കോരൻ്റെ മകള്‍ : ജീവിതവിജയത്തിൻ്റെ മോട്ടോ ആയപ്പോൾ

ഒരിക്കൽ കോരനെന്ന പേരും എല്ലുന്തിയ ആ ശരീരവും എനിക്ക് അപമാനമായിരുന്നു. പക്ഷേ ഇന്നെനിക്ക് അങ്ങനെയല്ല. വിദ്യാഭ്യാസമുള്ള ഒരാൾ കോരനെന്ന പേര് കേട്ടിട്ടില്ല എന്ന് പറഞ്ഞ് എന്നെ പരിഹസിച്ചു ചിരിച്ചു, അതേ മനുഷ്യനുള്ള സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്തു. അയാൾക്ക് ശമ്പളം കിട്ടുന്ന അതേ അക്കൗണ്ടിൽ നിന്ന് അച്ഛന്റെ മോളും ശമ്പളം വാങ്ങി. അയാൾക്കൊപ്പമുള്ള മറ്റൊരു മനുഷ്യന്റെ സഹായത്തോടെ കോരന്റെ മകളെന്ന് കളിയാക്കിയ അതേ ആൾക്ക് അവരുടെ കമ്പനിയുടെ മുഖചിത്രമായ മാഗസിനിൽ കോരന്റെ മകൾ എഴുതിയ അഭിമുഖം കവറായി വന്നു. അന്ന് എന്നെ കളിയാക്കിയ അതേ മനുഷ്യന് എന്റെ കൈ കൊണ്ട് തന്നെ എന്റെ സീനിയർ അത് കൊടുപ്പിച്ചു. അച്ഛനെ കളിയാക്കിയ, പരിഹസിച്ച ആ മനുഷ്യന് ഞാൻ അച്ഛന് വേണ്ടി അങ്ങനെയാണ് മറുപടി കൊടുത്തത് – അച്ഛന്റെ ഓർമ ദിവസം മകൾ ബിന്ദു പി.പി. ഫേസ്ബുക്കിലെഴുതിയ കുറിപ്പ്.

ച്ഛൻ പോയിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു. ജീവിതത്തില ഏറ്റവും വേദനിപ്പിച്ച യാഥർത്ഥ്യം ഉൾക്കൊണ്ട്‌ ജീവിതം തുടങ്ങിയിട്ട് അത്രയും വർഷമായി. 2020 ജൂൺ 18ന് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ സച്ചി മരിച്ച വേദനയിൽ കരഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ, പിറ്റേന്ന് മുതൽ എന്റെ ജീവിതം, ഞാനിന്ന് ജീവിക്കുന്ന സകല ഇൻസെക്യൂരിറ്റികളിലേക്കും എന്നെ തള്ളിയിടുന്ന ഒരു ദിവസമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവസാനമായി അച്ഛനെ വീഡിയോ കോൾ ചെയ്തപ്പോള്‍ കണ്ട ആ ചിരിയിൽ, ഉണ്ണിമോളേ നമ്മളിനി കാണൂല എന്ന അർത്ഥം കൂടി ഉണ്ടായിരുന്നെന്നു കരുതിയില്ല.

ഒരിക്കൽ കോരനെന്ന പേരും എല്ലുന്തിയ ആ ശരീരവും എനിക്ക് അപമാനമായിരുന്നു. പക്ഷേ ഇന്ന്, ജീവിതത്തിൽ എനിക്കുണ്ടായ ഏതു കുഞ്ഞു നേട്ടവും കോരാനെന്ന ആ പേര് കൊണ്ടു മാത്രമാണ്. ഒപ്പമുള്ളവർക്കൊപ്പം എത്താൻ കഴിയാതിരുന്നതും ഓരോ ക്ലാസ്സിലും അച്ഛന്റെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടി വരുമ്പോൾ ഉണ്ടായ നെഞ്ചിടിപ്പും ഒപ്പമുള്ളവരുടെ പൊട്ടിച്ചിരികളും ഭയവുമെല്ലാം ആ മനുഷ്യനിൽ നിന്ന് എന്നെ അകറ്റിയിരിക്കണം. പിന്നെ, എന്റെ ചുറ്റിലും ബോധമുള്ള മനുഷ്യർ വരേണ്ടിവന്നു, ബിന്ദു എന്ന ഞാൻ ഏറ്റവും അഭിമാനിക്കേണ്ടത് കോരന്റെ മകളാണെന്ന സത്യത്തിലാണെന്ന ബോധ്യം എനിക്കുണ്ടാവാൻ.

ഇപ്പോള്‍ വേദനയല്ല, എന്നിൽ നിന്ന് ആ മനുഷ്യനെ പറിച്ചെടുത്തതെന്തിനെന്ന പരിഭവം മാത്രം. എന്തിനാണ് എന്നെ ഈ പ്രായമായവരുടെ മകളായി ജനിപ്പിച്ചതെന്ന് ചിന്തിച്ചിരുന്ന ആ കുഞ്ഞു മനസിനെ എനിക്ക് അന്ന് തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർക്കും എപ്പോഴും. ആറു മക്കളുള്ള അവർക്ക് വേണമെങ്കിൽ ഞങ്ങളെ പട്ടിണിക്കിടാമായിരുന്നിട്ടും അതിന് വിട്ടു കൊടുക്കാതെ, അർഭാടമല്ലെങ്കിലും മൂന്നു നേരം ഞങ്ങൾക്ക് ഭക്ഷണം തന്നു. ഒപ്പമുള്ളവരുടെ അച്ഛന്മാർ അവരുടെ മക്കളെ കൊഞ്ചിക്കുന്നത് കാണുന്നത് എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒന്നായിരുന്നു. ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷപ്പെടാൻ ചെറിയ കൂലിക്ക് പാടത്തും പറമ്പിലും നിർത്താതെ പണിയെടുക്കുന്നവർക്ക് ചിലപ്പോൾ അതിന് അതിന് കഴിയണമെന്നില്ലല്ലോ. പക്ഷേ ഞങ്ങൾ അച്ഛനെ കൊഞ്ചിച്ചിട്ടുണ്ട് കെട്ടിപിടിച്ചിട്ടുണ്ട്. കുഞ്ഞിനെ നോക്കുന്ന പോലെ വാത്സല്യത്തോടെ കെട്ടിപിടിക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന ചിരി കണ്ട് മനസ് നിറച്ചിട്ടുണ്ട്.

മുൻപ് ബി.ജെ.പി നേതാവും നടനുമായ കൃഷ്ണ കുമാർ തന്റെ വീട്ടിലെ പണിക്കാർക്ക് മുറ്റത്ത് കുഴികുത്തി അതിൽ അന്നം കൊടുത്തിരുന്നതും അവർ അതു കഴിക്കുന്നത് കണ്ട് കൊതിച്ചിരുന്നെന്നും അങ്ങനെ തനിക്കും വേണമെന്ന് പറഞ്ഞു കരഞ്ഞിരുന്ന ബാല്യമുണ്ടെന്നും ഏതോ ഫൈവ് സ്റ്റാർ ഹോട്ടലിൽ ക്യാമറയ്ക്ക് മുന്നിലിരുന്നു പറയുമ്പോൾ എന്റെ നെഞ്ച് പിടഞ്ഞിട്ടുണ്ട്. എന്തിനാന്നറിയോ? ഞങ്ങളെ പോറ്റാനുള്ള ഓട്ടത്തിൽ അവർക്കും കുഴി കുത്തി അതിൽ ഇലയിട്ട് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ടെന്ന് വളരെ സാധാരണമായി അച്ഛനും അമ്മയും പറഞ്ഞത് ഓർക്കുമ്പോൾ. പലപ്പോഴും സകല പ്രിവിലേജും ആസ്വദിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്റെ തൊണ്ടക്കുഴിയിൽ ആ ഭക്ഷണം നിന്ന് പോയിട്ടുണ്ട്.

ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷപ്പെടാൻ ചെറിയ കൂലിക്ക് പാടത്തും പറമ്പിലും നിർത്താതെ പണിയെടുക്കുന്നവർക്ക് ചിലപ്പോൾ അതിന് കഴിയണമെന്നില്ലല്ലോ.

ജീവിതത്തിൽ എന്തെങ്കിലും നല്ലത് സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നെ എപ്പോഴെങ്കിലും ആർക്കെങ്കിലും നല്ലതായി തോന്നിയിട്ടുണ്ടെങ്കിൽ അതെന്റെ അച്ഛന്റെ ക്വാളിറ്റിയെന്നേ എനിക്ക് പറയാനുള്ളു. നിങ്ങൾ പഠിച്ചാൽ നമ്മുടേതല്ലാത്ത ജീവിതം നിങ്ങൾക്ക് ഉണ്ടാകുമെന്ന് സ്കൂളിന്റെ പടി പോലും ചവിട്ടാത്ത ആ മനുഷ്യൻ പറയാതെ പറഞ്ഞിട്ടുണ്ട്. കൂലിപ്പണിക്ക് പോകുന്ന അവർക്ക്, എന്നെ നോക്കാൻ വീട്ടിൽ ആർക്കെങ്കിലും ഒരാൾക്ക് നിൽക്കാൻ കഴിയാത്തതു കൊണ്ടാവണം ചെറിയ പ്രായത്തിലെ എന്നെ അവർ അങ്കണവാടിയിലേക്ക് വിട്ടത്. ഭേദപ്പെട്ട് പഠിക്കുന്ന ഒരു കുട്ടിയായിരുന്നില്ല ഞാൻ. മൂന്നാം ക്ലാസ്സിൽ എന്നെ തോൽപ്പിച്ച അധ്യാപകരുടെ അടുത്ത് പോയി ‘എന്ത് കാരണം കൊണ്ടാണ് എന്റെ കുട്ടിയെ തോൽപിച്ചതെന്ന്’ ചോദിക്കാൻ ധൈര്യമില്ലാത്ത ആ അച്ഛന്റേയും അമ്മയുടേയും മോൾ വീണ്ടും പഠിച്ചത് മുന്നിൽ ഒന്നും കണ്ടിട്ടല്ലായിരുന്നു. പക്ഷേ ഇന്നെനിക്ക് തോന്നുന്നു, അച്ഛാ നിങ്ങള്‍ പറയാതെ പറഞ്ഞ ആ ജീവിതത്തിന് വേണ്ടിയായിരിക്കണം വീണ്ടും ഞാൻ അവിടെ നിന്ന് തുടങ്ങിയത് എന്ന്.

വിട്ടുകൊടുക്കാനും തള്ളിപ്പറയാനും ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടും അടിക്കാമായിരുന്നിട്ടും ആ മനുഷ്യൻ എന്നെ അങ്ങനെയൊന്നും ചെയ്തിട്ടില്ല. അമ്മയ്‌ക്കൊപ്പം വീട്ടിലെ പണി എടുക്കുന്ന, പിന്നീട് ജീവതത്തിൽ കണ്ടുമുട്ടിയ പല ആണുങ്ങളിലും ഞാൻ കണ്ട ‘ഈഗോ’ എന്താണെന്ന് പോലും അറിയാതെ സാധാരണ ജീവിതം ജീവിച്ചിരുന്ന ആ കമ്മ്യൂണിസ്റ്റുകാരൻ എന്റെ ജീവിതത്തിലെ മാതൃകാ പുരുഷനായത് എപ്പോഴാണെന്നെന്നും എനിക്ക് ഓർമ്മയില്ല.

ഞാൻ പി.ജിക്ക് ജോയിൻ ചെയ്തപ്പോൾ അച്ഛൻ ചേച്ചിയോട് ചോദിച്ചിരുന്നത്രേ, ‘ഇനി ഉണ്ണിമോളേ ടിവിയിലൊക്കെ കാണാൻ പറ്റ്വോ‘ എന്ന്. കോരന്റെ മകളെന്ന പേരിൽ ഫ്ലവേഴ്സ് ടി.വിയിലെ ഒരു കോടി എന്ന പരിപായിൽ പങ്കെടുത്തപ്പോൾ, ലക്ഷങ്ങൾ എന്നെ കണ്ട സമയത്ത് പക്ഷേ, അത് കാണാൻ അച്ഛനുണ്ടായതുമില്ല.

വേദന വരുമ്പോഴും വല്ലാതെ സന്തോഷിക്കുമ്പോഴും അച്ഛൻ മനസിൽ നിറഞ്ഞു നിൽക്കും. ഓരോ തവണ നാട്ടിൽ പോവുമ്പോഴും കയറ്റത്ത് ബസ് ഇറങ്ങുമ്പോൾ എവിടുന്നെങ്കിലും വന്ന് അച്ഛൻ എന്റെ കൈ പിടിക്കുമെന്ന് ഞാനോർക്കും. അല്ലെങ്കിൽ വീടിന്റെ ഇടവഴിയിൽ എത്തുമ്പോൾ, ആ കസേരയിൽ താടിക്ക് കൈ കൊടുത്ത് ആ വഴി നോക്കി ഇരിപ്പുണ്ടാവുമെന്ന്. തുടക്കത്തിൽ പറഞ്ഞപോലെ എന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന യാഥാർത്ഥ്യം അച്ഛനിപ്പോള്‍ ഇല്ലെന്നതാണ്. ആരെയും കാണാതെ, തൊട്ടപ്പുറത്ത് കിടന്നിരുന്ന അമ്മയോട് പോലും ഒന്നും പറയാതെ, സ്വയം തിളപ്പിച്ച ചായകുടിച്ചു വന്ന് കിടന്നുറങ്ങി അങ്ങ് പോയില്ലേ. അമ്മയെ പോലും അറിയിക്കാതെ പോയത്, അച്ഛനെ ഏറെ ഇഷ്ടപ്പെടുന്ന ഈ മോളോട് പറയാൻ പറ്റിയില്ല എന്നത് കൊണ്ടല്ലേ?

അച്ഛനെ സ്നേഹിച്ചയത്രയും ഒരാണുങ്ങളെയും സ്നേഹിക്കാൻ ജീവിതത്തിൽ എനിക്ക് കഴിഞ്ഞിട്ടില്ല. മാന്യതയുടെ ഒരു കസേരയും എവിടെയും കിട്ടാത്ത അച്ഛനെ പോലെ ക്വാളിറ്റിയുള്ള മനുഷ്യരെയും ഞാൻ എവിടെയും കണ്ടിട്ടില്ല. വേദനിപ്പിച്ചവരെ പോലും ചേർത്ത് നിർത്തിയ അച്ഛന്റെ അതേ സ്വഭാവം എനിക്കുമുണ്ടെന്ന് പറഞ്ഞ് പലരും എന്നെ പഴിച്ചിട്ടുണ്ടെങ്കിലും എനിക്ക് അതിഷ്ടമാണച്ഛാ. അച്ഛൻ പോയതിൽ പിന്നെയാണ് എന്റെ വീട് അച്ഛനായിരുന്നെന്ന് ഞാൻ മനസിലാക്കുന്നത്.

കോരന്റെ മകളെന്ന ഐഡന്റിറ്റി എത്രയോ തവണ ഞാൻ മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അതെനിക്ക് സ്നേഹം ഇല്ലാഞ്ഞിട്ടായിരുന്നില്ല, പേടിയായിരുന്നു. എന്റെ അച്ഛനും, ജാതിയും കോരൻ എന്ന പേരുമെല്ലാം മോശമാണെന്ന് ആരൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു. ആ ഐഡന്റിറ്റി എനിക്ക് എല്ലായിടത്തും വലിയ അകലങ്ങൾ ഉണ്ടാക്കിയിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന അപമാനഭാരമാണ് ഇപ്പോഴും എന്നെ കുത്തിക്കുത്തി നോവിക്കുന്നത്.

പറയാതെ പറഞ്ഞ നമുടേതല്ലാത്ത ആ ജീവിതം കെട്ടിപ്പടുക്കാൻ എളുപ്പമല്ല അച്ഛാ. ഒപ്പമുള്ളവർ ഓടി കയറുന്നത്ര ഈസിയായി അച്ഛന്റെ മകൾക്ക് കഴിയുന്നില്ല. ചെരുപ്പില്ലാതെ അച്ഛൻ നടന്നു കയറിയ വഴികളത്രയും ഞാൻ ഓർക്കും. ആ മനുഷ്യന്റെ മകളെന്ന പേരിൽ എന്നെ എല്ലാവരും ഓർക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു.

കോരന്റെ മകളെന്ന ഐഡന്റിറ്റി എത്രയോ തവണ ഞാൻ മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. അതെനിക്ക് സ്നേഹം ഇല്ലാഞ്ഞിട്ടായിരുന്നില്ല, പേടിയായിരുന്നു.

നമ്മൾ എവിടെ നിന്ന് തുടങ്ങി എന്നോർക്കുമ്പോൾ ഇത് ഭേദപ്പെട്ട ജീവിതമാണ് അച്ഛാ. ഒരുപാട് വിദ്യാഭ്യാസമുള്ള ഒരു മനുഷ്യൻ കോരനെന്ന പേര് കേട്ടിട്ടില്ല എന്നുപറഞ്ഞ് എന്നെ പരിഹസിച്ചു ചിരിച്ചു. അതേ മനുഷ്യനുള്ള സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്തു. അയാൾക്ക് ശബളം കിട്ടുന്ന അതേ അക്കൗണ്ടിൽ നിന്ന് ഞാനും ശമ്പളം വാങ്ങി. കോരന്റെ മകളെന്ന് കളിയാക്കിയ അതേ ആളുടെ കമ്പനിയുടെ മാഗസീനിൽ മുഖചിത്രമായി, കോരന്റെ മകൾ എഴുതിയ അഭിമുഖം കവറായി വന്നു. അന്ന് എന്നെ കളിയാക്കിയ അതേ മനുഷ്യന് എന്റെ കൈ കൊണ്ട് തന്നെ എന്റെ സീനിയർ അത് നൽകി. അച്ഛനെ കളിയാക്കിയ, പരിഹസിച്ച ആ മനുഷ്യന് ഞാൻ അച്ഛന് വേണ്ടി അങ്ങനെയാണ് മറുപടി കൊടുത്തത്.

ഞാൻ എഴുതിയത് മറ്റൊരു മനുഷ്യൻ വായിച്ച് നല്ലതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അച്ഛനെ കുറിച്ചെഴുതിയതാണ്. അതിൽ സത്യമുണ്ട്, ആത്മാർത്ഥയുണ്ട്. എന്റെയുള്ളിൽ കളങ്കമില്ലാത്ത ഒന്നുണ്ടെങ്കിൽ അത് അച്ഛനോടുള്ള സ്നേഹം മാത്രമായിരിക്കും. അന്ന് മൂന്നാം ക്ലാസ്സിൽ തോറ്റുപോയ പോലെ ഇനിയും തോൽക്കുമായിരിക്കും. സാരമില്ല, ഞാൻ അവിടുന്ന് വീണ്ടും തുടങ്ങും. അച്ഛാ പറയാറുള്ള, നമുടേതല്ലാത്ത ജീവിതം കെട്ടിപ്പടുക്കാൻ തോറ്റയിടത്ത് നിന്ന് ഞാൻ വീണ്ടും ഓടും. കോരന്റെ മകളെന്ന ഐഡന്റിയിൽ തന്നെ.

ബിന്ദു പി.പി

ബിന്ദു പി.പി

മാധ്യമപ്രവർത്തക

Join our Whatsapp Group

Get latest posts and updates

What to read next...

Leave a Reply

Your email address will not be published. Required fields are marked *