എട്ട് പതിറ്റാണ്ട് കാലം, സ്വാതന്ത്ര്യസമരം മുതൽ വലത് പക്ഷ മതവർഗീയതയുടെ ഉത്തരകാലത്തെ ഉയർച്ച വരേക്കും, നിരന്തര രാഷ്ട്രീയത്തിൻ്റെ ഒഴുക്കിലും വരൾച്ചയിലും നീന്തിത്തുടിച്ച ഒരാളെ വിഭാഗീയതയെന്ന പാലമരത്തിൽ ആണിയടിച്ച് ആവാഹിച്ചിരുത്താനാണ് അദ്ദേഹം മരിച്ച മണിക്കൂറുകളിലും എലീറ്റുകൾ, അവരുടെ മാധ്യമങ്ങൾ, അവരുടെ വിനീതവിധേയരായ അനുഭാവികൾ എല്ലാം ആഞ്ഞുകെട്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത് – എ ഹരിശങ്കർ കർത്ത എഴുതുന്നു.
വിഎസ് ; എലീറ്റിസത്തിനെതിരായൊരു മാനിഫെസ്റ്റോ

എലീറ്റിസത്തിനെതിരായൊരു മാനിഫെസ്റ്റോ ആയിരുന്നു വിഎസ് അച്യുതാനന്ദൻ്റെ മലയാളജീവിതം. സംസാരഭാഷയിലും ശരീരഭാഷയിലും അത് പ്രതിഫലിക്കുകയല്ല, കവിഞ്ഞൊഴുകുകയാണ് ഉണ്ടായിരുന്നത്. സുദീർഘമായ ആ രാഷ്ട്രീയജീവിതത്തെ ആക്ഷേപിച്ചുപോരാൻ എലീറ്റുകളും മത്സരിച്ചു. വിവരദോഷികളുടെയും തെമ്മാടികളുടെയും നേതാവായ വിവരദോഷിയും തെമ്മാടിയുമായ ഒരു നേതാവായി അദ്ദേഹത്തെ ചിത്രീകരിച്ചു. കഥകളും കവിതകളും ഉണ്ടായി, സിനിമകളും നാടകങ്ങളും.

പിന്നീടൊരു ചെറിയ ഇടവേളയിൽ എലീറ്റുകൾ വിഎസ് അച്യുതാനന്ദന് വേണ്ടി തോറ്റം പാടാൻ തുടങ്ങി. പാട്ടുകാരെല്ലാം പാടി പാടി ചോര കക്കിയിട്ടും വിഎസ് അച്യുതാനന്ദനെ അവരെഴുതിയ മാന്ത്രിക കളത്തിൽ ആനയിച്ചിരുത്താൻ കഴിഞ്ഞില്ല. എലീറ്റുകൾ പല വഴി പിരിഞ്ഞുപോയി.
വിഭാഗീയതയെന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഉൾപ്പാർട്ടി കുഴപ്പങ്ങൾക്ക് വിരാമമായ ശേഷം വിഎസ് അച്യുതാനന്ദൻ വീണ്ടും വേട്ടയ്ക്കിറങ്ങി. ജനസഞ്ചയങ്ങൾ ഇളകിമറിയുന്ന രാഷ്ട്രീയവനത്തിൽ എതിരാളികളെ ഏയ്ത് വീഴ്ത്തിയും തോലുരിച്ച് പ്രദർശിപ്പിച്ചും ചുട്ട് ഭക്ഷിച്ചും പാർട്ടിയുടെ വേട്ടയ്ക്കൊരു മകൻ എന്ന ഖ്യാതി തിരിച്ചുപിടിച്ചു. എലീറ്റിസത്തിൻ്റെ പരമേശ്വരന്മാർ ഭസ്മാസുരകഥ ഓർത്ത് ഇളിഭ്യരായ് വായും പൊളിച്ചിരുന്നു.

എലീറ്റുകൾക്ക് വിഎസ് അച്യുതാനന്ദൻ വീണ്ടും അനഭിമതനായിത്തീർന്നു. അവസരവാദിയായ അധികാരമോഹി എന്ന് വിളിക്കപ്പെട്ടു. അവരദ്ദേഹത്തെ അവസാനത്തെ കമ്യൂണിസ്റ്റെന്നും നിന്ദിച്ചുപറഞ്ഞു. കമ്യൂണിസത്തിനൊരു തുടർച്ച നൽകാൻ കഴിയാതെ പോയ കമ്യൂണിസ്റ്റെന്നുവെച്ചാലൊരു മോശം കമ്യൂണിസ്റ്റാണെന്നറിയാൻ, അതൊരു നിന്ദസ്തുതിയാണെന്ന് മനസിലാക്കാൻ ദാസ് കാപ്പിറ്റലൊന്നും വായിക്കണ്ട കാര്യമില്ലല്ലൊ.
എട്ട് പതിറ്റാണ്ട് കാലം, സ്വാതന്ത്ര്യസമരം മുതൽ വലത് പക്ഷ മതവർഗീയതയുടെ ഉത്തരകാലത്തെ ഉയർച്ച വരേക്കും, നിരന്തര രാഷ്ട്രീയത്തിൻ്റെ ഒഴുക്കിലും വരൾച്ചയിലും നീന്തിത്തുടിച്ച ഒരാളെ വിഭാഗീയതയെന്ന പാലമരത്തിൽ ആണിയടിച്ച് ആവാഹിച്ചിരുത്താനാണ് അദ്ദേഹം മരിച്ച മണിക്കൂറുകളിലും എലീറ്റുകൾ, അവരുടെ മാധ്യമങ്ങൾ, അവരുടെ വിനീതവിധേയരായ അനുഭാവികൾ എല്ലാം ആഞ്ഞുകെട്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത്. ഈ മഴപ്പെയ്ത്തിലും പക്ഷേ അത് നടക്കുമെന്ന് മാത്രം തോന്നുന്നില്ല.

എ. ഹരിശങ്കർ കർത്ത
നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. പിസ്കോണിയ മസ്കു, ഗോസിപ്പ് അക്കോഡിങ്ങ് ടു ഹരിശങ്കരനശോകൻ എന്നിവ പുസ്തകങ്ങൾ.