തനിക്ക് മുൻപ് വന്ന അനേകം മനുഷ്യരുടെ കണ്ണീരും ചോരയും നീരും അപമാന ഭാരവും ചവിട്ടിയുറപ്പിച്ച മണ്ണിലാണ് താൻ നിൽക്കുന്നതെന്ന ഉത്തമബോധ്യവും, അതിട്ടെറിഞ്ഞിട്ടു പോകുന്നത് വരാനിരിക്കുന്ന പിന്മുറക്കാർക്ക് ലഭിക്കാവുന്ന അവസരങ്ങളും അതിലേക്ക് നടക്കാനുള്ള ആത്മവിശ്വാസവും നശിപ്പിക്കുമെന്ന പൂർണ തിരിച്ചറിവുണ്ടായിരുന്നു ടെമ്പ ബാവുമയ്ക്ക്. എങ്ങനെയൊക്കെ ആക്രമിച്ചാലും അതിജീവിക്കാൻ തക്കവണ്ണം സ്വന്തം ജിവിതം കൊണ്ട് മാതൃക കാട്ടുക മാത്രമല്ല, വ്യക്തമായി വരും തലമുറയ്ക്ക് വേണ്ടി താൻ പഠിച്ച പാഠങ്ങൾ പറഞ്ഞടയാളപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നുണ്ട് ബാവുമ – ടെമ്പ ബാവുമ എന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസത്തിൻ്റെ ജീവിതവും രാഷ്ട്രീയവും അടയാളപ്പെടുത്തുന്ന ലേഖനം.
ടെമ്പ ബാവുമ, ദക്ഷിണാഫ്രിക്കൻ വിമോചന സ്വപ്നങ്ങളുടെ ക്രിക്കറ്റ് ശരീരം

ടെമ്പ ബാവുമയെന്നത് ഒറ്റച്ചരിത്രത്തിന്റെ പേരല്ല. ഒരു നാട്ടിൽ, അന്നാട്ടിലെ മനുഷ്യരിൽ നിന്ന് അപഹരിക്കപ്പെട്ട അന്തസിനും അവസരങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി പോരാടി, അവഗണിക്കപ്പെട്ട്, അപമാനിക്കപ്പെട്ട്, അവഹേളിക്കപ്പെട്ട് അടിച്ചമർത്തൽ നേരിടേണ്ടി വന്നിട്ടും, ആത്മവിശ്വാസത്തോടെ, അടിയറവ് വയ്ക്കാത്ത സ്വത്വബോധത്തോടെ, അടിപതറാത്ത സ്‌ഥൈര്യത്തിലൂടെ ലക്ഷ്യവിജയം നേടിയ അനേകം ദക്ഷിണാഫ്രിക്കൻ പോരാളികളുടെ ക്രിക്കറ്റ് ശരീരമാണയാൾ. ടെമ്പ ബാവുമ എന്നത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു പാരഡിഗം ഷിഫ്റ്റിന്റെ പേർ കൂടിയാകുന്നു. ചോക്കർ വിളികളവസാനിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ അതികായന്മാരെ അടിയറവ് പറയിപ്പിച്ച് 27 വർഷങ്ങൾക്കിപ്പുറം ദക്ഷിണാഫ്രിക്കയൊരു മേജർ കിരീടം ചൂടുമ്പോൾ ബാവുമ, അയാൾ ആഗ്രഹിച്ചതുപോലെ തന്നെ കറുത്ത വർഗക്കാരിൽ നിന്നുള്ള ആദ്യ ക്യാപ്റ്റനല്ല, മുഴുവൻ ദക്ഷിണാഫ്രിക്കക്കാരുടെയും ക്യാപ്റ്റനാകുന്നു. ആധികാരികം, നിരുപാധികം.

ദക്ഷിണാഫ്രിക്കൻ വിമോചന നായകൻ നെൽസൺ മണ്ടേല തൻ്റെ പോരാട്ടങ്ങള്‍ക്കൊടുവിൽ ജയിലിലടയ്ക്കപ്പെട്ട് 27 വർഷങ്ങൾക്കു ശേഷം സ്വതന്ത്രനാക്കപ്പെടുന്ന 1990കളിലാണ് ടെമ്പ ബാവുമ ജനിക്കുന്നത്. ദേശീയ ടീം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്ന സമയമാണത്. കാരണം അപ്പാർത്തീഡ് തന്നെ. കറുത്തവർഗക്കാരെ എല്ലാ കായിക ഇനങ്ങളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് നിയമം കൂടി ഭരണംകൂടം കൊണ്ടുവന്നിരുന്നു. അങ്ങനെയാണ് 1970ൽ ഐ സി സി ദക്ഷിണാഫ്രിക്കക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തുന്നത്.
ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാർ തങ്ങളുടെ ദൃഷ്ടിയിൽപ്പോലുംപ്പെടാത്ത ദൂരത്തിൽ, അടിസ്ഥാന സൗകര്യങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട്, തങ്ങൾ പറയുന്ന പണികൾ മാത്രം ചെയ്ത് പറയുന്ന രീതിയിൽ ജീവിക്കണമെന്ന് തിട്ടൂരമുള്ള കാലം.അങ്ങനെ കറുത്ത വർഗക്കാരെ അടിമ മൃഗങ്ങളെപ്പോലെ കൊണ്ടു ചെന്നു തള്ളിയ കേപ് ടൗണിലെ ലാംഗയിലാണ് ടെമ്പ ബാവുമയുടെ ജനനം.

അപ്പാർത്തീഡ് അവസാനിപ്പിച്ചു. 1994ൽ തെരഞ്ഞെടുപ്പിലൂടെ നെൽസൺ മണ്ടേല ആദ്യ പ്രസിഡന്റുമായി. ജയിൽ മോചിതനായ മണ്ടേല ഭരണത്തിലെത്തുന്നതിനും മുൻപേ തന്നെ ക്രിക്കറ്റിലെ വിലക്ക് മാറ്റാൻ യത്നിച്ചു. അങ്ങനെ 1991ൽ വിലക്ക് നീങ്ങിയിരുന്നു. 1992 ലോകകപ്പിൽ ആദ്യമായി പങ്കെടുത്ത ദക്ഷിണാഫ്രിക്ക സെമിയിലുമെത്തി. എന്നാൽ കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ആധിപത്യശക്തികൾ നാട്ടിലെ കറുത്തമനുഷ്യരിലേൽപ്പിച്ച മുറിവുണക്കൽ എളുപ്പമായിരുന്നില്ലെന്ന് തിരിച്ചറിയപ്പെട്ടു. മുറിവേൽപ്പിച്ചവന്റെ മുതലാളിത്ത ബോധം മെരുങ്ങുന്നതല്ലെന്നും. ഭിന്നിക്കപ്പെട്ട രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ നെൽസൺ മണ്ടേല കണ്ടെത്തിയ വഴികളിലൊന്നും സ്പോർട്സ് തന്നെയായിരുന്നു. റഗ്ബിക്കും ഫുട്ബോളിനും ഹോക്കിക്കുമൊപ്പം വീണ്ടും ക്രിക്കറ്റ് ശക്തി പ്രാപിച്ചു.
ചരിത്രത്തിലാദ്യമായി ഒരു കറുത്ത വർഗക്കാരൻ ദക്ഷിണാഫ്രിക്കൻ ടീമിലെത്തി. മഖായ എന്റിനി. പോൾ ആദംസ് എന്ന മറ്റൊരു കളിക്കാരനും എന്റിനിയുടെ പാത പിന്തുടർന്നു. ദി ഡിംഗി എക്സ്പ്രസ് എന്നറിയപ്പെട്ട എന്റിനി പ്രോട്ടീസ് ബൗളിംഗ് പടയുടെ നിർണായകഘടകമായി വളർന്നു. ടെസ്റ്റിൽ 400നടുത്ത് വിക്കറ്റുകൾ നേടി. ലോർഡ്സിൽ 10 വിക്കറ്റ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കക്കാരനായി. ദക്ഷിേണാഫ്രിക്ക ആദ്യ മേജർ കിരീടം നേടിയ 1998ലെ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തി. എന്നാൽ 2020ൽ എന്റിനി പിൽക്കാലത്ത് നടത്തിയ വെളിപ്പെടുത്തൽ ടീമിന്റെ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു. ‘വംശവിവേചനം നിയമം മൂലം മാത്രമേ അവസാനിക്കപ്പെട്ടിരുന്നുള്ളൂ. അപമാനിക്കലും അവഗണിക്കലും പരിഹസിക്കലും നിർബാധം തുടർന്നു. മോശം പ്രകടനങ്ങളിൽ ക്രൂരമായി കുറ്റപ്പെടുത്തി, ആക്രമിക്കപ്പെട്ടു‘ എന്നായിരുന്നു ഓർക്കാനാകാത്ത ദിവസങ്ങളെക്കുറിച്ച് എന്റിനിയുടെ വെളിപ്പെടുത്തൽ. ‘ഞാനെപ്പോഴും ഒറ്റക്കായിരുന്നു. ആരും എന്നോടൊപ്പം ഇരിക്കുകയോ സമയം ചിലവഴിക്കുകയോ ചെയ്തിരുന്നില്ല. എൻറെ മുന്നിൽ വച്ച് അവർ ഭക്ഷണം കഴിക്കാൻ പോകുമായിരുന്നു, ഒരിക്കലും എന്നെ കൂട്ടിയില്ല. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ആരും എൻറെ അടുക്കൽ വന്നിരുന്നില്ല. കൂട്ടത്തിലെ ഒറ്റപ്പെടലിൽ നിന്ന് രക്ഷ നേടാൻ ഞാൻ ടീം ബസ്സുകളിൽ നിന്ന് ഹോട്ടൽ റൂമുകളിലേക്കോടി. വേദനാജനകമായിരുന്നു ആ കാലം.’

2020കളിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റ് മുന്നേറിയപ്പോൾ മാത്രമാണ് എന്റിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അക്കാലം വരെയും കറുത്ത വർഗക്കാരനായതിന്റെ പേരിൽ ആ അപമാനഭാരം അയാൾ ഒറ്റയ്ക്ക് ചുമന്നു. പ്രോട്ടീസ് എന്ന് കേൾക്കുമ്പോൾ ലോകം മറക്കാതെയോർക്കുന്ന ജെ പി ഡുമ്നി, ഹാഷിം അംല, ആഷ്വെൽ പ്രിൻസ് തുടങ്ങിയ പേരുകളക്കം ഉൾപ്പെടുന്ന കൂടുതൽ കളിക്കാർ സമാന തുറന്നു പറച്ചിലുകൾ നടത്തി എന്നുള്ളത് ഒരു ദേശീയ ടീമിൽ കളിക്കാർ നേരിട്ട വർണ വിവേചനത്തിന്റെ വ്യാപ്തി തുറന്നുകാട്ടുന്നതായിരുന്നു.
2001ൽ കേപ്‍ടൗണിലെ സൗത്ത് ആഫ്രിക്കൻ കോളേജ് സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ഉപന്യാസ മത്സരം നടത്തി. ‘അടുത്ത പതിനഞ്ച് വർഷത്തിൽ നിങ്ങൾ നിങ്ങളെ എവിടെ കാണുന്നു’എന്നതായിരുന്നു വിഷയം. ഒരു ആറാം ക്ലാസുകാരനാണ് മത്സരത്തിൽ സമ്മാനം നേടിയത്. പേര് ടെമ്പ ബാവുമ. കുട്ടിയുടെ ഉത്തരം ഇതായിരുന്നു, ‘അടുത്ത പതിനഞ്ച് വർഷത്തിൽ ദക്ഷിണാഫ്രിക്കാൻ ടീമിൽ ഇടം പിടിച്ചതിന്റെ പേരിൽ മിസ്റ്റർ എമ്പേക്കി (പ്രസിഡന്റ് ) ഷേക്ക് ഹാൻഡ് തരുന്ന കോട്ടും സ്യൂട്ടും ധരിച്ച എന്നെയാണ് ഞാൻ കാണുന്നത്.’ 13 വർഷങ്ങൾക്കിപ്പുറം 2014ൽ ആ കുട്ടി പ്രോട്ടീസ് ടെസ്റ്റ് ടീമിലിടം നേടി. കൃത്യം 15 വർഷങ്ങൾക്കിപ്പുറം 2016ൽ അയാൾ പ്രോട്ടീസിന് വേണ്ടി ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ കറുത്ത വംശജനായി. അപ്പോഴേക്കും എമ്പേക്കി പ്രസിഡന്റ് പദം ഒഴിഞ്ഞിരുന്നു. ഒടുവിൽ 2021ൽ അയാൾ ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗക്കാരനായ ആദ്യ ക്യാപ്റ്റനായി, സ്ഥിരം ക്യാപറ്റൻ.

ടെമ്പ ബാവുമ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററാണ്.
ടെസ്റ്റിൽ അൻപതിനടുത്ത് സ്ട്രൈക്ക് റേറ്റിൽ 38 റൺസ് ആവറേജിൽ കളിക്കുന്ന പ്ലേയറർ. ഏകദിനത്തിൽ 88 നടുത്താണ് സ്ട്രൈക്ക് റേറ്റ്, 44 ആവറേജ്. അണ്ടർ പെർഫോമൻസ് നടത്തിയിട്ടുള്ള ഫോർമാറ്റ് ടി 20 മാത്രമായിരിക്കും. അപ്പോളും അവിടെയും സ്റ്റാറ്റിറ്റിക്സുകൾ മോശമല്ല. 162 സെന്റീ മീറ്ററാണ് ബാവുമയുടെ ഹൈറ്റ്. ഉയരത്തിന്റെ അഡ്വാന്റേജോ പവറോ അല്ല, ക്ഷമയിലും ടെക്നിക്കിലും പടുത്തുയർത്തുന്ന ക്രാഫ്റ്റ് ആണ് അയാളുടെ ബാറ്റിംഗ്. ഉയരക്കുറവിന്റെ സാധ്യതകളെ പ്രയോഗവത്ക്കരിക്കുന്ന സ്കിൽഡ് ബാറ്റ്സ്മാൻ. ലോർഡ്സിലെ ആദ്യ ഇന്നിംഗ്സിൽ സ്വന്തം പട ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ അയാൾ ചേർത്ത 36 റൺസിന് വിജയത്തോടുള്ള അയാളുടെ ആത്മസമർപ്പണത്തിന്റെ അംശമുണ്ട്. സ്റ്റാർക്കും ഹേസൽവുഡും കമ്മിൻസും ചേർന്ന് ചുവന്ന പന്തിനെ തീയുണ്ട കണക്കേ വർഷിക്കുന്ന പിച്ചിൽ കടുത്ത പേശീ വലിവിലും മാക്രത്തിനൊപ്പം ചേർന്ന് അയാൾ നേടിയ 66 റൺസിന് ഇത്ര നാളും ചോദിച്ച ചോദ്യങ്ങൾക്ക് മാത്രമല്ല, ഇനിയും ഉരുത്തിരിയാത്ത ചോദ്യങ്ങൾക്ക് പോലും ഉത്തരം കൊടുക്കാനുള്ള ശേഷിയുണ്ട്.

ടാക്ടിക്കൽ ബ്രില്യൻസും കാം ഡിമേന്വേറും ഒന്നിക്കുന്ന ക്യാപ്റ്റനാണ് ടെമ്പ ബാവുമ. അയാളുടെ മുഖം തന്നെ സമാധാനമാണ്. ടെമ്പ എന്ന വാക്കിനർത്ഥം സ്വപ്നമെന്നാണ്. ‘എന്നെ ആളുകൾ ഒരുപാട് പേരുകൾ വിളിച്ചു. ചില പേരുകൾ വേദനിപ്പിച്ചു.പക്ഷെ ഏറ്റവും കൂടുതൽ വിളിക്കപ്പെട്ട പേര് ടെമ്പ എന്ന് തന്നെയാണ്.എന്റ മുത്തശ്ശി എനിക്കിട്ട പേരാണത്. പ്രതീക്ഷ എന്നാണതിന്റെ അർത്ഥം , ഞങ്ങളുടെ മനുഷ്യർക്കൊരു പ്രതീക്ഷയായി, ഞങ്ങളുടെ രാജ്യത്തിന് ഒരു പ്രതീക്ഷയായി. പ്രതീക്ഷകളില്ലാത്ത ജീവിതം എങ്ങനെയായിരിക്കും. ലോകത്തിലെ മികച്ച ടീമിനെതിരെ പോരാടാൻ വേണ്ടതും പ്രതീക്ഷയാണ്. ഇനിയും നിങ്ങൾക്ക് എന്നെ പേരുകൾ വിളിക്കണമെന്നുണ്ടെങ്കിൽ ടെമ്പ എന്നു തന്നെ വിളിച്ചുകൊള്ളൂ’, അപഹസിച്ചവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങിയവരോട് ടെമ്പയ്ക്ക് പറയാനുള്ളത് ഇതായിരുന്നുട് ടെമ്പയ്കക് പറയാനുള്ളത് ഇതായിരുന്നു
ടെമ്പ ബാവുമ എന്നതാണ് സമീപ കാലത്തെ ഏറ്റവും സക്സസ് ഫുൾ ആയ ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് ഉത്തരവും. ലോഡ്സിലെ ദ അൾടിമേറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലടക്കം ക്യാപ്റ്റനായ 10 മത്സരങ്ങളിൽ 9 ജയം. ഒരു സമനില.. തോൽവി അയാൾ അറിഞ്ഞിട്ടില്ല. ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ദക്ഷിണാഫ്രിക്ക ഏറ്റവും കൺസിസ്റ്റന്റ് പെർഫോമൻ്സ് കാഴ്ച്ച വച്ചതും അയാളുടെ കീഴിലാണ്. ഏകദിനത്തിൽ 41 മത്സരങ്ങളിൽ നിന്ന് 21 ജയങ്ങൾ. ടി-20യിൽ 25 മത്സരങ്ങളിൽ നിന്ന് 16 ജയങ്ങൾ. എന്നിട്ടും സംഭവിച്ച ഓരോ തോൽവിയിലും അയാൾ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ടു, അത് അയാൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നത് കൊണ്ടായിരിന്നില്ല !

2023 വേൾഡ് കപ്പിൽ ടീം സെമിയിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം അയാളുടെ ചുമലിൽ മാത്രമാണ് ചാർത്തപ്പെട്ടത്. റബാഡയുടെ പരിക്കും യാൻസന്റെ ഫോമില്ലായ്മയും കൈവിട്ട അസംഖ്യം ക്യാച്ചുകളും തട്ടിത്തൂവിപ്പോയ എഡ്ജുകളും ഒന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഓരോ തോൽവികളിലും ബാവുമ മാത്രം കുരിശിലേറ്റപ്പെട്ടു. അയാൾ സംവരണം കൊണ്ടു മാത്രം ടീമിൽ നിൽക്കുന്ന കളിക്കാരനായി, ക്വോട്ട ക്യാപ്റ്റനായി. അയാളുടെ നിറവും ഉയരവും ശരീരവും എല്ലാം ആക്രമണത്തിന് ആയുധങ്ങളായി. വംശീയമായി അധിക്ഷേപിക്കപ്പെട്ടു, ബോഡി ഷേമിംഗിനിരയാക്കി, പച്ചയായ വർണവിവേചനം സകല ഇടങ്ങളിലും വംശാഭിമാനികൾ നടത്തി. മോശം ക്യാപ്റ്റൻസി വിമർശിക്കപ്പെടാം.. പക്ഷെ കണ്ട വിമർശനങ്ങൾ മുഴുവൻ സംവരണം വഴി വന്ന കറുത്ത ക്യാപ്റ്റനോടുള്ള വെറുപ്പ് പച്ചയായി വമിച്ച പ്രകടനങ്ങളായിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ മുറവിളികളുയർന്നു. ദക്ഷിണാഫ്രിക്കയുടെ തലമുതിർന്ന താരങ്ങളടക്കം തങ്ങളുടെ വരേണ്യബോധത്തിന്റെ വിഴുപ്പലക്കലുകൾ ബാവുമയ്ക്കുമേൽ നടത്തി എന്നുള്ളതാണ് സങ്കടപ്പെടുത്തുന്ന യാഥാർത്ഥ്യം.
എല്ലായ്പ്പോഴുമപ്പോഴും അവധാനതയോടെ മാത്രം പെരുമാറി എന്നുള്ളതാണ് ക്യാപ്റ്റൻ ബാവുമയുടെ ക്യാരറ്റർ ഡെപ്ത് വ്യക്തമാക്കുന്നത്. അതൊരിക്കലും ആത്മവിശ്വാസത്തിന്റെ അഭാവമായിരുന്നില്ല,. വെറിയുടെ മൂർധന്യം സീമകൾ ലംഘിച്ചപ്പോൾപോലും അയാൾ അയാളല്ലാതെ പെരുമാറിയിട്ടില്ല. താൻ നിൽക്കുന്ന സ്ഥാനത്തിന്റെ മൂല്യമറിയുന്നതിനാൽ ക്യാപ്റ്റൻസിയിൽ നിന്ന് പിൻവാങ്ങാനും അയാൾ തയ്യാറായില്ല.

അയാൾക്ക്, തനിക്ക് മുൻപ് വന്ന അനേകം മനുഷ്യരുടെ കണ്ണീരും ചോരയും നീരും അപമാന ഭാരവും ചവിട്ടിയുറപ്പിച്ച മണ്ണിലാണ് താൻ നിൽക്കുന്നതെന്ന ഉത്തമബോധ്യവും, അതിട്ടെറിഞ്ഞിട്ടു പോകുന്നത് വരാനിരിക്കുന്ന പിന്മുറക്കാർക്ക് ലഭിക്കാവുന്ന അവസരങ്ങളും അതിലേക്ക് നടക്കാനുള്ള ആത്മവിശ്വാസവും നശിപ്പിക്കുമെന്ന പൂർണ തിരിച്ചറിവുമുണ്ടായിരുന്നു. ‘ക്യാപ്റ്റനെന്ന നിലയിൽ മാന്യമായി സ്വയം വഹിക്കുകയും അന്തസോടെ മുന്നേറുകയും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം. എന്തെനനാൽ എനിക്ക് പിന്നാലെ ഈ സ്ഥാനത്തേക്ക് വരുന്ന ആഫ്രിക്കക്കാരായ കളിക്കാർക്ക് പ്രോട്ടീസ് ടീമിൽ നിൽക്കുന്നത് ഒരു ഭാരമായി തോന്നരുത്. മറ്റൊന്നും മാറുമെന്ന് എനിക്ക് തോന്നുന്നില്ല’ എങ്ങനെയൊക്കെ ആക്രമിച്ചാലും അതിജീവിക്കാൻ തക്കവണ്ണം സ്വന്തം ജിവിതം കൊണ്ട് മാതൃക കാട്ടുക മാത്രമല്ല, വ്യക്തമായി വരും തലമുറയ്ക്ക് വേണ്ടി താൻ പഠിച്ച പാഠങ്ങൾ പറഞ്ഞടയാളപ്പെടുത്തി വയ്ക്കുകയും ചെയ്യുന്നുണ്ട് ബാവുമ.

അയാളുടെ പല ജയങ്ങളെക്കാൾ അയാളെ വിജയിയാക്കി പ്രഖ്യാപിച്ചത് പല കാര്യങ്ങളിലും അയാൾ എടുത്ത നിലപാടുകളും നൽകിയ മറുപടികളും ആയിരുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റിൽ പങ്കെടുക്കാനുള്ള ക്ഷണത്തെ ദക്ഷിണാഫ്രിക്കൻ സീനിയർ താരം, മുൻ ക്യാപ്റ്റൻ ക്വിന്റൺ ഡീ കോക്ക് നിരസിച്ചു. മൂവ്മെന്റിന് എതിരായ നിലപാടായിരുന്ന ഡി കോക്കിന്റേത്. ടീം കെട്ടുറപ്പിനെ തന്നെ ബാധിക്കാൻ തക്കവിധമുള്ള ഒരു അന്തരീക്ഷത്തിൽ മാധ്യമ പ്രവർത്തകർ മൂവ്മെന്റിൽ പ്രധാന പങ്കാളിയായ ബാവുമയോട് ഇതേ പറ്റി ചോദ്യമുന്നയിച്ചു. എവിലിൻ ബിയാട്രിസിന്റെ ഒരു ഫേമസ് ക്വോട്ട് ആയിരുന്നു ബാവുമയുടെ മറുപടി. ‘നിങ്ങൾ പറയുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല, പക്ഷെ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി ഞാൻ മരണം വരം പോരാടും, നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ക്വിന്റൻ എടുത്ത തീരുമാനത്തെ നിങ്ങൾ അംഗീകരിക്കണം.’
തന്നെപ്പോലെ സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ ജനിച്ച് പഠനവും ആഗ്രഹങ്ങളും നിറവേറ്റാൻ സാഹചര്യങ്ങളില്ലാത്ത കുട്ടികളെ കണ്ടെത്തി വിദ്യഭ്യാസവും ക്രിക്കറ്റ് പരിശീലനവും നൽകി അവരുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ടെമ്പ ബാവുമ ഫൗണ്ടേഷനും ബാവുമ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് വർഷമായി അതിന്റെ നടത്തിപ്പും ബാവുമ നിർവഹിക്കുന്നുണ്ട്. ‘ഞാൻ ക്രിക്കറ്റ് മൈതാനത്ത് നടക്കുമ്പോൾ ഞാൻ മാത്രമല്ല മൈതാനത്ത് നടക്കുന്നത്. എനിക്ക് ലഭിച്ച അവസരത്തിന്റെ പ്രാധാന്യം ഞാൻ മനസിലാക്കുന്നു. ഞാൻ സംസാരിക്കുന്നത് കുട്ടികൾക്ക് മാതൃകയും പ്രചോദനവുമാകുന്നതിനെപ്പറ്റിയാണ്, പ്രത്യേകിച്ച് ആഫ്രിക്കൻ കുട്ടികൾക്ക്.’ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയതിന് ശേഷം ബാവുമ പറഞ്ഞ വാക്കുകളാണ്. പക്ഷെ പറയുക മാത്രമല്ല അതിലേക്കുള്ള വഴിയും ബാവുമ തന്നെ തുറക്കുകയും ചെയ്തിരുന്നു.

പതിറ്റാണ്ടുകളായി ടെസ്റ്റ് ക്രിക്കറ്റിനെ ഭരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആക്സിസിൽ നിന്ന് കരുത്തരായ രണ്ട്പേരെ തട്ടിയകറ്റിയാണ് ബാവുമ നയിക്കുന്ന സംഘം ക്രിക്കറ്റ് കളിമെത്തയിലേക്ക് ടിക്കറ്റെടുത്തത്. അവിടെത്തന്നെ അവർ സ്വയം തെളിയിച്ചതാണ്. ആത്മവിശ്വാസവും ജയിക്കാനുള്ള ദൃഢ നിശ്ചയവും മാത്രം കൈമുതലാക്കി പുതിയ ഒരു കൂട്ടം ചെറുപ്പക്കാരെയും കൂട്ടിവന്ന് സൂപ്പർസ്റ്റാറുകളാൽ അതിസമ്പന്നമായ സമകാലിക ക്രിക്കറ്റ് അപ്പോസ്തലൻമാരായ മൈറ്റി ഓസ്ട്രേലിയയെ മലർത്തിയടിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അത് അൾട്ടിമേറ്റാണ്.

സ്വപ്നം കണ്ട് വെട്ടിപ്പിടിച്ച് യാഥാർത്ഥ്യമാക്കിയ ക്രിക്കറ്റ് ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി റിട്ടയേർഡ് ഹർട്ട് ആയി പോകാനുള്ള വേദനകൾ എറിഞ്ഞു ചൂഴ്ന്നിട്ടും തന്റെ വഴി തന്റേത് മാത്രമായിരിക്കില്ലെന്ന നൂറ്റാണ്ടുകളുടെ ബോധ്യത്തിൽ നിന്നാണ് ടെമ്പ പൊരുതിയത്. ഒടുവിൽ തന്റെ ജനതയുടെ, തന്റെ ദേശത്തിന്റെ സ്വപ്നം, അയാൾ സാക്ഷാത്കരിച്ചിരിക്കുന്നു. അതിനപ്പുറം ഇനിയൊന്നും ടെമ്പ ബാവുമ എന്ന് ആഫ്രിക്കൻ ക്യാപ്റ്റന് ചെയ്ത് കാണിക്കാനില്ല. മേജർ വിജയങ്ങൾ നേടാനാവാത്ത സൗത്ത് ആഫ്രിക്കയുടെ നിർഭാഗ്യത്തെ മാത്രം ഉച്ചാടിച്ച ഒറ്റച്ചരിത്രത്തിന്റെ പേരല്ല ടെമ്പ ബാവുമ.