അപര വിദ്വേഷത്തിന്റെ വിത്തുകൾ വെറുപ്പിനെ പെറ്റിടുന്നത് പോലെ മനുഷ്യൻ മനുഷ്യനോടുള്ള വെറുപ്പ് മൂത്ത് ചരിത്രത്തോട് നീതികേട് കാട്ടുകയാണ്. തെറ്റുകൾ ലഖൂകരിക്കപ്പെടുന്ന കാലത്ത് നിലവിളികളിൽ ഉന്മാദം കണ്ടെത്തുകയാണവർ. വെറുക്കപ്പെട്ടവരെ പോലെ പലസ്തീനികൾ വിങ്ങുന്നത് നാം ജീവിക്കുന്ന കാലത്താണെന്ന് ഓർക്കുക! ഭൂപടത്തിൽ അടയാളപ്പെടുത്താൻ പോലും ബാക്കിയില്ലാത്ത വിധം, വേദനയുടെ മറ്റൊരു പേര് ആവുകയാണ് ഗാസ. യുദ്ധവും കലാപവും ദൈനംദിന വാർത്തകളാവുന്നു. അധിനിവേശവും കീഴടങ്ങലും മനുഷ്യരെ രണ്ട് ധ്രുവങ്ങളിലാക്കിയിരിക്കുന്നു.
കീഴടങ്ങേണ്ടി വന്ന മനുഷ്യരെ വെറുക്കപ്പെട്ടവരാക്കുന്ന ദയയില്ലാത്ത പൊതുബോധത്തെയാണ് ആധുനിക മുതലാളിത്തം ലക്ഷ്യം വെക്കുന്നത്. അവിടെ വെറുക്കപ്പെട്ട ഈ മനുഷ്യരെ ഓർത്ത് വേദനിക്കുകയെങ്കിലും ചെയ്യേണ്ടത് മാനുഷികമല്ലേ?!
സാമ്രാജ്യത്വവും മുതലാളിത്തവും അധികാരത്തിനും കമ്പോളത്തിനും വേണ്ടി കൈ കോർക്കുന്ന കാലത്താണ് വെറുപ്പിനെതിരായ നമ്മുടെ പോരാട്ടം അനിവാര്യമാകുന്നത്. എല്ലാത്തിലുമുപരിയായി, കരയുന്നതിന്റെ കാരണമോ മരിക്കുന്നതിന്റെ കുറ്റമോ തിരിച്ചറിയാനാവും വരെയെങ്കിലും ജീവിക്കാൻ അവസരം കിട്ടേണ്ട കുഞ്ഞുങ്ങൾക്ക് വേണ്ടി ഇനിയെങ്കിലും നാം ശബ്‌ദിക്കേണ്ടതുണ്ട്.
വെള്ളവും വെളിച്ചവുമില്ലാത്ത ഇരുണ്ട ഭൂമികകളിൽ പട്ടിണികിടന്ന് മരിക്കേണ്ടി വരുന്നവരെ ഓർത്താണ് നാം വേദനിക്കേണ്ടത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ജാതിയുടെ, മതത്തിന്റെ, നിറത്തിന്റെ, ലിംഗത്തിന്റെ, സമ്പത്തിന്റെ പേരിൽ വെറുപ്പ് ഏറ്റുവാങ്ങേണ്ടി വരുന്ന നിസ്സഹായതയെ പറ്റിയാണ് നാം സംസാരിക്കേണ്ടത്.
ദൗർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ സ്ഥിതിയും മറിച്ചല്ല. അപരമത വിദ്വേഷം വളർത്തി പരസ്പരം കലഹിക്കാൻ സ്വയം പാകപ്പെടുന്ന ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയ വാദികളെയാണ് കാണുന്നത്. പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടെന്ന വാർത്തയ്‌ക്ക് ഒരു പ്രമുഖ മാധ്യമം കൊടുത്ത തലക്കെട്ട് ‘India BC 2023’ എന്നായിരുന്നു. നൂറ്റാണ്ടുകൾക്ക് മുന്നേയുള്ള അന്ധവിശ്വാസവും അനാചാരവും നിറഞ്ഞ ഏതോ ഇരുണ്ട യുഗത്തിലേക്കുള്ള യാത്രയിലാണ് രാജ്യം. നാം നേടിയെടുത്ത ബഹുസ്വര മൂല്യങ്ങളൊക്കെയും തിരസ്‌ക്കരിക്കപ്പെടുകയാണ്. പിന്നിട്ട ചരിത്രം വിസ്മരിക്കാൻ നിർബന്ധിക്കപ്പെടുന്ന കാലത്ത് അധികാരികളോട് കലഹിക്കുന്നതും ഒരു തരത്തിൽ അവകാശ പോരാട്ടം തന്നെയാണ്. ഭയമില്ലാത്തൊരു പകലിനും മുറിഞ്ഞു പോവാത്തൊരു രാത്രിക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കപ്പെടാത്ത കാലം വരട്ടെ. അത് വരെ നമുക്ക് വെറുപ്പിനെതിരെ സമരം തുടരാം. വെറുക്കപ്പെട്ട നിരപരാധികളുടെ പക്ഷം ചേരാം.