൾ ഒരേ ബെഞ്ചിൽ നിന്നു വന്നതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ വിഷയം ചീഫ് ജസ്‌റ്റിസിന് വിട്ടു. വിരമിച്ച് രണ്ട് മാസത്തിന് ശേഷം, ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിന്റെ ചെയർമാനായി കേന്ദ്രം നിയമിച്ചു. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീർ 2023 ജനുവരി 4 ന് ആണ് വിരമിച്ചത്. അയോധ്യ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലും കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയ ബെഞ്ചിലും ഇദ്ദേഹമുണ്ടായിരുന്നു. വിരമിച്ച തൊട്ടടുത്ത മാസം തന്നെ 2023 ഫെബ്രുവരി 12 ന് ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി കേന്ദ്രം നിയമിച്ചു.

വിരമിച്ചതിന് രണ്ട് മാസത്തിന് ശേഷം, ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിന്റെ ചെയർമാനായി കേന്ദ്രം നിയമിച്ചു

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 2019 നവംബർ 17 വിരമിച്ചു. അയോദ്ധ്യ – ബാബറി മസ്ജിദ് വിധി പറഞ്ഞത് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. റാഫേൽ യുദ്ധവിമാന ഇടപാടിൽ മോദി സർക്കാരിന് രണ്ടുതവണ ക്ലീൻ ചിറ്റ് നൽകിയ ബെഞ്ചിന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. സുപ്രീംകോടതി ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിനുമെതിരെ വിമർശനങ്ങളുമായി വാർത്താ സമ്മേളനം വിളിച്ച നാല് ജഡ്ജിമാരിൽ ഒരാൾ രഞ്ജൻ ഗൊഗോയ് ആയിരുന്നു. വിരമിച്ചു വെറും നാല് മാസങ്ങൾക്ക് ശേഷം, 2020 മാർച്ച് 19 ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. മേൽപ്പറഞ്ഞ എല്ലാവരും സുപ്രീം കോടതി ജഡ്ജുമാരാണ്. ബാബറി മസ്ജിദ് കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേരും വിരമിച്ചതിനു ശേഷം ഉന്നത പദവികളിൽ നിയമിക്കപ്പെട്ടു. ഇത്രയും സുപ്രീം കോടതിയുടെ കാര്യമാണ്.

രഞ്ജൻ ഗൊഗോയ്

ഹൈക്കോടതികളും ഇതിൽ നിന്ന് മുക്തമല്ല. 2008ൽ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുമായി ബന്ധപ്പെട്ട് “cash at judge’s door scam” എന്നറിയപ്പെട്ട ഒരു സംഭവം നടന്നു. 2008 ഓഗസ്റ്റ് 13 ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് നിർമൽജിത് കൗറിന്റെ വസതിയിൽ 15 ലക്ഷം രൂപ എത്തുന്നു. അവർ പോലീസിൽ അറിയിച്ചു. ഓഗസ്റ്റ് 16 പോലീസ് FIR ഇട്ട് അന്വേഷണം തുടങ്ങി.

ഓഗസ്റ്റ് 22ന് ജസ്റ്റിസ് നിർമ്മൽ യാദവിന് വേണ്ടിയായിരുന്നു പണം നൽകിയതെന്നും അത് ജസ്റ്റിസ് കൗറിന്റെ വീട്ടിൽ തെറ്റായി എത്തിച്ചുവെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് 26ന് ചണ്ഡീഗഡ് ഭരണകൂടം കേസ് സിബിഐക്ക് കൈമാറി. സമാന്തരമായി, ജഡ്ജിമാരുടെ പങ്ക് അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് മൂന്ന് ജഡ്ജിമാരുടെ കമ്മിറ്റി രൂപീകരിച്ചു. ഡിസംബർ 12ന് കമ്മിറ്റി റിപ്പോർട്ട് ചീഫ് ജസ്റ്റിസിനു സമർപ്പിച്ചു. കെ ജി ബാലകൃഷ്ണൻ ആയിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ്. ഡിസംബറിൽ ജസ്റ്റിസ് യാദവിനോട് അവരുടെ ഭാഗം വിശദീകരിക്കാൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. 2009 ജനുവരിയിൽ ജഡ്ജിമാരുടെ കമ്മിറ്റി റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് യാദവ് ചീഫ് ജസ്റ്റിസിന് കത്തെഴുതി.നവംബർ 5ന് ജസ്റ്റിസ് യാദവ് കുറ്റവിമുക്തയാക്കപ്പെട്ടു. പക്ഷെ “പണം കൈമാറിയ സമയത്ത് ജസ്റ്റിസ് നിർമൽജിത് കൗറിന്റെ വസതിയിൽ ഉണ്ടായിരുന്ന ഒരു സുപ്രീം കോടതി ജഡ്ജിയെയും ഹൈക്കോടതി ജഡ്ജിയെയും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ചോദ്യം ചെയ്യണം” എന്ന് ജസ്റ്റിസ് യാദവ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അങ്ങനെയൊരു അന്വേഷണം ഉണ്ടായില്ല.

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത്‌ വർമ്മയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത നോട്ടുകെട്ടുകൾ

2025 മാർച്ച് 14 രാത്രി ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത്‌ വർമ്മയുടെ വീട്ടിൽ തീപ്പിടുത്തം ഉണ്ടായി, അദ്ദേഹം വീട്ടിലില്ലായിരുന്നു. ഫയർ ഫോഴ്‌സ് തീയണയ്ക്കാൻ എത്തിയപ്പോൾ ഒരു മുറി മുഴുവൻ നോട്ടുകെട്ടുകൾ ശ്രദ്ധയിൽപെട്ടു. സംഗതി പുറത്തറിഞ്ഞു, സുപ്രീം കോടതി കൊളീജിയം കൂടി. ഈ സംഭവവികാസങ്ങൾ ദുഃഖകരമാണെന്ന് കൊളീജിയം അംഗങ്ങൾ അഭിപ്രായപ്പെട്ടു. സ്ഥലംമാറ്റം ശുപാർശ ചെയ്യാൻ ഏകകണ്ഠമായി തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതിയിൽ നിന്നാണ് യശ്വന്ത്‌ വർമ വരുന്നത്. അങ്ങോട്ടേക്ക് തിരിച്ചയക്കുക എന്ന കടുത്ത ശിക്ഷ നടപ്പാക്കും എന്നറിയുന്നു. ഇപ്പോളും കണ്ടെടുത്ത തുക എത്രയുണ്ടെന്നു അറിയില്ല. നാളെ യഥാർത്ഥ തുകയുടെ വിവരം ഒന്നും പുറത്ത് വരുമെന്നും കരുതാൻ വയ്യ. പക്ഷെ ഇത്രയും നാൾ യശ്വന്ത്‌ വർമ പുറപ്പെടുവിച്ച വിധിന്യായങ്ങളെക്കുറിച്ച് ഒന്നോർത്തു നോക്കൂ, ഈ നോട്ടുകെട്ടുകളുടെ സ്മരണയിൽ ആയിരിക്കില്ലേ അയാൾ പല വിധിന്യായങ്ങളും എഴുതിയത്. അതിൽ നീതിയുടെ കണികയെങ്കിലും ഉണ്ടാകുമോ? ഈ വിധികൾ പുനപരിശോധിക്കപ്പെടുമോ?

ഹർഷഭാരത വിധികള്‍

2021-ൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വാദം കേൾക്കവേ, ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായിരുന്ന പുഷ്പ ഗനേഡിവാല, പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമ കുറ്റകൃത്യമായി കണക്കാക്കണമെങ്കിൽ, “ലൈംഗിക ഉദ്ദേശത്തോടെയുള്ള ചർമ്മ സമ്പർക്കം” ഉണ്ടായിരിക്കണമെന്ന് പറയുകയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈകൾ പിടിച്ച് കുറ്റാരോപിതനായ വ്യക്തിയുടെ പാന്റിന്റെ സിപ്പ് അഴിക്കുന്നത് നിയമത്തിലെ ‘ലൈംഗികാതിക്രമ’ത്തിന്റെ നിർവചനത്തിൽ പെടില്ലെന്നും വിധിച്ചു. തുടർന്ന് 2022 ഫെബ്രുവരി 12-ന് അഡീഷണൽ ജഡ്ജി സ്ഥാനത്തിൽ നിന്ന് ഗനേഡിവാലയെ ജില്ലാ സെഷൻസ് ജഡ്ജിയായി തരംതാഴ്ത്തി. അവർ പിന്നീട് രാജി വച്ചു. 2025 മാർച്ചിൽ, പെൺകുട്ടിയുടെ മാറിടം സ്‌പർശിക്കുന്നതും പൈജാമയുടെ ചരട്‌ പൊട്ടിക്കുന്നതും നീർചാലിലൂടെ വലിച്ചിഴക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ ചുമത്താൻ തക്കതായ കുറ്റമല്ലെന്ന്‌ അലഹാബാദ്‌ ഹൈക്കോടതിയിലെ ജഡ്ജ് ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ മിശ്ര വിധിച്ചു. 2023ൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് വിധിച്ചതും ഇതേ ജഡ്ജിയായിരുന്നു.

പെൺകുട്ടിയുടെ മാറിടം സ്‌പർശിക്കുന്നതും പൈജാമയുടെ ചരട്‌ പൊട്ടിക്കുന്നതുമൊന്നും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ അല്ലെന്ന് വിധിച്ചത് അലഹാബാദ്‌ ഹൈക്കോടതിയിലെ ജസ്റ്റിസ് രാം മനോഹര്‍ നായാരണ്‍ ആണ്.

2025 മാർച്ച് 6ന് വന്ന ലൈംഗികാതിക്രമ കേസിൽ, മോചിതനായാൽ മൂന്ന് മാസത്തിനുള്ളിൽ ഇരയെ വിവാഹം കഴിക്കണമെന്ന വ്യവസ്ഥയിൽ അലഹാബാദ്‌ ഹൈക്കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൃഷൻ പഹലായിരുന്നു കേസ് പരിഗണിച്ചത്. ‌2021 ൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ, പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോ എന്നും വിവാഹം കഴിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനാവും എന്ന് പറഞ്ഞത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ഇങ്ങനെ നിലപാടെടുത്താൽ ആരോടാണ് പരാതി പറയുക. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ശേഖർ കുമാർ യാദവ് 2024 ഡിസംബര്‍ 10 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ വിവാദ പരാമര്‍ശം നടത്തി. “ഇത് ഹിന്ദുസ്ഥാനാണ്. ഇവിടെ രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ ഇഷ്ടത്തിന് അനുസരിച്ചേ രാജ്യം പ്രവര്‍ത്തിക്കൂ. മുസ്‌ലിംങ്ങള്‍ ബഹുഭാര്യാത്വവും മുത്തലാഖും പിന്തുടരുന്നവരാണ്. അവരുടെ കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ മൃഗങ്ങളെ കൊല്ലുന്നത് കണ്ടാണ് വളരുന്നത്. ഹിന്ദുക്കളെ ചെറുപ്പം മുതലേ നന്മയെയും ദയയെയും കുറിച്ച് പഠിപ്പിക്കുന്നുണ്ട്. മുസ്‌ലിംങ്ങള്‍ രാജ്യത്തിന് അപകടമാണ്. അവര്‍ രാജ്യത്തിനെതിരാണ്. രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്. അവരെ കരുതിയിരിക്കണം.“ എന്നായിരുന്നു ശേഖർ കുമാർ യാദവ് പറഞ്ഞത്. ഓക്സിജൻ പുറത്തുവിടുന്ന മൃഗമാണ് പശുവെന്നും അതിനാൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഇദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊഹ്‌റാബുദ്ദീൻ ഷെയ്ക്കിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ വിചാരണയ്ക്ക് നേതൃത്വം നൽകിയ ജഡ്ജി ജസ്റ്റിസ് ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ 2014 ഡിസംബർ 1 ന് ഹൃദയാഘാതം മൂലം മരിച്ചു. ലോയ മരിക്കുന്ന സമയത്ത് ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്നു അമിത് ഷാ. ജസ്റ്റിസ് ലോയയുടെ ഷർട്ടിന്റെ കോളറിൽ രക്തക്കറ കണ്ടതായും മരണം അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, അതുണ്ടായില്ല.

ജസ്റ്റിസ് എന്‍ നഗരേഷ്

കേരളത്തിൽ ഇക്കഴിഞ്ഞ മാർച്ചിൽ ഫ്ലക്‌സ് ബോര്‍ഡും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതിൽ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വച്ചിരുന്നു. സാധാരണയായി എല്ലാ പാർട്ടികളും ചെയ്യുന്ന കാര്യമാണ്. പക്ഷെ കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ പറയുകയുണ്ടായി. പക്ഷെ ഒരു വിഭാഗത്തിന് നേരേ പ്രത്യേകിച്ച് സി പി ഐ എമ്മിന് എതിരെയാണ് സാധാരണയായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ രൂക്ഷമായി പ്രതികരിക്കാറുള്ളത്. 2025 ജൂലൈയിൽ ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് അഭിഭാഷകന്‍ വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍ നഗരേഷ് പറഞ്ഞിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഭാരതമാതാ എന്നൊരു ആശയം ഇല്ലെന്നുമോർക്കുക. മീഡിയവൺ വാർത്താ ചാനലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച കേരള ഹൈക്കോടതി ബെഞ്ചിലും ഇദ്ദേഹം ഉണ്ടായിരുന്നു.

കോടതികളിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നതെന്ത് ?

2020 ൽ ജുഡീഷ്യറിയെ വിമർശിച്ചുകൊണ്ടുള്ള രണ്ട് ട്വീറ്റുകളുടെ പേരിൽ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കേസെടുത്തു. “ഭാവിയിൽ ചരിത്രകാരന്മാർ കഴിഞ്ഞ 6 വർഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഔപചാരിക അടിയന്തരാവസ്ഥ ഇല്ലാതെ പോലും ഇന്ത്യയിൽ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് കാണുമ്പോൾ, ഈ നാശത്തിൽ സുപ്രീം കോടതിയുടെ പങ്കിനെയും പ്രത്യേകിച്ച് അവസാനത്തെ 4 ചീഫ് ജസ്റ്റിസുമാരുടെ പങ്കിനെയും അവർ പ്രത്യേകം അടയാളപ്പെടുത്തും” എന്നതായിരുന്നു ആദ്യ ട്വീറ്റ്.

“നാഗ്പൂരിലെ രാജ്ഭവനിൽ ഒരു ബിജെപി നേതാവിന്റെ 50 ലക്ഷംവിലവരുന്ന മോട്ടോർ സൈക്കിളിൽ ചീഫ് ജസ്റ്റിസ് മാസ്കോ ഹെൽമെറ്റോ ഇല്ലാതെ സഞ്ചരിക്കുന്നു, സുപ്രീം കോടതിയെ ലോക്ക്ഡൗൺ മോഡിൽ നിർത്തി പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കുന്ന സമയത്ത്.” എന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റ്. അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഒരു ബൈക്കിൽ ഇരിക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്‌. കോടതി ശ്രീ ഭൂഷണിൽ നിന്ന് നിരുപാധികം മാപ്പ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് വിധിക്കുകയും ഒരു രൂപ പിഴയോടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.

ജുഡീഷ്യറിയെ വിമർശിക്കുന്ന രണ്ട് ട്വീറ്റുകളുടെ പേരിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെയും കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കേസെടുത്തിരുന്നു

രാജ്യത്തെ വിവിധ കോടതികളിലായി തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം നാല് കോടി അറുപത്തഞ്ച് ലക്ഷത്തിന് മുകളിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത് ഇന്ത്യയിലാണെന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗായിരുന്നു. ഈയവസ്ഥയിലും കോടതികളിൽ കൊളോണിയൽ അവശേഷിപ്പായ മധ്യവേനലവധി ഉണ്ടെന്നോർക്കുക.പ്രശാന്ത് ഭൂഷൺ ഉയർത്തിയത് പോലെയുള്ള കാമ്പുള്ള വിമർശനങ്ങൾ വരുമ്പോൾ അതിനെ കോടതിയലക്ഷ്യം കൊണ്ട് നേരിടുകയും ഉന്നയിച്ച വിഷയങ്ങളിലേക്ക് പോകാതിരിക്കുകയും ചെയ്യുന്ന കോടതികളുടെ കൌശലം എവിടെയും അടയാളപ്പെടുത്തുന്നുമില്ല.

സമീപകാല കോടതി വിധകളുടെ സ്വഭാവം പരിശോധിച്ചാല്‍ സംഘപരിവാറിന്റെ രാഷ്ട്രീയ-സാംസ്കാരിക അജണ്ടയെ ഊട്ടിയുറപ്പിക്കുന്നത് വ്യക്തമായി കാണാന്‍ കഴിയും. ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനായി സംഘപരിവാർ തേടാവുന്ന വഴികളിലൊന്ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായും വ്യാഖ്യാനിച്ചുകൊണ്ട് ജുഡീഷ്യറിയിലൂടെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്നതാണെന്ന് പറഞ്ഞത് ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ മുൻ വൈസ് ചാൻസലറും ഇപ്പോൾ സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. ജി മോഹൻ ഗോപാലാണ്.

അതുകൊണ്ട് തന്നെ സംഘപരിവാറിന് അനുകൂലമായ വിധികൾ പുറപ്പെടുവിച്ച ജഡ്ജിമാരും ഭരണകൂടത്തിന് പണിയെടുക്കുന്ന അവരുടെ പാരിദോശികവും പരിഗണനയും ആവോളം ഏറ്റുവാങ്ങുന്ന പുതിയ പ്രവണതകളെ സംശയത്തോടെ കാണാനും ചോദ്യം ചെയ്യാനും വിമർശിക്കാനും പൌരന് അവകാശമുണ്ട്. അത്തരം വിമർശനത്തിന് അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന താക്കീതുകള്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടാന്‍ കാരണമായേക്കും. പൗരന്മാരിൽ ഭയം വളർത്തുകയും തുറന്ന ചർച്ചകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം ഇടപെടലുകള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന (ആർട്ടിക്കിൾ 19(1)(a ) അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം കൂടിയാണ്.

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

ഇന്ത്യൻ എക്സ്പ്രസിൻ്റെ മുൻ ഫോട്ടോജേണലിസ്റ്റ്

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *