1945 ഏപ്രിൽ 29.
സോവിയറ്റ് സൈന്യത്തിന്റെ പ്രഹരത്തിൽ ബെർലിൻ നഗരം തകർന്നു തുടങ്ങി.
ഒളിവു സങ്കേതത്തിലെ സ്റ്റോർ റൂമിൽ അപ്പോൾ ഹിറ്റ്ലറുടെ കല്യാണം നടക്കുകയായിരുന്നു.
അവസാനത്തെ ആഗ്രഹമെന്നോണം വിശ്വസ്തയായ ഇവാ ബ്രൗണിനെ ഹിറ്റ്ലർ വിവാഹം കഴിച്ചു.
പുലർച്ചെ രണ്ടു മണിക്ക് ഗീബൽസിനൊപ്പം തിരക്കിട്ട് മരണ പത്രം തയ്യാറാക്കി. ആ മരണ പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു. തനിക്കൊപ്പം ജർമനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം. നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമനിയിൽനിന്ന് ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം നിന്നിരുന്ന സൈനിക മേധാവികളും മന്ത്രിമാരും ആ ഉത്തരവിന് യാതൊരു വിലയും കൽപിച്ചില്ല.
ഗീബൽസ് ദമ്പതികളോടും ജനറൽ ക്രെബ്സ്, ജനറൽ ബർഗ്ഡോർഫ് എന്നിവരോടും യാത്രപറഞ്ഞ് ഹിറ്റ്ലറും ഇവാ ബ്രൗണും സ്വന്തം മുറിയിലേക്ക് പിൻവാങ്ങി. അതിനു മുമ്പ് തന്നെ ഹിറ്റ്ലറുടെ നിർദേശം അനുസരിച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തു നായ ‘ബ്ലോണ്ടിയെ’ വിഷം കുത്തിവെച്ചു കൊന്നിരുന്നു. വിവാഹപ്പിറ്റേന്ന് മൂന്നു മണിക്ക് ഹിറ്റ്ലർ സ്വന്തം തലക്കു നേരെ വെടിവെച്ചു ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ നവവധു സയനൈഡ് കഴിച്ച് മരിച്ചിരുന്നു. അധികം വൈകാതെ ഗീബൽസ് ദമ്പതികൾ തങ്ങളുടെ ആറു കുട്ടികൾക്ക് വിഷം നൽകി. പിന്നീട് അവരും സ്വയം മരണം വരിച്ചു.
തെളിഞ്ഞ വെള്ളം പോലെയാണ് ഈ ചരിത്രം. വെറുപ്പ് കൊണ്ട് ജീവിച്ചവരുടെ അന്ത്യം ഇതായിരുന്നു എന്ന് ചരിത്രം പറഞ്ഞുതരുന്നു. ഒരുപിടി പാഠങ്ങൾ ഉണ്ടായിട്ടും വെറുപ്പിനെ ജീവനോപാധിയാക്കുന്നവർ ഉണ്ടെങ്കിൽ അവരുടെ അന്ത്യവും ഇങ്ങനെയാവും. ഒന്നുകിൽ അവർ വെറുപ്പിൽ പുകഞ്ഞ് ഗതികിട്ടാതെ മരിക്കും. അല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും.
പത്രം കിട്ടിയാൽ ആദ്യം ചരമക്കോളം നോക്കി സ്വന്തം സമുദായത്തിൽപ്പെട്ട എത്ര പേർ മരിച്ചു എന്ന് കണക്കെടുക്കുന്ന ചിലരെപ്പറ്റി കേട്ടിട്ടുണ്ട്. അതൊരു കേട്ടുകേൾവിയും ചിരിച്ചുതള്ളേണ്ട കഥയുമായിരുന്നു. എന്നാൽ ഈയിടെ അങ്ങനെയൊരാളെ കണ്ടു. അയാളുടെ പേര് എൻ.ആർ മധു എന്നാണ്. കേസരി വാരികയുടെ മുഖ്യ പത്രാധിപരാണ്. ഇതര മതങ്ങളോടുള്ള വെറുപ്പ് മാത്രം പേനയിൽ നിറച്ച് എഴുതുകയും അതിനായി കസേരയിട്ട് ഇരിക്കുകയും ചെയ്യുന്ന ആളാണ്. റാപ്പർ വേടനെതിരെ കുറ്റാരോപണങ്ങൾ നിരത്തുന്നതിനിടെ അദ്ദേഹം ഒരു പ്രയോഗം നടത്തി. ഷവർമ്മ കഴിച്ച് വർമ്മമാരും ഹിന്ദുക്കളും മാത്രം മരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. മുഹമ്മദോ ആയിശയോ തോമസോ അല്ല, വർമ്മയാണ് മരിക്കുന്നത് എന്നായിരുന്നു പ്രസംഗം. മരിച്ചവരുടെ ലിസ്റ്റുമായി ആരും വരില്ല എന്ന ധൈര്യമാണ് ഈ വെറുപ്പ് ഉൽപാദനത്തിന്റെ പ്രചോദനം.
ഷവർമ്മ എന്ന വിഭവം കേരളത്തിൽ എത്തിയിട്ട് കാലങ്ങളായി. ഷവർമ്മ കഴിച്ചിട്ട് ഇന്നുവരെ ആരും മരിച്ചിട്ടില്ല. ഷവർമ്മയിൽ ഉപയോഗിക്കുന്ന കോഴിയുടെ പഴക്കം കാരണം ഭക്ഷ്യവിഷബാധയേറ്റ് ഏതാനും പേർ മരിച്ചിട്ടുണ്ട്. 2012ൽ വഴുതക്കാട്ടുനിന്നാണ് ഷവർമ്മ കഴിച്ച് മരിച്ച ഒരാളെക്കുറിച്ചുള്ള ആദ്യത്തെ റിപ്പോർട്ട്. അയാളുടെ പേര് സച്ചിൻ റോയ് മാത്യു എന്നാണ്. 2022 മെയ് ഒന്നിന് കാസർക്കോട് ദേവനന്ദ എന്ന 16 വയസ്സുള്ള പെൺകുട്ടിയാണ് ഷവർമ്മയിലെ ഭക്ഷ്യവിഷ ബാധ കാരണം മരിച്ച മറ്റൊരാൾ. ഈ കടയിൽനിന്ന് ഷവർമ്മ കഴിച്ച ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളുമെല്ലാം അന്ന് ആശുപത്രിയിലായി. ഈ ഷവർമ്മ ഉണ്ടാക്കിയത് മുസ്‌ലിം അല്ല. സന്ദേശ് റായിയാണ്. ഈ സംഭവത്തിന് ശേഷം കേരളത്തിലെ അയ്യായിയരത്തോളം ഷവർമ്മ ഷോപ്പുകളിൽ റെയിഡ് നടന്നു. മൂന്നാമത് ഒരു റിപ്പോർട്ട് കൊച്ചിയിൽനിന്നാണ്. രാഹുൽ ഡി നായർ എന്നൊരാളാണ് മരിച്ചത്. അതായത് കേരളത്തിൽനിന്ന് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷ ബാധ കാരണം മരിച്ചവർ മൂന്നോ നാലോ പേർ മാത്രമാണ്. നിലവിൽ പതനിയാരിത്തോളം ഷവർമ്മ ഷോപ്പുകൾ കേരളത്തിലുണ്ടാകും. ഇവിടെനിന്ന് ലക്ഷക്കണക്കിന് പേർ ഷവർമ്മ കഴിക്കുന്നുണ്ട്. ആരും മരിക്കുന്നില്ല. അതേസമയം ഷവർമ്മയല്ലാത്ത ഭക്ഷ്യ വിഭവങ്ങൾ കഴിച്ചും ആളുകൾക്ക് വിഷബാധയേൽക്കാറുണ്ട്. മരണവും സംഭവിക്കാറുണ്ട്. ഇതെല്ലാം സ്വാഭാവികമായ സംഗതികൾ മാത്രമാണ്.
പിന്നെന്തിനാണ് ഷവർമ്മയോട് മാത്രം ദേഷ്യം? അവിടെയാണ് മധുവിന്റെ ഉള്ളിലെ വെറുപ്പ് പൊട്ടിയൊഴുകുന്നത്. ഷവർമ്മ ഒരു മുസ്‌ലിം വിഭവമാണ് എന്നാണ് ഇയാൾ കരുതുന്നത്. അതായത് തദ്ദേശീയമല്ല എന്ന് സാരം. തദ്ദേശീയമായ വിഭവങ്ങളേ മലയാളി കഴിക്കാൻ പാടുള്ളൂ എന്ന തിട്ടൂരമാണ് പകരം ഇറക്കേണ്ടത്. അങ്ങനെയൊരു തിട്ടൂരമിറക്കിയാൽ കഞ്ഞിയും കപ്പയും പുട്ടും പപ്പടവും ഉൾപ്പെടെ കേരളത്തിന്റെ തനത് വിഭവങ്ങളെന്ന് കരുതുന്ന യാതൊന്നും മലയാളിക്ക് കഴിക്കാൻ പറ്റാതാകും. അതായത്, ഇതെല്ലാം മറ്റുള്ള മനുഷ്യരിൽനിന്ന് കടം കൊണ്ടതാണ്. മലയാളത്തിലെ നിരവധി വാക്കുകൾ ഉപേക്ഷിക്കേണ്ടി വരും. അതെല്ലാം അറബിയിൽനിന്നോ പേർഷ്യനിൽനിന്നോ കടം കൊണ്ടതാണ്. ഈ കൊള്ളലും കൊടുക്കലുമാണ് മനുഷ്യത്വം. മനുഷ്യർ പുരോഗമിച്ചത് അങ്ങനെയാണ്. എന്നാൽ, വെറുപ്പിന്റെ വാധ്യാന്മാർ പുരോഗമനത്തിന്റെ വാതിലുകൾ അടച്ച് പ്രാകൃതമായ എന്തൊക്കെയോ കുത്തിവെക്കാനാണ് ശ്രമിച്ചുവരുന്നത്.
ഒരു രാജ്യത്തെ മനുഷ്യരെ വെറുപ്പിന്റെ നുണകൾ കൊണ്ട് വെട്ടിമുറിക്കാനാണ് ഇവർ ശ്രമിക്കുന്നത്. മുസ്‌ലിം റെസ്‌റ്റോറന്റുകളിൽ തുപ്പിയ ഭക്ഷണമാണ് നൽകുന്നത് എന്നൊരു നുണ പി.സി ജോർജ്ജിന്റെ വകയായി ഓടിയിരുന്നു. മുസ്‌ലിം വ്യാപാരികൾ ജ്യൂസിൽ എന്തോ പൊടിയിട്ട് മറ്റുള്ളവരെ വശീകരിക്കുന്നു എന്ന കണ്ടെത്തലും പി.സി ജോർജ്ജിന്റെ വകയാണ്. ഇതൊന്നും നിഷ്‌കളങ്കമായി പറയുന്നതല്ല എന്ന് എല്ലാവർക്കും അറിയാം. തങ്ങൾക്ക് വെറുപ്പുള്ള ഒരു സമൂഹത്തെ സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെടുത്തുക എന്നതാണ് ഈ അജണ്ടയുടെ പ്രേരണ. ലൗ ജിഹാദ് ആരോപണം അങ്ങനെയൊരു അജണ്ടയുടെ ഭാഗമാണ്. ജർമ്മനിയിൽ ഹിറ്റ്‌ലർ ചെയ്തത് അതാണ്. ജൂത വെറുപ്പിന് വേണ്ടി സിനിമകൾ പോലും നിർമ്മിച്ചു. ഇന്ത്യയിൽ കേരള സ്റ്റോറി പോലുള്ള സിനിമകളുണ്ടായതും ഈ വെറുപ്പ് ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്.
നുണകളാണ് ഈ വെറുപ്പിന് വേണ്ടി ഉപയോഗിക്കുന്ന പ്രധാന ആയുധം. തന്റെ മന്ത്രിസഭയിൽ ഗീൽബൽസ് എന്നൊരാളെ ഹിറ്റ്‌ലർ നുണ ഉൽപാദിപ്പിക്കാനായി നിയമിക്കുക തന്നെ ചെയ്തു. മണിപ്പൂരിൽ കലാപം നടക്കുന്ന കാലത്ത് ഡൽഹിയിൽ നടന്ന ഒരു കൊലപാതക വാർത്ത മണിപ്പൂരിലെ ചുരാന്ദ്പൂരിൽ മെയ്തികൾക്കെതിരെ നടന്നതാണെന്ന് വ്യാജ വാർത്ത പ്രചരിച്ചു. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം മെയ്തി വിഭാഗത്തിൽപെട്ട സ്ത്രീയുടേതാണെന്ന നുണ കാട്ടുതീ പോലെ പടരുന്നു. കേട്ടപാതി ആയിരത്തോളം മെയ്തികൾ ആയുധങ്ങളുമായി കുക്കികളുടെ ഗ്രാമത്തിലേക്ക് ഇരച്ചുകയറി. തങ്ങളുടെ ഒരു സ്ത്രീക്ക് പകരമായി എട്ട് സ്ത്രീകളെ പിടിച്ച് നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്തു. യുവതികളിൽ ഒരാളുടെ കൗമാരക്കാരനായ സഹോദരൻ അക്രമം തടയാൻ ശ്രമിച്ചു. അവനെ അവർ കൊന്നു. ഒരു സ്ത്രീയുടെ ഭർതൃ സഹോദരനെയും മകനെയും കൊന്നു. തലയ്ക്കടിച്ചാണ് കൊന്നത്. പലയിടത്തും പോലീസാണ് കുക്കികളെ ആൾക്കൂട്ടത്തിന് വിട്ടുനൽകിയത്.
കുക്കികൾക്കെതിരെ നടന്ന മിക്ക അക്രമങ്ങളുടെയും പ്രധാന കാരണം ഇത്തരം വ്യാജ വാർത്തകളായിരുന്നു. ഏഴ് വയസ്സുകാരി പെൺകുട്ടി അടക്കം 37 മെയ്തി സ്ത്രീകളെ റേപ്പ് ചെയ്തിരിക്കുന്നു എന്നും അവർ ഇംഫാൽ ആശുപത്രിയിലുണ്ടെന്നും മറ്റൊരു വ്യാജ വാർത്ത വന്നു. ഇതുകേട്ട് മെയ്തികൾ കുക്കി ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറി സ്ത്രീകളെ അക്രമിക്കുകയും റേപ്പ് ചെയ്ത് കത്തിക്കുകയും ചെയ്യുന്നു. ഗുജറാത്ത് കലാപ കാലത്തും ഇത്തരം വ്യാജ വാർത്തകളാണ് അക്രമികളെ ഉത്തേജിപ്പിച്ചിരുന്നത്.
കേരളത്തിൽ വഖഫിന്റെ പേരിൽ പ്രചരിച്ച നുണകൾക്ക് കൈയും കണക്കുമില്ല. മദ്രസാ അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാറാണെന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം ഇപ്പോഴുമുണ്ട്. ഒരു നുണ നൂറുവട്ടം ആവർത്തിച്ച് സത്യമാക്കുകയാണ്. ഗീബൽസിന്റെ തന്ത്രമാണിത്. വെറുപ്പ് ഉൽപാദിപ്പിക്കാനുള്ള മാർഗം നുണകളാണ്. നുണകളിലൂടെ അസംതൃപ്തരുടെ ഒരു അഗ്നിപർവ്വതത്തെ സൃഷ്ടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഈ നുണകൾക്ക് കത്തിപ്പടരാൻ ഒരു തീപ്പൊരി മാത്രം മതി.
ഹിറ്റ്‌ലറുടെ കഥ പറഞ്ഞാണ് ഈ ലേഖനം തുടങ്ങിയത്. ഒന്നും നേടാതെ, കുറെ മനുഷ്യരുടെ പ്രാക്കും കണ്ണീരും മാത്രം നേടിയെടുത്ത ആ ജന്മങ്ങൾ എന്തിന് ജർമനിയെ വംശീയതയിൽ വേവിച്ചു എന്നതിന് ഇന്നും ഉത്തരമില്ല. ഹിറ്റ്‌ലറെ അല്ല, അയാൾക്ക് ഓശാന പാടിയവരെയാണ് പേടിക്കേണ്ടത്. ഹിറ്റ്‌ലറുമാരെയല്ല, അവർക്ക് ഓശാന പാടുന്നവരെയാണ് പേടിക്കേണ്ടത്. വംശീയതയുടെ ദാരുണാന്ത്യത്തിന് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ടായിട്ടും വെറുപ്പിന്റെ ഫാക്ടറികൾ പണിയുന്നവർ അത് മറിച്ചു നോക്കുന്നില്ല. വെറുപ്പിന്റെ വ്യാപാരികൾ മനുഷ്യരല്ല. ചരിത്രത്തിൽനിന്ന് അവർ ഒന്നും പഠിക്കുന്നില്ല.