‘വെറുപ്പിക്കല്ലേ’ എന്നതൊരു തമാശ പോലെ പറഞ്ഞിരുന്ന കാലത്ത് നിന്നും ഭൂമി പലവുരു കറങ്ങി, ഇന്ന് ജാതി-മത-വർണ-വർഗ-ദേശ ഭേദമന്യേ വിദ്വേഷം കത്തിപ്പടർത്താനായി ആസൂത്രണം ചെയ്‌ത് ‘ഹേറ്റ് സ്‌പീച്ച്’ പറഞ്ഞു പരത്തുന്നിടത്ത് നമ്മളെത്തി നിൽക്കുന്നു. കേവലം പരസ്‌പരമുള്ള വായ്‌മൊഴികൾക്കപ്പുറം അതിന് കാരണമാകുന്നത് പല തരം മാധ്യമങ്ങൾ കൂടിയാണ്.
യാതൊരു സങ്കോചവുമില്ലാതെ നുണ പറയുന്നവർ മീഡിയയിൽ പുഴുക്കൾ കണക്കെ നുരയുന്നുണ്ട്. ‘വെടക്കാക്കി തനിക്കാക്കുക’ എന്ന ആശയത്തിലൂന്നി, നട്ടാൽ കുരുക്കാത്ത നുണകൾ സമൂഹത്തിൽ പരത്തുകയെന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. നാനാത്വത്തിൽ ഏകത്വമെന്ന ചിന്തയിലൂന്നി സമാധാനപരമായി ജീവിച്ചു വന്നവരെ വിഘടിപ്പിക്കാൻ കച്ച കെട്ടിയവരുടെ പ്രധാന ആയുധം വെറുപ്പും വൈരാഗ്യവും പടർത്തലാണ്. പലവിധ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ‘ആര് ചത്താലും വേണ്ടില്ല, ഞാൻ നന്നാവണം’ എന്ന ആശയം മാത്രം പിന്തുടരുന്നതായാണ് കണ്ട് വരുന്നത്.
ലോകം മുഴുവൻ മൊബൈൽ ഫോണിലേക്ക് ഒതുങ്ങുന്നതും, അതിൽ വരുന്ന വിദ്വേഷപരാമർശങ്ങൾ ആവർത്തിച്ചു കാണുന്നതും തുടരെ തുടരെ വായിക്കുന്നതും, രണ്ടാമതൊന്ന് വിശകലനം ചെയ്യാൻ പോലും മെനക്കെടാതെ തലച്ചോറിലേക്ക് ഡയറക്‌ട് എൻട്രി നടത്തുന്നതും കാരണം എത്ര പേരാണ് യാതൊരു കാരണവുമില്ലാതെ വെറുക്കാൻ പഠിക്കുന്നത്, കൂടുതൽ വെറുക്കപ്പെടുന്നത്.
ആൾക്കൂട്ട കൊലപാതകങ്ങളും അക്രമവുമൊക്കെ പലപ്പോഴും ഈ ഫോണിലൊതുങ്ങിയ ഭൂഗോളത്തിന്റെ പ്രതിഫലനം കൂടിയാണ്. ഒരു തരം വികൃതമായ ആർത്തിയോടെ സഹജീവിയെ വെറുക്കാനും നോവിക്കാനും കഴിയുന്നൊരു ദുഷ്ടക്കൂട്ടമായി പയ്യേ അധഃപതിക്കുകയാണ് നമ്മൾ ഓരോരുത്തരും. പണ്ട് ഞെട്ടലുണ്ടാക്കിയിരുന്ന, അത്രമേൽ ദുഷ്‌ടത കുത്തിനിറച്ച കമൻ്റുകൾ പോലും നമുക്ക് നോർമലായി തോന്നിത്തുടങ്ങുന്നതും നമ്മളിൽ ഈ ഒരു മാറ്റം വന്നു തുടങ്ങുന്ന കാരണത്താലാണ്.
‘വായിൽ തോന്നിയത് കോതക്ക് പാട്ട്’ സിസ്‌റ്റമൊക്കെ പണ്ടേയുള്ളതാണ്. അത് കേട്ട് പലരും തുള്ളുന്നതും മാനുഷികമാണ്. പക്ഷേ, നവമാധ്യമകാലത്ത് തുള്ളുന്നവരുടെ എണ്ണം കെമിസ്‌ട്രിയിൽ പഠിച്ച ആറ്റോമിക് ചെയിൻ റിയാക്ഷൻ പോലെ വല്ലാത്ത രീതിയിൽ കൈവിട്ട് പോകുകയാണ്. വാ വിട്ട വാക്കും വരിയും തിരിച്ച് പിടിക്കാനാവുന്നില്ല. ഇതിന് വേദിയാകുന്നതാകട്ടെ, ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ തുടങ്ങി ജനനായകരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വരെയാണ്. വിവേചനബുദ്ധി വെറുപ്പിന് പണയം വെച്ച് വിഘടനവുമായി മുന്നോട്ട് പോകുന്നവർ കുടുംബം മുതൽ സമൂഹം വരെ വീഴുന്ന വിള്ളലുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
വാർത്ത ശൂന്യതയിൽ നിന്ന് സൃഷ്‌ടിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾക്കിടയിൽ നിന്നും സത്യം പെറുക്കിയെടുക്കൽ അത്ര എളുപ്പമൊന്നുമല്ല. എങ്കിലും, എന്ത് കേട്ടാലും തൊണ്ട തൊടാതെ വിഴുങ്ങുന്ന അവസ്‌ഥ മാറ്റി, ഒരുവേള ചിന്തിച്ച്, വെറുതേ ഗൂഗിൾ വഴിയൊക്കെയൊന്ന് പോയി നോക്കി അപ്പറഞ്ഞതിൽ വല്ല കഥയുമുണ്ടോയെന്ന് നോക്കാം. കഥ അയൽപക്കത്തെ കുറിച്ചോ ബന്ധുമിത്രാദികളെപ്പറ്റിയോ ആണെങ്കിൽ വെറുതെയൊന്ന് അന്വേഷിച്ച് നോക്കാം, വസ്‌തുതകൾ പഠിക്കാം. സെക്കൻ്റ് ഒപ്പീനിയൻ എപ്പോഴും നല്ലതാണല്ലോ.
ആരെപ്പറ്റി നെഗറ്റീവ് കേട്ടാലും അത് തലയിൽ കയറ്റുന്നത് നമ്മുടെ മസ്‌തിഷ്‌കത്തിൽ ഈർഷ്യയും വെറുപ്പും അറപ്പും അകൽച്ചയുമൊക്കെയാണ് ഉണ്ടാക്കുന്നത്. ശരീരശാസ്‌ത്രപരമായി നോക്കിയാൽ പോലും സ്‌നേഹവും പ്രണയവും അടുപ്പവും സന്തോഷവുമൊക്കെ ചേർന്ന് ആയുസ്സും ആരോഗ്യവും നീട്ടിത്തരുമ്പോൾ, നെഗറ്റിവിറ്റി നമ്മളെ പയ്യേ കാർന്ന് തിന്നുകയാണ് ചെയ്യുന്നത്. തലമുടി നരക്കുന്നത് മുതൽ ഹൃദയാഘാതമുണ്ടാക്കുന്നതിൽ വരെ സ്‌ട്രസിനുള്ള പങ്ക് ആർക്കും പറഞ്ഞ് തരേണ്ടതില്ലല്ലോ. പല വിധ അസുഖങ്ങളായി അവയെല്ലാം നമ്മുടെ ദേഹത്ത് തന്നെ പുര പണിഞ്ഞ് പാർക്കുന്നത് തിരിച്ചറിയുമ്പോഴേക്കും കാര്യങ്ങൾ ഏതാണ്ട് കൈവിട്ട് പോയിട്ടുണ്ടാകും.
ആകെയുള്ളൊരു ജീവിതമാണ്. വെറുത്ത് വെറുത്ത് നമ്മളിതെങ്ങോട്ടാണ്.