ഇസ്രായേലോ അമേരിക്കയോ ഒരു യുദ്ധത്തില്‍നിന്ന് പിന്തിരിയണമെങ്കില്‍ അവര്‍ക്ക് കനത്ത തിരിച്ചടി കിട്ടിയിരിക്കണം. മുന്നോട്ടു പോയാല്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളുടെ ഭീകരത ഓര്‍മ്മ വരണം. രണ്ടും ഇറാന്‍ കൊടുത്തിട്ടുണ്ട്. കണക്കെടുത്താല്‍ അളും അര്‍ത്ഥവും കൂടുതല്‍ നഷ്ടപ്പെട്ടത് ഇറാനായിരിക്കും. പക്ഷേ ആഴത്തില്‍ ആഘാതമേറ്റത് ഇസ്രായേലിനാണ്. ഇസ്രായേലിനെ സംബന്ധിച്ച് ഇതൊരു തോറ്റ യുദ്ധമാണ് – വി അബ്ദുള്‍ ലത്തീഫ് എഴുതുന്നു.
പൊളിഞ്ഞുവീണത് ‘പഴുതടച്ച സുരക്ഷ’ എന്ന ഇസ്രായേലിൻ്റെ മിത്ത്

അവസാനഘട്ടത്തിൽ അമേരിക്ക ഇറാൻ്റെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ടതും ഇറാൻ ഖത്തർ ആക്രമിച്ചതുമൊക്കെ നാടകമാണെന്നേ പറയാനുള്ളൂ. ‘ഞങ്ങൾ ഇറാനെ ആക്രമിച്ചു, ഇനി സമാധാനം’ എന്ന ട്രംപിന്റെ പറച്ചിലിൽ തന്നെ അതു കണ്ടതാണ്. പെട്ടന്ന് തട്ടിക്കൂട്ടിയ ഒരു എക്സിറ്റ് സ്ട്രാറ്റജിയാണ് അമേരിക്കയുടെ ഇടപെടലും ഇറാന്റെ ഖത്തർ ആക്രമണവും. അതിനിടെ ഇന്നലെ ഇസ്രായേലിലെ നഗരങ്ങള്‍ ഒന്നൊഴിയാതെ ഇറാൻ ആക്രമിച്ചിരുന്നു. ഇപ്പോഴും അതു തുടരുന്നു എന്നാണ് വാർത്തകൾ. പകൽസമയത്ത് മണിക്കൂറുകളോളം ബങ്കറിൽ കഴിയേണ്ടി വരുന്ന സാഹചര്യം തുടർന്നാൽ ഇസ്രായേലികൾ നെതന്യാഹുവിനെതിരെ തിരിയും.

ഈ സംഭവങ്ങളിൽ വലിയ പരിക്കു പറ്റിയത് ഇസ്രായേലിനാണ്. ഇസ്രായേലോ അമേരിക്കയോ ഒരു യുദ്ധത്തിൽനിന്ന് പിന്തിരിയണമെങ്കിൽ അവർക്ക് കനത്ത തിരിച്ചടി കിട്ടിയിരിക്കണം. മുന്നോട്ടു പോയാൽ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളുടെ ഭീകരത ഓർമ്മ വരണം. രണ്ടും ഇറാൻ കൊടുത്തിട്ടുണ്ട്. കണക്കെടുത്താൽ അളും അർത്ഥവും കൂടുതൽ നഷ്ടപ്പെട്ടത് ഇറാനായിരിക്കും. പക്ഷേ ആഴത്തിൽ ആഘാതമേറ്റത് ഇസ്രായേലിനാണ്. പഴുതടച്ച സുരക്ഷ എന്ന ഇസ്രായേലി മിത്ത് പൊളിഞ്ഞു. ഇത് ഇസ്രായേലിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ബെഞ്ചമിൻ തെതന്യാഹു എന്ന യുദ്ധക്കൊതിയൻ്റെ രാഷ്ട്രീയ അന്ത്യം ഇതോടെ സംഭവിക്കും എന്നു കരുതാം.

ഇറാൻ F-35 വിമാനം വീഴ്ത്തിയതിന്റെ തെളിവുകൾ പുറത്തുവിട്ടതോടെ അൺബീറ്റബിള്‍ രാജ്യത്തിൻ്റെ ആ പൊങ്ങച്ചവും തീർന്നു. ഒരു കാര്യത്തിൽ ഇറാൻ നാണംകെട്ടു. രാജ്യത്ത് ആയിരക്കണക്കിന് മൊസാദ് ഏജന്റുമാർ പ്രവർത്തിരുന്നു എന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവരുടെ സൈനികത്തലവന്മാരെയും ആണവശാസ്ത്രജ്ഞരെയും ഇസ്രായേൽ വധിച്ചത് യുദ്ധവിമാനങ്ങളിൽ നിന്ന് ബോംബു വർഷിച്ചായിരുന്നില്ല. ഇറാന്റെ അകത്തുനിന്നുതന്നെ കാര്യങ്ങൾ ഓപ്പറേറ്റു ചെയ്തുകൊണ്ടായിരുന്നു. ആയിരക്കണക്കിന് ഹൈക്വാളിറ്റി ഡ്രോണുകൾ രാജ്യത്തിനകത്ത് ഒളിപ്പിച്ചുവച്ചത്, ഒരുവേള ഫാക്ടറികൾ തന്നെ പ്രവർത്തിച്ചിരുന്നു എന്നത് യുദ്ധവേളയിൽ മാത്രമാണ് വെളിപ്പെട്ടത്.

റിപ്പോർട്ടുകളനുസരിച്ച്, അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഒരു പരിധിവരെ നശിപ്പിക്കപ്പെട്ടതും ആഭ്യന്തര ആക്രമണങ്ങളിലൂടെയായിരുന്നു. ഒരു ഘട്ടത്തിൽ ആ കൊലപാതകപരമ്പര അവസാനിച്ചത് വൻശക്തികൾ ഉൾപ്പെട്ട നെഗോസിയേഷനുകളിലൂടെയാണെന്നും കരുതേണ്ടിയിരിക്കുന്നു.
ഇസ്രായേലിനെ സംബന്ധിച്ച് ഇതൊരു തോറ്റ യുദ്ധമാണ്. ഇറാനിൽ അവർ വിചാരിച്ച സൈനിക അട്ടിമറി നടന്നില്ല. ജനതയെ ഭരണകൂടത്തിനെതിരെ തിരിച്ച് സർക്കാരിനെ താഴെയിറക്കാം എന്ന ലക്ഷ്യവും പാളി. ഇറാനിയൻ ജനത എല്ലാ ആഭ്യന്തര വൈരുദ്ധ്യങ്ങളും മറന്ന് ഒന്നിച്ചു നിന്നു. അട്ടിമറി പ്രവർത്തനങ്ങളിലേർപ്പെട്ടവരെ ജനം ഓടിച്ചിട്ട് പിടിച്ച് സർക്കാരിന് കൈമാറി. ഇസ്രായേലി പൈലറ്റുമാർ ഇറാന്റെ കൈയിലുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. ഇവരെ വിട്ടുകിട്ടാൻ ഇസ്രായേലിന് വലിയ വില കൊടുക്കേണ്ടി വരും. മൊസാദ് ചാരന്മാരെയും ഇറാൻ പിടിച്ചിട്ടുണ്ട്.

ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ട രാജ്യമാണ് ഇറാൻ. അവരുടെ എല്ലാ ആണവകേന്ദ്രങ്ങളും കൃത്യമായ അന്താരാഷ്ട്ര മോണിറ്ററിംഗിനു വിധേയമായിരുന്നു. അതിനുമേൽ കള്ളങ്ങൾ ചമച്ചാണ് അവരെ പോയി ആക്രമിച്ചത്. പാളിയ ഈ യുദ്ധത്തോടെ മിക്കവാറും ഇറാൻ ആ കരാറിൽനിന്ന് പുറത്തുവരും. ഇസ്രായേൽ, ഇന്ത്യ. പാകിസ്താൻ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ആ കരാറിലില്ലാത്ത ആണവരാജ്യങ്ങളാണ്. ആത്യന്തികമായി ചൈനയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം ലോകത്ത് മറ്റൊരു ആണവരാജ്യത്തന്റെ ഉദയത്തിലേക്കു നയിച്ചേക്കാം. ഇറാൻ നില നിൽക്കേണ്ടത് ഏറെ അത്യാവശ്യമായ കിഴക്കൻ ചേരി ഉടനടി ഇറാന് ആണവപോർമുനകൾ നൽകാനുള്ള സാധ്യതയുണ്ട്.

ഗാസയിൽനിന്നാണല്ലോ ഇതിന്റെയൊക്കെ തുടക്കം. എന്നാൽ ഇപ്പോള്‍ അവിടെയെന്താണ് നടക്കുന്നത് ?
ഹാർവാർഡ് ഡാറ്റാവേഴ്‌സിലെ യാക്കോവ് ഗാർബിന്റെ സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നത് യുദ്ധശേഷം ഗാസയിലെ ജനസംഖ്യയിൽ ഏതാണ്ട് നാലു ലക്ഷം പേരുടെ കുറവുണ്ടായിരിക്കുന്നു എന്നാണ്. അതായത് കുഴിച്ചു മൂടപ്പെട്ടു എന്ന്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച അണുബോംബുകൾ ഒറ്റയടിക്ക് കൊന്നുകളഞ്ഞ മനുഷ്യരുടെ എണ്ണത്തിന്റെ ഏകദേശം ഇരട്ടിയാളുകളെയാണ് ഇസ്രായേൽ ഗാസയിൽ കൊന്നുകളഞ്ഞത്. അത് തുടരുകയും ചെയ്യുന്നു.
ഇറാനിലും ഖത്തറിലും നടന്ന പൊറാട്ടു നാടകങ്ങളിലൂടെ വൻശക്തികൾ പിൻവാങ്ങുമ്പോഴും ഗാസയിലെ കൂട്ടവംശഹത്യ തുടരുന്നു എന്നത് അത്യന്തം സങ്കടകരമായ വേദനയാണ്. നമ്മൾ ജീവിക്കുന്ന കാലത്തു നടക്കുന്ന ഈ നരവേട്ടക്കെതിരെ നമ്മളൊക്കെ എന്തു ചെയ്തു എന്ന ചോദ്യം കാലം നമ്മോടു ചോദിക്കുക തന്നെ ചെയ്യും.